എന്‍മകജെ

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ മഞ്ചേശ്വരം ബ്ളോക്കിലാണ് എന്‍മകജെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. 78.23 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കര്‍ണ്ണാടക സംസ്ഥാനം, കിഴക്ക് ബെള്ളൂര്‍ പഞ്ചായത്ത്, കര്‍ണ്ണാടക സംസ്ഥാനം, തെക്ക് ബദിയഡുക്ക, കുംബഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പുത്തിഗെ, ബദിയഡുക്ക പഞ്ചായത്തുകള്‍ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് എന്‍മകജെ ഗ്രാമപഞ്ചായത്ത്. കവുങ്ങ്, തെങ്ങ്, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. കശുമാവ്, റബ്ബര്‍, പച്ചക്കറികള്‍, കൊക്കോ എന്നിവയും കൃഷി ചെയ്തു വരുന്നു. അഡ്ക്കസ്ഥല, ഷിറിയ എന്നീ പുഴകള്‍  പഞ്ചായത്തിലൂടെ ഒഴുകുന്നു.പഞ്ചായത്തിലെ ഉയരം കൂടിയ  പ്രദേശമാണ് സര്‍പ്പമല. മണിയംപാറ, ബജകുട്, ഉക്കിനടുക്ക എന്നിവ പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ് കുമ്പള-പെര്‍ള, പെര്‍ള-പാണജെ റോഡുകളും, കാസര്‍ഗോഡ്-പുത്തൂര്‍ റോഡും. പഞ്ചായത്തിലെ യെല്‍കന, അഡ്ക്കസ്ഥല, കാട്ടുക്കൈ എന്നീ പാലങ്ങളും ഗതാഗതമേഖലയിലെ പുരോഗതിക്കൊപ്പം  പ്രാദേശിക വികസനത്തിനും സഹായകമാണ്. പാള ഉപയോഗിച്ചുള്ള പ്ളേറ്റ് നിര്‍മ്മാണം, ഖാദി യൂണിറ്റ്, ബീഡി നിര്‍മ്മാണം എന്നീ ഇടത്തരം വ്യവസായങ്ങളാണ്  പഞ്ചായത്തിലുള്ളത്. പരമ്പരാഗത മേഖലയില്‍ കുട്ട നിര്‍മ്മാണം, പായ നിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, ചിരട്ട തവി നിര്‍മ്മാണം എന്നിവയും പഞ്ചായത്തിലുണ്ട്. പെര്‍ളയില്‍ ബുധനാഴ്ച തോറും ആഴ്ചചന്ത കൂടാറുള്ളത് വഴി ഇവിടുത്തെ പ്രാദശിക വിപണന സാധ്യതകള്‍ വര്‍ധിക്കുന്നതോടൊപ്പം  സാംസ്കാരിക മേഖലയിലെ വൈവിദ്ധ്യങ്ങളുടെ  സമ്മേളനം കൂടെയാണ് സാധ്യമാകുന്നത്. പ്രമുഖമായി ഹിന്ദു-മുസ്ളീം-ക്രൈസ്തവ മതവിഭാഗത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്ന പ്രദേശമാണ് എന്‍മകജെ പഞ്ചായത്ത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. സുബ്രയ ക്ഷേത്രം, ദുര്‍ഗ്ഗാപരമേശ്വരീക്ഷേത്രം, മഹാലിംഗേശ്വര ക്ഷേത്രം, ധൂമാവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. പെര്‍ള, അഡ്ക്കസ്ഥല, മണിയംപാറ, മൈര, ഉക്കിനടുക്ക എന്നിവിടങ്ങളിലായി മുസ്ളീം പള്ളികളും പഞ്ചായത്തിലുണ്ട്. മണിയംപാറ, ഉക്കിനടുക്ക എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ സ്ഥിതി ചെയ്യുന്നു. കാട്ടുകുക്ക ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവം, ബജകുഡ്ലു ക്ഷേത്രോല്‍സവം തുടങ്ങി വിവിധ ക്ഷേത്രത്തിലെ ഉല്‍സവങ്ങള്‍ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. കുടാതെ മുസ്ളീംപള്ളികളിലെ ഉറൂസും, ക്രിസ്ത്യന്‍പള്ളികളിലെ പെരുന്നാളുകളും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു. യക്ഷഗാനരംഗത്തെ പ്രശസ്ത കലാകാരന്‍ കൃഷ്ണഭട്ട് എന്‍മകജെ പഞ്ചായത്തിലെ പെര്‍ള നിവാസിയാണ്. കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമിതികള്‍ പഞ്ചായത്തിലുണ്ട്. പഡ്രെ ചന്തു സ്മാരക നാട്യനിലയം കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാടന്‍കലാകേന്ദ്രം, നേതാജി ഫ്രണ്ട്സ് സര്‍ക്കിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് എന്നിവയാണ് കലാകായികരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു സമിതികള്‍.എന്‍മകജെ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലയാണ് പെര്‍ളയിലുള്ള പഞ്ചായത്ത് ലൈബ്രറി. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് എന്‍മകജെ ഗ്രാമപഞ്ചായത്ത്. പെര്‍ളയിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.