ചരിത്രം

ഭരണ ചരിത്രം

 കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷവും കടമ്പനാട് പ്രദേശം കൊല്ലം ജില്ലയുടെ ഭാഗമായിത്തുടര്‍ന്നു. 01/07/1983-ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ കടമ്പനാടു പഞ്ചായത്ത് പത്തനംതിട്ട ജില്ലയിലായി. പഴയ കുന്നത്തൂര്‍ താലൂക്കില്‍ നിന്നും വിഭജിക്കപ്പെട്ട അടൂര്‍ താലൂക്കില്‍ പറക്കോട് വികസനബ്ളോക്കില്‍ ഉള്‍പ്പെടുന്ന കടമ്പനാട്, തൂവയൂര്‍, മണ്ണടി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുകള്‍ രൂപം കൊള്ളുന്നതിനുമുമ്പ് സര്‍ സി പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന കാലഘട്ടത്തില്‍ വില്ലേജുകളുടെ വികസനം ലക്ഷ്യമാക്കി “വില്ലേജ് അപ്ലിഫ്റ്റ്” യൂണിയന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നോമിനേറ്റു ചെയ്യുന്ന പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് ഭരണം നിര്‍വ്വഹിച്ചിരുന്നത്. ഈ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ  പ്രദേശങ്ങള്‍ കുന്നത്തൂര്‍ വില്ലേജ് അപ്ലിഫ്റ്റ് യൂണിയന്റെ ഭാഗം ആയിരുന്നു. അന്നത്തെ പ്രസിഡന്റ് തൊണ്ണൂറാം പന്തിയില്‍ കെ കേശവക്കുറുപ്പ് ആയിരുന്നു. 1953-ല്‍ പഞ്ചായത്തുകള്‍ രൂപം കൊണ്ടപ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു സമിതികള്‍ നിലവില്‍ വന്നു. കുന്നത്തൂര്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പഞ്ചായത്തിന്റെ നാമധേയം കടമ്പനാടു പഞ്ചായത്ത് എന്നായിരുന്നു. ഈ പഞ്ചായത്ത് സമിതിയുടെ ആദ്യത്തെ പ്രസിഡന്റ് കോയിപ്പുറത്ത് കെ നീലകണ്ഠന്‍ നായര്‍ ആയിരുന്നു.

സ്ഥലനാമ ചരിത്രം

ഐതിഹാസവും ചരിത്രപരവുമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കടമ്പനാടു ഗ്രാമപഞ്ചായത്ത് കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം അര്‍ഹിക്കുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ആദ്യ നാഗരികതയായി ചരിത്ര ഗവേഷകര്‍ വിധിയെഴുതുന്ന സംഘകാലഘട്ടത്തില്‍ കടമ്പനാടും പരിസരപ്രദേശങ്ങളും പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കുന്ന പല പരാമര്‍ശങ്ങളും ‘പതിറ്റുപത്ത്’ തുടങ്ങിയ സംഘകാല സാഹിത്യകൃതികളില്‍ കാണാം. കടമ്പനാട് പഞ്ചായത്തില്‍പെട്ട മണ്ണടി എന്ന സ്ഥലനാമം സംഘകാല സാഹിത്യത്തിന്റെ ‘മന്റം’ എന്ന തമിഴ് പദത്തിന് ഉച്ചരിത ഭേദം സംഭവിച്ച് മണ്ണടി ആയിത്തീര്‍ന്നതാണെന്ന ചരിത്രനിഷ്പത്തി ഇവിടെ പ്രസക്തമാണ്. മലയാളത്തിലെ ‘മന്നം’ എന്ന വാക്ക് തമിഴിലെ ‘മന്റം’ എന്ന പദത്തില്‍ നിന്നാണ് വന്നതെന്നും ‘മന്നം’ എന്നതിനു വിധി പ്രസ്താവിക്കുകയോ കക്ഷികളെ വിസ്തരിക്കുകയോ ചെയ്യുന്ന സ്ഥലം (തമിഴ് മന്റം) എന്ന് അര്‍ത്ഥവുമുള്ളതായി ആധികാരിക രേഖകളില്‍ കാണുന്നു. ഡോ. ഹെര്‍മന്‍ഗുണ്ടര്‍ട്ട് ‘മന്നം’ എന്ന വാക്കിന് സ്റ്റാന്റിംഗ് പ്ളേയിസ്, എ പ്ളേയ്സ് ഓഫ് ജഡ്ജ്മെന്റ് ഓര്‍ ഡിസ്കഷന്‍ അണ്ടര്‍ ദി വില്ലേജ് ട്രീ ഇന്‍ ദി അസ്സംബ്ളി ഓഫ് സിറ്റിസണ്‍സ് എന്ന് അര്‍ത്ഥ കല്‍പ്പന നടത്തുന്നു (ഗുണ്ടര്‍ട്ട് നിഘണ്ടു പേജ് 720). ഓരോ ഗ്രാമത്തിലേയും ജനങ്ങള്‍ ഒത്തുചേരുന്ന (കൂടുന്ന) സ്ഥലമെന്ന അര്‍ത്ഥത്തില്‍ ‘മന്റം’ അഥവാ ‘കൂടല്‍’ എന്ന സംജ്ഞകള്‍ സംഘകാലകൃതികളായ “നാട്ടിണൈ” “കുറുന്തകൈ” തുടങ്ങിയവയില്‍ പ്രയോഗിച്ചിട്ടുണ്ട്. മണ്ണടിയുടെ സ്ഥലനാമത്തെക്കുറിച്ചു ഒരു ഐതിഹ്യം കൂടിയുള്ളതായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും കുളക്കട താമരശ്ശേരില്‍ നമ്പി മഠത്തില്‍ നിന്നും ലഭിച്ചിട്ടുള്ള താളിയോല ഗ്രന്ഥത്തിലും കാണുന്നു. പണ്ട് വാക്കവത്തിപ്പുഴ പണ്ടാരത്തില്‍ ദേശാധിപതിയായിരുന്ന കാലത്ത് ഒരു ദിവസം കാടുവെട്ടി തെളിക്കുമ്പോള്‍ ഒരു ശിലയില്‍നിന്നും രക്തപ്രവാഹം ഉണ്ടാവുകയും സ്വയം ഭൂവായ ബിംബത്തിന്മേല്‍ അരിവാള്‍ തേച്ച സ്ത്രീ രക്തം കണ്ട സമയം രക്തപ്രവാഹം നിറുത്തുന്നതിനുവേണ്ടി മണ്ണുവാരി അടിച്ചതിനാലാണ് ഈ സ്ഥലത്തിനു മണ്ണടി എന്ന പേരു ലഭിച്ചതെന്നും ഐതിഹ്യമാലയില്‍ പറയുന്നു. കടമ്പനാട് പഞ്ചായത്തില്‍പ്പെട്ട തുവയൂര്‍തെക്ക് പാണ്ടിമലപ്പുറം എന്ന സ്ഥലത്ത് പ്ളാവിനാല്‍ കുടുംബത്തില്‍ ഇന്നും ഇതുമായി ബന്ധപ്പെട്ട ആരാധനാ സ്ഥലം ഉണ്ട്.

