ഇലന്തൂര്‍

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കിലാണ് ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഇലന്തൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 106.22 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇലന്തൂര്‍ ബ്ളോക്കിനെ കുന്നുകള്‍, കുന്നിന്‍ പുറത്തുള്ള സമതലം, വലിയ ചെരിവുപ്രദേശം, ചെറിയചെങ്ങള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, നദിതീരസമതലം, നെല്‍പ്പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, ഉയര്‍ന്ന പീഠഭൂമി, പാറക്കെട്ടുകള്‍ എന്നിങ്ങനെ പതിനൊന്ന് മേഖലകളായി തിരിക്കാം. നദീതീരപ്രദേശം ഏതാണ്ട് സമതലമാണെങ്കിലും ഒട്ടുമുക്കാല്‍ ഭാഗങ്ങളും കുന്നിന്‍ പ്രദേശങ്ങളും ചരിഞ്ഞ പ്രദേശങ്ങളുമാണ്. എക്കല്‍ കലര്‍ന്ന മണല്‍, പശിമരാശിമണ്ണ്, ചരല്‍ കലര്‍ന്ന മണ്ണ്, ചെളിമണ്ണ്, ചുവന്നമണ്ണ്, ചെങ്കല്‍ മണ്ണ്, കരിമണ്ണുളള പശിമരാശി മണ്ണ്, കരിമണ്ണ്, ചരല്‍കലര്‍ന്ന കറുത്ത മണ്ണ് എന്നിവയാണ് ഈ ബ്ളോക്കില്‍ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. പന്തളം കൊട്ടാരത്തില്‍ നിന്നും പുലിപ്പാലിനായി പോയ ശ്രീധര്‍മ്മശാസ്താവ് വിശ്രമിച്ച സ്ഥാനമാണ് ആയിക്കല്‍ തിരുവാഭരണപ്പാറയെന്നു ഐതിഹ്യമുണ്ട്. പുണ്യക്ഷേത്രങ്ങളായ ആറന്‍മുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന പുരാതനസഞ്ചാരമാര്‍ഗ്ഗം ഇലന്തൂരിലൂടെ ആയിരുന്നു. ‘ഓമല്ലൂര്‍ വയല്‍ വാണിഭം’ പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ ഏറ്റവും വലിയ കാര്‍ഷിക വ്യാപാരമേളയായിരുന്നു. 1869-ല്‍ ജി.എ.ബെല്ലാര്‍ഡ് കോഴഞ്ചേരി പ്രദേശത്തിന്റെ വാണിജ്യപരമായ സ്ഥാനം പരിഗണിച്ച് സ്ഥാപിച്ച മാര്‍ക്കറ്റാണ് ബെല്ലാര്‍ഡ് മാര്‍ക്കറ്റ്. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് കോഴഞ്ചേരി ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ സ്ഥാപിതമായി. 1937-ല്‍ ഗാന്ധിജി ഇലന്തൂര്‍ ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സി.കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ചരിത്രസംഭവമാണ്. കോഴഞ്ചേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകം അതിന്റെ സ്മാരകമായി ഇന്നും നിലകൊളളുന്നു. 1930-ല്‍ ആരംഭിച്ച് എല്ലാവര്‍ഷവും കൊണ്ടാടി വരാറുള്ള ഓമല്ലൂരിലെ സംയുക്ത ക്രിസ്തുമസ് ആഘോഷം പൊതുസ്ഥലത്തു വച്ച് നടക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ക്രിസ്തുമസ് പരിപാടികളിലൊന്നാണ്. നിരവധി പ്രശസ്തവ്യക്തികള്‍ക്ക് ജന്മം നല്‍കിയ ഈ നാട് ഇന്നറിയപ്പെടുന്നതു തന്നെ അഭിനയപ്രതിഭയായ മോഹന്‍ലാലിന്റെ ജന്മദേശം എന്ന നിലയിലാണ്.