പഞ്ചായത്തിലൂടെ

എലപ്പുള്ളി - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ചെറുകുന്നുകളും താഴ്വരകളും സമതലപ്രദേശങ്ങളും ചേര്‍ന്നതാണ്. കോരയാര്‍പുഴയും വണ്ടിത്തോടും-നിരവധി കുളങ്ങളും ചേര്‍ന്നതാണ് ഉപരിതലജലസ്രോതസ്സെങ്കിലും വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ പാറ നിറഞ്ഞതാണ്. ചരിവുകളിലും സമതലപ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. ഇതില്‍തന്നെ നെല്‍കൃഷിയാണ് പ്രധാനം. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 316 പൊതുകുളങ്ങള്‍ ഉള്ളത് ജലസേചനത്തിനായി പ്രയോജനപ്പെടുത്തുന്നു. ഇവിടുത്തെ പ്രധാന പുഴകള്‍ കോരയാര്‍പ്പുഴയും, വണ്ടിത്തോടുമാണ്.  വാളയാര്‍ കനാലും കുന്നംകാട്ടുപതിയുമാണ് പഞ്ചായത്തിലെ പ്രധാന കനാലുകള്‍. ഇവയും കൃഷിയിടങ്ങള്‍ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിയും അതുകൊണ്ട് തന്നെ വാളയാര്‍ അണക്കെട്ടിലാണ്. നെല്ലിനു പുറമെ നിലക്കടല, കരിമ്പ്, പരുത്തി, ചോളം, ഉഴുന്ന്, എള്ള്, കൊള്ള് (മുതിര), ചാമ, കോറ തുടങ്ങിയ വിളകളും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ എലപ്പുള്ളിയിലാണ് ഒരു മൃഗസംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ എണ്ണപ്പാടത്തും എടുപ്പുകുളത്തും സ്ഥിതി ചെയ്യുന്നുണ്ട്. 1969-ലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 13 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ വിസ്തൃതി 49.07 ചതുരശ്രകിലോമീറ്ററാണ്.  ഈ പഞ്ചായത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സ് കിണറുകള്‍ തന്നെയാണ്. എന്നാല്‍ മിക്ക കിണറുകളും വേനല്‍ക്കാലത്ത് വറ്റിപ്പോകുന്നവയാണ്. 162 പൊതുകിണറുകളും 626 പൊതു കുടിവെള്ളടാപ്പുകളും ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിന് കുറച്ചെങ്കിലും ആശ്വാസമാകുന്നു. പഞ്ചായത്ത് പരിധിക്കുള്ളില്‍ വരുന്ന തേനാരി തീര്‍ത്ഥം വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി  സ്ഥാപിച്ചിരിക്കുന്ന 850 തെരുവു വിളക്കുകള്‍ വീഥികള്‍ക്ക് രാത്രികാലങ്ങളില്‍ വെളിച്ചം പകരുന്നു. ഇവിടുത്തെ പൊതുവിതരണമേഖലയില്‍ 13 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു നീതി സ്റ്റോറും പേട്ടയിലുള്ള ഒരു മാവേലി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിന്റേതായി ഒരു കമ്മ്യൂണിറ്റി ഹാളും, ശിവക്ഷേത്ര, ജയലക്ഷ്മി, കൃഷ്ണശ്രീ  എന്നിങ്ങനെ മൂന്നു കല്യാണമണ്ഡപങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എലപ്പുള്ളിയിലാണ്. ഇവിടെ തന്നെയാണ് ബി.എസ്.എന്‍.