പഞ്ചായത്തിലൂടെ

ഇരിക്കൂര്‍ - 2010

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂര്‍ ബ്ളോക്കിലുള്‍പ്പെടുന്ന ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് 1955 ലാണ് രൂപീകൃതമായത്. ഈ പഞ്ചായത്തിന് 11.38 ച.കി.മീ വിസ്തൃതിയാണുള്ളത്. തൊണ്ണൂറ് ശതമാനത്തിലധികം സാക്ഷരതയുള്ള ഇരിക്കൂര്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ 12512 ആണ്. ഇതില്‍ 6256 സ്ത്രീകളും 6256 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് ഇരിക്കൂര്‍ പുഴയും, കിഴക്കുഭാഗത്ത് പടിയൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ശ്രീകണ്ഠാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മലപ്പട്ടം പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖയില്‍ വരുന്ന ഈ പഞ്ചായത്തില്‍ തെങ്ങ്, റബ്ബര്‍, കശുവണ്ടി, കുരുമുളക്, കവുങ്ങ്, നെല്ല്, പച്ചക്കറി എന്നിവ കൃഷിചെയ്തുപോരുന്നു. വളപട്ടണം പുഴയും, അഞ്ച് കുളങ്ങളും, 16 പൊതുകിണറുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. കൂടാതെ 18 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 181 വഴിവിളക്കുകള്‍ പഞ്ചായത്തിന്റെ വീഥികളില്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാല സഞ്ചാരം സുഗമമാക്കുന്നു. ഉടുമ്പക്കുന്ന്, കുളിഞ്ഞക്കുന്ന്, ഓലേരിക്കുന്ന് തുടങ്ങിയ നിരവധി കുന്നുകളാല്‍ നിബിഡമായ ഈ പഞ്ചായത്തിലെ ഭൂപ്രകൃതി അതിമനോഹരമാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇരിക്കൂര്‍ പുഴ വളഞ്ഞ്പുളഞ്ഞൊഴുകുന്നു. പഴശ്ശി പദ്ധതി വഴി കൃഷിക്കാവശ്യമായ ജലസേചന സൌകര്യവും ലഭിക്കുന്നുണ്ട്. ഇരിക്കൂറില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.ഇരിക്കൂര്‍ പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂര്‍ വിമാനത്താവളം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, മംഗലാപുരം തുറമുഖം തുടങ്ങിയവയാണ്. ഇരിക്കൂര്‍ ബസ്സ്റ്റാന്റില്‍ പ്രധാനമായും റോഡ്ഗതാഗതം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പ് മൂന്ന് സ്ഥലങ്ങളിലായി കടത്തുതോണികള്‍ നിലവിലുണ്ടായിരുന്നങ്കിലും മണ്ണൂര്‍ പുഴക്കടവില്‍ മാത്രമേ ഇന്ന് ജലഗതാഗതമുള്ളൂ. ഇരിക്കൂര്‍ പാലം നിര്‍മ്മിച്ചതോടെ ഇരിക്കൂറില്‍ നിന്നും ആയിപ്പുഴക്കു പോകാനുള്ള കടത്തു തോണിയുടെ ആവശ്യം കുറഞ്ഞു വരുന്നു. ഇതിനെ ഗതാഗത വികസനത്തിന്റെ ഉദാഹരണമായിതന്നെ ചൂണ്ടിക്കാട്ടാം. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാത ഇരിക്കൂര്‍ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ പഞ്ചായത്തിലില്ലെങ്കിലും പരമ്പരാഗത വ്യവസായമായ മരവ്യവസായം ഇവിടെ ഇന്നും സജീവമാണ്. പെരുവളത്ത് പറമ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.6 റേഷന്‍കടകളും, 2 മാവേലിസ്റ്റോറുകളുമാണ് ഇരിക്കൂര്‍ പഞ്ചായത്തിലെ പൊതുവിതരണക്കാര്‍. ഇരിക്കൂര്‍ ടൌണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാപാരങ്ങള്‍ നടക്കുന്നത്.ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന നാടാണിത്. ഹിന്ദു-മുസ്ളീം മൈത്രിയുടെ അഭിമാനസ്തംഭങ്ങളാണ് ചിരപുരാതനമായ മാമാനിക്കുന്നു മഹാദേവി ക്ഷേത്രവും, നിലാമുറ്റം മഖാമും, നിലാമുറ്റം നേര്‍ച്ചയും. മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെ ‘മറി സ്തംഭനം നീക്കല്‍‘ എന്ന വഴിപാടും പ്രശസ്തമാണ്. നാനാമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ നിലകൊള്ളുന്നുണ്ട്. ചേടിച്ചേരി, പെരുവളത്ത് പറമ്പ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന വായനശാലകള്‍ നാടിന്റെ സാംസ്കാരിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്.ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ ഇരിക്കൂര്‍ പഞ്ചായത്തിലുണ്ട്. അലോപ്പതി ചികിത്സ ലഭ്യമാക്കുന്ന എസ്.ആര്‍. ഹോസ്പിറ്റലും, യൂണിറ്റി ആശുപത്രിയും, ഇരിക്കൂറിലുള്ള ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്പെന്‍സറിയും, പെരുവളത്ത് പറമ്പിലുള്ള ഹോമിയോ ഡിസ്പെന്‍സറിയും ചേര്‍ന്നതാണ് ഇവിടുത്തെ ആരോഗ്യമേഖല. കൂടാതെ ഇരിക്കൂറില്‍ ഒരു പ്രാഥമിക ചികിത്സാകേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഫാറൂക്ക് നഗറിലാണ് ഇതിന്റെ ഉപകേന്ദ്രം ഉള്ളത്.മൃഗസംരക്ഷണത്തിനായി ഒരു ഗവണ്‍മെന്റ് വെറ്റിനറി ആശുപത്രിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. താരതമ്യേന നല്ല നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 1903 ല്‍ ചേടിച്ചേരിയില്‍ സ്ഥാപിതമായ ആദ്യ ഔപചാരിക വിദ്യാലയത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചേടിച്ചേരി എ.എല്‍.പി. സ്കൂള്‍. സര്‍ക്കാര്‍-സര്‍ക്കാരേതര പത്തോളം വിദ്യാലയങ്ങള്‍ ഇരിക്കൂര്‍ പഞ്ചായത്തിലിന്ന് പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏകസര്‍ക്കാര്‍ സ്ഥാപനമാണ് ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ്. വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ ഇരിക്കൂര്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നുണ്ട്. അശരണരായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ ഏക സാമൂഹികസ്ഥാപനമാണ് റഹ്മാനിയ ഓര്‍ഫനേജ്. കാനറാ ബാങ്കിന്റെ ഒരു ശാഖയും, ഇരിക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും, ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും ഓരോ ശാഖകളും ചേര്‍ന്ന് ഈ പഞ്ചായത്തിന്റെ സാമ്പത്തികമേഖലയെ പുഷ്ടിപ്പെടുത്തുന്നു. എ.ഇ.ഒ ഓഫീസ്, ബ്ളോക്ക് ഓഫീസ്, സബ്രജിസ്റ്റാര്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ് തുടങ്ങി ധാരാളം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതബോര്‍ഡ്, കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവ ഇരിക്കൂറിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തു നിവാസികളുടെ സംരക്ഷണാര്‍ത്ഥം ഇരിക്കൂറില്‍ ഒരു പോലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. പെരുവളത്ത് പറമ്പിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസുള്ളത്. ഓരോ തപാല്‍-കൊറിയര്‍ ഓഫീസുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കികൊണ്ട് 64 കുടുംബശ്രീ യൂണിറ്റുകള്‍ സേവനമനുഷ്ഠിക്കുന്നത് ശ്ളാഘനീയമായ കാര്യമാണ്.