സാംസ്കാരിക ചരിത്രം

വിശ്രുത രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുദ്ധവിഹാരങ്ങളായ പള്ളിക്കല്‍, കരുനാഗപ്പള്ളി തുടങ്ങിയവയുടെ പരിധിയില്‍പ്പെട്ടിരുന്ന കടമ്പനാടും പരിസരപ്രദേശങ്ങളും ബുദ്ധമതത്തിന്റെ അധ:പതനത്തോടുകൂടി ആര്യാധിനിവേശവും വൈദികപ്രോക്തങ്ങളായ ആചാരവിധികളും നിലവില്‍വന്നപ്പോള്‍ കടമ്പനാട് വിശ്രുതമായ ഒരു വേദപാഠശാലയുടെ ആസ്ഥാനമായിതീര്‍ന്നു. “ഘടനാടാണ്” കടമ്പനാടായി ഭാഷണഭേദം സംഭവിച്ചത്. ‘ഘട’ വിദ്യാലയത്തെക്കുറിക്കുവാനായി ഉപയോഗിച്ചിരുന്നു. ഘടസ്ഥലി ആണ് കടുത്ത എന്ന ശാസ്താവിനെകുറിക്കുന്ന വാക്കായി മാറിയത്. പരശുരാമപ്രതിഷ്ഠയും വേദപഠനവുമുണ്ടായിരുന്ന കേന്ദ്രങ്ങളായിരുന്നു ഘട. പരശുരാമന്‍ പ്രതിഷ്ഠിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇരവീശ്വേരത്ത് പഴയതൃക്കോവില്‍ ശിവക്ഷേത്രം കടമ്പനാട് പഞ്ചായത്തില്‍ മണ്ണടിയില്‍ സ്ഥിതി ചെയ്യുന്നു. ഘട-കടയും, കുടിയും, കുളവും നാടുമായി മാറാമെന്ന് ഭാഷാ ഗവേഷകരായ പ്രഫ. എ പി ശങ്കുണ്ണിനായര്‍, ഡോ എന്‍ വി കൃഷ്ണ വാര്യര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു (മാതൃഭൂമി ആഴ്ച പതിപ്പ് 1991 നവംബര്‍ 24-30 പുസ്തകം 69 ലക്കം 38). കടത്തനാട്, കടമ്പനാട്, കുടവല്ലൂര്‍, കുടമാളൂര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉദാഹരണമായി ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഏ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരം തലസ്ഥാനമാക്കി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കുലശേഖര രാജാക്കന്മാരുടെ കീഴില്‍ സ്വയം ഭരണസ്വഭാവത്തോടുകൂടിയ പല നാടുകളും ദേശങ്ങളും ഉണ്ടായിരുന്നു. ഒരു നാടുവാഴിയുടെ ഭരണത്തില്‍ കീഴിലായിരുന്നു കടമ്പനാടെന്ന് 971-ലെ പട്ടാഴി ചെമ്പു പട്ടയത്തില്‍നിന്നും മനസ്സിലാക്കാം. കുലശ്ശേഖര, ചേരന്മാരുടെ പതനത്തിനുശേഷം വേണാട്ടുരാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ കടമ്പനാട് ഉള്‍പ്പെട്ടിരുന്നു എന്ന് കൊല്ലം 343-ാ മാണ്ടത്തെ വേണാട് ഇളംകൂര്‍ വാണരുളിയ ശ്രീ വീര ദേവ മാര്‍ത്താണ്ഡവര്‍മ്മ തിരുവടിയുടെ കിളിമാനൂര്‍ ശാസനത്തില്‍ പരാമര്‍ശിക്കുന്ന ചെങ്കഴിന്നൂര്‍ നാടിന്റെ വിസ്തൃതിയെപറ്റിയുള്ള സൂചനകളില്‍ നിന്നും തെളിയുന്നുണ്ട്. എന്നാല്‍ പില്‍കാലത്ത് കടമ്പനാട് കായംകുളം രാജ്യാതിര്‍ത്തിയില്‍ വന്നു ചേര്‍ന്നതായും ചരിത്ര രേഖകളില്‍ കാണുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെറുകിട രാജാക്കന്മാരെ തോല്പിച്ച് ആധുനിക തിരുവിതാംകൂര്‍ എന്ന സ്വതന്ത്ര