ചരിത്രം

പഴയ മലബാര്‍ ജില്ലയിലെ പാലക്കാട് താലൂക്കിനെ കരം പിരിക്കാനുള്ള സൌകര്യത്തിനായി വടമലപ്പുറം, തെന്മലപ്പുറം, നടുവട്ടം എന്നി മൂന്നു പ്രദേശങ്ങളായി തിരിച്ചിരുന്നു. 1765-66 കാലഘട്ടത്തില്‍ വടമലപ്പുറം പ്രദേശത്തെ 23 അംശങ്ങളായി വിഭജിച്ചു എന്നും, അതില്‍ എലപ്പുള്ളി, പള്ളത്തേരി എന്നീ രണ്ട് അംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും വില്യംലോഹന്റെ മലബാര്‍ ഡിസ്ട്രിക്ട് മാന്വലില്‍ രേഖപ്പെടുത്തിക്കാണുന്നു. 1939-ല്‍ കലിംഗ ചെട്ടിയാര്‍ എന്ന മഹാമനസ്ക്കന്റെ ശ്രമഫലമായി പഞ്ചായത്തില്‍ വൈദ്യുതി എത്തി. 1898-ല്‍ എലപ്പുള്ളി മാണിക്കത്ത് കുട്ടികൃഷ്ണമേനോന്‍ ആദ്യത്തെ പ്രൈമറി സ്കൂള്‍ തുടങ്ങി. 1921-ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുക്കുകയും പിന്നീട് അത് ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1898-ല്‍ തപാലാഫീസ് സ്ഥാപിതമായി. 1929-ല്‍ ആശുപത്രി (ലോക്കല്‍ ഫണ്ട് റൂറല്‍ ഡിസ്പെന്‍സറി) പാറയില്‍ സ്ഥാപിതമായി. ഇന്നുള്ള ആശുപത്രി കെട്ടിടത്തില്‍ ആശുപത്രി ആരംഭിച്ചത് 1957-ലാണ്. 1957-ല്‍ പാറയില്‍ ആദ്യത്തെ മൃഗാശുപത്രി തുടങ്ങി. 1956- ല്‍ ഇവിടെ ടെലിഫോണ്‍ കണക്ഷന്‍ ലഭിച്ചു.പാലക്കാട്ടെ സുല്‍ത്താന്‍ പേട്ടയേയും, പൊള്ളാച്ചിയിലെ പേട്ടയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും, മലഞ്ചരക്കു വ്യാപാരത്തിനായി രൂപം കൊടുത്തതും അതിപുരാതന കാലം മുതല്‍ ഉള്ളതും പില്‍ക്കാലത്ത് സ്റ്റേറ്റ് ഹൈവേ ആയിതീര്‍ന്നതുമായ പാലക്കാട്-പൊള്ളാച്ചി റോഡ് ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. കലാസാംസ്കാരിക രംഗത്ത് മോശമല്ലാത്ത ഒരു ചരിത്രം ഈ പ്രദേശത്തിനുണ്ട്. മാര്‍ക്കണ്ഡേയ നാടകം, ഹരിശ്ചന്ദ്ര നാടകം, ആര്യമാലക്കളി, പൊറാട്ടു നാടകം, പാവക്കൂത്ത്, ക്ഷേത്രാനുഷ്ഠാനകലകള്‍, പുള്ളുവന്‍പ്പാട്ട്, കളമെഴുത്തുപാട്ട്, തിരുവാതിരക്കളി തുടങ്ങിയവയ്ക്ക് പേരുകേട്ടതായിരുന്നു ഇവിടം. പള്ളത്തേരി പരിക്കഞ്ചേരി അമ്പലം, മാമ്പുള്ളിക്കാവ് രാമശ്ശേരി മന്നത്ത് ഭഗവതി ക്ഷേത്രം, എലപ്പുള്ളി ദേവീ ക്ഷേത്രം, ശിവക്ഷേത്രം, തേനാരി ശിവക്ഷേത്രം, പാറ മാങ്കരയമ്മന്‍ കോവില്‍, ഏറാഞ്ചേരി പള്ളി, കോവില്‍പാളയം ക്രിസ്ത്യന്‍ പള്ളി എന്നിവയൊക്കെ പുരാതനവും പ്രശസ്തവുമായ ദേവാലയങ്ങളാണ്. ചെറുകുന്നുകളും താഴ്വരകളും സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്താണ് എലപ്പുള്ളി. പാലക്കാട്-പൊള്ളാച്ചി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകുടി കടന്നുപോകുന്നു. ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്.

വിദ്യാഭ്യാസം

ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായവും കുടിപ്പള്ളിക്കൂടങ്ങളും തന്നെയാണ് ആദ്യകാലത്ത് എലപ്പുള്ളി പ്രദേശത്തുമുണ്ടായിരുന്നത്. മേച്ചേരിപാടത്തെ എഴുത്തച്ഛന്റെ അടുത്തു ചെന്ന് വിദ്യ അഭ്യസിച്ചിരുന്നവരുടെ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചതെന്നു പറയാം. അന്നത്തെ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂരിലേക്ക് കുട്ടികളെ അയച്ചു പഠിപ്പിക്കുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി. ഇന്ന് എലപ്പുള്ളി തറയില്‍ പ്രവര്‍ത്തിക്കുന്ന, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള രണ്ടു പള്ളിക്കൂടങ്ങള്‍, രാമശ്ശേരി സ്കൂള്‍, എലപ്പുള്ളി ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ കുട്ടിക്കൃഷ്ണമേനോന്‍ നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.

സാംസ്കാരിക ചരിത്രം

കേരളത്തില്‍ തുടങ്ങിവെച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തോടൊപ്പം തന്നെ എലപ്പുള്ളി പഞ്ചായത്തിലും അതിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമെന്നോണം പഞ്ചായത്തോഫീസിനുള്ളില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തേനാരി, രാമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1932-കാലഘട്ടത്തില്‍ തേനാരി പ്രദേശത്ത് ഒരു കലാസമിതി സ്വന്തമായി നാടകരചന നടത്തി അഭിനയിച്ചവതരിപ്പിച്ചിരുന്നു. നാടകത്തിനുവേണ്ട പശ്ചാത്തലഗാനങ്ങള്‍ സ്വയം അഭ്യസിച്ചുകൊണ്ടാണ് അക്കാലത്ത് നാടകരംഗത്തുള്ളവര്‍ നിലനി‍ന്നിരുന്നത്. ഉതുവക്കാട് മാര്‍ക്കണ്ഡേയന്‍ നാടകം, എണ്ണപ്പാടം ആര്യമാലക്കളി എന്നിവ എടുത്തുപറയേണ്ടതാണ്. അമ്മായി, പഞ്ചതന്ത്രം, വിരുതന്‍ ശങ്കു, തുടങ്ങിയ നോവലുകള്‍ രചിച്ച കാരാട്ട് അച്യുതമേനോനും വൃക്ഷംസാക്ഷി, ചന്ദ്രഹാസ ചരിതം, ഭക്തമാല എന്നീ കൃതികളുടെ കര്‍ത്താവായ കുട്ടികൃഷ്ണ മേനോനും എലപ്പുള്ളി നിവാസികളായിരുന്നു. വാസു ഫിലിംസ് സ്ഥാപിച്ച വാസുമേനോനും എലപ്പുളളിയില്‍ ജനിച്ചയാളാണ്. വേങ്ങേടി ആറ്റാഞ്ചേരി വീട്ടില്‍ വി.