ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെന്നതുപോലെ ഒരുകാലത്ത് വയനാട്ടിലും ജൈനമതസ്ഥര്‍ തിങ്ങിപ്പാര്‍ത്തിരുന്നു എന്നതിനു തെളിവാണ് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സുല്‍ത്താന്‍ ബത്തേരിയും, കല്‍ബട്ട എന്നറിയപ്പെട്ടിരുന്ന കല്‍പ്പറ്റയും, കണിയാംപേട്ട എന്നറിയപ്പെട്ടിരുന്ന കണിയാംപറ്റയും അവിടെ കാണുന്ന ജൈനമതക്ഷേത്രങ്ങളും ജൈനകുടുംബങ്ങളും. എടവക പഞ്ചായത്തിലെ ഇന്നത്തെ പാണ്ടിക്കടവിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ജൈനന്‍മാര്‍ താമസിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. പഴയകാലത്ത് തരകനങ്ങാടി എന്ന് പ്രസിദ്ധമായിരുന്ന ഈ പ്രദേശത്ത് ഇപ്പോഴാകട്ടെ, വിരലിലെണ്ണാവുന്ന ജൈനകുടുംബങ്ങള്‍ മാത്രമേയൂള്ളൂ. തരകന്‍ എന്ന പേര് അന്നത്തെ സര്‍ക്കാറിന്റെ റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചിരുന്ന പേരാണ്. അത് പിന്നീട് പാരമ്പര്യമായി തുടര്‍ന്നുപോന്നു. ഇവിടെ പുനരുദ്ധാരണം നടന്ന ഒരു ജൈനക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട.് ആയുര്‍വേദവൈദ്യരംഗത്ത് പ്രഗല്‍ഭരായ പല വൈദ്യന്മാരും ജൈനന്മാരുടെ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. അങ്ങാടിമരുന്നുകള്‍ സുലഭമായി ലഭിച്ചിരുന്നതിനാല്‍ ഇവിടം തരകനങ്ങാടി എന്ന പേരില്‍ പ്രസിദ്ധമായി. പള്ളിക്കല്‍ അങ്ങാടിയും ഇപ്രകാരം ഉയര്‍ന്നുവന്നതാണ്. പള്ളി എന്ന പാലിപദത്തിന്റെ അര്‍ത്ഥം ആധ്യാത്മിക ഉപദേശം, വിദ്യാഭ്യാസം, രാജശാസനങ്ങള്‍, നാടുവാഴികളുടെ വിളംബരങ്ങള്‍ മുതലായവ നല്‍കിയിരുന്ന സ്ഥലമെന്നാണ്. പള്ളി ചേര്‍ന്നുള്ള സ്ഥലനാമങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ തരത്തില്‍ പള്ളികള്‍ സ്ഥിതി ചെയ്തിരുന്നു എന്നുവേണം അനുമാനിക്കാന്‍. പാണ്ടിക്കടവിനു സമീപം കാണുന്ന പള്ളിയറക്കല്‍ ക്ഷേത്രത്തിനും ഇത്തരമൊരു കഥ പറയാനുണ്ട്. കോട്ടയം രാജാക്കന്മാര്‍ വയനാടിനെ ആക്രമിക്കുന്നതുവരെ ഇവിടെ ഉണ്ടായിരുന്ന സംസാരഭാഷ കന്നടയായിരുന്നു. വയനാട്ടില്‍ത്തന്ന പലരാജാക്കന്മാരും അധികാരങ്ങള്‍ മാറിമാറി കൈയ്യാളി. അവരില്‍ പ്രബലനായിരുന്നത് ബട്ടത് ദ്വരൈ എന്ന് അറിയപ്പെട്ടിരുന്ന ബേഡരാജാവായിരുന്നു. കോട്ടയം രാജാക്കന്മാര്‍ വയനാടിനെ ആക്രമിച്ച് ബേഡരാജാവിനെ വധിച്ചു. