പഞ്ചായത്തിലൂടെ

എലവഞ്ചേരി - 2010

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ളോക്കിലാണ് എലവഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963-ല്‍ രൂപീകൃതമായ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 32.18 ച.കി.മീറ്ററാണ്. 14 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് നെല്ലിയാമ്പതി പഞ്ചായത്ത്, വടക്ക് പല്ലശ്ശന പഞ്ചായത്ത്, കിഴക്ക് കൊല്ലങ്കോട് പഞ്ചായത്ത്, പടിഞ്ഞാറ് നെന്മാറ പഞ്ചായത്ത് എന്നിങ്ങനെയാണ്.  ഭൂപ്രകൃതി അനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് എലവഞ്ചേരി. പാറക്കുന്നുകളും, സമതലങ്ങളും ഇടകലര്‍ന്നു കാണപ്പെടുന്ന പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ നെല്ല്, ഇഞ്ചി, നിലക്കടല, പച്ചക്കറി, റബ്ബര്‍, തെങ്ങ്, പാവല്‍, പയര്‍ എന്നിവയാണ്. ഇക്ഷുനദി, ഗായത്രിപുഴ എന്നിവ പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്. ഉപരിതല ജലസ്രോതസ്സായ 40 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. പൊത്തുണ്ടി കനാല്‍, ചുളിയാര്‍ കനാല്‍ എന്നിവ പഞ്ചായത്തിലെ മറ്റ് ജലസേചന മാര്‍ഗ്ഗങ്ങളാണ്. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് നിര്‍മ്മിതമായ 98 പൊതുകിണറുകളും 174 പൊതുകുടിവെള്ള ടാപ്പുകളും ഇവിടെ ശുദ്ധജലവിതരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങളാണ്. പഞ്ചായത്തിലെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 265 തെരുവുവിളക്കുകള്‍  അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം കൊല്ലങ്കോട് ബസ് സ്റ്റാന്റാണ്. പോത്തുണ്ടിയാണ് പഞ്ചായത്തിലെ ഒരു പ്രധാന ജലഗതാഗത കേന്ദ്രം. തൃശ്ശൂര്‍-പൊള്ളാച്ചി റോഡ്, കുമ്പളക്കോട്-പനങ്ങാട്ടിരി കൊല്ലങ്കോട് റോഡ് എന്നിവ ഉള്‍പ്പെടെ 10-ഓളം റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഞാറയ്ക്കല്‍മല പാലം, കുമ്പളക്കോട് പാലം, നെല്ലിചോട് പാലം, കലുമുക്ക് പാലം, കൊളമ്പ് പാലം തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും നിരവധി ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തിലുണ്ട്. കയര്‍ വ്യവസായം പഞ്ചായത്തിലെ ഒരു പ്രധാന ചെറുകിട വ്യവസായമാണ്. ക്ഷീരവ്യവസായം മറ്റൊരു പ്രധാന വ്യവസായമാണ്. ഇതിനായി പാല്‍ വിപണനം ലക്ഷ്യം വച്ചുകൊണ്ട് ക്ഷീര സഹകരണ സംഘങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകളും 2 നീതി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കരിങ്കുളം, വട്ടേക്കാട്, പെരുങ്ങോട്ടുകാവ്, മണ്ണാംപറമ്പ്, ശ്രീകുറുമ്പക്കാവ്, പനങ്ങാട്ടിരി എന്നിവിടങ്ങളിലാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധജാതിമതസ്ഥര്‍ ഐക്യത്തോടെ വാഴുന്ന പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങല്‍ ഉണ്ട്. പ്രധാനമായും 7 ക്ഷേത്രങ്ങളും 2 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ക്ഷേത്രങ്ങളാലും കാവുകളാലും സമ്പന്നമായ എലവഞ്ചേരിയിലെ പെരുങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം എടുത്തുപറയത്തക്ക ഒന്നാണ്. പാരമ്പര്യകലാരൂപമായ പള്ളുകളി, കണ്യാര്‍ കളി, കതിര്‍ മഹോത്സവം കൂത്താണ്ഡവേല തുടങ്ങി നിരവധി ആഘോഷങ്ങള്‍ പഞ്ചായത്തില്‍ നടത്തിവരുന്നു. ഈ ആഘോഷങ്ങളിലെല്ലാം പഞ്ചായത്തിലെ ജനങ്ങള്‍ ജാതി വ്യത്യാസമില്ലാതെ പങ്ക് ചേരുന്നു. ജ്യോതിശാസ്ത്രപണ്ഡിതനായ റ്റി.