ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ഏകദേശം 12-ം നൂറ്റാണ്ടുവരെ ഉയര്‍ന്ന ഒരു സാംസ്കാരിക നിലവാരമുണ്ടായിരുന്ന ജനപഥങ്ങള്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിലനിന്നിരുന്നുവെന്നും, ശത്രുക്കളുടെ ആക്രമണത്താലോ, പ്രകൃതി ക്ഷോഭത്താലോ, മഹാരോഗങ്ങള്‍ നിമിത്തമോ ജനപഥങ്ങളാകെ അപ്രത്യക്ഷമായിപോയെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ജനവാസമില്ലാതെ അഞ്ഞൂറു വര്‍ഷത്തോളം വനമായികിടന്ന പ്രദേശത്ത് 300 ലേറെ  വര്‍ഷങ്ങള്‍ക്കു  മുമ്പ് വീണ്ടും ജനവാസം ആരംഭിച്ചുവെന്നും അനുമാനിക്കണം. മലപേരൂര്‍, പാവൂര്‍ പ്രദേശങ്ങളും, ഇന്നത്തെ കൃഷി ഫാമും വനമായിരുന്നത് പൂര്‍ണ്ണമായി വെട്ടിത്തെളിച്ചിട്ട് 25-35 വര്‍ഷത്തോളമേ ആകൂ. കുടിയിറക്ക് ജന്മിത്ത്വത്തിന്റെ പൊതു സ്വഭാവമായിരുന്നു. 1940 കള്‍ക്കു ശേഷം പ്രദേശത്തെ പുരോഗമന ആശയക്കാരായ ഒരു കൂട്ടം ആള്‍ക്കാര്‍ കുടിയിറക്കിനെതിരെ സംഘടിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സമരത്തിന്റെ രൂപഭാവങ്ങള്‍ കൈക്കൊണ്ടിരുന്നില്ലെങ്കിലും അതിശക്തമായ ചെറുത്തു നില്‍പ്പുകള്‍ നിമിത്തം മാന്യമായ ഒത്തു തീര്‍പ്പുകള്‍ ഈ രംഗത്തുണ്ടായി. മൂന്നുമുറിപ്പുരയില്‍ ഒരു കെട്ടിടം, 21 തൊടിയില്‍ ഒരു കിണര്‍, പതിഞ്ഞ ഒരെക്കര്‍ ഭൂമി ഇതായിരുന്നു പാലമൂട്ടില്‍ കൊച്ചുനാരായണ പിളള ജന്മിക്ക് അംഗീകരിക്കേണ്ടി വന്ന ഒരു ഒത്തു തീര്‍പ്പ്. കൈവശക്കാരന്റെ ഒരു ഭൂമി ബലാല്‍ക്കാരമായി വെച്ച ജന്മിക്കെതിരെ നടന്ന ഒരു ചെറുത്തു നില്‍പ്പ് ഐതിഹാസികമായിരുന്നു എന്ന് അതിന് കര്‍മ്മികത്വം വഹിച്ച മനുഷ്യ സ്നേഹിയായ ഒരു പൊതുപ്രവര്‍ത്തകന്‍ അഭിമാനത്തോടുകൂടി പറയുകയുണ്ടായി. അയിത്താചാരങ്ങള്‍ക്കെതിരെയും അവര്‍ പോരാടി. ചായക്കടയില്‍ ചായ ചിരട്ടയില്‍ കൂടിക്കേണ്ടി വന്ന പുലയ സമുദായക്കാരനെ കൊണ്ട് ചായക്കട തുടങ്ങിച്ചത് അന്നത്തെ കാലത്തെ വലിയ ഒരു സംഭവമായിരുന്നു. ആഢ്യ കുടുംബത്തില്‍ ചികിത്സിക്കാന്‍ ചെന്ന ഈഴവനായ വൈദ്യന് ഇരിക്കാന്‍ ബഞ്ചിനു പകരം ചാക്കിട്ടു കൊടുത്ത സംഭവം 1950 കളിലാണ് ഉണ്ടായത്. വൈദ്യര്‍ നിശബ്ദം പ്രതിഷേധിച്ചിറങ്ങി പോന്നു. സാമൂഹ്യ അനീതിക്കെതിരെ പോരാടുന്നതിനും, തേജസ്സുറ്റ ഒരു രാഷ്ട്രീയ - സാമൂഹ്യ ക്രമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ തുടയന്നൂര്‍, ചാണപ്പാറ, വെളുന്തറ എന്നിവടങ്ങളില്‍ രൂപം കൊണ്ട ഗ്രന്ഥശാലകള്‍ അന്നത്തെ ചെറുപ്പക്കാര്‍ക്ക് സഹായകമായി. കൊല്ലവര്‍ഷം 1102 മുതല്‍ ജാതി ഭേദങ്ങളില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും വെളിന്താറയിലെ അതിശയ മംഗലം ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നതായി രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹരിജനോദ്ധാരണത്തിന് വേണ്ടി പൊതു ആരാധനാ സ്ഥലം ആവശ്യമാണെന്നു തോന്നിയതിനാല്‍ സത്യമംഗലത്ത് പരമേശ്വരന്‍ പിള്ളയെന്നയാള്‍ കൊച്ചുകറുമ്പന്‍ എന്ന പുലയനെകൊണ്ട് അമ്പലത്തില്‍ ദീപം തെളിയിച്ചു. അയിത്തവും അനാചാരവും കൊടി കുത്തി വാണിരുന്ന അക്കാലത്ത് ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ശാന്തിക്കാരായ പോറ്റിമാര്‍ സ്ഥലം വിടുകയും ചെയ്തു. മറ്റ് സവര്‍ണ്ണര്‍ അമ്പലത്തില്‍ വരാതാവുകയും ചെയ്തു. എങ്കിലും പൂജാദി കര്‍മ്മങ്ങള്‍ പരമേശ്വരന്‍ പിളള തന്നെ ഏറ്റെടുത്ത് 30 വര്‍ഷത്തോളം നടത്തിയെന്ന് പറയപ്പെടുന്നു. ഉത്സവാദികള്‍ നടത്തുന്നതിന് ക്ഷേത്ര പറമ്പില്‍ സ്ഥലം കുറവായതിനാല്‍ കുറെ സ്ഥലം ക്ഷേത്ര പറമ്പിന് വേണ്ടി സൌജന്യമായി പരമേശ്വരന്‍ പിളള നല്‍കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉണ്ടായ കടയ്ക്കല്‍ വിപ്ളവത്തില്‍ പങ്കെടുക്കാന്‍ വയ്യാനം, കോട്ടുക്കല്‍, മണ്ണൂര്‍, തുടയന്നൂര്‍, വയല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ചെറു സംഘങ്ങളായി പത്തും, പതിനഞ്ചും കിലോമീറ്റര്‍ നടന്ന് കടയ്ക്കലേക്ക് പോവുകയുണ്ടായി. ഈ സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ പ്രതിയാക്കിയെടുത്ത കേസ്സുകളില്‍ നിന്നും അവരെ ഒഴിവാക്കാന്‍ അന്നത്തെ നാട്ടുപ്രമാണിമാര്‍ക്ക് കഴിഞ്ഞു. തന്‍നിമിത്തം ആ വിപ്ളവത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ ഒരു രേഖയിലും ഇല്ലാതെ പോവുകയും ചെയ്തു. കോട്ടുക്കല്‍ കേന്ദ്രീകരിച്ച് ഒരു കഥകളി യോഗം പ്രവര്‍ത്തിച്ചിരുന്നു. ഇന്നത് നാമാവശേഷമായിരിക്കുന്നു. പടയണി, കുത്തിയോട്ടം, കമ്പടികളി (കമ്പടവ്കളി) തുടങ്ങിയവ ഉത്സവങ്ങള്‍ക്ക് മാറ്റ് കൂട്ടിയിരുന്നു. ഈ കലാരൂപങ്ങള്‍ ഇന്നും വശമുള്ളവര്‍ നിരവധിയാണ്. ഊഞ്ഞാല്‍ പാട്ട്, തുമ്പി തുള്ളല്‍, അത്തക്കളപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉത്സവ വേളകളില്‍ സര്‍വ്വ സാധാരണമായി അരങ്ങേറിയിരുന്നു. നാടന്‍ പാട്ടുകള്‍ നെല്‍പ്പാടങ്ങളെ പുളകമണിയിച്ചിരുന്നു. അനുഗ്രഹീതമായ ശബ്ദത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ ആലപിക്കപെട്ട ഈ പാട്ടുകള്‍ കര്‍ഷകന്റെ വിയര്‍പ്പും നാടിന്റെ ഹൃദയത്തുടിപ്പും ഉള്‍ചേര്‍ന്നതായിരുന്നു. കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ചൂട്ട് നൃത്തമാടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് ഈ കലാരൂപം ആര്‍ക്കും അറിയാത്തവണ്ണം അന്യം നിന്നു പോയി. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു മുഖ്യമായും അടിസ്ഥാന വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്. വീടുകളില്‍ അദ്ധ്യാപകരും എഴുത്താശാന്‍മാരും കുട്ടികളെ  പഠിപ്പിക്കാനെത്തുന്ന പതിവ് നിലനിന്നിരുന്നു. മതപഠനം, വൈദ്യശാസ്ത്ര പഠനം എന്നിവയായിരുന്നു അന്നത്തെ മറ്റ് പഠനശാഖകള്‍. സംസ്കൃത പാണ്ഡിത്യം സര്‍വ്വാദരണീയമായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും പബ്ളിക്ക് സ്കൂള്‍ വേണമെന്നായി. അങ്ങനെ സ്ഥാപിക്കപ്പെട്ട കോട്ടുക്കല്‍ എല്‍.പി.എസ്., മണ്ണൂര്‍ എല്‍. പി. എസ്., ചരിപ്പറമ്പ് എല്‍. പി. എസ്. എന്നിവ 80 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ളവയാണ്. അമ്പതു വര്‍ഷം മുമ്പുവരെ നാട്ടുവൈദ്യന്‍മാരായിരുന്നു ആതുര ശുശ്രൂഷ നടത്തിയിരുന്നത്. പ്രസവം നോക്കുന്ന നാട്ടുപതിച്ചിമാര്‍ ധാരാളമുണ്ടായിരുന്നു. വൈദ്യന്‍മാര്‍ വീടുകളില്‍ താമസമാക്കി മരന്നുകളുണ്ടാക്കി കൊടുത്തു കൊണ്ടുളള ചികിത്സാ സമ്പ്രദായമാണ് നിലവിലിരുന്നത്. നിരവധി വൈദ്യന്‍മാര്‍ ഈ രംഗത്ത് പ്രശസ്തമായ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പാരമ്പര്യ വൈദ്യം ഇന്ന് കണ്ണിയറ്റു പോയിരിക്കുന്നു. ആലുവായ്ക്കടുത്തുളള ചെറുവാണ്ടൂരില്‍ നിന്നും ഇവിടെ വന്നു താമസമാക്കിയ പുന്നകാലാ കുടുംബത്തില്‍ പെട്ട കുര്യന്‍ ജോര്‍ജ്ജ് (72) വിഷ ചികിത്സയില്‍ ഇന്നും കേമനാണ്. ഈ വിഷയത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഇരുപത്തിയൊന്നു താളിയോല ഗ്രന്ഥങ്ങള്‍ ഇന്ന് വൈദ്യരുടെ കൈവശമുണ്ട്. തനിക്കു ശേഷം ഇതേറ്റെടുക്കാന്‍ കുടുംബത്തില്‍ മറ്റാരും തയ്യാറായിട്ടില്ല എന്ന മനോവിഷമത്തിലാണദ്ദേഹം. പേപ്പട്ടി വിഷ ചികിത്സയില്‍ വിദഗ്ദ്ധനായിരുന്ന യശശരീരനായ  ആനന്ദന്‍ പിള്ള ആശാന്‍ എന്ന വൈദ്യര്‍ അദ്ദേഹത്തിന്റെ മകനായ ഗോപാലകൃഷ്ണ പിള്ള ഈ രംഗത്ത് തല്‍പരനും വിജ്ഞനുമാണ്. പശു, ആട്, തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കിയിരുന്നതും “കാളവൈദ്യന്‍മാര്‍” എന്നറിയപ്പെട്ടിരുന്ന നാട്ടു വൈദ്യന്‍മാരായിരുന്നു.

