ചരിത്രം

സാമൂഹ്യചരിത്രം

പശ്ചിമഘട്ട മലമടക്കുകളില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള “ഇടമണ്ണ്” ആണ് “എടവണ്ണ”യായി തീര്‍ന്നത്. ചാലിയാറോളം പഴക്കവും പ്രചീനതയുമുണ്ട് എടവണ്ണയുടെ ചരിത്രത്തിനും. പ്രാചീനകാലം തൊട്ടേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. എടവണ്ണയുടെ പരിസരങ്ങളില്‍ നിന്നും പലപ്പോഴായി കിട്ടിയ ചരിത്രാവശിഷ്ടങ്ങള്‍ അത്തരമൊരു സൂചന നല്‍കുന്നുണ്ട്. ഇവിടുത്തെ യഥാര്‍ത്ഥ ആദിമനിവാസികള്‍ എന്ന് അവകാശപ്പെടാന്‍ കഴിയുക ആദിവാസികള്‍ക്കു മാത്രമാണ്. ചോലാര്‍, ചെക്കുന്ന്, കൊളപ്പാട് തുടങ്ങിയ മലകളുടെ മുകള്‍ത്തട്ടില്‍ താമസിക്കുന്ന “മുതുവാന്‍” സമുദായക്കാരാണ് ഈ പ്രദേശത്തെ പ്രസ്തുത ആദിമജനത. പിന്നെ ഇന്നുള്ള വിവിധ ഹരിജന്‍ വിഭാഗങ്ങളുടെ മുന്‍ഗാമികളും. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മലബാറിലെ തീരപ്രദേശങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ ആധിപത്യം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ളീങ്ങള്‍ ഉള്‍പ്പെടുന്ന മലബാര്‍ ജനതയില്‍, ചില കുടുംബങ്ങള്‍ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ചാലിയാര്‍ ഇതിന് സുഗമമായ പാതയൊരുക്കുകയും ചെയ്തു. ചാലിയാറിന്റെ തീരപ്രദേശത്തെ വളക്കൂറുള്ള മണ്ണും, വിലമതിക്കാനാവാത്ത ജൈവസമ്പത്തും, വനപ്രദേശങ്ങളും കുടിയേറ്റത്തെ ത്വരിതപ്പെടുത്തി. പറങ്ങോടന്‍പാറ, കൊങ്ങന്‍പാറ, പീലികണ്ണന്‍പാറ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന കുന്നുകളെ ഹൈന്ദവസംസ്കാര കേന്ദ്രങ്ങളായി കാണാം. ഈ ഭാഗത്തെ ആളുകള്‍ക്ക് ഏറ്റവുമടുത്ത വാണിജ്യകേന്ദ്രം കോഴിക്കോടായിരുന്നു. ചാലിയാര്‍ അക്കാലത്തെ പ്രധാന വാണിജ്യയാത്രാമാര്‍ഗ്ഗമായിരുന്നു. എടവണ്ണ അക്കാലത്ത് ലക്ഷണമൊത്ത ഒരു കൊച്ചുതുറമുഖം തന്നെയായിരുന്നു. മരം മുറിക്കുകയും, തെരപ്പംകെട്ടി പുഴയിലൂടെ മരം കോഴിക്കോട്ടെത്തിക്കുകയും ചെയ്യുന്ന “പുഴമ്പണി” എടവണ്ണക്കാരില്‍ പലരുടെയും ഉപജീവനമാര്‍ഗ്ഗമായിരുന്നു. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിര്‍മ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകള്‍ എടവണ്ണയിലൂടെയും കടന്നുപോവുന്നുണ്ട്. എടവണ്ണ അങ്ങാടിയില്‍നിന്ന് കുന്നുമ്പുറംവഴി വണ്ടൂര്‍ റോഡില്‍ ചേരുന്ന റോഡ്, ടിപ്പുസുല്‍ത്താന്‍ റോഡ് എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. ഒതായില്‍ ഒരു ഖാദിപ്രസ്ഥാനം തുടങ്ങിയതോടെയാണ് എടവണ്ണയില്‍ ദേശീയപ്രസ്ഥാനത്തിന് മുളപൊട്ടുന്നത്. അറക്കല്‍ മുഹമ്മദ്, എ.അലവിമൌലവി, പി.വി.