ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് എന്‍മകജെ പഞ്ചായത്ത്. എന്‍ഡോസള്‍ഫാന്‍ മൂലം ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടി വന്ന  പഞ്ചായത്താണ് ഇത്. കന്നട, തുളു, മറാഠി, മലയാളം എന്നീ വിവിധ ഭാഷകളാണ് പഞ്ചായത്തിലുള്ളത്. ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള കര്‍ണ്ണാടകയിലെയും കേരളത്തിലെയും വിനോദസഞ്ചാരികളുടെ കേന്ദ്രമാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ മറ്റൊരു സ്ഥലമാണ് മണിയംപാറ. ഗ്രാമപഞ്ചായത്തില്‍ നിരവധി കാവുകള്‍ ഉണ്ട്. എന്‍മകജെ പഞ്ചായത്തിലെ ബജകൂടില്‍ സ്ഥിതി ചെയ്യുന്ന കാവ് ചരിത്രപ്രാധാന്യമുള്ളതാണ്. എന്‍മകജെ പഞ്ചായത്തിലുള്ള പെര്‍ളയിലെ ബജകൂട് ഭാഗത്ത് ഗോജന്യ ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു കേന്ദ്രം സ്ഥിതി ചെയ്യുന്നു. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇവിടെ ധാരാളം രോഗികള്‍ ചികില്‍സയ്ക്കായി എത്താറുണ്ട്. കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാസര്‍ഗോഡ് ഇനം പശുക്കളാണ് ഇവിടെ വളര്‍ത്തുന്നത്. കേരളത്തില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന രാജസ്ഥാന്‍ ഇനം പശു എന്‍മകജെ പഞ്ചായത്തില്‍ ഉണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തു തന്നെ പ്രസിദ്ധമായ പ്രദേശമാണ്. കേരളപ്പിറവിയോടനുബന്ധിച്ചാണ് കാസര്‍ഗോഡ് കേരള സംസ്ഥാനത്തിന്റെ ഭാഗമായത്. 1957 ല്‍ കാസര്‍ഗോഡ് താലൂക്ക് വിഭജിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് രൂപം കൊണ്ടു. പഴയ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളാണ് കാസര്‍ഗോഡ് ജില്ലയായി മാറിയത്. കേരളത്തിന്റെ  പതിനാലാമതു ജില്ലയായി 1984ല്‍ ആണ്  കാസര്‍ഗോഡ് നിലവില്‍ വന്നത്. 77 കി.മീ കടല്‍തീരമുള്ള കാസര്‍ഗോഡ് ജില്ലയില്‍ 5625 ഹെക്ടര്‍ വനമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരി, മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള-എടനാട്, മൊഗ്രാല്‍-കളത്തൂര്‍, കളനാട്-ചട്ടഞ്ചാല്‍, ബേക്കല്‍-കാവിനടുക്ക, ചിത്താരി-കരുടിയ, നീലേശ്വരം-കിണാനൂര്‍-കാര്യങ്കോട്,  പാലായി-ചീമേനി എന്നിവയാണ് ജില്ലയിലെ പ്രധാന  നദികള്‍. കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രാചീനമായ കോട്ടയാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡുനിന്ന് 12 കിലോ മീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1763ല്‍ ഹൈദരാലി ബേക്കല്‍ കോട്ട പിടിച്ചെടുത്തു. 1789ല്‍ ടിപ്പു സുല്‍ത്താനെ തുരത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചെടുക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. ബേക്കലില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപാണ് വലിയപറമ്പ്. ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അനന്തപുരം ക്ഷേത്രം കുമ്പളയില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ ജലക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്ന് വിശ്വസിക്കുന്നു. കാസര്‍ഗോഡു നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ കടല്‍ത്തീരമാണ് കാപ്പില്‍ ബീച്ച്. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ 1914ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണാലയം 1970 മുതല്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.  കേരളത്തില്‍ പുകയില ഉത്പാദിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. പള്ളിക്കര, അജാനൂര്‍, പൂഞ്ചാവി തുടങ്ങിയ തീരപ്രദേശങ്ങളിലും കുണിയ, കല്യോട്ട്, പുല്ലൂര്‍-പെരിയ എന്നിവിടങ്ങളിലും പുകയില വന്‍തോതില്‍ കൃഷി ചെയ്തുവരുന്നു. കശുവണ്ടി, അടയ്ക്ക തുടങ്ങിയവയുടെ ഉത്പാദനത്തിലും ജില്ല മുന്‍പന്തിയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടയ്ക്ക, പുകയില, വറ്റല്‍ മുളക് എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ജില്ലയിലാണ്. ജില്ലയിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും മലയാളികളാണ്. കന്നഡ, തുളു, മറാഠി, ഹിന്ദുസ്ഥാനി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗവും ഇവിടെയുണ്ട്.