കടമ്പനാട്

പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കടമ്പനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 23.95 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഏറത്ത് പഞ്ചായത്ത്, കിഴക്ക് ഏഴംകുളം പഞ്ചായത്ത്, തെക്ക് കുന്നത്തൂര്‍ പഞ്ചായത്ത്, കല്ലടയാറ്, പടിഞ്ഞാറ് പളളിക്കല്‍, പോരുവഴി പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 17 ആണ്. ചിരപുരാതനവും ചരിത്ര പ്രസിദ്ധവും ആയ ഐതിഹ്യങ്ങളും സംഭവങ്ങളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് കടമ്പനാട് ഗ്രാമപഞ്ചായത്ത്. ഐതിഹാസവും ചരിത്രപരവുമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കടമ്പനാടു ഗ്രാമപഞ്ചായത്ത് കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം അര്‍ഹിക്കുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ആദ്യ നാഗരികതയായി ചരിത്ര ഗവേഷകര്‍ വിധിയെഴുതുന്ന സംഘകാലഘട്ടത്തില്‍ കടമ്പനാടും പരിസരപ്രദേശങ്ങളും പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കുന്ന പല പരാമര്‍ശങ്ങളും ‘പതിറ്റുപത്ത്’ തുടങ്ങിയ സംഘകാല സാഹിത്യകൃതികളില്‍ കാണാം. കടമ്പനാട്, മണ്ണടി എന്നീ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്നതും ഈ പഞ്ചായത്തില്‍പ്പെട്ടതുമായ പച്ചപുതച്ച കുന്നുകളും മനോഹരങ്ങളായ താഴ്വരകളും അരുവികളും നിറഞ്ഞ സ്ഥലമാണ് തുവയൂര്‍. കാലാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന വടക്ക് കാക്കത്താനിക്കുന്നും തെക്ക് പാണ്ടിമലക്കുന്നും (പാണ്ടി മലപ്പുറം) രണ്ടു നെടും കോട്ടകളെപ്പോലെ പഞ്ചായത്തില്‍ നിലകൊള്ളുന്നു. ഈ മലകളുടെ ഇടയില്‍ കിഴക്കു പടിഞ്ഞാറായി ഒരു ഇടനാഴിപോലെ തുവയൂരിന്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പഴയകാവു ദേവീക്ഷേത്രം, പുതിയകാവു ദേവീക്ഷേത്രം എന്നിവയോടനുബന്ധിച്ച് കല്ലടയാറ്റിലേക്കിറക്കി പണിതിട്ടുള്ള കല്‍പ്പടവുകളോടുകൂടിയ പാറക്കടവു സ്നാനഘട്ടം, കല്‍മണ്ഡപം എന്നിവിടങ്ങളില്‍ തടിയിലും ശിലയിലും ചെയ്തിരിക്കുന്ന അതിമനോഹരമായ രൂപങ്ങളും കൊത്തുപണികളും ഒരു കാലഘട്ടത്തില്‍ ഈ പ്രദേശം സംസ്കാരത്തിന്റെ ഉത്തുംഗ ശ്യംഗത്തില്‍ എത്തിയിരുന്നു എന്നതിനു തെളിവുകളാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരേതിഹാസമായിരുന്ന തലക്കുളത്തു തമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവയുടെ ദേഹത്യാഗവുമായി അഭേദ്യബന്ധം സ്ഥാപിച്ച മണ്ണടി ഈ ഗ്രാമപഞ്ചായത്തിലാണ്.