നാട്ടുരാജ്യം സ്ഥാപിച്ചപ്പോള്‍ കടമ്പനാടും അതിന്റെ ഭാഗമായിത്തീര്‍ന്നു. ആദ്യനൂറ്റാണ്ടുകളില്‍ കടമ്പ വംശജരായ ഭരണാധികാരികള്‍ (നാടുവാഴികള്‍) ഈ പ്രദേശത്തു അധിവസിച്ചിരുന്നതുകൊണ്ടാവാം കടമ്പനാട് എന്ന സ്ഥലനാമം ഉണ്ടായതെന്നും നാട്ടറിവുണ്ട്. വടക്ക് കാക്കത്താനിക്കുന്നും തെക്ക് പാണ്ടിമലക്കുന്നും (പാണ്ടി മലപ്പുറം) രണ്ടു നെടും കോട്ടകളെപ്പോലെ ഇവിടെ നിലകൊള്ളുന്നു. ഈ മലകളുടെ ഇടയില്‍ കിഴക്കു പടിഞ്ഞാറായി ഒരു ഇടനാഴിപോലെ തുവയൂരിന്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്നു. തട്ട, തലവൂര്‍, തുവയൂര്‍ എന്നീ സ്ഥലങ്ങള്‍ സമ്പല്‍സമൃദ്ധമായിരുന്നു എന്നാണ് പഴമക്കാരുടെ അഭിപ്രായം. ഈ കുന്നുകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നതുള്‍പ്പെടെയുള്ള പ്രദേശം ഐശ്വര്യ ദേവതയുടെ കടാക്ഷത്താല്‍ ധനധാന്യങ്ങള്‍ നിറഞ്ഞു തൂവിയിരുന്നതിനാലാണ് തുവയൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്നു പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ മറ്റുള്ള പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി തുവയൂര്‍ പ്രദേശം കിഴക്കോട്ടു ചരിഞ്ഞുകിടക്കുന്നു. ഇവിടെ മഹര്‍ഷിമംഗലം ക്ഷേത്രവും മാഞ്ഞാലി ജംഗ്ഷനു സമീപമായി ഒരു കളരിയും മാഞ്ഞാലി ജംഗ്ഷനു തെക്കുഭാഗത്തായി കണ്ണങ്കരയക്ഷിയമ്പലം എന്ന പേരോടുകൂടിയ ഒരു ക്ഷേത്രവും ഉണ്ട്. സെയ്ന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെയിന്റ് തോമസ് കാത്തലിക് ചര്‍ച്ച്, സെയ്ന്റ് മേരീസ് കാത്തലിക് ചര്‍ച്ച്, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് തുടങ്ങി 9 ക്രൈസ്തവ ദേവാലയങ്ങളും തൂവയൂര്‍ പ്രദേശത്തുണ്ട്. ചിരപുരാതനവും പ്രസിദ്ധവുമായ മണ്ണടി പഴയകാവ് ദേവീക്ഷേത്രം, പുതിയകാവ് ദേവീക്ഷേത്രം, വാക്കവത്തിപ്പുഴമഠത്തില്‍നിന്നും പണികഴിപ്പിച്ച മുടിപ്പുര ഭഗവതീ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രാധാന്യമുള്ള ആരാധനാലയങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളുമാണ്. തിരുവിതാംകൂറില്‍ ആദ്യമായി ആരംഭിച്ച രണ്ടു സ്പെഷ്യല്‍ (ഇംഗ്ളീഷ് മീഡിയം) സ്കൂളുകളില്‍ ഒരെണ്ണം മണ്ണടി സങ്കേതത്തിലായിരുന്നു. മണ്ണടി വാക്കവത്തിപ്പുഴ മഠം വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം പില്‍ക്കാലത്ത് കുളക്കട താമരശേരി നമ്പി മഠത്തില്‍നിന്നും സ്ഥലവും കെട്ടിടവും നല്‍കി കുളക്കട എന്ന സ്ഥലത്തേക്കു മാറ്റപ്പെട്ടു. 