ചരിത്രം

പ്രബലമായ നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു കേന്ദ്രമായിരുന്നു കടപ്ളാമറ്റം. ഈ രാജാക്കന്മാര്‍ തമ്മില്‍ പല യുദ്ധങ്ങളും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. പടനിലവും  പാളയവുമായിരുന്നു ഈ സ്ഥലം. തന്നിമിത്തം ഇതിനു പടത്തലമറ്റം എന്ന പേരുമുണ്ടായി. പടത്തലമറ്റമെന്നതിന്റെ തല്‍ഭവമാണ് കടപ്ളാമറ്റം. ഇവിടുത്തെ പല സ്ഥലനാമങ്ങളും ഈ നിഗമനത്തെ വെളിവാക്കുന്നവയാണ്. ‘ഭഗവതിക്കുന്ന്’, ‘കത്തനാരു കടവ്’ എരുത്തുപുഴ വെടിക്കുന്ന്, വെട്ടിയക്കക്കുഴി, പാലംതട്ട്, ആനക്കുഴിച്ചിട്ടമറ്റം, മുറത്തട്ടേല്‍കാവ് തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണങ്ങളാകുന്നു. കടപ്ളാമറ്റത്തു എ.ഡി.ആയിരമാണ്ടടുത്തു സ്ഥാപിതമായിരുന്ന ക്രൈസ്തവ ദേവാലയം നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ സംഘട്ടനഫലമായി നശിച്ചുപോയെന്നും ക്രൈസ്തവര്‍ തങ്ങളുടെ പള്ളി വീണ്ടും സ്ഥാപിക്കണമെന്നാഗ്രഹമുണ്ടായപ്പോള്‍ കാളികാവ് സ്വദേശി (അന്നത്തെ കാളികേവ് ഇന്നത്തെ മാറിയിടം ഭാഗമാണെന്ന് കണക്കാക്കപ്പെടുന്നു) പൊതിയിട്ടേല്‍ തൊമ്മന്‍ തര്യതു കത്തനാരുടെ നേതൃത്വത്തില്‍ അന്ന് ഈ പ്രദേശത്തിന്റെ അധിപനായിരുന്ന തുമ്പയില്‍ കൈമള്‍ എന്ന ഇടപ്രഭുവിനെ സമീപിക്കുകയും അദ്ദേഹം പൊതിയിട്ടയില്‍ തൊമ്മന്‍ കത്തനാര്‍ക്ക് തീട്ടുരം (അനുവാദം) കൊടുത്തതായും പള്ളി ചരിത്രത്തില്‍ രേഖയുണ്ട്. ഹൈന്ദവരും ക്രൈസ്ത്രവരും സമഭാവനയിലും ഐക്യത്തിലും ഇവിടെ ജിവിച്ചിരുന്നു. കടപ്ളാമറ്റം പള്ളി പണിയുന്നതിന് അനുമതി നല്കിയ തുമ്പയില്‍ കൈമള്‍ എന്ന ഇടപ്രഭുവിന്റെ ഇല്ലത്തിന്റെ നഷ്ടശിഷ്ടങ്ങളും അവരുടെ പ്രതിഷ്ഠയായിരുന്ന മൂര്‍ത്തട്ടേല്‍കാവും പരിയാരമംഗലത്ത് ഇന്നും നിലനില്‍ക്കുന്നു. രണ്ടു മൂന്നു ചെറിയ പള്ളികളും, പള്ളിയുടെ മേല്‍നോട്ടത്തില്‍ പള്ളിമുറ്റത്തുണ്ടായിരുന്ന സെന്റ്.ജോസഫ് എല്‍.പി.സ്കൂളും ഒഴികെ ഏതാനും ചെറിയ ചായക്കടകളും ഒരു ജൌളിക്കടയും മാത്രം ഉള്‍ക്കൊണ്ടിരുന്ന കടപ്ളാമറ്റം പ്രദേശത്ത്  1930 നു ശേഷമുണ്ടായ ഉയര്‍ച്ച അസൂയാവഹമായിരുന്നു. 1200 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വയലായില്‍ പ്രബുദ്ധമായ ഒരു ജനത വസിച്ചിരുന്നു എന്നതിനു തെളിവാണ് വയലാ പ്രദേശത്തെ വീട്ടുപേരുകള്‍. ജൈനക്ഷേത്രം എന്ന് അര്‍ത്ഥമുള്ള ‘കോട്ടയില്‍‘ ജൈന ക്ഷേത്രത്തിലെ ഭാവിഫലം പറയുന്ന ’കണി അടികള്‍’ താമസിച്ചിരുന്ന  കണിയടി,  കൂത്തനടി,  തന്നെടി തുടങ്ങിയ പറമ്പുപേരുകള്‍ ഈ നിഗമനത്തെ സാധൂകരിക്കുന്നു. അതുപോലെ തന്നെ ബുദ്ധമതാനുയായികളുടെ ആവാസകേന്ദ്രം എന്ന് ആദികാലത്ത് അര്‍ത്ഥമുണ്ടായിരുന്ന പള്ളി എന്ന പേരു ചേര്‍ത്ത പതിനഞ്ചോളം പറമ്പുകളും വയലായിലുണ്ട്. ഓത്തപള്ളി (ഓത്തോളില്‍) മുട്ടപ്പള്ളി, കോശപ്പള്ളി, പുതുപ്പള്ളി, കാട്ടാമ്പള്ളി എന്നിവയെല്ലാം ജൈന-ബുദ്ധമതങ്ങള്‍ ഒരു കാലത്ത് വയലായില്‍ ശക്തി പ്രാപിച്ചിരുന്നുവെന്നതിന് സാക്ഷ്യങ്ങളാണ്. വയലായുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഞറളപ്പുഴ അയ്യപ്പക്ഷേത്രം, പടിഞ്ഞാറെ അതിരില്‍ ഉണ്ടായിരുന്ന മുണ്ടുകയ്യന്‍ അയ്യപ്പക്ഷേത്രം, വയലാപാറന്തുരുത്തുകാവ്, തൃക്കേല്‍ അമ്പലം എന്നിവയും ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. 1967-68 ലെ ശബരിമല മേല്‍ശാന്തി നീലകണ്ഠന്‍നമ്പൂതിരി കീഴേടത്ത് തോട്ടി ഇല്ലം കടപ്ളാമറ്റം പഞ്ചായത്തുകാരനാണെന്ന കാര്യവും സ്മരിക്കപ്പെടേണ്ടതാണ്. വയലാ വഴിയായിരുന്നു പുരാതനകാലത്തെ പ്രസിദ്ധമായിരുന്ന ‘അഞ്ചലോട്ടം‘ (പട്ടിത്താനം വെമ്പള്ളി–വയലാ ഇലയ്ക്കാട് പാവയ്ക്കന്‍ ഉഴവൂര്‍ വെളിയന്നൂര്‍ പൂവക്കുളം മൂവാറ്റുപുഴ) കാളവണ്ടി യാത്രയും സാധാരണ ഈ വഴിയായിരുന്നു. വയലാ കരയില്‍ ഡോ.എസ്.എന്‍.തീര്‍ത്ഥയുടെ മാനേജ്മെന്റിലാരംഭിച്ച ഹരിജന്‍ എല്‍.പി.സ്കൂളും 300 വര്‍ഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവും 75 വര്‍ഷം പഴക്കം ചെന്ന ദേവാലയവുമെല്ലാം ഇന്ന് സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്നു.