ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല്‍ താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര്‍ പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഇരുകരക്കാര്‍ എന്നും, പിന്നീട് ഇരുകര ഊരുകാര്‍ എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള്‍ ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്.  എ.ഡി.1323-നു മുമ്പുതന്നെ ഇരിക്കൂര്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍. മലയോരമേഖലയിലെ അതിപുരാതനമായ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായ കേന്ദ്രമായിരുന്നു ഇരിക്കൂര്‍. ജലഗതാഗതസൌകര്യം ഉണ്ടായിരുന്നതിനാല്‍ വ്യാപാരാഭിവൃദ്ധിക്കും സമൃദ്ധിക്കും കാരണമായി. വളപട്ടണം പുഴ ഇതുവഴി ഒഴുകുന്നതിനാല്‍ വളപട്ടണത്തുള്ള വിശ്വോത്തരമായ തടിവ്യവസായത്തെ വളര്‍ത്തിയെടുക്കാന്‍ ഈ പ്രദേശത്തുള്ളവരുടെ കഠിനാധ്വാനവും കച്ചവട മനോഭാവവും സഹായിച്ചു എന്നുള്ളത് ഒരു ചരിത്രസത്യമാണ്. 59 മുസ്ളിം തറവാടുകളില്‍പ്പെട്ടവരും 9 ഓളം സവര്‍ണ്ണകുടുംബക്കാരും മറ്റനേകം കീഴ്ജാതിക്കാരും ഈ പ്രദേശത്ത് കേന്ദ്രീകരിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഒരു പ്രധാന ഭരണസിരാകേന്ദ്രമായിരുന്നു ഇരിക്കൂര്‍. 1962-ല്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു. വിചിത്രമായ ദണ്ഡനമുറകളായിരുന്നു അക്കാലത്ത് നിലവിലിരുന്നത് എന്നതിനു തെളിവാണ് ഇന്നത്തെ പെരുവളത്തുപറമ്പിലെ ഏയിത്തട്ട് എന്നറിയപ്പെടുന്ന ഐവര്‍ ചാലിലെ കിണര്‍. ഇവിടെവച്ചായിരുന്നു തൂക്കിക്കൊല്ലല്‍ ശിക്ഷ നടപ്പിലാക്കിയിരുന്നത്. സത്യം തെളിയിക്കുന്നതിനു അഗ്നിപരീക്ഷകള്‍ നടത്തിയിരുന്നു. വിജനമായ ഒരു പ്രദേശത്ത് പ്രത്യേകമായ രീതിയില്‍ സജ്ജീകരിച്ച തീക്കുഴിച്ചാലില്‍ വച്ചായിരുന്നു ഈ സത്യപരീക്ഷണം. ആ പ്രദേശം ഇന്നും തീക്കുഴിച്ചക്കേരി എന്നാണറിയപ്പെടുന്നത്. 1955-ലാണ് ഇവിടെ ആദ്യമായി വൈദ്യുതി എത്തുന്നത്. 1962-ല്‍ ബ്ളോക്ക് ഓഫീസും നിലവില്‍ വന്നു. മലബാര്‍ പ്രദേശത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ഇരിക്കൂറില്‍ നിന്നും കുരുമുളക്, ചുക്ക്, ഏലം മുതലായ സുഗന്ധവ്യജ്ഞനങ്ങള്‍ കയറ്റി അയച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. ഇരിക്കൂറിലെയും സമീപപ്രദേശങ്ങളിലെയും ഭൂസ്വത്തുക്കള്‍ ഏറെയും കൈയ്യടക്കിവച്ചനുഭവിച്ചിരുന്നത്, കല്യാട്ട് യജമാനന്മാര്‍, കരിക്കാട്ടിടം നായനാര്‍, ചേടച്ചേരിയിടം വളപ്പിനകത്ത് എന്നീ ജന്മികളായിരുന്നു. വയലുകളില്‍ നെല്‍കൃഷിയും പറമ്പില്‍ പുനംകൃഷിയുമായിരുന്നു മുഖ്യം. തുവര, ചാമ, തിന എന്നിവ പൂനംകൃഷി ചെയ്ത് ഉത്പ്പാദിപ്പിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഒരു ഹൈസ്കൂള്‍ എന്നിവയും, എയ്ഡഡ് വിഭാഗത്തില്‍ നാലു എല്‍.പി.സ്കൂളുകള്‍, രണ്ടു യു.പി.സ്കൂളുകള്‍ എന്നിവയും, അണ്‍-എയ്ഡഡ് മേഖലയില്‍ ഒരു ഹൈസ്കൂള്‍, ഒരു യു.പി.സ്കൂള്‍ എന്നിവയുമാണ് ഇപ്പോള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 88 ശതമാനം മുസ്ളീങ്ങളുള്ള ഈ നാട് മതസൌഹാര്‍ദ്ദത്തിനു ഉത്തമ മാതൃകയാണ്. വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ കൊച്ചു പട്ടണത്തില്‍, നിലാമുറ്റം പള്ളിയും, മാമാനിക്കുന്നു മഹാദേവീക്ഷേത്രവും തൊട്ടുരുമ്മി നില്‍ക്കുന്നു. നിലാമുറ്റം പള്ളി മുസ്ളിംമതവിശ്വാസികളുടെ പുണ്യസ്ഥലവും ഇതരമതസ്ഥര്‍ ആദരിക്കുന്ന പ്രദേശവുമാണ്. പൌരാണികത വിളിച്ചോതുന്ന മഖ്ബറകളും പ്രാചീനത വിളംബരം ചെയ്യുന്ന ശിലാഫലകങ്ങളും അവിടെ കാണാം. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയില്‍ നിലാമുറ്റത്തിനോടു ചേര്‍ന്നാണ് മാമാനിക്കുന്നു മഹാദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുള്ള 108 ദുര്‍ഗാക്ഷേത്രങ്ങളിലൊന്നാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ ബുനേയറ എന്ന സ്ഥലത്തുനിന്നും വന്ന സയ്യിദ് അബ്ദുള്‍ഖദീം എന്ന സൂഫിയും കുടുംബവുമാണ് കുന്നുമ്മല്‍മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കുന്നുമ്മലെ വലിയുപ്പാപ്പ എന്ന പേരിലാണ് നാട്ടുകാര്‍ക്കിടയില്‍ ഈ മഹാന്‍ അറിയപ്പെടുന്നത്. ഇവയ്ക്കു പുറമേ അഞ്ചു ജുമാ അത്ത് പള്ളിയടക്കം 17 പള്ളികളും 12 മദ്രസകളും ഒരു ചര്‍ച്ചും 150 അനാഥഅഗതികള്‍ പഠിക്കുന്ന ഒരു യതീംഖാനയും ഇവിടെയുണ്ട്.