ചരിത്രം

പുരാതന സാമൂഹ്യചരിത്രം

ഇടയ്ക്കിടയ്ക്ക് തുരുത്തുകളുള്ള പ്രദേശമായതിനാലാണ് ആണ് ഈ പ്രദേശത്തിന് എടത്തുരുത്ത്(ഇടത്തുരുത്ത്) എന്ന പേരുവന്നതെന്ന് കേള്‍ക്കുന്നു. ഇടത്തുരുത്ത് എന്ന പേര് എടത്തുരുത്തും പിന്നീട് എടത്തിരുത്തിയുമായത്രെ. പെരുമനംദേവസ്വത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള അയ്യപ്പക്ഷേത്രത്തിലെ പ്രധാനദേവന്‍ അയ്യപ്പനാണ്. ഉപദേവനായി ശിവനെ പ്രതിഷ്ഠിക്കുന്ന സമയത്ത് നേരിയ ഒരു ആശയകുഴപ്പം ഉണ്ടായി. ഉപദേവനാണെങ്കിലും ശിവന്‍ ഐതിഹ്യപരമായി അയ്യപ്പന്റെ അച്ഛനായതിനാല്‍ ഇടത്ത് പ്രതിഷ്ഠിക്കുന്നതെങ്ങിനെ എന്ന വാദമുയര്‍ന്നങ്കിലും, എതിര്‍വാദമായി, മകനാണെങ്കിലും അയ്യപ്പന്‍ പ്രധാനദേവനാണല്ലോ എന്ന അഭിപ്രായവുമുയര്‍ന്നു. ഈ രണ്ടു വാദങ്ങളും ആശയക്കുഴപ്പത്തിനിടയാക്കിയതോടെ, ഒടുവില്‍ ഇരുവരും പരസ്പരം ഇടതുഭാഗത്തുവരത്തക്കവിധം അഭിമുഖമായി പ്രതിഷ്ഠിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതിനാല്‍ ഇടത്ത് ഇരുത്തി(ഇടത്തിരുത്തി) എന്ന പ്രയോഗമുണ്ടാവുകയും തുടര്‍ന്ന് ക്ഷേത്രനാമവും പില്‍ക്കാലത്ത് സ്ഥലനാമവും അതുതന്നെയാവുകയും ചെയ്തു. തൃപ്രയാറില്‍ നിന്നും ബ്ളാഹയിലെ ജന്‍മിമാര്‍ അവരുടെ പണിയാളുകളും ആയുധങ്ങളുമായി തെക്കോട്ട് സഞ്ചരിച്ചെത്തിയ സ്ഥലങ്ങളെല്ലാം ബ്ളാഹയില്‍ തറവാട്ടുവക സ്വത്തായി മാറുകയാണുണ്ടായത്. എതിര്‍ക്കാന്‍ വന്നവരെ ഓടിച്ചും, ചെറുത്തുനിന്നവരെ വധിച്ചും അവര്‍ ജൈത്രയാത്ര തുടര്‍ന്നുകൊണ്ട് ചെന്ത്രാപ്പിന്നി അതിര്‍ത്തിവരെ എത്തി. അവിടെ കുറമങ്ങാട്ടു പണിക്കന്‍മാരും, കൊട്ടേക്കാട് മേനോന്‍മാരും ശക്തരായിരുന്നതിനാലും വേണ്ടപ്പെട്ടവരായിരുന്നതിനാലും ബ്ളാഹയില്‍ക്കാരുടെ അധികാരപരിധി ഇന്നത്തെ എടത്തിരുത്തി വില്ലേജുപ്രദേശത്ത് ഒതുങ്ങി. നാട്ടിക ഫര്‍ക്കയുടെ നെല്ലറയായാണ് എടുത്തിരുത്തി അറിയപ്പെട്ടിരുന്നത്. വയലില്‍ പണിയുന്ന തൊഴിലാളികളുടെ ഞാറ്റുപാട്ടിനാലും തേക്കുപാട്ടിനാലും കൊയ്ത്തുപാട്ടിനാലും പഴയകാല അന്തരീക്ഷം മുഖരിതമായിരുന്നു. നാട്ടികയുടെ നെല്ലറയായിരുന്ന എടുത്തിരുത്തിയിലെ പൈനൂര്‍പാടവും എടുത്തിരുത്തിപാടവും നോക്കെത്താദൂരത്തോളം ഇടയ്ക്കിടെ തുരുത്തുകളുമൊക്കെ നിറഞ്ഞ് വിസ്തൃതമായിക്കിടന്നിരുന്നു. എടുത്തിരുത്തിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയനുസരിച്ച് കിഴക്കും പടിഞ്ഞാറും തെങ്ങിന്‍തോട്ടങ്ങളും ഇടയ്ക്ക് നെല്‍പ്പാടങ്ങളുമായിരുന്നു. കൃഷിഭൂമി മുഴുവന്‍ പ്രധാനമായും ബ്ളാഹയില്‍ തമ്പുരാക്കന്മാരുടേതും, അയിരൂര്‍, കൊടുങ്ങല്ലൂര്‍ കോവിലകങ്ങളുടേതുമായിരുന്നു. കുടിയിറക്കലും ഒഴിപ്പിക്കലും കര്‍ഷകരെ സംബന്ധിച്ചിടത്തോളം അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു. കുടിയാന്മാരെ നിയന്ത്രിക്കുന്നതിനും അടിമപ്പണി ചെയ്യിപ്പിക്കുന്നതിനും തമ്പുരാന്‍ജന്മങ്ങളുടെ പ്രതിനിധിയായ കാര്യസ്ഥന്മാര്‍ വരമ്പിന്‍മേലുണ്ടാകും. പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു കിട്ടുന്ന കൂലിയാകട്ടെ അന്നത്തെ അഷ്ടിക്കുള്ള വകയ്ക്കുപോലും തികഞ്ഞിരുന്നില്ല. തമ്പുരാനു വേണ്ടി എല്ലു മുറിയെ പണിയെടുക്കുന്ന കീഴാളന്‍ തമ്പുരാന്റെ വീടും പരിസരവും ചവുട്ടി അശുദ്ധമാക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് മൃഷ്ടാന്നഭോജനത്തിനുള്ള നെല്ലുല്‍പാദിപ്പിച്ച് ചവുട്ടി ചേറി വൃത്തിയാക്കി അറയില്‍ നിറച്ചുകൊടുക്കണമായിരുന്നുതാനും. മറ്റു വിഭാഗങ്ങളിലുള്ള ആളുകളാകട്ടെ, തമ്പുരാന്‍ജന്മങ്ങളുടെ പണിയാളുകളല്ലെങ്കിലും, ഇവര്‍ കൈകാര്യം ചെയ്തിരുന്ന ഭൂസ്വത്തിന്റെ അവകാശിയും തമ്പുരാന്‍ തന്നെയായിരുന്നു. തമ്പുരാന് നിശ്ചിതപറ നെല്ലും, പണവും വാരമായും പാട്ടമായും വര്‍ഷംതോറും നല്‍കിക്കൊള്ളണം. തമ്പുരാനെ തീറ്റിപ്പോറ്റാന്‍ രാപകല്‍ അധ്വാനിച്ച അടിയാളന്റെ എല്ലാ വരുമാനവും ഏറ്റുവാങ്ങിക്കൊണ്ട്, അധ്വാനവും വിശപ്പുമറിയാത്ത തമ്പുരാന്‍ജന്മങ്ങള്‍ എല്ലാ ജീവിതസൌഭാഗ്യവും ആസ്വദിക്കാന്‍ നിയോഗിക്കപ്പെട്ട ആളും ദൈവത്തിന്റെ പ്രതിപുരുഷനുമെന്ന മട്ടില്‍ ജീവിതം നയിച്ചുപോന്നു. എടത്തിരുത്തിയില്‍ തലമുറകളായി മൂപ്പുവാണു ബ്ളാഹയില്‍ മഠത്തിലെ തമ്പുരാക്കന്മാരും അവരുടെ പൂര്‍വ്വികരും പരമാധികാരികളായി വാണരുളിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഏകദേശരൂപമാണിത്. തമ്പുരാന് കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നു. പക്ഷെ തമ്പുരാനെയാകട്ടെ ആരും ശിക്ഷിച്ചുകൂടാതാനും.