പൌരാണിക ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്‍ക്കുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം ഈ പഞ്ചായത്തിലാണ്. പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നു വിളിക്കപ്പെട്ടിരുന്ന ആയി രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രദേശമെന്ന് കരുതാവുന്നതാണ്.      ഏ. ഡി 765 നും 815 നും മദ്ധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് ചടയമംഗലമായത് എന്ന് വിശ്വസിക്കപ്പെടുന്നു. ചടയമംഗലത്തിന് ജടായുവുമായി ബന്ധമുളള കഥ ഐതിഹ്യമാണ്. പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കല്‍ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവല്‍ക്കാരനും ഉളള ക്ഷേത്രങ്ങള്‍ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാന്‍ കഴിയുന്നത്. വാസ്തു ശില്‍പ്പത്തിന്റെ മനോഹാരിതയും, തച്ചു ശാസ്ത്രത്തിന്റെ തികവും ഒത്തു ചേര്‍ന്നതാണ് ഈ ഗുഹാക്ഷേത്രം. ആധുനിക ജനവാസം ആരംഭിക്കുമ്പോള്‍ ക്ഷേത്രത്തിന് ചുറ്റുമുളള പ്രദേശങ്ങള്‍ വനവും, കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്ര നിര്‍മ്മാണം വിരല്‍ ചൂണ്ടുന്നത് ഉയര്‍ന്ന ഒരു സംസ്കൃതിയിലേക്കും, വനങ്ങളും, കാടുകളും സൂചിപ്പിക്കുന്നത് ജനവാസമില്ലാതായതിലേക്കുമാണ്. ഏകദേശം 90 വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു കബര്‍ കണ്ടെത്തിയ സ്ഥാനത്താണ് ആനപ്പുഴയ്ക്കല്‍ മുസ്ളീം ജമാ അത്തുണ്ടായത്. വെളിന്തറയിലെ അതിശയമംഗലം ക്ഷേത്രം 100 കൊല്ലം മുമ്പ് കാടു തെളിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയതാണ്. കല്‍പ്പടവുകള്‍, ക്ഷേത്രക്കുളം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കിരീടം, ഭൂജാരം, നെഞ്ചാരം തുടങ്ങിയ ആഭരണങ്ങളും ചെത്തിമിനുക്കിയ കല്‍പ്പലകകളും കണ്ടെത്തുകയുണ്ടായി. ഒയലായിലെ മുട്ടോട്ടു ക്ഷേത്രം, ശാസ്താംകോട്ടു ക്ഷേത്രം, ക്ഷത്രിയ വംശജരായ പണ്ടായല്‍മാര്‍ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന തുടയന്നൂരിലെ അരത്തകണ്ടപ്പന്‍ ക്ഷേത്രം എന്നിവയും നല്‍കുന്ന സൂചനകള്‍ ഇതിനു ഉപോത്ബലകമാണ്. കാഞ്ഞിരം വിളയില്‍ മണ്ണിനടിയില്‍ നിന്നും കണ്ടെടുത്ത പാത്രാവശിഷ്ടങ്ങള്‍, ഭസ്മക്കുടം, നൂറ്റാണ്ടുകള്‍ പഴക്കം വരുന്ന കിണറുകള്‍ എന്നിവയും സൂചിപ്പിക്കുന്നത് ജനവാസത്തിന് ഒരിടവേള ഉണ്ടായിരുന്നു എന്നാണ്.

സ്ഥലനാമ ചരിത്രം

കല്ലില്‍ മനോഹരമായി ക്ഷേത്രം ‘കോട്ടി’ (നിര്‍മ്മിച്ച്)യെടുത്തപ്പോള്‍ ‘കോട്ടിയകല്ല്’ “കോട്ടുക്കല്‍” ആയിതീര്‍ന്നതാണെന്ന് പറയപ്പെടുന്നു. കോട്ടുക്കല്ലിനടുത്തുള്ള ‘കൊട്ടാരഴികം’ കൊട്ടുകാര്‍ അഴികമായിരുന്നുവത്രേ. മഹാവാദ്യമായ ചെണ്ടകൊട്ട് കുലത്തൊഴിലാക്കിയ മാരാര്‍ സമുദായക്കാര്‍ അവിടെ താമസിച്ചിരുന്നു. ഇന്നും ഈ വിഭാഗത്തില്‍ ധാരാളം പേര്‍ കൊട്ടാരഴികത്ത് താമസിക്കുന്നു. മേളയ്ക്കാടും ഏതോ മേളവുമായി ബന്ധപ്പെട്ടതാണ്.  ’ഉടയോന്‍തറ’ യാണ് ഉടയന്നൂരായതും പില്‍ക്കാലത്ത് തുടയന്നുരായതും എന്ന് പഴമക്കാര്‍ പറയുന്നു. ഇന്നത്തെ പഞ്ചായത്തിന്റെ കിഴക്ക് തെക്ക് കൂടിയൊഴുകുന്ന ഇത്തിക്കരയാറിന്റെ രണ്ടു കൈവഴികള്‍ ആരംഭിക്കുന്നത് മാഞ്ഞൂര്‍ മലയില്‍ നിന്നാണ്. വര്‍ഷകാലത്ത് മലയില്‍ നിന്നും വന്‍തോതില്‍ മണ്ണൊലിച്ച് അടിഞ്ഞു കൂടുന്ന പ്രദേശത്തിന് മണ്ണൂര്‍ എന്ന പേര് വന്നു. മാഞ്ഞൂര്‍ മലക്കും മണ്ണിടിയുന്ന പ്രതിഭാസം കാണാം. വയലുകള്‍ നിറഞ്ഞതും വയല്‍ സമാനമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രദേശം ‘വയല’ യായി. ഇന്നത്തെ കിഴക്കേ വയല പൊടിവെട്ടം എന്നറിയപ്പെട്ടിരുന്നു.