മുഹമ്മദ്ഹാജി, പി.വി.ഉമ്മര്‍കുട്ടിഹാജി, പി.വി.ഷൌക്കത്തലി, പി.വി.അബ്ദുള്ളക്കുട്ടി, വി.പി.മുഹമ്മദുകുട്ടി, മീമ്പറ്റ മോയിന്‍കുട്ടി, പുളിക്കല്‍ മമ്മത് തുടങ്ങിയവരായിരുന്നു എടവണ്ണയില്‍ നിന്നും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നത്. ഖിലാഫത്ത് സമരക്കാലത്ത് നടന്ന ഒരു പ്രധാനസംഭവമാണ് ഒതായില്‍ നടന്ന കൂട്ടക്കൊല. ഒതായില്‍ തമ്പടിച്ച കലാപകാരികളെ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളമെത്തി. ബ്രിട്ടീഷ് പട്ടാളക്കാരെ നാടന്‍ തോക്കുകളുമായി കലാപകാരികള്‍ നേരിടുകയും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപകാരികള്‍ ഓടിയൊളിക്കുകയും ശേഷിക്കുന്നവര്‍ ഒതായിപള്ളിയില്‍ അഭയം തേടുകയും ചെയ്തു. പട്ടാളം പള്ളിക്കു നേരെ നിറയൊഴിക്കുകയും പള്ളിക്കുള്ളിലേക്ക് ബോംബിടുകയും ചെയ്തു. 33 ആളുകള്‍ പള്ളിക്കുള്ളില്‍ പിടഞ്ഞുമരിച്ചു. ഈ 33 മൃതദേഹങ്ങളും ഒരുമിച്ചാണ് മറവു ചെയ്തത്. കൊല്ലപ്പെട്ട പട്ടാളക്കാരന്റെ മൃതദേഹം എടവണ്ണ ചോലക്കല്‍ കുന്നിന്‍മുകളിലും അടക്കം ചെയ്തു. ചെമ്പക്കുത്ത് കര്‍ഷകസംഘം രൂപികരിക്കപ്പെടുന്നതോടെയാണ് തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനം എടവണ്ണയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. കമ്യൂണിസ്റ്റുകാരെ സംരക്ഷിച്ചാല്‍ രണ്ടുകൊല്ലം തടവും രണ്ടായിരം രൂപ പിഴയുമായിരുന്നു അക്കാലത്തെ ശിക്ഷ. പാട്ടപ്രശ്നം ഉയര്‍ത്തിപ്പിടിച്ച് ഒട്ടേറെ കര്‍ഷകസമരങ്ങളും, മിച്ചഭൂമി സമരങ്ങളും ഇവിടെ നടന്നു. വളരെ പ്രധാനപ്പെട്ടൊരു മിച്ചഭൂമി സമരമാണ് പത്തപ്പിരിയത്ത് നടന്നത്. 1948-ല്‍ മേത്തലയില്‍ ഉണ്ണിഹസ്സന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ ബീഡി കമ്പനിയില്‍ മിനിമം വേതനത്തിനു വേണ്ടി നടന്ന പ്രക്ഷോഭമായിരുന്നു മറ്റൊന്ന്. ബീഡി കെട്ടുകള്‍ക്ക് തീകൊളുത്തിക്കൊണ്ട് നടത്തിയ ആ പ്രക്ഷോഭം തൊഴിലാളികള്‍ക്കിടയില്‍ ഉണര്‍വ്വുണ്ടാക്കി. ഏറെ കോളിളക്കമുണ്ടാക്കിയ, “ജജ് നല്ല മനുസനാകാന്‍ നോക്ക്” എന്ന നാടകം നാടകരചയിതാവായ ഇ.കെ.അയമുവിന്റെയും ഡോ.എം.ഉസ്മാന്റെയും നേതൃത്വത്തില്‍ എടവണ്ണ പൂന്തുരുത്തിയില്‍ അരങ്ങേറി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആരംഭം എടവണ്ണയുടെ സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കി. 1961 നവംബര്‍ 20-നാണ് പെരകമണ്ണ, എടവണ്ണ വില്ലേജുകള്‍ കൂട്ടിച്ചേര്‍ത്ത് എടവണ്ണ പഞ്ചായത്ത് നിലവില്‍ വരുന്നത്. 1963 ഡിസംബര്‍ ആറിന് നടന്ന ജനറല്‍ ഇലക്ഷനിലൂടെ എടവണ്ണ പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു.