ആധുനിക സാമൂഹ്യ ചരിത്രം

എഴുത്തുപള്ളി എന്നറിയപ്പെട്ടിരുന്ന ആശാന്‍പള്ളിക്കൂടങ്ങളിലാണ് പഴയകാലത്ത് അക്ഷരാഭ്യാസം നടത്തിയിരുന്നത്. കൊല്ലാറ വേലപ്പനാശാന്‍ തുടങ്ങി പ്രസിദ്ധരായ പല ആശാന്‍മാരും അക്കാലത്ത് ആശാന്‍പള്ളിക്കൂടങ്ങള്‍ നടത്തിയിരുന്നു. ഔപചാരികവിദ്യാഭ്യാസസമ്പ്രദായം ആദ്യമായി കേരളത്തില്‍ നടപ്പിലായത് തിരുവിതാംകൂറിലും കൊച്ചിയിലുമാണ്. എടത്തിരുത്തിയുടെ കിഴക്കുഭാഗം കനോലി തോടിനപ്പുറം-കൊച്ചി രാജ്യമായിരുന്നു. കൊച്ചിരാജ്യത്തെ കാട്ടൂരും, കണ്ടശ്ശാംകടവിലുമാണ് ആദ്യമായി സ്ക്കൂളുകള്‍ നിലവില്‍ വന്നത്. നാഴികകള്‍ താണ്ടി അവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പോയി പഠിക്കാനും സാധാരണക്കാര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് വലപ്പാടും, പെരിഞ്ഞനത്തും വിദ്യാലയങ്ങളുണ്ടായി. അങ്ങിനെ വിദ്യാഭ്യാസം നേടിയവരാണ് എടത്തിരുത്തിയിലെ ഔപചാരികവിദ്യാലയങ്ങളുടേയും വിദ്യാഭ്യാസപ്രചരണത്തിന്റേയും ചുക്കാന്‍ പിടിച്ചത്. എടുത്തിരുത്തിയിലെ ആദ്യത്തെ വിദ്യാലയം 1912-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച പെരുമ്പടപ്പ് ബോര്‍ഡ് എല്‍.പി.സ്ക്കൂളാണ്. 1912 മുതല്‍ 1942 വരെയുള്ള കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട 12 പ്രാഥമികവിദ്യാലയങ്ങളില്‍ മൂന്നെണ്ണം പല കാരണങ്ങളാല്‍ പില്‍ക്കാലത്ത് നിലച്ചുപോയി. 1947-നുശേഷം എടത്തിരുത്തിയിലെ 6 എല്‍.പി സ്ക്കൂളുകള്‍ യു.പി സ്ക്കുളുകളായി ഉയര്‍ത്തി. 1955-ല്‍ എടത്തിരുത്തിയില്‍ ഒരു ഗേള്‍സ് ഹൈസ്ക്കൂളും 1957-ല്‍ ചെന്ത്രാപ്പിന്നിയില്‍ ഒരു ഹൈസ്ക്കുളും ആരംഭിച്ചു. 1968-ല്‍ ചാമക്കാല ഗവ.മാപ്പിള യു.പി.സ്ക്കൂള്‍ ഹൈസ്ക്കുളായി ഉയര്‍ത്തി. ആയൂര്‍വേദചികിത്സാ രംഗത്ത് ചില പാരമ്പര്യകുടുംബങ്ങള്‍ എടത്തിരുത്തിയില്‍ ഉണ്ടായിരുന്നു. വിഷചികിത്സാരംഗത്ത് പേരുകേട്ട കൊല്ലാറ അങ്കുവൈദ്യര്‍, കൊല്ലാറ രാഘവന്‍വൈദ്യന്‍, തടത്തില്‍ കുഞ്ഞപ്പന്‍വൈദ്യര്‍, കുമ്പളപറമ്പില്‍ ഗോപാലന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. എടത്തിരുത്തിയുടെ സാംസ്കാരികതലസ്ഥാനം എന്ന പേരില്‍ വിശേഷണമര്‍ഹിക്കുന്ന ഒന്നാണ് കണ്ണമ്പുളളിപുറം ശ്രീനാരായണവായനശാല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജീവിക്കാന്‍ വേണ്ടി നാടുവിട്ട സിലോണ്‍മലയാളികളുടെ ഏറ്റവും വലിയ സംഭാവനയാണ് ശ്രീനാരായണവായനശാല. ഈ മഹാസ്ഥാപനം എടത്തിരുത്തിയ്ക്കു അകത്തും പുറത്തുമുള്ള അനേകായിരങ്ങള്‍ക്കു വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് ഇന്നും നിലകൊള്ളുന്നു. കൊല്ലാറ ചാത്തുണ്ണിക്കുട്ടി ആയിരുന്നു വായനശാലയുടെ സ്ഥാപകന്‍. എടത്തിരുത്തിയിലും ചെന്ത്രാപ്പിന്നിയിലുമുള്ള വിജ്ഞാനകുതുകികളും സഹൃദയരും വായനശാലയുടെ നിലനില്‍പ്പിന് കരുത്തും ഓജസ്സും പകര്‍ന്നു. കുമ്പളപ്പറമ്പില്‍ രാമന്‍, പൊനത്തില്‍ രാമകൃഷ്ണന്‍, മേനോത്ത് പാറന്‍, മേനോത്ത് മാണിക്യന്‍ എന്നിവര്‍ വായനശാലയുടെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ്. ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയര്‍ പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്. 1920-ല്‍ ആണ് എടത്തിരുത്തിയില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1941-ല്‍ നടന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് എടത്തിരുത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ബ്രീട്ടിഷ് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കോണ്‍ഗ്രസ്പ്രവര്‍ത്തകനായിരുന്നു കൊമ്പത്തെ പ്രഭാകരന്‍ എന്നറിയപ്പെട്ടിരുന്ന പി.എ.പ്രഭാകരന്‍നായര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അദ്ദേഹം അതില്‍ ചേരുകയും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ എടുത്തിരുത്തിയില്‍ നേതൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ എടത്തിരുത്തിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകന്‍ അദ്ദേഹമായിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍പ്രദേശത്തിന്റെ തെക്കേയറ്റത്തുള്ള ഈ ഗ്രാമത്തില്‍ കേരളസംസ്ഥാനപിറവിക്കുശേഷം വാഹനഗതാഗതങ്ങള്‍ക്കുതകുന്നതും വികസന പ്രക്രിയകള്‍ക്ക് ആക്കം കൂട്ടുന്നതുമായ ചെറുതും വലുതുമായ നിരവധി റോഡുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ എന്‍.