എലവഞ്ചേരി

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍, നെന്മാറ ബ്ളോക്കിലാണ് എലവഞ്ചേരി ഗ്രാമപഞ്ചാത്ത് സ്ഥിതി ചെയ്യുന്നത്. എലവഞ്ചേരി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന എലവഞ്ചേരി ഗ്രാമപഞ്ചായത്തിന് 32.18 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തും, വടക്കുഭാഗത്ത് പല്ലശ്ശന പഞ്ചായത്തും, തെക്കുഭാഗത്ത് നെല്ലിയാമ്പതി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നെന്മാറ പഞ്ചായത്തുമാണ്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയില്‍ പഴയ കൊച്ചിയുടേയും, മലബാറിന്റേയും അതിര്‍ത്തിയായി കിടക്കുന്ന ഒരു കാര്‍ഷികഗ്രാമമാണ് എലവഞ്ചേരി ഗ്രാമപഞ്ചായത്ത്. കൊല്ലങ്കോട്, വേങ്ങനാട് എന്നീ രാജാക്കന്മാരുടെ സുവര്‍ണകാലഘട്ടത്തില്‍ ഒരു ഇളയരാജാവിന്റെ മേല്‍നോട്ടത്തിലായിരുന്ന ചേരി(പ്രദേശം)യാണ് ഇളയവന്‍ചേരിയെന്നും പിന്നീട് ഇലവന്‍ചേരിയായും കാലാന്തരത്തില്‍ എലവഞ്ചേരിയായും അറിയപ്പെട്ടത്. പഴയ കാലത്തെങ്ങോ ഇലവുമരത്തിന്‍ ചുവട്ടില്‍ ദേവതയെ പ്രതിഷ്ഠിച്ചതിനാല്‍ ഈ പ്രദേശത്തെ ഇലവുമരത്തിന്‍ചേരി എന്ന് വിളിക്കപ്പെടുകയും അത് പിന്നീട് ഇലവന്‍ചേരി-എലവഞ്ചേരി എന്നായി മാറ്റപ്പെടുകയും ചെയ്തുവെന്ന മറ്റൊരു കഥയും കേള്‍ക്കുന്നുണ്ട്. എലവഞ്ചേരിയെ ഭാഗികമായെങ്കിലും ഫലഭൂയിഷ്ഠമാക്കുന്നത് വടക്കുഭാഗത്തുകൂടി ഒഴുകുന്ന ഗായത്രി(ഉരിയരിപുഴ)പുഴയും തെക്കുഭാഗത്തെ തെന്‍മലയോരത്തുകൂടി ഒഴുകുന്ന ഇക്ഷുമതി പുഴയുമാണ്.