ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഐതിഹ്യപരമായി ഏനാദിമംഗലം ഗ്രാമത്തിനു ചരിത്രാതീതകാലത്തോളം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. ചെന്നീര്‍ക്കര രാജവംശത്തിന്റേയും, തുടര്‍ന്ന് കായംകുളം രാജവംശത്തിന്റെയും അധീനതയില്‍പ്പെട്ട പ്രദേശമായിരുന്നു ഇതെന്ന് കരുതാന്‍ തക്ക ചരിത്രാവശിഷ്ടങ്ങള്‍ ഈ സ്ഥലത്തു കാണുന്നുണ്ട്. ഏനാദിമംഗലം എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചതിനെക്കുറിച്ച് പ്രബലമായ രണ്ട് നിഗമനങ്ങളാണുള്ളത്. കേരളായൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച മലയാളമഹാനിഘണ്ടുവില്‍ ഏനാദി എന്ന പദത്തിനര്‍ത്ഥം കൊടുത്തിട്ടുള്ളത് ചാന്നാന്മാരില്‍ (ഈഴവരില്‍) ഒരു വിഭാഗം എന്നാണ്. അവരുടെ വാസസ്ഥലം ഏനാദിമംഗലം ആയെന്നാണ് ഒരു കഥ. മറ്റൊന്ന് ഒരിക്കല്‍ ഈ നാടിന്റെ അധിപനായിരുന്ന കായംകുളം രാജാവിന്റെ സേനാനായകനായിരുന്ന ഏനാദി ഉണ്ണിത്താനില്‍ നിന്നാണ് ഏനാദിമംഗലം എന്ന പേരുണ്ടായതെന്നാണ് രണ്ടാമത്തെ ഐതിഹ്യം. കൊച്ചി രാജാവായിരുന്ന ശക്തന്‍തമ്പുരാന്റെ കൊട്ടാരമായ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ഏനാദിമംഗലത്തുനിന്നും കൊണ്ടുവന്ന ശിവക്ഷേത്രത്തിന്റെ ഒരു ഭാഗം പ്രദര്‍ശനത്തിനു വച്ചിട്ടുള്ളതില്‍നിന്നും ഏനാദിമംഗലം എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞുവെന്ന് അനുമാനിക്കാം. എ.ഡി. 9-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം ചെന്നീര്‍ക്കര രാജവംശത്തിന്റെ അധീനതയിലായി എന്നു കരുതപ്പെടുന്നു. ഇവിടെയുള്ള ഒരു പുരാതന കുടുംബം ചെന്നീര്‍ക്കര രാജവംശത്തിന്റെ ഒരു തായ്‌വഴിയാണെന്ന് കരുതപ്പെടുന്നു. പട്ടാളക്കാരെ പരിശീലിപ്പിച്ചിരുന്ന കളരിയും ഭദ്രകാളിക്ഷേത്രവും ആ കുടുംബത്തോടു ചേര്‍ന്നു നിര്‍മ്മിച്ചതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാം. കുതിരമണ്‍ പാലത്തിന് പടിഞ്ഞാറുവശം കനാലിനു സമീപം അടുത്തകാലം വരെ ഒരു കോട്ടയുടെ അവശിഷ്ടമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പട്ടാളക്കാരുടെ ഉപയോഗത്തിനു വേണ്ടി കുതിരകളെ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിര്‍മ്മിച്ച പാലമായതുകൊണ്ടായിരിക്കാം സമീപത്തുള്ള പാലത്തിനു കുതിരമണ്‍പാലം എന്ന പേരു ലഭിച്ചത്. ആ പാലത്തിനു വടക്കുള്ള പുരയിടത്തില്‍ ഒരു ഡാണാവ് (പോലീസ് സ്റ്റേഷന്‍) ഉണ്ടായിരുന്നതിനാലാവാം അതിന് ഡാണാപുരയിടം എന്ന പേരുണ്ടായതെന്നും കരുതപ്പെടുന്നു. ശാസ്താക്ഷേത്രങ്ങളില്‍ സ്വയംഭൂവെന്ന ഗണത്തില്‍ പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഈ പഞ്ചായത്തിലെ പൂതങ്കര ധര്‍മ്മശാസ്താക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാസ്താവിന്റെ ഭുജം ആണ്. ഭുജംകരയില്‍നിന്ന് ഭൂതംകര ഉണ്ടായതായി എന്ന് അനുമാനിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലെ കല്‍പടവുകളില്‍ ശിലായുഗകാലത്തെ ലിപികള്‍ കൊത്തിയിട്ടുള്ളത് ഇപ്പോഴും കാണാം. ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും പറയപ്പെടുന്നു. എരുമേലിപേട്ടതുള്ളലിനെ അനുസ്മരിപ്പിക്കുന്ന ഒരു ചടങ്ങ് ഈ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട്, ഭൂതങ്കര പള്ളിമുരുപ്പേല്‍ കാണുന്ന വാവരുപള്ളിയില്‍ എത്തി ആഘോഷിക്കാറുണ്ട്. പണ്ടുകാലം മുതലേ മതസൌഹാര്‍ദ്ദം നിലനിന്നിരുന്നുവെന്നുള്ളതിന്റെ തെളിവായി ഇതിനെ കരുതാം. ഈ പഞ്ചായത്തിലെ മാരൂര്‍ പടിഞ്ഞാറ് ആലപ്പുറത്തുകാവിനു തെക്കുഭാഗത്ത് കാണുന്ന പുരാതന ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മായോന്‍ എന്നാണ് വിളിച്ചിരുന്നത്. മായോന്റെ ഊര് (നാട്) മാരൂര്‍ ആയി രൂപാന്തരപ്പെട്ടതായി കരുതുന്നു. ഇളയ മായോന്റെ മണ്ണുള്ള ഊര് ഇളമണ്ണൂര്‍ ആയി എന്നും അനുമാനിക്കുന്നു. മാരൂര്‍ക്ഷേത്രത്തിന്റെ തുടര്‍ച്ചയാണ് ഇളമണ്ണൂര്‍ ശ്രീനാരായണപുരം ക്ഷേത്രമെന്നാണ് വിശ്വാസം. കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന കുറുമ്പന്മാരായ (മാത്സര്യമുള്ള) പ്രമാണിമാര്‍ അധിവസിച്ചിരുന്ന കര എന്ന അര്‍ത്ഥത്തില്‍ കുറുമ്പകര ഉണ്ടായതായും അനുമാനിക്കപ്പെടുന്നു. മാരൂര്‍ സ്ക്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിനെ പണ്ട് മേക്കോത്ത് എന്നു വിളിച്ചിരുന്നു. അതിനു തെക്കുള്ള ഏലായുടെ പ്രാമാണികമായ പേരു മേല്‍ക്കുന്നത്ത് ഏലാ എന്നാണ്. അതില്‍നിന്നായിരിക്കാം മേല്‍ക്കോത്ത് എന്ന പേരുണ്ടായത്. കുന്നിട വാര്‍ഡില്‍ പ്രസിദ്ധമായ അഞ്ചുമലയില്‍പ്പെട്ട വേടമല, മുടിയാര്‍കോട്ടുമല, പുലിമല, വടക്കുപുറത്തുമല എന്നിവ സ്ഥിതി ചെയ്യുന്നു. പാറക്കൂട്ടങ്ങള്‍ നിരന്നുകണ്ടിരുന്ന പ്രദേശമായിരുന്നതിനാല്‍ മങ്ങാടിനു സമീപമുള്ള സ്ഥലത്തെ പാറക്കല്‍ എന്നു വിളിക്കുന്നു. കലഞ്ഞൂരും ഏഴംകുളവും കൂടി ഉള്‍പ്പെട്ട വലിയ ഒരു പ്രദേശമായിരുന്നു ഏനാദിമംഗലം പകുതി. ഇത് പിന്നീട് വിഭജിക്കപ്പെട്ട് കലഞ്ഞൂര്‍, ഏഴംകുളം, ഏനാദിമംഗലം എന്നീ വില്ലേജുകള്‍ ആയിത്തീര്‍ന്നു. ഏനാദിമംഗലം പ്രവൃത്തിക്കച്ചേരി (വില്ലേജാഫീസ്) കൊല്ലവര്‍ഷം 1102-ല്‍ ആണ് ഇളമണ്ണൂരില്‍ ആരംഭിച്ചത്. ഇളമണ്ണൂരിലെ പഴയ പോസ്റ്റോഫീസ് കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. അതിനുമുമ്പ് പാറക്കോട് അറുകാലിക്കലില്‍ പ്രവര്‍ത്തനം നടത്തിവന്നിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്.