ചരിത്രം

സാമൂഹ്യ സാംസ്ക്കാരിക ചരിത്രം

നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയില്‍ പഴയ കൊച്ചിയുടേയും, മലബാറിന്റേയും അതിര്‍ത്തിയായി കിടക്കുന്ന ഒരു കാര്‍ഷികഗ്രാമമാണ് എലവഞ്ചേരി ഗ്രാമപഞ്ചായത്ത്. കൊല്ലങ്കോട്, വേങ്ങനാട് എന്നീ രാജാക്കന്മാരുടെ സുവര്‍ണകാലഘട്ടത്തില്‍ ഒരു ഇളയരാജാവിന്റെ മേല്‍നോട്ടത്തിലായിരുന്ന ചേരി(പ്രദേശം)യാണ് ഇളയവന്‍ചേരിയെന്നും പിന്നീട് ഇലവന്‍ചേരിയായും കാലാന്തരത്തില്‍ എലവഞ്ചേരിയായും അറിയപ്പെട്ടത്. പഴയ കാലത്തെങ്ങോ ഇലവുമരത്തിന്‍ ചുവട്ടില്‍ ദേവതയെ പ്രതിഷ്ഠിച്ചതിനാല്‍ ഈ പ്രദേശത്തെ ഇലവുമരത്തിന്‍ചേരി എന്ന് വിളിക്കപ്പെടുകയും അത് പിന്നീട് ഇലവന്‍ചേരി-എലവഞ്ചേരി എന്നായി മാറ്റപ്പെടുകയും ചെയ്തുവെന്ന മറ്റൊരു കഥയും കേള്‍ക്കുന്നുണ്ട്. എലവഞ്ചേരിയെ ഭാഗികമായെങ്കിലും ഫലഭൂയിഷ്ഠമാക്കുന്നത് വടക്കുഭാഗത്തുകൂടി ഒഴുകുന്ന ഗായത്രി(ഉരിയരിപുഴ)പുഴയും തെക്കുഭാഗത്തെ തെന്‍മലയോരത്തു കൂടി ഒഴുകുന്ന ഇക്ഷുമതി പുഴയുമാണ്. രാജഭരണകാലത്ത് അംശങ്ങളായി തിരിച്ചിരുന്ന വട്ടെക്കാട്, പനങ്ങാട്ടിരി, എലവഞ്ചേരി എന്നീ പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് വില്ലേജുകളായി മാറ്റി. നികുതിപിരിവും, ക്രമസമാധാനപാലനവും, പൊതുഭരണവുമെല്ലാം അംശാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു. ജന്മി-നാടുവാഴി സമ്പ്രദായത്തിന്റെ എല്ലാ തരത്തിലുമുള്ള ദുരാചാരങ്ങളും ദുഷ്പ്രവണതകളും നിലനിന്നിരുന്ന പ്രദേശമാണ് എലവഞ്ചേരി. സവര്‍ണ്ണജാതിമേല്‍ക്കോയ്മയും അയിത്തവും അടിമപ്പണിയുംകൊണ്ട് കീഴാളര്‍ പോറുതി മുട്ടിയിരുന്നു. ആഹാരരീതിയിലും, ആരാധനാരീതികളിലുമൊക്കെ തന്നെ ജാതികളുടെ ഉച്ചനീചത്വം അനുസരിച്ചുള്ള വേര്‍തിരിവ് ഉണ്ടായിരുന്നു. ഓരോ ജാതിയിലും ഉള്‍പ്പെട്ടവര്‍ അവരുടെ ആരാധനാസ്ഥലത്തുള്ള പറമ്പുകളില്‍ (മന്ദുകള്‍) സമ്മേളിച്ച് സാമൂഹികമായ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നത് തികച്ചും ജനാധിപത്യരീതിയില്‍ തന്നെയായിരുന്നു. കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രങ്ങളിലേക്ക് അന്നത്തെ സവര്‍ണ്ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മണ്ണിന്റെ മക്കള്‍ ധീരോദാത്തമായ ക്ഷേത്രപ്രവേശന സമരം നടത്തിയത്. പെരിങ്ങോട്ടുകാവ് ഭഗവതിക്ഷേത്രത്തിനു മുമ്പില്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് കണ്ടാത്ത് സുദേവനായിരുന്നു. വി.ജി.സുകുമാരന്‍, ആയക്കാട് നാരായണന്‍, തുമ്പിക്കോട് കുട്ടികൃഷ്ണന്‍, കെ.പഴണിയാണ്ടി തുടങ്ങിയവരായിരുന്നു സമരത്തിലെ മറ്റംഗങ്ങള്‍. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് പെരിങ്ങോട്ടുകാവ് ഭഗവതിക്ഷേത്രത്തിലും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം ലഭിച്ചു. ഭൂപരിഷ്ക്കരണ നിയമനിര്‍മ്മാണത്തിന് പ്രചോദനമായിതീര്‍ന്ന കര്‍ഷകത്തൊഴിലാളിസമരങ്ങള്‍ കേരളചരിത്രത്തിലെ പ്രധാന അധ്യായമാണ്. കുട്ടികൃഷ്ണന്‍ എന്ന ഭൂവുടമയുടെ, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ കൂലിവര്‍ദ്ധനവിനു വേണ്ടി നടത്തിയ കൂലിസമരം ചിറ്റൂര്‍ താലൂക്കിലെ തന്നെ ഒരു പ്രധാന കര്‍ഷകസമരമായിരുന്നു. പഞ്ചായത്തില്‍ വര്‍ഷംതോറും നടന്നുവരുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടത് പനങ്ങാട്ടിരി കൂത്താണ്ടമന്ദത്തു നടത്തിവരുന്ന കൂത്താണ്ട വേലയാണ്. ഇരാവന്‍ എന്ന ദേവന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. ഈഴവ സമുദായവും, നായര്‍ സമുദായവും, മന്ദാടിയാര്‍ സമുദായവും, കണ്യാര്‍കളി ആണ്ടുതോറും അവരവരുടെ (മന്ദകളില്‍) പറമ്പുകളില്‍ അവതരിപ്പിച്ചിരുന്നു. കണ്യാര്‍കളി, പൊറാട്ടുനാടകം, ആര്യമാല, പളളുകളി, തുടങ്ങിയ സാമൂഹ്യ നൃത്തരൂപങ്ങള്‍ വിവിധ ജാതികള്‍ക്കിടയില്‍ ഒരനുഷ്ഠാനകലയായി ഇപ്പോഴും തുടരുന്നു. പഞ്ചായത്തിലെ ആദ്യത്തെ യുവജനസമിതിയായ ഭാനുമതി ഡ്രമാറ്റിക് ക്ളബ്ബ് രൂപംകൊണ്ടത് കരിങ്കുളത്താണ്. നാടകങ്ങള്‍ സ്വയം പരിശീലിച്ച് അവതരിപ്പിച്ചുകൊണ്ടും മറ്റു കലാകായിക സംസ്കാരങ്ങള്‍ വളര്‍ത്തികൊണ്ടുമാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിങ്കുളത്ത് സ്ഥാപിതമായിരുന്ന എലിമെന്ററിസ്കൂളായിരുന്നു. അതിനുമുമ്പ് എഴുത്താശ്ശാന്‍ നാണുനായര്‍, എലവഞ്ചേരിതറയില്‍ പൂഴിയില്‍ അക്ഷരം എഴുതിപ്പഠിപ്പിക്കുന്ന സമ്പ്രദായം അഭ്യസിപ്പിച്ചിരുന്നു. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ പ്രദേശത്തു കാണപ്പെടുന്ന കലാരൂപങ്ങളുടെയും, അനുഷ്ഠാനകലകളുടേയും, പാരമ്പര്യവിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടെ കലാ-സാംസ്ക്കാരികരംഗത്ത് ആഴത്തിലുള്ള വേരുകളുള്ളതായി മനസിലാക്കാം. ജാതിയുടേയും മതത്തിന്റേയും ശക്തമായ വേലിക്കെട്ടുകള്‍ക്കുള്ളിലാണ് ഇവിടുത്തെ ജനജീവിതം രൂപപ്പെട്ടു വന്നത്. കള്ളുചെത്ത് ഈ പഞ്ചായത്തിലെ പ്രധാന വ്യവസായമാണ്. കലാപരമായ പൂര്‍ണ്ണതയോ ശില്പപരമായ മേന്മയോ അവകാശപ്പെടാനാവില്ലെങ്കിലും പുറാട്ടുകളി, കണ്യാര്‍കളി, വള്ളുകളി മുതലായവ ഇവിടെ എക്കാലവും നിലനിന്നുവരുന്ന കലാരൂപങ്ങളാണ്. ഇന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്ന കലാരൂപമാണ് ആര്യമാലക്കളി. ക്ഷേത്രങ്ങളാലും, കാവുകളാലും സമ്പന്നമാണ് എലവഞ്ചേരി പഞ്ചായത്ത്. പെരുങ്ങോട്ട്കാവ് ഭഗവതിക്ഷേത്രം ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ്. നാടോടിസംസ്കാരത്തിന്റെ കലാപരമായ ആവിഷ്കാരമാണ് നാടന്‍കലകള്‍. ഈ പഞ്ചായത്തില്‍ നിലനിന്നിരുന്ന ഒരു പ്രധാന നാടന്‍കലാരൂപമായിരുന്നു കണ്യാര്‍കളി. പ്രധാനമായും നായര്‍, മന്നാടിയാര്‍, ഈഴവ സമുദായങ്ങളാണ് ഇപ്പോഴത്തെ അതിന്റെ പ്രയോക്താക്കള്‍. ഈ പഞ്ചായത്തിലെ പെരുങ്ങോട്ട്കാവ് പറശ്ശേരി എന്ന സ്ഥലത്ത് വര്‍ഷാവര്‍ഷം അവതരിപ്പിച്ചുവരുന്ന ഒരു പാരമ്പര്യകലാരൂപമാണ് പള്ളുകളി. ഈ പ്രദേശത്തിലെ ദരിദ്രജനവിഭാഗത്തിന്റെ ജീവിതക്രമവും തൊഴില്‍ സമ്പ്രദായങ്ങളുമാണ് ഈ കളിക്ക് ആധാരമെന്ന് കാണാം. കലാപരമായ മുന്‍ധാരണകള്‍ ഒന്നുമില്ലാത്ത കര്‍ഷകത്തൊഴിലാളികളാണ് ഈ കളിയിലെ അഭിനേതാക്കള്‍. തമിഴും, മലയാളവും കലര്‍ത്തിയുള്ള നര്‍മ്മരസപ്രധാനമായ സംഭാഷണങ്ങള്‍ക്ക് വശ്യമധുരമായ ചെന്തമിഴിന്റെ ആകര്‍ഷണീയതയുമുണ്ട്. ഗ്രാമീണജനതയുടെ മറ്റൊരു കലാവിനോദമാണ് പൊറാട്ടുനാടകം. തനിനാടന്‍ ശൈലിയില്‍, അവതരിപ്പിക്കുന്ന ഒരു ദൃശ്യകലയാണിത്. ഈ പഞ്ചായത്തിലെ വളരെ പ്രചാരമുള്ള ഒരു കൊയ്ത്തുത്സവമാണ് കതിര്. കൊയ്ത്തു കഴിഞ്ഞു നടത്തുന്ന ഈ ഉത്സവം കര്‍ഷകജനതയ്ക്കിടയില്‍ ഉണ്ടാക്കുന്ന സന്തോഷത്തിരത്തള്ളല്‍ ആവേശം പകരുന്ന കാഴ്ചയാണ്. പറവാദ്യം ഈ ഉത്സവത്തിന് കൊഴുപ്പു കൂട്ടുന്ന ഒരു വാദ്യകലയാണ്. പനങ്ങാട്ടിരി ഇരാവാന്‍ ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ഒരു ഗംഭീര ആഘോഷമാണ് കൂത്താണ്ഡവേല. വേലയുടെ അവസാനം കൂത്താണ്ഡന്‍ സംഹരിക്കപ്പെടുന്നു. ഈ മൂര്‍ത്തിയുടെ മണ്ണു കൊണ്ടു നിര്‍മ്മിച്ച ശരീരാവശിഷ്ടങ്ങള്‍ ദിവ്യമായ ഔഷധഗുണമുള്ളതാണെന്ന് വിശ്വാസികള്‍ കരുതിപ്പോരുന്നു. ചന്ദനക്കുടം, വിഷുവേല മുതലായവ ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്നു. ഇംഗ്ളീഷ് എഴുത്തുകാരനും, മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറിയും, ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ശശിതരൂര്‍ ഈ പ്രദേശത്തുകാരനാണ്.ലോകപ്രശസ്ത കഥകളികലാകാരന്മാര്‍ ഇയ്യങ്കോട് ശ്രീധരന്‍ ഈ പഞ്ചായത്തുനിവാസിയാണ്.