ചരിത്രം

ദേശീയ പ്രസ്ഥാനവുമായി പ്രദേശത്തിനുള്ള ബന്ധമാണ് ആധുനിക ചരിത്രത്തിലെ പ്രധാനപ്പെട്ട രേഖ. 1938-ലെ കടയ്ക്കല്‍ വിപ്ളവം കേരളചരിത്രത്തില്‍ത്തന്നെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. 1938 സെപ്തംബര്‍ മാസം 21-ാം തിയതി തിരുവനന്തപുരത്തെ ശംഖുമുഖത്ത് നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമ്മേളനം പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു. അതേ ദിവസം തന്നെ ആറ്റിങ്ങല്‍ നടന്ന സമ്മേളനത്തിനു നേരെയും പോലീസ് നിറയൊഴിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ചിലരാണ് കടയ്ക്കല്‍ വിപ്ളവത്തിന് നേതൃത്വം നല്കിയത്. 1937-ഓടു കൂടി രൂപീകൃതമായ കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ ഭാരതത്തിലെ കര്‍ഷകര്‍ക്കാകെ പ്രചോദനമായി ഭവിച്ചു. ഇന്ത്യയില്‍ പലയിടങ്ങളിലും വമ്പിച്ച കാര്‍ഷിക സമരങ്ങളിരമ്പി. ഈ പശ്ചാത്തലത്തിലാണ് കടയ്ക്കല്‍ വിപ്ളവവും നടന്നത് എന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പ്രധാനപ്പെട്ട കേന്ദ്രമെന്ന നിലയില്‍ കര്‍ഷകരുടെ ആശാകേന്ദ്രമായിരുന്നു കടയ്ക്കല്‍ ചന്ത. അന്യായമായ ചന്തപ്പിരിവില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ മുന്നേറ്റമാണ് കടയ്ക്കല്‍ വിപ്ളവമായി രൂപാന്തരപ്പെട്ടത്. കടയ്ക്കല്‍ വിപ്ളവത്തില്‍ ഇന്നത്തെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധഭടന്മാര്‍ പങ്കെടുത്തിരുന്നു. നാടന്‍ കലകള്‍ക്കും മറ്റു ക്ളാസിക്കല്‍ കലകള്‍ക്കും ഏറെ പ്രധാന്യം നല്‍കുന്ന സ്ഥലമാണ് കടയ്ക്കല്‍. വില്ലുപാട്ട്, കമ്പടികളി, തുമ്പിതുള്ളല്‍, ഉറിയടി, കതിരുകാള കെട്ടല്‍, കുത്തിയോട്ടം തുടങ്ങിയ അനവധി നാടന്‍ കലാരൂപങ്ങളില്‍ താത്പര്യവും പാരമ്പര്യവും ഉള്ള ജനങ്ങള്‍ ഇവിടെ വസിക്കുന്നു. നിരവധി ഞാറ്റുപാട്ടുകള്‍ ഇന്നും സ്മരണയില്‍ സൂക്ഷിക്കുന്ന ആളുകള്‍ ഈ പ്രദേശത്തുണ്ട്. കാക്കാരിശ്ശി നാടകം, പടയണി, ഓട്ടന്‍തുള്ളല്‍ എന്നീ ജനസമ്മിതി ഏറെയുള്ള കലാരൂപങ്ങള്‍ അറിയാവുന്നര്‍ കോട്ടുക്കല്‍, മതിര എന്നീ സ്ഥലങ്ങളില്‍ വസിക്കുന്നു. ഉത്സവങ്ങള്‍ പഞ്ചായത്തില്‍ നിരവധിയാണ്. വിവിധ മതത്തില്‍പ്പെട്ടവര്‍ മതാനുസാരികളായി നടത്തുന്ന ഉത്സവങ്ങള്‍ സാംസ്കാരിക തനിമയെ വിളിച്ചോതുന്നു. പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്നു. ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മുടിയേറ്റുത്സവം ഈ നാടിന്റെ സര്‍വ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ്.