കല്ലറ

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കടുത്തുരുത്തി ബ്ളോക്കില്‍ കല്ലറ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ലറ ഗ്രാമപഞ്ചായത്ത്. 27.48 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കടുത്തുരുത്തി, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍, കിഴക്ക് മാഞ്ഞൂര്‍, കടുത്തുരുത്തി പഞ്ചായത്തുകള്‍, പടിഞ്ഞാറ് തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകള്‍, തെക്ക് വെച്ചൂര്‍, നീണ്ടൂര്‍ പഞ്ചായത്തുകള്‍  എന്നിവയാണ്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിന്റെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് കല്ലറ ഗ്രാമപഞ്ചായത്ത്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ചെങ്കല്ല് ഇവിടെ സുലഭമായി ലഭ്യമായതു കൊണ്ടായിരിക്കാം കല്ലിന്റെ അറ എന്ന അര്‍ത്ഥത്തില്‍ സ്ഥലനാമം ‘കല്ലറ’ ആയത്. ആദ്യകാലത്ത്  ഇവിടുത്തെ പുരുഷന്‍മാരില്‍ നല്ലൊരു വിഭാഗം ചെങ്കല്ല് വെട്ടി വലിയ വള്ളങ്ങളില്‍ കയറ്റി ചേര്‍ത്തല, ആലപ്പുഴ, വൈക്കം താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് ചെന്ന് വില്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. കല്ല് ചുമന്ന് വള്ളത്തില്‍ കയറ്റിയിരുന്ന ജോലി അധികവും സ്ത്രീ തൊഴിലാളികളായിരുന്നു ചെയ്തിരുന്നത്. അക്കാലങ്ങളില്‍ ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം തന്നെ ഈ കല്ല് വ്യവസായത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത് കളമ്പ കാട് തോടിന്റെ ഇരുവശങ്ങളിലുമായിരുന്നു.  കല്ലറകല്ലിന് ഇന്നും സമീപപ്രദേശങ്ങളില്‍ പ്രശസ്തിയുണ്ട്. ഇന്നത്തെ കല്ലറ പഞ്ചായത്തിന്റെ പെരുന്തുരുത്ത് ഒഴികെയുള്ള ഭാഗങ്ങള്‍ 1953-ല്‍ മധുരവേലി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കടുത്തുരുത്തി പഞ്ചായത്തില്‍പെട്ട ആയാംകുടി മധുരാവേലി കപിക്കാട്, തലയാഴം പകുതിയുടെ ഭാഗമായിരുന്ന കല്ലറയിലെ മൂന്ന് വാര്‍ഡുകള്‍ (4,5,6) ഉള്‍പ്പെടെ 6 വാര്‍ഡുകളും 7 സീറ്റും മധുരവേലി പഞ്ചായത്തിലുണ്ടായിരുന്നു. പി.ജി നാണുപിള്ള പ്രസിഡന്റും പി.എന്‍.കേശവകുറുപ്പ് വൈസ് പ്രസിഡന്റും ആയിരുന്നു. 1956 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മധുരവേലി പഞ്ചായത്തിലെ കല്ലറഭാഗവും, തലതാഴം പഞ്ചായത്തിലെ പുത്തന്‍തോടിന് കിഴക്കുള്ള മുണ്ടാര്‍ ഭാഗവും വെച്ചൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന പെരുന്തുരുത്ത് ഭാഗവും ചേര്‍ന്ന് കല്ലറ പഞ്ചായത്ത് നിലവില്‍ വന്നു. 