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ജൈനന്മാരില്‍ വലിയൊരു ഭാഗം കര്‍ണ്ണാടകയിലേക്കു പാലായനം ചെയ്തു. മറ്റു ചിലര്‍ കാടുകയറി. എതിര്‍ത്തുനിന്നവര്‍ വധിക്കപ്പെട്ടു. കാടുകയറിയവരില്‍ ചിലര്‍ കാലങ്ങള്‍ക്കുശേഷം നാട്ടിന്‍പുറങ്ങളിലേക്ക് മടങ്ങിവന്ന് പണികള്‍ ചെയ്ത് ഉപജീവനം കഴിച്ചുപോന്നു. അവരാണ് പണിയരുടെ പൂര്‍വ്വികരെന്ന് കരുതപ്പെടുന്നത്. പണിയരുടെ ഭാഷയില്‍ കാണുന്ന കന്നടഭാഷാസ്വാധീനം ഇതിന് കൂടുതല്‍ ഉപോല്‍ബലകമായ തെളിവാണ്. ഒരുവിധ തനതുസംസ്കാരത്തിനും രൂപം നല്‍കാന്‍ കഴിയാതെ അവരിന്നും പണിയാളരായിത്തന്ന കഴിഞ്ഞുപോരുന്നു. കാടുകയറിവരില്‍ തിരിച്ചു നാട്ടിന്‍പുറങ്ങളിലേക്കു വരാതെ കാട്ടില്‍ തന്നെ കഴിഞ്ഞുകൂടിയവരാണ് കുറുമരും, അടിയാന്മാരും മറ്റും. കോട്ടയം രാജാക്കന്മാരുടെ ആക്രമണകാലത്ത് ജീവരക്ഷാര്‍ത്ഥം ബ്രഹ്മസൂരി എന്ന ജൈനന്‍ പള്ളിയറക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വാള്‍ രാജാവിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിച്ച് തൊഴുത് അഭയം യാചിച്ചതിനേത്തുടര്‍ന്ന് പ്രസ്തുതവാള്‍ സ്വന്തം ഗൃഹത്തില്‍ സൂക്ഷിച്ച് പൂജാദികള്‍ അനുഷ്ഠിക്കണമെന്ന് രാജാവ് കല്‍പ്പനയായി. പാരമ്പര്യമായി വാള്‍ കൈമാറി പൂജിച്ചുവരുന്ന ഒരു ജൈനകുടുംബം ഇപ്പോള്‍ പാണ്ടിക്കടവില്‍ താമസിക്കുന്നുണ്ട്. ഈ വാള്‍ വള്ളിയൂര്‍ക്കാവിലേക്ക് വര്‍ഷാവര്‍ഷം എഴുന്നള്ളിച്ച് കൊണ്ടുപോകാറുണ്ട്. പള്ളിക്കല്‍ഭാഗത്ത് താമസിച്ചിരുന്ന ഒരു ഹൈന്ദവകുടുംബത്തില്‍ ചികിത്സക്കായി വന്ന ശൈഖ് ശാഹുല്‍മുര്‍ത്തലയാണ് പള്ളിക്കലില്‍ താമസമാക്കിയ ആദ്യമുസ്ളീം. സിദ്ധനായിരുന്ന ഇദ്ദേഹം, രോഗിണിയായ പെണ്‍കുട്ടിയുടെ രോഗം ഭേദമാക്കിയതിനാല്‍ കുട്ടിയുടെ പിതാവ് സന്തോഷിച്ച് ശൈഖിന് സമ്മാനിച്ചതാണെത്രേ കല്ല്യാണത്തുംപള്ളി ഇരിക്കുന്ന സ്ഥലവും മറ്റും. കുട്ടിയുടെ പേര് കല്ല്യാണി എന്നായിരുന്നതിനാലാണ് പള്ളിക്ക് കല്യാണത്തുംപള്ളി എന്നു പേരിടാന്‍ കാരണം. 1626-ല്‍ ഇന്ന് കാണുന്ന കല്ല്യാണത്തുപള്ളി നിര്‍മ്മിക്കുന്നതിന് ശ്രമം ആരംഭിച്ചു. ക്ഷേത്രവാസ്തുശൈലിയിലായിരുന്നു പള്ളിയുടെ നിര്‍മ്മാണം. ഒരു പക്ഷെ പേര്‍ഷ്യന്‍ ശില്പകലയോ അറേബ്യന്‍ വാസ്തുവിദ്യാസമ്പ്രദായമോ അന്ന് ഇവിടെ നിലവിലില്ലാതിരുന്നതിനാലായിരിക്കാം ക്ഷേത്രമാതൃകയില്‍ പണി തീര്‍ത്തത്. പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടുപോകുന്നതിനും വസ്തുവകകള്‍ നോക്കിസംരക്ഷിക്കുന്നതിനും കുറുംവമ്പത്ത് ചെക്കോന്‍ കാക്ക എന്നാരാളെ ചുമതലപ്പെടുത്തിയിരുന്നതായും കാണുന്നു. ഇന്ന് പള്ളിക്കലില്‍ കാണുന്ന മുസ്ളിം തറവാടുകളിലെ പൂര്‍വ്വികര്‍ നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്. രാജാവ് തന്റെ പടനായകന്മാരെ വയനാട്ടില്‍ പലയിടത്തും കുടിയിരുത്തി ഭൂമിയുടെ ജന്മികളും സംരക്ഷകരുമായി നിയമിച്ചു. നാടുവാഴികളേയും ദേശവാഴികളെയും കല്‍പ്പിച്ചുവാഴിച്ചു. ആ കാലഘട്ടം വരെയും ഈ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശത്ത് താമസത്തിനെത്തിയിരുന്നവര്‍ അവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ യഥേഷ്ടം പാര്‍പ്പുറപ്പിക്കുകയായിരുന്നു. ആ കാലഘട്ടത്തെ തുടര്‍ന്നാണ് വയനാട്ടില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ നിലവില്‍ വന്നത്. കോട്ടയംതമ്പുരാക്കന്മാരുടെ യോദ്ധാക്കളായി വയനാട്ടില്‍ എത്തിയവരായിരുന്നു കുറിച്ച്യര്‍. ബ്രീട്ടിഷുകാരുമായി നടന്ന പഴശ്ശിയുടെ യുദ്ധത്തില്‍ ഗറില്ലാ യുദ്ധതന്ത്രങ്ങളുടെ സൂത്രധാരകരായിരുന്നു കുറിച്യര്‍. അവര്‍ തങ്ങളുടെ തനതുജീവിതശൈലി ഇന്നും കൈവിടാതെ കാത്തുപോരുന്നുണ്ട്. പഴശ്ശിരാജാവിന്റെ പടനായകരില്‍ പ്രധാനിയായിരുന്നു എടച്ചന കുങ്കന്‍. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്തിരുന്നത് എടച്ചനദേശത്ത് കല്ലോടിക്കടുത്താണ്. എടച്ചനദേശത്തിന്റെ ഊരാളനും ജന്മിയും കുങ്കനായിരുന്നു. പഴശ്ശിരാജാവ് വധിക്കപ്പെട്ടതോടെ പഴശ്ശിപ്പട വയനാട്ടില്‍ ചിതറിക്കപ്പെട്ടു. തുടര്‍ന്ന് വെള്ളക്കാര്‍ കുങ്കനെ പിടികൂടി വധിക്കുകയും അദ്ദേഹത്തിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ഭൂമി റവന്യൂവിഭാഗത്തില്‍ പെടുത്തുകയും ചെയ്തു. കുറിച്യര്‍ പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെ പൌരാണികകാലം മുതല്‍ നടത്തിവന്നിരുന്ന ഉത്സവമാണ് തോണിച്ചാല്‍ തിറ. പ്രകൃത്യാരാധനായാണ് ഇതിന്റെ അന്തഃസത്ത. പഴശ്ശിരാജാവ് പാണ്ടിക്കടവില്‍ കൊട്ടാരം നിര്‍മ്മിച്ച് താമസിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെ കാണാം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനായി വിലപ്പെട്ട സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള നിരവധി വ്യക്തികള്‍ ഇവിടെ ഉണ്ടായിരുന്നു. അയിലമൂലയില്‍ ആരംഭിച്ച വിദ്യാലയമാണ് നാഷണല്‍ എല്‍.