ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
കോട്ടയം ജില്ലയുടെ കിഴക്കേയറ്റത്ത് ഇടുക്കി ജില്ലയോടു ചേര്‍ന്ന് ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ മലനിരകള്‍ ബ്ളോക്ക് പഞ്ചായത്തിനെ ഇടുക്കി ജില്ലയില്‍ നിന്നും വേര്‍തിരിക്കുന്നു. മീനച്ചില്‍ താലൂക്കില്‍പ്പെട്ട ഈ ബ്ളോക്ക് പ്രദേശം മൊത്തമായും, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെയും, മൂവാറ്റുപുഴ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെയും ഭാഗമാണ്. കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനം ഭാഗത്തും നാണ്യവിളയായ റബ്ബറാണ് കൃഷി ചെയ്യുന്നത്. മേലുകാവ്, തലപ്പുലം പഞ്ചായത്തുകളില്‍ നാമമാത്രമായി നെല്‍ക്കൃഷിയുണ്ടെന്നതൊഴിച്ചാല്‍, ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഈ പ്രദേശത്തു നടക്കുന്നയില്ല. മരച്ചീനി, ചേന, കാച്ചില്‍, ചേമ്പ് മുതലായ ഭക്ഷ്യവിളകളുടെ കൃഷിയും വളരെയേറെ കുറഞ്ഞിരിക്കുന്നു. തെങ്ങുമാത്രം കൃഷി ചെയ്യുന്ന തോപ്പുകള്‍ വളരെ കുറവാണ്. റബര്‍കൃഷി നടക്കുന്ന സ്ഥലങ്ങളില്‍ റബ്ബറിനൊപ്പം തെങ്ങ്, കവുങ്ങ് മുതലായ നാണ്യവിളകളും വളരുമ്പോള്‍ മറ്റു കൃഷിയിടങ്ങളില്‍ കുരുമുളക്, കൊക്കോ, ജാതി, ഗ്രാമ്പൂ തുടങ്ങിയ മിശ്രവിളകളാണുള്ളത്. മലമ്പ്രദേശങ്ങളില്‍ കാപ്പികൃഷിയും, ചുരുക്കം സ്ഥലങ്ങളില്‍ ഏലം, കശുമാവ് എന്നിവയുടെ കൃഷിയും നിലവിലുണ്ട്. പഴയ പൂഞ്ഞാര്‍ ഇടവകയുടെ ഭരണകേന്ദ്രവും ബന്ധപ്പെട്ട സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത് ഈ ബ്ളോക്കുപ്രദേശത്താണ്. 19-ാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ റവ.ഹെന്റി ബേക്കര്‍, റവ.പെയിന്റര്‍ തുടങ്ങിയ വിദേശ മിഷണറിമാര്‍ ഈ പ്രദേശത്തെ പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പദവി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍, വിദേശികള്‍ തോട്ടങ്ങള്‍ സ്ഥാപിച്ച കാലത്ത് ആരംഭിച്ചതാണ് തീക്കോയി എസ്റ്റേറ്റ്. അക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും വന്ന തൊഴിലാളികളുടെ പിന്‍മുറക്കാര്‍ ഇന്നും ഇവിടെയുണ്ട്. പൂഞ്ഞാര്‍ ഇടവകയിലെ കര്‍ഷകര്‍ നടത്തിയ പൂഞ്ഞാര്‍ കാര്‍ഷികസമരവും, ജോസഫ് തെള്ളിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളും, ഈ ബ്ളോക്കിലെ ഗ്രാമങ്ങളിലാകെ ചലനങ്ങള്‍ സൃഷ്ടിച്ചു. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്തിന് തമിഴ്നാട്ടിലെ പ്രമുഖ വ്യാപാരകേന്ദ്രമായ മധുര തുടങ്ങിയ പ്രദേശങ്ങളുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നു. കച്ചവടക്കാര്‍ തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ച നടപ്പുവഴിയിലെ, പാറകളില്‍ കൊത്തിയിരിക്കുന്ന നടകളും മറ്റും ഇപ്പോഴും അങ്ങിങ്ങായി കാണാം. 20-നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഈ ബ്ളോക്കിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടു തുടങ്ങിയത്. ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ പൂഞ്ഞാര്‍ ഗവ.എല്‍.പി.സ്ക്കൂളാണ് ഈ പ്രദേശത്തെ ആദ്യത്തെ പ്രാഥമിക വിദ്യാലയം. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം വ്യാപകമാകുന്നത് 1950-കളിലാണ്. 50 യു.പി-എല്‍.പി സ്ക്കൂളുകളും ഒരു ടെക്നിക്കല്‍ ഹൈസ്ക്കൂളും, 19 ഹൈസ്ക്കൂളുകളും, 2 കോളേജുകളും നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ നിലവിലുണ്ട്. ബ്ളോക്കിലെ പ്രധാന ടൌണുകളായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി, മൂന്നിലവ്, മേലുകാവ്, തിടനാട് എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്നു. പ്രത്യേകിച്ചും ബ്ളോക്ക് ആസ്ഥാനവും, കിഴക്കന്‍ മലയോരപ്രദേശങ്ങളുടെ വാണിജ്യകേന്ദ്രവുമായ ഈരാറ്റുപേട്ട ഒരു പഞ്ചായത്ത് കേന്ദ്രം എന്നതിലുപരി ഒരു നഗരപ്രഭാവം കൈവരിച്ചുകൊണ്ടിരിക്കുന്നു. 