എലപ്പുള്ളി

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കില്‍ മലമ്പുഴ ബ്ളോക്കിലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എലപ്പുള്ളി 1, 2 എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ്. 1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. എലപ്പുള്ളിയില്‍ ആദ്യത്തെ പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വന്നത് 1940-ല്‍ ആണ്.ഇന്ത്യയില്‍ ഗ്രാമീണ വൈദ്യുതീകരണത്തില്‍ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. വികസനരംഗത്ത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നും പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡും ഈ പഞ്ചായത്തിനാണ് ലഭിച്ചിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം.എസ്. വിശ്വനാഥന്‍ എലപ്പുള്ളി പഞ്ചായത്തിലെ മേച്ചേരി തറവാട്ടില്‍ ജനിച്ച ആളാണ്. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് തേനാരി. തേനരുവി എന്ന പേര് ലോപിച്ച് തേനാരി എന്നറിയപ്പെടുന്ന ഇവിടെ എന്നും നിലക്കാത്ത നീര്‍ധാര പൊഴിക്കുന്ന ഒരു തീര്‍ഥം ഉണ്ട്. തമിഴ്നാടിനെയും, കേരളത്തേയും ബന്ധിപ്പിക്കുന്ന ഈ പ്രദേശം പഴമക്കാര്‍ക്ക് കച്ചവടത്താവളമായിരുന്നു. രാമശ്ശേരി കുമ്മാട്ടി ഉത്സവം പുതുശ്ശേരി വെടിയുടെ മുന്നോടിയായി നടക്കുന്ന പ്രശസ്ത പ്രാദേശിക ഉത്സവമാണ്. രാമശ്ശേരിയുടെ വേറൊരു പ്രത്യേകത ഇവിടെ ഉല്പാദിപ്പിക്കുന്ന രാമശ്ശേരി ഇഡ്ഡലിയാണ്. ലോകപ്രശസ്തിയാര്‍ജ്ജിച്ച ഈ ഇഡ്ഡലി രാമശ്ശേരിയിലെ തന്നെ ഒരു പരമ്പരാഗതസമുദായമാണ് ഉണ്ടാകുന്നത്. നാട്ടിനെ തുയിലുണര്‍ത്തുന്ന പുള്ളുവന്‍ പാട്ടുപാടുന്ന പുള്ളുവര്‍ അടുത്തകാലംവരെ ഈ പ്രദേശത്തെ ഓരോ വീട്ടിലും കയറിയിറങ്ങി കുടം കൊട്ടിപ്പാടുന്നത് പതിവായിരുന്നു.