1961-ല്‍ വില്ലേജടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ പുനസംഘടിപ്പിക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കല്ലറ പഞ്ചായത്ത് ജയന്തി പഞ്ചായത്തായി തെരഞ്ഞെടുക്കുകയും ഭാരതത്തിലെ ഏറ്റവും നല്ല പത്ത് പഞ്ചായത്തുകളില്‍ ഒന്ന് എന്ന ബഹുമതി ഈ പഞ്ചായത്തിനെ തേടിയെത്തുകയും ചെയ്തു. പുഴകളും, വയലുകളും, മലകളും, കായലുകളും കൊണ്ട് സമ്പന്നമായ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിന്റെ തെക്കേ അറ്റത്തുള്ള പാടശേഖരങ്ങളും തുരുത്തുകളും ഉള്‍ക്കൊള്ളുന്ന പ്രകൃതിരമണീയമായ ഗ്രാമപഞ്ചായത്താണ് കല്ലറ. പുരാതന ക്ഷേത്രമായ കല്ലറക്കാവിലെ പടയണിമഹോത്സവത്തില്‍ വിവിധ സമുദായങ്ങളുടെ കലാപ്രകടനങ്ങളായ മുടിയാട്ടം,  അന്നംതുള്ളല്‍, കാളകളി, പരിചമുട്ട് കളി, കോല്‍ക്കളി, മുടിയേറ്റ് തുടങ്ങിയവ നടത്തിയിരുന്നു. പുരാതന അനുഷ്ഠാനകലയായ കളമെഴുത്ത് പാട്ട് ഇന്നും നടക്കുന്നുണ്ട്. കല്ലറ പഴയ പള്ളിയില്‍ മാര്‍ഗ്ഗംകളി നടത്താറുണ്ട്. മൂന്ന് നാല് ദശാബ്ദങ്ങള്‍‍ക്ക് മുമ്പ് പല അമച്ച്വര്‍നാടക സംഘങ്ങളും ഇവിടെ ഉദയം ചെയ്തു. കഥകളിനടനായിരുന്ന കുറിച്ചി പരമേശ്വരന്‍ പിള്ള, കഥകളിപാട്ടുകാരനായ നാഗവള്ളില്‍ തങ്കപ്പന്‍ നായര്‍, തെക്കേകുറ്റ് നാരായണന്‍ നായര്‍ എന്നിവരുടെ പേരുകള്‍ സ്മരണീയമാണ്. കല്ലറ ശാരദാക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നവരാത്രി സംഗീതോത്സവം മുടങ്ങാതെ നടക്കുന്നുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര ഭടനായിരുന്ന കുറിച്ചി രാമന്‍ പിള്ളയുട ജന്മദേശം കല്ലറയാണ്. സര്‍വ്വോദയ പ്രസ്ഥാനം, മദ്യവര്‍ജ്ജനസമിതി, ഖാദി ഗ്രാമവ്യവസായം എന്നീ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഒ.കെ.പരമേശ്വരന്‍ പിള്ള. 1945-ലാണ് തിരുവിതാംകൂറില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം രൂപം കൊണ്ടത്. ഇതേ കലയളവില്‍ തന്നെ കല്ലറ ദേശസേവിനി ഗ്രന്ഥാലയം പ്രവര്‍ത്തനം ആരംഭിച്ചു.  കല്ലറ പഞ്ചായത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ വളര്‍ച്ചയുടെ ചരിത്രത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിയാണ് കല്ലറ മന്നം എന്നപേരിലറിയപ്പെടുന്ന കെ.ആര്‍.കൃഷ്ണപിള്ള. വിദ്യാഭ്യാസപ്രവര്‍ത്തകന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രാത:സ്മരണീയനായ വ്യക്തിയാണ്  അദ്ദേഹം. ദീര്‍ഘകാലം ഈ പഞ്ചായത്തിന്റെ പ്രസിഡന്റ്പദം അലങ്കരിക്കുകയും ഭാരതത്തിലെ ഏറ്റവും നല്ല പത്ത് പഞ്ചായത്തുകളില്‍ ഒന്ന് എന്ന ബഹുമതി നേടിയെടുക്കുകയും, ഈ പഞ്ചായത്തിന്റെ  സര്‍വ്വതോന്‍മുഖമായ പുരോഗതിയുടെ ചുക്കാന്‍ പിടിക്കുകയും ചെയ്ത കെ.കെ ശ്രീധരന്‍നായര്‍ കല്ലറ പഞ്ചായത്തില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന വ്യക്തിയാണ്. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന മറ്റ് രണ്ട് മഹത് വ്യക്തികളായിരുന്നു പി.ആര്‍.കൃഷ്ണന്‍ വൈദ്യരും എ.എന്‍ വേലുവും.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 04829- 267341 (ഓഫീസ്), 9496044616 (പ്രസിഡന്‍റ്), 9496044617 (സെക്രട്ടറി)