ഈരാറ്റുപേട്ട

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലാണ് ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍-തെക്കേക്കര, തലപ്പുലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് പഞ്ചായത്താണ് ഈരാറ്റുപേട്ട. ഭരണങ്ങാനം, മൂന്നിലവ്, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ നടുഭാഗം, തലപ്പുലം, തീക്കോയി, പൂഞ്ഞാര്‍ വടക്കേക്കര, കോണ്ടൂര്‍, മേലുകാവ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്തിന് 283 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്തായി ഇടുക്കി ജില്ലയും, കിഴക്കുഭാഗത്തായി കാഞ്ഞിരപ്പള്ളി ബ്ളോക്കും, ഇടുക്കി ജില്ലയും, തെക്കുഭാഗത്തായി കാഞ്ഞിരപ്പള്ളി ബ്ളോക്കും, പടിഞ്ഞാറുഭാഗത്തായി ളാലം, പാമ്പാടി ബ്ളോക്കുകളുമാണ് ഈരാറ്റുപേട്ട ബ്ളോക്കിന്റെ അതിര്‍ത്തികള്‍. കുത്തനെയുള്ള കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ മലമ്പ്രദേശമാണ് ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ ഏറിയ പങ്കും. ഇടനാടന്‍ പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 50 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍ മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളുടെ പലഭാഗങ്ങളും 2500-ലേറെ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതിപരമായി ഈ പ്രദേശത്തെ കുത്തനെയുള്ള ഉയര്‍ന്ന കുന്നുകള്‍, പാറക്കൂട്ടങ്ങള്‍, പുല്‍മേടുകള്‍, കൃഷിയോഗ്യമായതും പാറക്കൂട്ടങ്ങള്‍ കാണുന്നതുമായ കുന്നുകള്‍ എന്നിങ്ങനെ നാലായി തരംതിരിക്കാം. നാണ്യവിള കൃഷിപ്രദേശമാണ് ഇവിടെ ഏറിയ പങ്കും എന്നതിനാല്‍ നിത്യഹരിതാഭമാണ് ഈ പ്രദേശം. കുന്നുകളില്‍ നിന്നും, മീനച്ചിലാറിന്റെ പ്രധാനപ്പെട്ട നാലു കൈവഴിക്കള്‍ക്കു പുറമെ അസംഖ്യം ചെറുതോടുകളും അരുവികളും ഉത്ഭവിച്ച് പാറക്കൂട്ടങ്ങളിലൂടെയൊഴുകി, മീനച്ചിലാറ്റില്‍ ചെന്നുചേരുന്നു. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ, ഇവിടുത്തെ കുന്നിന്‍നിരകളില്‍ സഞ്ചാരികളുടെ മനം കവരുന്ന തരത്തില്‍ പ്രകൃതസൌന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കേയറ്റത്ത് ഇടുക്കി ജില്ലയോടു ചേര്‍ന്ന് ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ മലനിരകള്‍ ബ്ളോക്ക് പഞ്ചായത്തിനെ ഇടുക്കി ജില്ലയില്‍ നിന്നും വേര്‍തിരിക്കുന്നു. മീനച്ചില്‍ താലൂക്കില്‍പ്പെട്ട ഈ ബ്ളോക്ക് പ്രദേശം മൊത്തമായും, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെയും, മൂവാറ്റുപുഴ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെയും ഭാഗമാണ്. കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനം ഭാഗത്തും നാണ്യവിളയായ റബ്ബറാണ് കൃഷി ചെയ്യുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഗ്രാമവികസനത്തിനായി എന്‍.ഇ.എസ് ബ്ളോക്കുകള്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി, 1958-ല്‍ ഈരാറ്റുപേട്ട ബ്ളോക്കും നിലവില്‍ വന്നു.