ഹരിപ്പാട്

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലാണ് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, ചിങ്ങോലി, ചെറുതന, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം, ഹരിപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത്. ചിങ്ങോലി, കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമരപുരം (ഭാഗികം), കരുവാറ്റ, ഹരിപ്പാട്, പളളിപ്പാട്, ചെറുതന, വിയപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്തിന് 112.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് അമ്പലപ്പുഴ, ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, ചെങ്ങന്നൂര്‍, മാവേലിക്കര ബ്ളോക്ക് പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുതുകുളം ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. 1957 ഒക്ടോബര്‍ രണ്ടിനാണ് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. സുപ്രസിദ്ധമായ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹരി(സുബ്രഹ്മണ്യന്‍)യുടെ “പാട്” (സ്ഥലം) എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന സ്ഥലനാമം ലഭിച്ചത്. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ തീരപ്രദേശം, ഓണാട്ടുകര, കരിമണ്ണു പ്രദേശം, മേലേ കുട്ടനാട് എന്നിങ്ങനെ നാലായി തരംതിരിക്കാം. അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന തീരപ്രദേശമേഖലയ്ക്ക് ഏതാണ്ട് ഒന്‍പതു കിലോമീറ്റര്‍ നീളവും രണ്ടു കിലോമീറ്റര്‍ വീതിയും വരും. വെറും ചൊരി മണല്‍ നിറഞ്ഞതാണീ പ്രദേശം. ചെളി കലര്‍ന്ന മണലാണ് ഓണാട്ടുകര മേഖലയിലെ മണ്ണിന്റെ പ്രത്യേകത. കാര്‍ത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ, ചിങ്ങോലി, ഹരിപ്പാട്, പള്ളിപ്പാട്, വിയപുരം പഞ്ചായത്തുകളിലായി ഓണാട്ടുകര മേഖല വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശത്തെപ്പോലെ തന്നെ ഇവിടെയും മുഖ്യകൃഷി തെങ്ങു തന്നെയാണ്. കരുവാറ്റ പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളും മൊത്തം പാടശേഖരങ്ങളും കരിനിലങ്ങളില്‍ അഥവാ കരിമണ്ണ് മേഖലയില്‍ ഉള്‍പ്പെടുന്നു. വീയപുരം, ചെറുതന പഞ്ചായത്തുകളും, ഹരിപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകളുടെ കിഴക്കന്‍ ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് മേലേ കുട്ടനാട്, അഥവാ അപ്പര്‍കുട്ടനാട് മേഖല. ചെളിയും എക്കലും നിറഞ്ഞ മണ്ണാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. പ്രധാനകൃഷികള്‍ നെല്ലും, തെങ്ങുമാണ്. പണ്ടുകാലത്ത് കടല്‍ പിന്മാറി രൂപം കൊണ്ട കരപ്രദേശമാണ് മേലേ കുട്ടനാടന്‍ പ്രദേശങ്ങളും കരിനിലങ്ങളും. തുടര്‍ന്ന് ഈ പ്രദേശത്തുകൂടെ ഒഴുകുന്ന നദികള്‍ എത്തിച്ച എക്കലും ജൈവവസ്തുക്കളും അടിഞ്ഞുകൂടിയതും കുട്ടനാടിന്റെ രൂപം കൊള്ളലിന് സഹായിച്ചിട്ടുണ്ട്. ധാരാളം ജലസമ്പത്തുള്ള ഒരു പ്രദേശമാണിത്. പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളുടെ പ്രധാന പ്രവാഹമേഖലയാണ് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത്. ദേശീയപാത-47-ഉം, കായംകുളം-എറണാകുളം തീരദേശ റെയില്‍പാതയും ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്.