എല്‍-ന്റെ ഓഫീസും കൃഷിഭവനും സ്ഥിതി ചെയ്യുന്നത്. പാറ, എലപ്പുള്ളി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ അധികാരപരിധിയിലാണ് ഈ ഗ്രാമപഞ്ചായത്ത് വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന പോസ്റ്റ് ഓഫീസും വണ്‍മാന്‍ ട്രസ്റ്റും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പ്രധാന സ്ഥാപനം അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയാണ്. പാറ, പള്ളത്തേരി, തേനാരി, രാമശ്ശേരി, എടുപ്പുകുളം, വേങ്കോടി, ഇരട്ടകുളം എന്നിവിടങ്ങളിലായി തപാല്‍/കൊറിയര്‍ സര്‍വ്വീസുകളും സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ആദ്യമായി ഒരു ക്ഷീരഗ്രാമപഞ്ചായത്ത് രൂപീകരിച്ചത് ഇവിടെയാണ്, കൂടാതെ രാഷ്ട്രപതിയുടെ നിര്‍മ്മല്‍ പുരസ്കാര അവാര്‍ഡും നേടിയിട്ടുണ്ട്. ഇവിടുത്തെ രാമശ്ശേരി ഇഡ്ഡലി പ്രസിദ്ധമാണ്. പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്ന കോഴിക്കോട്-പൊള്ളാച്ചി (നാഷണല്‍ ഹൈവേ 217) യാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. ഡോക്ടര്‍ ലോഹന്‍ വില്യംസിന്റെ 1906-ല്‍ പ്രസിദ്ധീകരിച്ച ”മാന്വല്‍ ഓഫ് മലബാര്‍ ഡിസ്ട്രിക്ട്” എന്ന പുസ്തകത്തില്‍ പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കുണ്ടായിരുന്ന നടപ്പാത, ടിപ്പുവിനെതിരെ യുദ്ധം ചെയ്യാന്‍ 1783-ല്‍ ബ്രിട്ടീഷ് പട്ടാളം യുദ്ധോപകരണങ്ങള്‍ കയറ്റിയ കുതിരവണ്ടിക്കും, കാളവണ്ടിക്കും വരാനുള്ള പാതയാക്കി മാറ്റി എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പാതയാണ് പില്‍ക്കാലത്ത് പാലക്കാട്-പൊള്ളാച്ചി സ്റ്റേറ്റ് ഹൈവേയായതും തുടര്‍ന്ന് ദേശീയപാത 217 ആയിമാറിയതും. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. ഇവിടുത്തെ ജനങ്ങള്‍ വിദേശയാത്രാസൌകര്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഏറ്റവും അടുത്തുകിടക്കുന്ന കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിന് അടുത്തുള്ള തുറമുഖം കൊച്ചി തുറമുഖമാണ്. പഞ്ചായത്തിനകത്തോ തൊട്ടടുത്തോ ആയി ജലഗതാഗതകേന്ദ്രങ്ങള്‍ ഒന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ബസ് സ്റ്റാന്റ് ആണ് ഇവിടുത്തെ റോഡുഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സ്ഥലം. കാര്‍ഷികഗ്രാമമായ എലപ്പുള്ളി പഞ്ചായത്തില്‍ വിവിധ പാരമ്പര്യത്തൊഴിലുകളില്‍ വൈദഗ്ദ്ധ്യം നേടിയവരാണ് അധികവും. ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നശേഷം കര്‍ഷകരുടെ ജീവിതനിലവാരത്തില്‍ മാറ്റം പ്രതിഫലിച്ചെങ്കിലും മറ്റു ഉല്പാദനമേഖല തെരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല ചില പ്രയോഗിക കാരണങ്ങളാല്‍ വൈമുഖ്യവും പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ആദ്യവ്യവസായം പാറയില്‍ ശ്രീ കല്ലിംഗചെട്ടിയാര്‍ 1939-ല്‍ തുടങ്ങിയ റൈസ് മില്ലായിരുന്നു. ഇന്ന് പഞ്ചായത്തില്‍ വന്‍കിട-ചെറുകിട മേഖലകളിലായി  ചില വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കണ്ണാശുപത്രി, ഇലക്ട്രോമെറ്റല്‍സ്, ഗ്ളൌസ് തുടങ്ങിയ വന്‍കിട വ്യവസായങ്ങള്‍ ഇവിടുത്തെ വ്യവസായരംഗത്തെ പുരോഗതിയുടെ ഭാഗമാണെന്നു പറയാം. ശ്രീരാം ഇന്‍ഡസ്ട്രീസ്, കെല്‍ടെക്സ്, ബോട്ടില്‍, എക്സല്‍ കോറി ഗേറ്റഡ് ബോക്സ്, ഫര്‍ണീച്ചര്‍ തുടങ്ങി ചില ഇടത്തരം വ്യവസായങ്ങളും, നെയ്ത്ത്, മണ്‍പാത്രം, കൊട്ട എന്നിങ്ങനെ പരമ്പരാഗത വ്യവസായങ്ങളും പഞ്ചായത്തിലുണ്ട്. കൃപ ഫ്യൂവല്‍സ് എന്ന പേരില്‍ ഒരു പെട്രോള്‍ ബങ്കും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായി നിലകൊള്ളുന്നത് പാറ ടൌണ്‍ ആണ്. കൂടാതെ എലപ്പുള്ളിയില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സും പാറയില്‍ ഒരു ആഴ്ചചന്തയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ ആരോഗ്യരംഗം മുന്‍കാലത്ത് പ്രധാനമായും ആയുര്‍വേദ ചികിത്സാരീതിയെയും നാട്ടുചികിത്സാരീതിയെയുമാണ് ആശ്രയിച്ചിരുന്നത്. ഹോമിയോപ്പതി ചികിത്സാരീതിയും അക്കാലത്ത് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് നിലനിന്നിരുന്നു. ഇന്ന് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അതിന്റെ ഉപകേന്ദ്രങ്ങളുമായി 17-ഓളം ചികിത്സാകേന്ദ്രങ്ങള്‍ പഞ്ചായത്ത് പരിധിക്കുള്ളില്‍ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നു. ഇതുകൂടാതെ പേട്ടയില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും, പാറയില്‍ ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും, തേനാരിയില്‍ ഒരു ഹോമിയോ ആശുപത്രിയും പഞ്ചായത്തിലെ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ ഭാഗമാണ്. ഗ്രാമപഞ്ചായത്തിന്റേതായി റോട്ടറി ക്ളബ് എന്ന പേരില്‍ ആംബുലന്‍സ് സേവനസൌകര്യവും ഇവിടെ ലഭ്യമാണ്. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവിനുമുമ്പ് ഗുരുകുല വിദ്യാഭ്യാസവും കുടിപള്ളിക്കൂടങ്ങളും തന്നെയാണ് എലപ്പുള്ളി പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഔപചാരിക വിദ്യാഭ്യാസത്തിന് നാന്ദി കുറിച്ചതെന്നു പറയാം. ഇന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യം ഒരുക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ പഞ്ചായത്തിലെ എലപ്പുള്ളി, കുന്നാച്ചി, തേനാരി, രാമശ്ശേരി, എണ്ണപ്പാടം തുടങ്ങി പല സ്ഥലങ്ങളിലായി  എല്‍.പി, യു.പി, ഹൈസ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ എലപ്പുള്ളി ഹൈസ്കൂള്‍ ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ലഭ്യമാക്കി രണ്ട് സ്കൂളുകള്‍ പഞ്ചായത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പഞ്ചായത്തിനകത്ത് പറയത്തക്ക സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ ഒരു പ്രാദേശികകേന്ദ്രം മാത്രമാണ് ഇവിടെ ഉപരിപഠനത്തിനായി നിലകൊള്ളുന്നത്. ഇവിടുത്തെ സാംസ്ക്കാരിക ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പ്രധാനമായും മൂന്നു മതവിഭാഗക്കാരാണ് പഞ്ചായത്തില്‍ ഉള്ളത്. ഹിന്ദുക്കള്‍, മുസ്ളീങ്ങള്‍, ക്രിസ്ത്യാനികള്‍ ഇവരുടേതായി നിലകൊള്ളുന്ന നിരവധി ആരാധനാലയങ്ങള്‍ വലിയൊരളവുവരെ ഇവിടുത്തെ സാംസ്കാരിക ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. തേനാരി ശ്രീരാമക്ഷേത്രം കേരളത്തിന്റെ ടൂറിസ്റ്റു ഭൂപടത്തില്‍ സ്ഥാനം പിടിച്ച പ്രസിദ്ധമായ ഒരു ഹിന്ദു ആരാധനാലയമാണ്. ഇതിനുപുറമേ മാങ്കര അമ്മന്‍കോവില്‍, മന്നത്ത് ഭഗവതി ക്ഷേത്രം, വാഴക്കോട് പള്ളി, ഉമീം പള്ളി, കോവില്‍ പാളയം ചര്‍ച്ച്, പ്ളാസം പതി ചര്‍ച്ച് എന്നിങ്ങനെ വിവിധ മതവിഭാഗക്കാരുടേതായി ധാരാളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഹിന്ദു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന രാമശ്ശേരികുമാട്ടി, മാമ്പുള്ളി വേല, എലപ്പുള്ളി വിഷു വേലകള്‍ എന്നിങ്ങനെ വിവിധ ആഘോഷങ്ങളും ഉത്സവങ്ങളും വിവിധ സമുദായക്കാര്‍ കൂട്ടായും വേര്‍പിരിഞ്ഞും നടത്തിവരാറുണ്ട്. ഇത്തരം ഉത്സവങ്ങളും ആചാരങ്ങളും ഇവിടുത്തെ സാംസ്ക്കാരിക തനിമയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കോനാത്തു രാമകൃഷ്ണന്‍കുട്ടി മേനോന്‍, “അമ്മായി”, “പഞ്ചതന്ത്രം”, “വിരുതന്‍ശങ്കു” തുടങ്ങിയ നോവലുകളുടെ സ്രഷ്ടാവായ പ്രമുഖ നോവലിസ്റ്റ് കാരാട്ട് അച്യുതമേനോന്‍, പ്രസിദ്ധ സാഹിത്യകാരനായ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍, ഭഗവത്ഗീത വിവര്‍ത്തനം ചെയ്ത കെ.വി. മേനോന്‍, ചെറുകഥാകൃത്തായ കാരാട്ട് വസന്തകുമാരി, സിനിമാ നിര്‍മ്മാതാവായ നാപംവീട് വാസുദേവന്‍ നായര്‍, സിനിമാരംഗത്ത് തന്നെ പ്രശസ്തിയാര്‍ജ്ജിച്ച നാപംവീട് രഘുവരന്‍, രവിമേനോന്‍ സംഗീതരംഗത്ത് പേരുകേട്ട മാണിക്യത്ത് രത്നവല്ലി, ഓട്ടന്‍തുള്ളല്‍ കലാകാരനായ  ചടക്കിംഗല്‍ ശങ്കരന്‍ നായര്‍, ജഡ്ജിയായി പ്രവര്‍ത്തമനുഷ്ഠിച്ച ഏക്തണത്ത് അച്യുതന്‍ ഉണ്ണി എന്നിവര്‍ ഈ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. കഥാപ്രാസംഗികനായ മനവഴി സേതുമാധവന്‍, സിനിമാസംവിധായകനായ വി.ആര്‍. ഗോപിനാഥ്, സിനിമയില്‍തന്നെ പേരെടുത്തെ മധുമേനോന്‍, ലഫ്റ്റനന്റ് ജനറലായ മാണിക്യത്ത് രമേഷ് മേനോന്‍, കേണല്‍മാരായ  മാണിക്യത്ത് സതീശ് മേനോന്‍, ചക്രവാണി മേനോന്‍ എന്നിവര്‍ ഇന്നും ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായി നിലകൊള്ളുന്നു. പഞ്ചായത്തിലെ കലാരംഗത്ത് പ്രോത്സാഹനം നല്‍കുന്ന ഒരു സംഘടനയാണ് മേനോമ്പാറ ശ്രീകൃഷ്ണ മ്യൂസിക്കല്‍ അക്കാദമി. ചൈതന്യ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ളബ്, നെഹ്റു ലൈബ്രറി & പാര്‍ക്ക് തുടങ്ങി ചില വായനശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഗ്രന്ഥശാലകള്‍ ഒന്നും തന്നെയില്ല.