എം,ആര്‍ കുട്ടി (പനങ്ങാട്ടിരി), കണ്യാര്‍കുട്ടി ആശാന്‍മാരായിരുന്ന സ്വാമിനാഥന്‍, ചാമുകുട്ടി എന്നിവര്‍ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളായിരുന്നു. ജ്യോതിശാസ്ത്രപണ്ഡിതനായ പങ്കജാക്ഷന്‍ പഞ്ചായത്തിലെ ഇപ്പോള്‍ അറിയപ്പെടുന്ന പ്രശസ്ത വ്യക്തിയാണ്. കരിംകുളം എന്‍.ഡി.സി, കൊട്ടയംകാട് ബേബീസ് കലാ സമിതി, വള്ളുവകുണ്ട് യുവതാര, സര്‍ഗ്ഗകലാ കായിക സമിതി തുടങ്ങി പത്തോളം കലാകായിക സാംസ്കാരിക കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട് കരിപ്പായിയിലുള്ള ഇ.എം.എസ് വായനശാലയും പഞ്ചായത്തിലെ ഒരു പ്രധാന സാംസ്ക്കാരിക കേന്ദ്രമാണ്. കരിങ്കുളത്ത് ഒരു ഹോമിയോ ഡിസ്പെന്‍സറിയും കുറുമ്പക്കാവ് ഒരു ആയൂര്‍വേദ ഡിസ്പെന്‍സറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വള്ളുവകുണ്ട് ഒരു പ്രാഥമികാരോഗ്യകേന്ദ്രവുമുണ്ട്. മൃഗചികിത്സയ്ക്കായി പെരിങ്ങോട്ട്കാവ് ഒരു മൃഗാശുപത്രിയും കരിങ്കുളത്ത് അതിന്റെ ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. എം.ഇ.എസ് കുമ്പളക്കോട്, റ്റി.എം.ആര്‍ പനങ്ങാട്ടിരി, നടരാജസ്കൂള്‍ പെരുങ്ങോട്ട്കാവ്, കാച്ചാം കുറിശ്ശി കാശ്യപാസ്ത്രം, ആര്‍.പി.എം.എസ്.എസ് പനങ്ങാട്ടിരി, എ.യു.പി.എസ് പനങ്ങാട്ടിരി, ഡി.എം.യു.പി.എസ് കരിങ്കുളം, വട്ടേക്കാട് ഗവണ്‍മെന്റ് യു.പി.എസ്, ശിശുമന്ദിരം കുന്നില്‍ ഇലവഞ്ചേരി എന്നിവയാണ് സ്വകാര്യസര്‍ക്കാര്‍ മേഖലകളിലായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍. കരിങ്കുളം തുഞ്ചന്‍ കോളേജാണ് പഞ്ചായത്തിലെ ഏക കോളേജ്. പനങ്ങാട്ടിരി, എലവഞ്ചേരി എന്നിവിടങ്ങളില്‍ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാല്‍കൃതബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പനങ്ങാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഗമം കല്ല്യാണമണ്ഡപം വട്ടേക്കാട്, ആഗ്നേയ ഓഡിറ്റോറിയം വട്ടേക്കാട്, പനങ്ങാട്ടിരി ശ്രീകൃഷ്ണകല്ല്യാണമണ്ഡപം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കല്യാണമണ്ഡപങ്ങള്‍. നിരവധി സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഒറ്റപ്പനയിലാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍ എന്നിവ എലവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നു. കരിങ്കുളം, വട്ടേക്കാട് പെരിങ്ങോട്ടുകാവ്, പനങ്ങാട്ടിരി, പെരിങ്ങോട്ട്കാവ് എന്നിവിടങ്ങളില്‍ പോസ്റ്റോഫീസുകളുമുണ്ട്.

ജില്ല

:

പാലക്കാട്
ബ്ലോക്ക്‌

:

നെന്മാറ
വിസ്തീര്‍ണ്ണം

:

32.18ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം

:

14

2001 സെന്‍സസ്‌ പ്രകാരം പഞ്ചായത്തിലെ  ജനസംഖ്യ  വിവരം
ജനസംഖ്യ

:

20283
പുരുഷന്‍മാര്‍

:

9899
സ്ത്രീകള്‍

:

10384
ജനസാന്ദ്രത

:

528
സ്ത്രീ : പുരുഷ അനുപാതം

:

1077
മൊത്തം സാക്ഷരത

:

70.51
Source : Census data 2001