കടയ്ക്കല്‍

ചടയമംഗലം ബ്ളോക്ക് പഞ്ചായത്തിലെ താരതമ്യേന വികസിതമായ പ്രദേശമാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആസ്ഥാനമായ കടയ്ക്കലിന് പട്ടണത്തിന്റെ ഭാവങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. കടയക്കല്‍ ഗ്രാമപഞ്ചായത്തിന് 48.90 ച:കി.മീ വിസ്തീര്‍ണ്ണമുണ്ട്. പട്ടണസദൃശ്യമായ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ചടയമംഗലം ബ്ളോക്കിലെ ഏറ്റവും വികസിതവും സാമ്പത്തികാടിത്തറയുമുള്ള ഏക പഞ്ചായത്താണ്. കൃഷിക്കനുയോജ്യമായ 4536 ഹെക്ടര്‍ ഭൂമിയുണ്ട്. ഇതില്‍ 378 ഹെക്ടര്‍ നിലമാണ്. തെങ്ങുകൃഷിയാണ് പ്രധാനം. ഏകദേശം ഒന്നര ശതാബ്ദക്കാലത്തെ വളര്‍ച്ചയുടെ ഫലമായിട്ടാണ് പഞ്ചായത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇന്നത്തെ വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. കളരികള്‍, ആശാന്‍ പള്ളിക്കൂടങ്ങള്‍, ഗുരുകുല വിദ്യാലയങ്ങള്‍ ഇവയൊക്കെയായിരുന്നു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്നത്തെ രീതിയിലുള്ള വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ആദര്‍ശശാലികളും ത്യാഗസമ്പന്നരുമായ ഏതാനും അദ്ധ്യാപകരും മഹത് വ്യക്തികളും ആയിരുന്നു. നാടന്‍ കലകള്‍ക്കും മറ്റു ക്ളാസിക്കല്‍ കലകള്‍ക്കും ഏറെ പ്രധാന്യം നല്‍കുന്ന സ്ഥലമാണ് കടയ്ക്കല്‍. വില്ലുപാട്ട്, കമ്പടികളി, തുമ്പിതുള്ളല്‍, ഉറിയടി, കതിരുകാള കെട്ടല്‍, കുത്തിയോട്ടം തുടങ്ങിയ അനവധി നാടന്‍ കലാരൂപങ്ങളില്‍ താത്പര്യവും പാരമ്പര്യവും ഉള്ള ജനങ്ങള്‍ ഇവിടെ വസിക്കുന്നു. നിരവധി ഞാറ്റുപാട്ടുകള്‍ ഇന്നും സ്മരണയില്‍ സൂക്ഷിക്കുന്ന ആളുകള്‍ ഈ പ്രദേശത്തുണ്ട്. കാക്കാരിശ്ശി നാടകം, പടയണി, ഓട്ടന്‍തുള്ളല്‍ എന്നീ ജനസമ്മിതി ഏറെയുള്ള കലാരൂപങ്ങള്‍ അറിയാവുന്നര്‍ കോട്ടുക്കല്‍, മതിര എന്നീ സ്ഥലങ്ങളില്‍ വസിക്കുന്നു. 1938-ലെ കടയ്ക്കല്‍ വിപ്ളവം കേരളചരിത്രത്തില്‍ത്തന്നെ പ്രധാനപ്പെട്ട ഒരു സംഭവമാണ്.