സാംസ്കാരികചരിത്രം

ചാലിയാറിന്റെ തീരത്തെ ഈ ഗ്രാമം വിശേഷമായൊരു സംസ്കാരത്തിന്റെ വിളഭൂമിയാണ്. നാല് ദിക്കുകളിലുമുള്ള കൊച്ചുപട്ടണങ്ങളുടെ മധ്യത്തിലുള്ള “ഇടമണ്ണ്” കാലാന്തരത്തില്‍ എടവണ്ണയായി മാറുകയായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ഒരുകാലത്ത് കിഴക്കന്‍ ഏറനാട്ടിലെ ഏക ഗതാഗതമാര്‍ഗ്ഗമായിരുന്നു ഈ ഗ്രാമത്തെ ഇരു പകുതികളാക്കി ഒഴുകുന്ന ചാലിയാര്‍. കോഴിക്കോട് ഭാഗത്തു നിന്നും യാത്രാബോട്ടുകള്‍ ചാലിയാറിലൂടെ എടവണ്ണയിലെത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കാവല്‍ഭിത്തിപോലെ ഉയര്‍ന്നുനില്‍ക്കുന്ന ചെക്കുന്ന്, ആലങ്ങാടി, കൊളപ്പാടന്‍ എന്നീ മലവാരങ്ങളില്‍നിന്നും, നിലമ്പൂര്‍ കാടുകളില്‍ നിന്നുമുള്ള മരത്തടികള്‍ അക്കാലത്ത് ചങ്ങാടങ്ങളാക്കി കല്ലായിയിലേക്കെത്തിച്ചിരുന്നു. പിന്നീട് എടവണ്ണയിലെത്തുന്ന മരങ്ങള്‍, വലിയപേട്ടയില്‍ കൂട്ടിയിടാനും, മരത്തടികള്‍ വാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കച്ചവടക്കാര്‍ എടവണ്ണയിലെത്താനും തുടങ്ങി. അങ്ങനെ പുരാതനകാലം മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്കെത്തിയ വിവിധ തരക്കാരായ ആളുകളുടെ സംസ്കാരങ്ങളെ മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഈ പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുസ്ളീം നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയെല്ലാം രംഗഭൂമിയാകാന്‍ ഈ ഗ്രാമത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ലഹളക്കാരില്‍ നിന്നും ഹിന്ദുക്കള സംരക്ഷിക്കുന്നതിനായി മാപ്പിളമാര്‍ കാവല്‍ നിന്നിരുന്ന ചരിത്രം ഹിന്ദുക്കളിലും മുസ്ളീങ്ങളിലുമുള്ള പഴമക്കാര്‍ അഭിമാനപൂര്‍വ്വം സ്മരിച്ചിരുന്നു. മുസ്ളീം സ്ത്രീകള്‍ കേരള ചരിത്രത്തിലാദ്യമായി പള്ളിയില്‍ പോകാന്‍ തുടങ്ങിയത് ഒതായിലാണ്. ഇതിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖനായ പുത്തന്‍വീട്ടില്‍ മുഹമ്മദാജിയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല. മതപരവും ഗോത്രപരവുമായ ഉത്സവങ്ങളും അനുഷ്ഠാനങ്ങളും ഏറെ പ്രാധാന്യത്തോടും ജനപങ്കാളിത്തത്തോടും കൂടിയാണ് ഇവിടെ കൊണ്ടാടുന്നത്. പെരകമണ്ണ നേര്‍ച്ചയും, പൂരവും കൊളപ്പാട്ടെ ക്ഷേത്രോത്സവവും, പത്തപ്പിരിയത്തെയും ചാണല്ലൂരിലെയും പൂരങ്ങളുമെല്ലാം കേമമായി നടന്നുവരുന്നു. കാലപ്പകര്‍ച്ചയില്‍ പലതും നിന്നുപോയിട്ടുണ്ട്. ചെക്കുന്ന്, ആലങ്ങാടി, കൊളപ്പാട്ട് മലമുകളില്‍ താമസിക്കുന്ന ഗോത്രസംസ്കൃതിയുടെ പിന്മുറക്കാരായ മുതവാന്മാരെന്ന ആദിവാസിസമൂഹത്തിന്റെ പല ആചാരാനുഷ്ഠാനങ്ങളും ഇന്നു നിലനില്‍ക്കുന്നുണ്ട്. നാടന്‍കലകള്‍ തനിമയോടെ തന്നെ ഇവിടെ നിലനിന്നിരുന്നു. ഞാറ്റുപാട്ടുകള്‍ ഇപ്പോഴും അപൂര്‍വ്വം സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ളീങ്ങള്‍ക്കിടയിലുണ്ടായിരുന്ന പല അനാചാരങ്ങളും മുസ്ളീം നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി ഉപേക്ഷിക്കപ്പെട്ടു. കേരളം മുഴുവന്‍ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നു, 1963-ല്‍ പത്തപ്പിരിയം വാര്‍ഡില്‍ നിന്നും പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ട മുസ്ളീംലീഗ് നേതാവ് പെരൂല്‍ അഹമ്മദ്സാഹിബ്, വിജയിച്ച തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയടക്കമുള്ള മെമ്പര്‍മാര്‍ക്ക് തന്റെ വാര്‍ഡില്‍ സമുചിതമായി സ്വീകരണം നല്‍കിയത്. 1950-കളില്‍ തന്നെ വായനാശാലാപ്രസ്ഥാനം പഞ്ചായത്തില്‍ വേരുന്നിയിരുന്നു. എടവണ്ണ പൊതുജനഗ്രന്ഥാലം, ഒതായി പൊതുജന വായനശാല എന്നിവ അക്കാലത്ത് രൂപം കൊണ്ടവയാണ്.