പി.സ്കൂള്‍. പേരിലെ ദേശീയത പ്രത്യേകം ശ്രദ്ധേയമാണ്. സ്വാതന്ത്യ്രസമരത്തോടനുബന്ധിച്ച് ഇവിടെനിന്നും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു ചാലിയാടന്‍ അഹമ്മദ്. 1940-തോടെയാണ് മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം ആരംഭിക്കുന്നത്. പാലാ, മൂവാറ്റുപുഴ, കൂത്താട്ടുകുളം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു അധികവും. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു, ഇതിന് കാരണം. കോഴിക്കോടു നിന്നും തലശ്ശേരിയില്‍ നിന്നും ബസ്സിലാണ് ഇവര്‍ എത്തിയിരുന്നത്. ഇന്നു കാണുന്ന മാനന്തവാടി-കോഴിക്കോട് റോഡ് അന്നെ ഉണ്ടായിരുന്നു. കൊടിയ തണുപ്പ്, പെരുമഴ, വെള്ളപ്പൊക്കം, വേനല്‍, ഇടതൂര്‍ന്ന കാടുകള്‍, മലമ്പനി, രക്തദാഹികളായ ക്ഷുദ്രജീവികള്‍, വന്യമൃഗങ്ങള്‍ എന്നിവയെയെല്ലാം നേരിട്ടുകൊണ്ട് ജീവിക്കുകയെന്നത് കുടിയേറ്റക്കാരെ കൂടുതല്‍ സാഹസികരാക്കി. കല്ലോടിയില്‍ ആദ്യമായി എത്തിയ കുടിയേറ്റക്കാരന്‍ വെട്ടിയാങ്കല്‍ മത്തായിയാണ്. അദ്ദേഹം മാനന്തവാടിയില്‍ എത്തിയ കുടിയേറ്റക്കാരെ എടവക, എടച്ചന ദേശങ്ങളിലേക്ക് ക്ഷണിച്ചു. അക്കാലത്ത് എടച്ചനയിലെ റവന്യൂവകഭൂമി പണം കൊടുക്കാതെ വെട്ടിപ്പിടിക്കുകയായിരുന്നു കര്‍ഷകര്‍. കുടിയേറ്റക്കാരുടെ കഠിനപ്രയത്നം ഒന്നുമാത്രമാണ്, പഞ്ചായത്തിനെ ഇന്നു കാണുന്ന പുരോഗതിയില്‍ എത്തിച്ചത്. അവര്‍ക്ക് സമര്‍ത്ഥമായി നേത്യത്വം നല്‍കിയ ക്രൈസ്തവപുരോഹിതരായ ഫാ.തോമസ് കളം, ഫാ.ലൂക്കോസ് പൂണ്ടിക്കളം, ഫാ.ജോസഫ് മേമന എന്നിവരുടെ പേരുകള്‍ ചിരസ്മരണീയമാണ്. കുടിയേറ്റക്കാരാണ് ശ്രമദാനയജ്ഞങ്ങളിലൂടെ എടവക പഞ്ചായത്തിലെ റോഡുകളുടെ മണ്‍പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കിയത്. എടവക ഗ്രാമപഞ്ചായത്തിലൂടെയുള്ള മാനന്തവാടി-കണ്ടത്തുവയല്‍ റോഡ് ഒറ്റദിവസത്തെ പതിനായിരം ആളുകളുടെ ശ്രമദാനയജ്ഞത്തിലൂടെ നിര്‍മ്മിക്കപ്പെട്ടതാണ്. കമ്മനയിലും ഇത്തരം ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. എടവകയുടെ കാര്‍ഷികവും സാമ്പത്തികവുമായ പുരോഗതിയില്‍ കുടിയേറ്റക്കാരുടെ പങ്ക് നിര്‍ണ്ണായകമാണ്. ആദ്യകാലത്ത് കപ്പയും നെല്ലും തെരുവയുമായിരുന്നു പ്രധാനകൃഷി. എടവക നിവാസികള്‍ക്കു മുഴുവന്‍ അഭിമാനകരമാംവിധം ഇവിടുത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത എടവക