ഇരിക്കൂര്‍

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ളോക്കിലാണ് ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇരിക്കൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിനു 11.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് ഇരിക്കൂര്‍ പുഴയും, കിഴക്കുഭാഗത്ത് പടിയൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ശ്രീകണ്ഠാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മലപ്പട്ടം പഞ്ചായത്തുമാണ്. ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല്‍ താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര്‍ പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഇരുകരക്കാര്‍ എന്നും, പിന്നീട് ഇരുകര ഊരുകാര്‍ എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള്‍ ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്. റോഡുകളെ ആശ്രയിച്ചുള്ള ഗതാഗതസൌകര്യങ്ങള്‍ മാത്രമാണ് പഞ്ചായത്തിലുളളത്. ഒരു സ്റ്റ്റേറ്റ് ഹൈവേയും, പി.ഡബ്ള്യു.ഡി.റോഡുമൊഴികെ മറ്റെല്ലാം ഗ്രാമീണറോഡുകളാണ്. മലബാര്‍ പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ഇരിക്കൂറില്‍ നിന്നും കുരുമുളക്, ചുക്ക്, ഏലം മുതലായ സുഗന്ധവ്യജ്ഞനങ്ങള്‍ പണ്ടുകാലത്ത് കയറ്റി അയച്ചിരുന്നു. ഇരിക്കൂറില്‍ നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം അകലെയാണ് ബൃഹത്തായ പഴശ്ശി പദ്ധതി.