8 പഞ്ചായത്തുകളിലേയും 90 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടു കഴിയുമ്പോള്‍ ഈരാറ്റുപേട്ട പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. തികച്ചും കാര്‍ഷിക വൃത്തിക്കനുഗുണമായതും, അതില്‍ നിന്നുരുത്തിരിഞ്ഞതുമായ ഒരു സാംസ്കാരിക പാരമ്പര്യമാണ് ഈ മേഖലയ്ക്കുള്ളത്. ഈ മേഖലയിലെ പ്രധാന കൃഷി ഇന്ന് റബ്ബറായി  മാറിയിട്ടുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമായിരുന്നു ജനങ്ങള്‍ ഒത്തുകൂടാറുള്ള പ്രധാന വേദി. ഈ ബ്ളോക്ക് പ്രദേശത്തിനു മാത്രമല്ല, കിഴക്കന്‍മേഖലയുടെ തന്നെ, ഉത്സവമായ അരുവിത്തുറ പെരുന്നാളും, പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന, പൂഞ്ഞാര്‍, തിടനാട് എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമാണ് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉത്സവാഘോഷങ്ങള്‍. മുന്‍കാലങ്ങളില്‍ തമ്പേറ്, പരിചമുട്ടുകളി, കാവടിയാട്ടം, ഗരുഡന്‍ പറവ, ചവിട്ടുനാടകങ്ങള്‍, കോലടികളി, വില്ലടിച്ചാന്‍ പാട്ട്, കുതിരനൃത്തം തുടങ്ങിയ കലാപരിപാടികള്‍ പള്ളിപ്പെരുന്നാളുകളുടെയും, ക്ഷേത്രോത്സവങ്ങളുടെയും ഭാഗമായി അവതരിപ്പിക്കപ്പെട്ടിരുന്നു. ജീവിതത്തിന്റെ പ്രശാന്തിയെ തിരക്ക് ബാധിച്ചിട്ടില്ലാതിരുന്ന അക്കാലത്ത്, ചെറുപ്പക്കാര്‍ നാടന്‍ പന്തുകളിയും, ചീട്ടുകളിയും, സൊറപറച്ചിലുമായി അങ്ങാടികളിലും മറ്റും ഒത്തുചേര്‍ന്നിരുന്നു. 1940-കളോടു കൂടി, ബ്ളോക്കിലെ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട വായനശാലകളും ഗ്രാമങ്ങളിലെത്തിച്ചേര്‍ന്നുതുടങ്ങിയ പത്രങ്ങളുമൊക്കെ ചേര്‍ന്ന് യുവജനങ്ങളില്‍ ഒരു പുത്തന്‍ സാംസ്കാരിക ബോധത്തിന് രൂപം നല്‍കി. സ്വാതന്ത്ര്യപ്രസ്ഥാനവും, വിദേശികളുടെ നിഷ്ക്രമണവും, അവിടവിടെ ഉയര്‍ന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഇതിനെ സഹായിക്കുകയും ചെയ്തു എന്നു പറയാം. 1960-70 കളോടെ, കാര്‍ഷികരീതിയിലാകെ മാറ്റമുണ്ടാവുകയും, ഭക്ഷ്യവിളക്കൃഷികള്‍ നിര്‍ത്തിവെച്ച്, കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിയുകയും, 80-കളോടെ റബര്‍ കൃഷി ഏറ്റവും ആദായകരമായ കൃഷിയായി മാറുകയും ചെയ്തു. അതോടെ കര്‍ഷകരുടെ കൂട്ടായ്മ പോയി. കുടുംബാംഗങ്ങളുടെയല്ലാവരുടെയും പോലും പങ്കാളിത്തം ആവശ്യമില്ലാത്ത റബര്‍കൃഷിയും, അതിനു ലഭിച്ച മെച്ചപ്പെട്ട വിലയും, പുത്തന്‍ ഉപഭോഗ സംസ്കാരത്തിലേക്ക് ഇടത്തരം വരുമാനക്കാരെ വരെ തള്ളിവിട്ടു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഈ പ്രദേശത്തിന്റെ സംഭാവനകളാണ് പൂഞ്ഞാര്‍ നൃത്തഭവന്‍, പൂഞ്ഞാര്‍ നവധാര തുടങ്ങിയ പ്രസിദ്ധ കലാസംഘങ്ങള്‍. കോട്ടയം ജില്ലയിലെ തന്നെ, മികച്ച ലൈബ്രറികളിലൊന്നാണ് പനച്ചികപ്പാറയിലുള്ള എ.റ്റി.എം ലൈബ്രറി. കോട്ടത്താവളം, കോലാഹലമേട്, വാഗമണ്‍ പ്രദേശങ്ങള്‍, മാര്‍മല വെള്ളച്ചാട്ടം, അയ്യമ്പാറ, തലനാട്, മൂന്നിലവ്, ഇല്ലീക്കക്കല്ല്, പഴുക്കാക്കാനം, കണ്ണാടിപാറ വെള്ളച്ചാട്ടം, കോലാനിമുടി, ഇലവിഴാപുഞ്ചി തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടുത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. പാലം-പൂഞ്ഞാര്‍ റോഡ്, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡ്, ഈരാറ്റുപേട്ട-പുട്ടം റോഡ്, ഈരാറ്റുപേട്ട-പീരുമേട് റോഡ്, അരുവിത്തുറ-പൂവത്തോട് റോഡ് തുടങ്ങിയവയാണ് ഈ ബ്ളോക്കിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍.