ഇരിങ്ങാലക്കുട

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്നത്. പടിയൂര്‍, മുരിയാട്, പറപ്പൂകര, പൊറത്തിശ്ശേരി, കാട്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ളോക്കിന് 95.49 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ ദക്ഷിണ മധ്യഭാഗത്തായിട്ടാണ് ഇരിങ്ങാലക്കുട ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. 1963 മെയ് മാസത്തിലാണ് ഇരിങ്ങാലക്കുട ബ്ളോക്ക് ഓഫീസ് നിലവില്‍ വന്നത്. ബ്ളോക്ക് രൂപീകരിച്ച കാലത്ത്, കാട്ടൂര്‍, പൊറത്തിശ്ശേരി, മുരിയാട്, പറപ്പൂക്കര എന്നീ നാല് പഞ്ചായത്തുകളും, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ബ്ളോക്കിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉണ്ടായിരുന്നു. ആറാം പദ്ധതിയുടെ ആരംഭത്തോടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശത്തെ ബ്ളോക്ക് പ്രവര്‍ത്തന പരിധിയില്‍ നിന്നും വേര്‍പെടുത്തി. 1977-ല്‍ കാട്ടൂര്‍ പഞ്ചായത്ത് വിഭജിച്ച് കാറളം പഞ്ചായത്ത് രൂപീകരിച്ചതോടെ ബ്ളോക്ക് പ്രവര്‍ത്തന പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ എണ്ണം അഞ്ചായി. ഈ ബ്ളോക്ക് പ്രദേശം തീരസമതല മേഖലയിലാണ് ഉള്‍പ്പെടുന്നത്. ബ്ളോക്ക് പ്രദേശത്തെ നിമ്നോന്നതിയെ അടിസ്ഥാനമാക്കി പൊതുവെ നിരപ്പായ പ്രദേശം, നേരിയ ചെരിവുള്ള പ്രദേശം, മിതമായി ചെരിവുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. പ്രധാനമായും മൂന്ന് തരം മണ്ണിനങ്ങളാണ് ഈ പ്രദേശത്തുള്ളത്. എളവള്ളി, ഐരാപുരം, നെടുമ്പാറ, കൊണ്ടോട്ടി. ഭൂരിഭാഗം പ്രദേശത്തും മേല്‍മണ്ണിനു 150 സെന്റിമീറ്ററിലധികം ആഴമുണ്ട്. തീരെ ചരലില്ലാത്ത പ്രദേശങ്ങളും 40 ശതമാനം വരെ ചരല്‍ കാണപ്പെടുന്നതുമായ പ്രദേശങ്ങളുമുണ്ട്. ബ്ളോക്കിന്റെ വടക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കരുവന്നൂര്‍ പുഴയും, കുറുമാലി പുഴയുമാണ് ഈ പ്രദേശത്തെ ഏറ്റവും പ്രധാന പ്രകൃതിദത്ത ജലസ്രോതസ്സുകള്‍. ബ്ളോക്കിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കനോലി കനാല്‍ മറ്റൊരു പ്രധാന ഉപരിതല ജലസ്രോതസ്സാണ്. കാര്‍ഷിക പ്രധാനമായ ഈ ബ്ളോക്ക് പഞ്ചായത്തിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ല് കാര്‍ഷിക വിളകളായ നെല്ലും തെങ്ങുമാണ്.