എളയാവൂര്‍

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കില്‍ എളയാവൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് എളയാവൂര്‍ ഗ്രാമപഞ്ചായത്ത്. 11.57 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് ചേലോറ ഗ്രാമപഞ്ചായത്ത്, വടക്ക് ചേലോറ, പുഴാതി  ഗ്രാമപഞ്ചായത്തുകള്‍, തെക്ക് കണ്ണൂര്‍ മുനി‍സിപ്പാലിറ്റി, ചേലോറ ഗ്രാമപഞ്ചായത്ത്,  പടിഞ്ഞാറ് പുഴാതി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ മുനി‍സിപ്പാലിറ്റി എന്നിവയാണ്.  എളയാവൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ളതും ചേലോറ പഞ്ചായത്തിന്റെ ഭാഗവുമായ കാപ്പാട്, കയ്പാട്, കടക്കര എന്നീ സ്ഥലനാമങ്ങള്‍ ഈ ഭാഗം മുന്‍പ് കടലായിരുന്നുവെന്ന സൂചനയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്നും ചൊവ്വത്തോട്ടില്‍ കടല്‍വെള്ളം കയറുന്നു എന്നത് മുമ്പ് കടലായിരുന്നിരിക്കണം എന്ന വാദഗതിക്ക് ആക്കം കൂട്ടുന്നതാണ്. രാഷ്ട്രീയ ഭൂപടത്തില്‍ മാന്യമായ സ്ഥാനം അലങ്കരിക്കുന്ന ഒരു പഞ്ചായത്താണ് എളയാവൂര്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിദേശികളും വിവിധ മതക്കാരുമുള്‍ക്കൊള്ളുന്ന കണ്ണൂര്‍ പട്ടണത്തിന്റെ സാനുപ്രദേശമായ എളയാവൂര്‍ ഗ്രാമീണവും നാഗരികവുമായ സംസ്കാരം ഇഴുകിച്ചേര്‍ന്ന പ്രദേശമാണ്. ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും, യാദവരും, ലബ്ബമാരുമൊക്കെയുള്ള ഈ പഞ്ചായത്തിന് അതിന്റെതായ പ്രത്യേകതകളാണ് ഉള്ളത്. ചെറുതും വലുതുമായ ഹിന്ദുക്ഷേത്രങ്ങള്‍ക്കെല്ലാം മേല്‍ക്കോയ്മയായി ഇവിടെ നീലിയത്തകത്തൂട്ട് തറവാട് ഇന്നും ഉണ്ട്. വിവിധ തൊഴില്‍ ചെയ്യുന്ന വ്യത്യസ്ത സമുദായങ്ങളുടെ സങ്കേതമായിരുന്നു എളയാവൂര്‍ പഞ്ചായത്ത്. ദൃശ്യകലാ വിഭാഗത്തില്‍ തെയ്യം കലാകാരന്‍മാര്‍ പഴയ പ്രതാപത്തിന് അല്‍പം പോലും മങ്ങലേല്‍ക്കാതെ ഇന്നും അവരുടേതായ പാരമ്പര്യം നിലനിര്‍ത്തുന്നുണ്ട്. കേരളത്തില്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന യാദവര്‍, റാവുത്തര്‍ എന്നീ ജനവിഭാഗങ്ങള്‍ ഈ പഞ്ചായത്തില്‍ കൂട്ടമായി അധിവസിക്കുന്നു എന്നത് പഞ്ചായത്തിന്റെ ഒരു സവിശേഷതയാണ്. സാമ്പത്തികരംഗത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കിയത്  കണ്ണൂരില്‍ ജര്‍മ്മന്‍ കോമണ്‍വെല്‍ത്ത് കമ്പനി നെയ്ത്ത് കമ്പനി സ്ഥാപിച്ചതോടെയാണ്. അതുവരെ താഴെ ചൊവ്വയിലെ ലബ്ബത്തെരുവില്‍ അവരുടെ കുഴിത്തറി നെയ്ത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈത്തറി നെയ്ത്ത് പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ചത് എടച്ചൊവ്വയിലായിരുന്നു.