ചരിത്രം

സാംസ്കാരിക ചരിത്രം

സംഘം കൃതികളില്‍ ചേര രാജാക്കന്‍മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിക്കപ്പെട്ട തൊണ്ടി കടലുണ്ടിയാണെന്നു പറയപ്പെടുന്നു. രണ്ടാം നൂറ്റാണ്ടില്‍ പെരിപ്ളസിന്റെ എരിത്രിയന്‍ കടല്‍ യാത്ര എന്ന ഗ്രന്ഥത്തില്‍ കടലുണ്ടി ഒരു തുറമുഖപട്ടണമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.റോം, അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി അക്കാലത്ത് വ്യാപാര ബന്ധങ്ങളിലേര്‍പ്പെട്ട കടലുണ്ടിക്ക് മഹത്തായ ഒരു ചരിത്ര പാരമ്പര്യം അവകാശപ്പെടാനുണ്ട്.നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബേപ്പൂര്‍ തുറമുഖം വഴിയുള്ള കോഴിക്കോടിന്റെ വ്യാപാരം വര്‍ദ്ധിച്ചപ്പോള്‍ ചാലിയവും ഒരു വ്യാപാര കേന്ദ്രമായി വളര്‍ച്ച പ്രാപിക്കുകയുണ്ടായി. മലബാറിന്റെ വനവിഭവങ്ങളും സുഗന്ധദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭ ദശയില്‍ രണ്ടാം ചേര രാജവംശത്തിന്റെ അസ്തമയത്തോടെ നാടുവാഴിത്ത ഭരണ ക്രമമാരംഭിച്ചപ്പോള്‍ ഈ ഗ്രാമത്തിന്റെ ഭരണാധികാരം പരപ്പനാട് വലിയ പുതിയ കോവിലകക്കാരുടെ കൈകളിലായിത്തീര്‍ന്നു. പരപ്പനാട് രാജാവ് ഡച്ചുകാര്‍ക്ക് കച്ചവടാവശ്യാര്‍ത്ഥം ചാലിയത്ത് സ്ഥലം നല്‍കുകയും പിന്നീട് അവര്‍ അവിടെ ഒരു കോട്ട പണിയുകയും ചെയ്തു. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ ഈ കോട്ട തകര്‍ക്കപ്പെടുകയുണ്ടായി.  അതിന്റെ അവശിഷ്ടങ്ങള്‍ മുല്ല എന്ന സ്ഥലത്ത് ഇപ്പോഴുമുണ്ട്.പരപ്പനാട് രാജവംശക്കാര്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള തറക്കൂട്ടങ്ങളിലൂടെയാണ് ഭരണം നടത്തി വന്നത്. കടലുണ്ടി ഗ്രാമത്തെ അവര്‍ മണ്ണൂര്‍ (മണ്ണൂര്‍ ശിവക്ഷേത്രം) കടലുണ്ടി (പഴഞ്ചണ്ണൂര്‍ ശിവക്ഷേത്രം) എന്നിങ്ങനെ രണ്ടു തുറകളായി ഭാഗിച്ചാണ്  ഭരണം നടത്തിയിരുന്നത്. ഈ ഭരണ വ്യവസ്ഥയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വത്തിന്‍ കീഴില്‍ ഭൂമി കൈവശം വെച്ചു കൃഷി ചെയ്യുകയും കീഴ്പാട്ടത്തിന് കൊടുക്കുകയും ചെയ്തിരുന്ന ജന്മിമാര്‍ക്കായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ രാജവംശത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചു പറ്റിയെങ്കിലും ഭൂവുടമ ബന്ധത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഭൂപരിഷ്ക്കരണ നിയമം നടപ്പിലായതോടുകൂടി ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍ ഭൂവുടമയായി മാറി. ഭൂബന്ധങ്ങളില്‍ വന്ന മാറ്റം സാമൂഹിക ജീവിതത്തില്‍ അവര്‍ണ്ണനീയമായ മാറ്റം വരുത്തി. വ്യാപാര വികസനം ലക്ഷ്യമാക്കി ഭരണം നിര്‍വ്വഹിച്ച ബ്രിട്ടീഷുകാര്‍ 1861-ല്‍ റെയില്‍പാത ചാലിയം വരെ നീട്ടുകയുണ്ടായി. വ്യാപാര വ്യാവസായിക മേഖല കോഴിക്കോട്ട്് കേന്ദ്രീകരിച്ചപ്പോള്‍ പിന്നീട് ഈ റെയില്‍പ്പാളങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. വ്യാപാര കേന്ദ്രം എന്ന വിശേഷണം ചാലിയത്തിന് നഷ്ടമായെങ്കിലും ആ സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മക്കായി റെയില്‍വേ കിണറും, ലൈറ്റ് ഹൌസും, ഫോറസ്റ്റ് ഡിപ്പോവും ഇന്നും ഇവിടെ കാണാം. മാലിക് ദിനാറും ശിഷ്യന്‍മാരും പ്രാര്‍ത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന പുഴക്കര പള്ളി ചാലിയത്തുകാരുടെ ചരിത്ര സ്മരണയെ രോമാഞ്ചമണിയിക്കുന്നു.1907-ല്‍ ഇന്ന് മണ്ണൂര്‍ കൃഷ്ണാ യു.പി.സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ ഗ്രാമത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പിന്നീട് പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമാത്രമായുള്ള ആദി ദ്രാവിഡ പഞ്ചമ സ്കൂള്‍ 1917-ല്‍ വട്ടപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ടു. അതിനു നുമ്പ് തന്നെ ഈ ഗ്രാമത്തില്‍ എഴുത്തുപള്ളിക്കൂടങ്ങള്‍ മുഖേന ജനങ്ങള്‍ വിദ്യ അഭ്യസിച്ചിരുന്നു.ആധുനിക ചികിത്സാ സൌകര്യങ്ങള്‍ തീരെയില്ലാതിരുന്ന അക്കാലത്ത് ഇവിടുത്തെ ജനങ്ങളെ രോഗവിമുക്തരാക്കിയിരുന്നത് നാട്ടു വൈദ്യന്‍മാരായിരുന്നു. ആധുനിക ചികിത്സ ലഭിക്കേണ്ട അടിയന്തിരഘട്ടങ്ങളില്‍ രോഗികളെ ചുമലിലേറ്റി ഫറോക്കിലെ ആശുപത്രികളില്‍ എത്തിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. 1972-ല്‍ ആദ്യമായി ബസ് ഗതാഗതം പഞ്ചായത്തിലാരംഭിച്ചു.