ആര്‍. ഗോപിനാഥിന്റെ ഉണ്ണിക്കുട്ടന് ഒരു ജോലി കിട്ടി എന്ന സിനിമയ്ക്ക് നാഷണല്‍ ആവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് തേനാരി. തേനരുവി എന്ന പേര് ലോപിച്ച് തേനാരി എന്നായതാണെന്ന് പറയപ്പെടുന്നു. എന്നും നിലക്കാത്ത നീര്‍ധാര പൊഴിക്കുന്ന ഒരു തീര്‍ഥം ഇവിടെയുണ്ട്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാമനും, സീതയുമാണ്. കാളയുടെ വായില്‍ നിന്നും വരുന്ന നീര്‍ധാര പ്രസിദ്ധമായ കാശീതീര്‍ത്ഥമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ വനവാസകാലത്ത് പത്നിയായ സീതാദേവിക്ക് ദാഹമുണ്ടായപ്പോള്‍ രാമന്‍ എയ്ത ശരം കാശിയില്‍ ചെന്ന് പതിക്കുകയും അവിടെ നിന്ന് തീര്‍ത്ഥം പൊഴിയുകയും സീതയുടെ ദാഹം തീരുകയും ചെയ്തതായാണ് ഐതിഹ്യം. ശംഖുചക്രപ്പാറയില്‍ ശംഖും, ചക്രവും വരച്ച ചിഹ്നങ്ങളും ഇപ്പോഴും കാണാവുന്നതാണ്. വാസ്തുശില്പകലയുടെ ഉദാത്തമാതൃകയായ തേനാരി ശിവക്ഷേത്രം ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിച്ചുവരുന്നു. ഇതിനു തൊട്ടടുത്തായുള്ള തേനാരി “തൃക്കുഴി അമ്മ” എന്ന ദേവീപ്രതിഷ്ഠ വളരെ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിയാണ് തൃക്കുഴിയമ്മ. പിണങ്ങിയിരിക്കുന്ന ഈ സഹോദരിമാരുടെ “തട്ടകത്തില്‍” വസിക്കുന്ന തേനാരി പ്രദേശത്തുകാര്‍ ആരും തന്നെ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനു പോവാറില്ല. മാത്രമല്ല, ഭരണിക്കു പോകുന്നവരുടെ ഭസ്മം (പ്രസാദം) ഇന്നും ഇവിടെയുള്ളവര്‍ നിരസിക്കാറുണ്ട്. പഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട വേറൊരു ക്ഷേത്രമാണ് പാറമാങ്കരയമ്മന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഏതാണ്ട് 900 വര്‍ഷം പഴക്കമുണ്ട്. ബാര്‍ട്ടര്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കച്ചവടക്കാരായ തമിഴ് ചെട്ടിയാന്‍മാര്‍ അവിടെ ധാരാളമായി വിളയുന്ന പാശിപയര്‍(ചെറുപയര്‍) കേരളത്തില്‍ കൊടുത്ത് സുഗന്ധവിളയായ കുരുമുളക് പകരം വാങ്ങികൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. കാളകളുടെ ചുമലില്‍ പാശിപയറും ഏറ്റി വരുന്ന വ്യാപാരികള്‍ക്ക് പാറപ്രദേശം ഒരു ഇടത്താവളമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങള്‍ മാമ്പുള്ളി ഭഗവതി വേല, രാമശ്ശേരി കുമ്മാട്ടി, എലപ്പുള്ളി വിഷുവേല, എന്നിവയാണ്. ഇവയില്‍ മാമ്പുള്ളി വേല ഒരു പ്രത്യേക സമുദായക്കാര്‍ മാത്രം നടത്തുന്ന വേലയാണ്. വിവിധ പ്രദേശങ്ങളില്‍ പെട്ട 64 ദേശങ്ങളുടെ അടിമക്കാവ് ആയാണ് മാമ്പുള്ളിക്കാവ് അറിയപ്പെടുന്നത്. ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തു ചേര്‍ന്ന് കൂട്ടുപൂജ നടത്തി വരാറുണ്ട്. പഞ്ചായത്തിലെ പ്രബല സമുദായമായ ഈഴവര്‍ ഉള്‍പ്പെടുന്ന ദേശക്കാര്‍ പണ്ട് ഗ്രാമസഭ നടത്തി വന്നിരുന്നു. സാമുദായിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണുവാനും ഈ ഗ്രാമസഭ സഹായകരമായിട്ടുള്ളതായും പറയപ്പെടുന്നു. പൊറാട്ടുകളി കൊയ്ത്തുകഴിഞ്ഞ ശേഷം നടത്തുക പതിവുണ്ട്. കാര്‍ഷികമേഖലയുടെ സംരക്ഷകരെന്നറിയപ്പെടുന്ന കുടുംബദൈവങ്ങളാണ് കണ്ടാകര്‍ണ്ണന്‍, വെളുത്തന്‍, മല്ലന്‍, മുതിയപ്പന്‍ കാളി തുടങ്ങിയ ദൈവങ്ങള്‍. ഇവര്‍ മൃഗബലിയും, പക്ഷിബലിയുമൊക്കെയുള്‍പ്പെട്ട പ്രത്യേക പൂജാദികള്‍ വര്‍ഷംതോറും നടത്തി വരാറുണ്ട്. മരിച്ചുപോയ പുണ്യാത്മാക്കള്‍ക്ക് ബലിച്ചോറ് നല്‍കികൊണ്ട് വാവുകുളി എന്ന ഉത്സവം തേനാരി തീര്‍ത്ഥകുളത്തില്‍ എല്ലാവര്‍ഷവും തുലാമാസത്തിലെ വാവുദിവസം നടത്തിവരുന്നുണ്ട്. കര്‍ക്കിടകവാവും ഇവിടെ പ്രധാനമാണ്. കൊല്ലത്തില്‍ ഒരു പ്രാവശ്യം കുന്നുകാട് ക്രിസ്ത്യന്‍ പള്ളിയില്‍ നടത്തുന്ന മൃഗബലിപൂജ വേണ്ടുതല്‍പൂജ എന്നറിയപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ പൂജാകര്‍മ്മങ്ങള്‍ക്കായി അനേകം ആളുകള്‍ പക്ഷിമൃഗാദികളുമായി ഇവിടെ എത്താറുണ്ട്. കോവില്‍പ്പാളയം, കൊട്ടില്‍പ്പാറ തുടങ്ങിയ പള്ളികളില്‍ ഓരോ വര്‍ഷവും തേരുത്സവം നടത്തുക പതിവാണ്. ഇന്നും വളരെ പ്രചാരത്തിലുള്ള ചെണ്ട, മുതിരം പള്ളത്ത് ഒരു സംഘം ഗ്രാമീണര്‍ കൊണ്ടു നടക്കുന്ന പറവാദ്യം ,നൊച്ചിക്കാടു ഭാഗത്തു നിലവിലുള്ള ഉടുക്കുപാട്ട്, എണ്ണപ്പാടത്തെ തപ്പട്ട എന്നിവ പ്രസിദ്ധമാണ്. മണ്ണാന്‍പാട്ട്, തട്ടിന്‍മേല്‍ കൂത്ത് തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കളി നാദസ്വരം, തകില്‍ തുടങ്ങിയ നാദവാദ്യോപകരണസംഘങ്ങളും ഈ പ്രദേശത്തുണ്ട്. മൃദംഗത്തില്‍ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വ്യക്തിയാണ് സജീവന്‍. നാടന്‍ കായിക വിനോദങ്ങള്‍ ഇന്നും ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്. കബടി, വടംവലി, പുള്ളുകളി, തലപന്ത്, ഗോലികളി മുതലായവയാണവ. കൂടാതെ കയര്‍ചാട്ടം, പല്ലാങ്കുഴികളി ഇവ സ്ത്രീകള്‍ക്കായുള്ള പ്രത്യേക വിനോദങ്ങളാണ്.