നെല്‍വിത്ത് കേരളത്തിലെ വയലേലകള്‍ക്ക് റാണിയാണ്. പ്രതിരോധ ശേഷിയിലും അത്യുല്‍പാദനശേഷിയിലും കിടയറ്റത് എന്ന് കൃഷിശാസ്ത്രജ്ഞരുടെ അംഗീകാരവും ഈ വിത്തിന് ലഭിച്ചിട്ടുണ്ട്. എല്ലാ പാടങ്ങളും ആരംഭത്തില്‍ ചിറകളോ കുളങ്ങളോ ആയിരുന്നു. അവയെല്ലാം നികത്തി ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുകയാണ്. പാടങ്ങളില്‍ വലിയൊരു ഭാഗവും മുന്‍കാലത്ത് ചതുപ്പുപ്രദേശമായിരുന്നു. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പള്ളിക്കലും പൈങ്ങാട്ടിരിയിലുമായി രണ്ട് എല്‍.പി.സ്കൂളുകള്‍ മാത്രമേ മുന്‍കാലത്ത് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, വയനാടിന് ആദ്യമായി ഒരു ഡോക്ടറുണ്ടായത് ഈ പഞ്ചായത്തില്‍ നിന്നാണ്. എള്ളുമന്ദം സ്വദേശിയായ ഡോ.പി.നാരായണന്‍നായര്‍ എം.ബി.ബി.എസ്, ഡി.സി.എച്ച് ആയിരുന്നു അദ്ദേഹം. കല്ലോടിപള്ളിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍, തോണിച്ചാല്‍ തിറ, ചൊവ്വ അമ്പലത്തിലെ ഉത്സവം, അമ്പലവയല്‍ തിറ, ശൈഖ് ശാഹുല്‍ മഖാം ഉറൂസ്, കരിമ്പില്‍ചാല്‍ തിറ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ഉത്സവങ്ങളും മതചടങ്ങുകളും.

സ്ഥലനാമ ചരിത്രം

എടവക എന്ന പേര് ഇവിടെയുള്ള മണ്‍തരത്തെ ആസ്പദമാക്കി ലഭിച്ചതാണ്. വളക്കൂറുകൊണ്ടും മണല്‍പറ്റുകൊണ്ടും മേല്‍വകയുമല്ല, കീഴ്വകയുമല്ല ഇവിടുത്തെ മണ്ണ്. അങ്ങനെ ഈ പ്രദേശം എടവകയായി. നല്ലൂര്‍ നാട് നല്ലവര്‍ നാടായിരുന്നു. തോണിയുടെ ആകൃതിയുള്ള ഭൂപ്രദേശം തോണിച്ചാലായി. അതിപുരാതനകാലത്ത് തന്നെ കല്ലോടിക്കടുത്ത് ചോരന്‍കുന്ന് എന്നുപേരുള്ള ഒരു കുന്നുണ്ട്. ഇത് മാനന്തവാടി, പക്രന്തളം റോഡുവക്കത്താണ്. അവിടെ വെച്ച് പതിവായി കൊള്ളക്കാര്‍ യാത്രക്കാരുടെ വസ്തുവകകള്‍ പിടിച്ചുപറിച്ചിരുന്നു. ഇതിനടുത്ത സ്ഥലത്തെത്തുമ്പോള്‍, യാത്രക്കാര്‍ മുണ്ടും ഭാണ്ഡവും മുറുക്കി, വേണ്ടിവന്നാല്‍ കൊള്ളക്കാരെ നേരിടാന്‍ ആയുധവുമായി കല്ലുകളെടുത്ത് ഭയപ്പാടോടെ ചോരന്‍കുന്ന് കടക്കാന്‍ ഓട്ടം ആരംഭിക്കും. അങ്ങിനെ കല്ലെടുത്തോടുന്ന സ്ഥലമാണത്രേ കല്ലോടി. പുലികള്‍ യഥേഷ്ടം വിഹരിച്ചിരുന്ന നാടാണ് പുലിക്കാട്. അവിടെ അടുത്തായി ബംഗ്ളാവുകുന്ന് എന്നറിയപ്പെടുന്ന സ്ഥലമുണ്ട്. സായിപ്പന്‍മാരിവിടെ കല്ലുകൊണ്ട് വീടുണ്ടാക്കി താമസിച്ചിരുന്നുവത്രേ. ആ കല്‍മനയാണ് ഇന്ന് കമ്മന എന്നറിയപ്പെടുന്നത്.