8 ഹൈന്ദവാരാധനാലയങ്ങളും ഒരു ക്രൈസ്തവ ദേവാലയവും (മാര്‍ത്തോമ്മാ പള്ളി) ഒരു മുസ്ളീം ജമാ അത്ത് പള്ളിയും മണ്ണടി പ്രദേശത്തുണ്ട്. വേലുത്തമ്പി ദളവാ എന്ന യുഗപ്രഭാവന്റെ സ്മരണയെ നിലനിര്‍ത്തുന്ന സ്മൃതി മണ്ഡപവും പ്രസിദ്ധമായ ദേവാലയങ്ങളും പാറക്കടവ് സ്നാനഘട്ടവും കല്‍മണ്ഡപവും അരവക്കല്‍ ചാണി എന്ന ഗുഹയും സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികള്‍ ചരിത്രഗവേഷകര്‍, സാഹിത്യകാരന്മാര്‍, രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവര്‍ ഇവിടെ എത്താറുണ്ട്. കേരള സര്‍ക്കാരിന്റെ ജനകീയ വിജ്ഞാന ജനകീയ നാടന്‍ കലാ കേന്ദ്രത്തിന്റെ ആഫീസ് കടമ്പനാട് പഞ്ചായത്തില്‍പ്പെട്ട മണ്ണടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ സെയ്ന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി എന്ന ക്രൈസ്തവ ദേവാലയം കടമ്പനാടിന്റെ പ്രാധാന്യവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നു. സെയ്ന്റ് തോമസ് അപ്പോസ്തലന്‍ സ്ഥാപിച്ച ഏഴുപള്ളികളില്‍ ഒന്നായ നിലയ്ക്കല്‍പള്ളിയില്‍നിന്നും 14-ാം നൂറ്റാണ്ടില്‍ പ്രകൃതിക്ഷോഭത്തിന്റേയോ പാണ്ടിയില്‍നിന്നുണ്ടായ പറപ്പടയേറ്റത്തിന്റേയോ ഫലമായി സ്ഥലം വിട്ടോടിപ്പോയ ക്രൈസ്തവരില്‍ ഒരു വിഭാഗം കുന്നത്തൂര്‍ മണ്ണടി പ്രദേശത്തെ നാടുവാഴികള്‍ നല്‍കിയ അഭയം സ്വീകരിച്ച് കടമ്പനാട് താവളമടിക്കുകയുണ്ടായി. അവരുടെ ആരാധനയ്ക്കായി അവിടെ പണിത ദേവാലയമാണ് ഇന്ന് കടമ്പനാട് പള്ളി എന്നറിയപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറിലെ പല പള്ളികളുടേയും മാതൃ ദേവാലയം എന്ന സ്ഥാനവും ഇതിനുണ്ട്. ഇന്‍ഡ്യയിലുള്ള പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളില്‍ ഒന്നാണ് ഇത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയുടെ ഇടവകയില്‍ നിന്ന് കായംകുളം, മാവേലിക്കര, കൊല്ലകടവ്, അടൂര്‍, കോഴഞ്ചേരി, കൈപ്പട്ടൂര്‍, ശൂരനാട്, കല്ലട, കൂടല്‍ മുതലായ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ക്രിസ്ത്യാനികള്‍ ആ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ച് ആരാധന നടത്തി തുടങ്ങും വരെ കടമ്പനാട് പള്ളിയില്‍തന്നെയാണ് ആരാധന നടത്തിയിരുന്നത് (സര്‍വ്വ വിഞ്ജാനകോശം വാല്യം 6 പേജ് 28). കൂടാതെ സെയ്ന്റ് ജോര്‍ജ്ജ് മലങ്കര കാത്തോലിക്ക പളളി, ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച് എന്നിങ്ങനെ രണ്ടു വിശുദ്ധ ക്രൈസ്തവ ദേവാലയങ്ങളും കടമ്പനാട് സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ കടമ്പനാട്ടു ഭഗവതി ക്ഷേത്രം, കുണ്ടോം വെട്ടത്തു മലനട തുടങ്ങിയ ഹൈന്ദവ ദേവാലയങ്ങളും കടമ്പനാടിന്റെ ചരിത്രത്തെ പരിപോഷിപ്പിക്കുന്നു.