കടപ്ലാമറ്റം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ളോക്കില്‍ ഇലയ്ക്കാട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കടപ്ളാമറ്റം ഗ്രാമപഞ്ചായത്ത്. 22.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പഞ്ചായത്തുകള്‍, കിഴക്ക് മരങ്ങാട്ടുപിള്ളി, കരൂര്‍, കിടങ്ങൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ്  കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകള്‍, തെക്ക് കിടങ്ങൂര്‍, കാണക്കാരി പഞ്ചായത്തുകള്‍ എന്നിവയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം വയലാ, ഇലയ്ക്കാട്, മാറിടം, ആണ്ടൂര്‍, പരിയാരമംഗലം എന്നീ പേരിലറിയപ്പെടുന്ന അഞ്ചു കരകളുടെ സമന്വയമാണ് കടപ്ളാമറ്റം. സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായി നിലനില്‍ക്കുന്ന മീനച്ചില്‍ താലൂക്കില്‍പ്പെട്ട കടപ്ളാമറ്റം പ്രദേശം പണ്ടുമുതല്‍ തന്നെ കലാ–കായികസാംസ്കാരിക രംഗങ്ങളില്‍ നിര്‍ണ്ണായക മികവ് പുലര്‍ത്തിയിരുന്നു. വ്യത്യസ്ത വസ്ത്രധാരണരീതികളും ആചാരനുഷ്ഠാനങ്ങളും അവലംബിച്ചിരുന്ന ഹിന്ദുക്രിസ്ത്യന്‍ സമൂഹവും അവയുടെ ഉപവിഭാഗങ്ങളും ഒരുമയോടെ ജീവിച്ചുപോന്ന ഈ പ്രദേശം അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളായ സാംസ്കാരിക പൈതൃകങ്ങളുടെ സമന്വയ സ്ഥലമായിരുന്നു. ഞരളപ്പുഴ ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളും,  ക്രിസ്ത്യന്‍ ഇടവക ദേവാലയങ്ങളും,  കുരിശുപള്ളികളും, ഗുരുമന്ദിരവുമുള്‍പ്പെടേയുള്ള മറ്റ് ആരാധനാലയങ്ങളും ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നു. പണ്ടുമുതല്‍ സാംസ്കാരികത്തിന്റെ കേന്ദ്രബിന്ദുക്കളായി പ്രശോഭിച്ചു നിന്നിരുന്ന പ്രസ്തുത ആരാധനാലയങ്ങളിലെ ഉത്സവവും പെരുന്നാളുകളും അടക്കമുള്ള ആഘോഷങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ജാതിമതവര്‍ഗ്ഗവര്‍ണ്ണഭേദമെന്യേ ആളുകള്‍ പങ്കെടുക്കുന്നു.  പഞ്ചായത്തിലെ വാര്‍ഡുകളിലായി നിരവധി സാംസ്കാരിക കേന്ദ്രങ്ങള്‍ (ഗ്രന്ഥശാലയുള്‍പ്പെടെ) പ്രവര്‍ത്തിക്കുന്നുണ്ട്. കടപ്ളാമറ്റം പഞ്ചായത്തില്‍ 80% ത്തോളം ജനങ്ങള്‍ കൃഷിയെ പൂര്‍ണ്ണമായോ ഭാഗികമായോ ആശ്രയിക്കുന്നവരായിരുന്നു. നെല്ല്, വാഴ, കപ്പ, മഞ്ഞള്‍, ഇഞ്ചി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തു ജീവിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ അന്ത്യസമയത്ത് റബ്ബര്‍ കൃഷിയിലേക്ക് മാത്രമായി തിരിയുന്നതായി കണ്ടെത്താനാവുന്നതാണ്. കിടങ്ങൂര്‍ പഞ്ചായത്തിലെ മാറിടം (കിഴക്ക്, പടിഞ്ഞാറ്) ചേര്‍പ്പുങ്കലിന്റെ ഭാഗം, കൂടല്ലൂര്‍ വാര്‍ഡിന്റെ ഒരു ഭാഗം, ഇലയ്ക്കാട് പഞ്ചായത്തിലെ 8, 9, 10 വാര്‍ഡുകള്‍ എന്നിവ ചേര്‍ത്താണ് കടപ്ളാമറ്റം പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് ഓഫീസ് കം ഷോപിംഗ് കോംപ്ളക്സ് പണിയുന്നതിന് ഔദ്യോഗികമായ തീരുമാനത്തിലൂടെ പള്ളി സ്ഥലം നല്‍കുകയായിരുന്നു. പൊതുജനഹിതത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ജേക്കബ് മണ്ണനാലച്ചന്‍ കടപ്ളാമറ്റം പഞ്ചായത്ത് രൂപീകരണത്തില്‍ മാത്രമല്ല  പഞ്ചായത്തിന്റെ തന്നെ ഉന്നതിക്കു വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ മഹത് വ്യക്തിയാണ്.