എച്ച്.17 എന്ന പഴയ ടിപ്പുസുല്‍ത്താന്‍ റോഡ് പൂഴി റോഡായിരുന്നതില്‍ ചുവന്നമണ്ണിട്ടത് അക്കാലത്തായിരുന്നു. ആ കാലഘട്ടത്തില്‍ പ്രസ്തുത റോഡില്‍കൂടി ഒറ്റക്കാളവണ്ടിയും പിന്നീട് നാലുചക്രവാഹനവും ഇഴഞ്ഞുനീങ്ങിയിരുന്നത് അതിശയോക്തിയോടെ പൊതുജനം നോക്കിനിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എടമുട്ടത്തുനിന്ന് ഒരു ചെറിയ റോഡു നിര്‍മ്മിച്ച് എടത്തിരുത്തിയുമായി ഗതാഗതബന്ധം നടപ്പിലാക്കിയത് 1957-ലെ ഗവണ്‍മെന്റിന്റെ ഭരണകാലത്തായിരുന്നു. എടത്തിരുത്തി പഞ്ചായത്തിലെ പ്രസിദ്ധിയാര്‍ജ്ജിച്ച അങ്ങാടി ഗതാഗതവാണിജ്യചരിത്രത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. കൊച്ചി, കോട്ടപ്പുറം ചന്തകളില്‍ നിന്ന് കനോലികനാലിലുടെ വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ കയറ്റി അങ്ങാടിയിലേക്കും ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്കും കൊണ്ടുപോവുക ആദ്യകാലത്ത് നിത്യസംഭവങ്ങളായിരുന്നു. ആഴ്ചയില്‍ രണ്ടുപ്രാവശ്യം നടക്കുന്ന എടത്തിരുത്തി ചന്ത ജില്ലയില്‍ തന്നെ വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായി സാമ്രാജ്യത്വത്തിന്റെയും നാടുവാഴി-ജന്‍മി ഭൂപ്രഭുത്വത്തിന്റെയും കീഴില്‍ കഴിഞ്ഞിരുന്ന ചരിത്രമാണ് ഈ ഗ്രാമത്തിനുള്ളത്. പഴയ ബ്രിട്ടീഷ് മലബാറിലെ പൊന്നാനിതാലൂക്കില്‍പ്പെടുന്ന നാട്ടിക ഫര്‍ക്കയിലെ രണ്ടു വില്ലേജുകളായ എടത്തിരുത്തിയും ചെന്ത്രാപ്പിന്നിയും ചേര്‍ന്നതാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. 1957-ല്‍ കേരള സര്‍ക്കാര്‍ പാസ്സാക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമം കര്‍ഷകരേയും, കര്‍ഷകത്തൊഴിലാളികളെയും ആത്മവിശ്വാസത്തിന്റേയും സുരക്ഷിതബോധത്തിന്റേയും പാതയിലേക്കു നയിച്ചു. 1968-ലെ ഭൂപരിഷ്ക്കരണനിയമം നിലവില്‍ വന്നതോടുകൂടി കേവലം മുന്നോ നാലോ ജന്മിമാരുടെ പിടിയിലമര്‍ന്നിരുന്ന ഭൂമിമുഴുവന്‍ ആയിരക്കണക്കിന് കര്‍ഷകരുടേയും, കര്‍ഷകത്തൊഴിലാളികളുടേയും ജന്മസ്വത്തായി മാറി. പില്‍ക്കാലത്ത് കാര്‍ഷികരംഗത്ത് സംഭവിച്ച മാറ്റങ്ങളില്‍ വിപരീതഫലം ഉളവാക്കിയവയുമുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിത്തിനങ്ങള്‍ സങ്കരയിനങ്ങള്‍ക്ക് വഴിമാറി. ജൈവവളങ്ങള്‍ക്കു പകരം രാസവളങ്ങളുടെ അമിതവില കര്‍ഷകനു താങ്ങാന്‍ കഴിയുന്നതിലധികമായി നെല്‍കൃഷി ലാഭകരമല്ലാതായപ്പോള്‍ നെല്‍പ്പാടങ്ങള്‍ തെങ്ങിന്‍തോട്ടങ്ങള്‍ക്കു വഴിമാറുകയായിരുന്നു. ഇന്ന് തെങ്ങിന്‍തോപ്പുകളുടെ ഇടക്ക് അവിടവിടെ കാണുന്ന ചില പച്ചത്തുരുത്തുകളായി മാറി എടത്തിരുത്തിയിലെ പാടശേഖരങ്ങള്‍. ഇടത്തിരുത്തി എന്നതിന് കാലാന്തരത്തില്‍ രൂപമാറ്റം വന്നാണ് എടത്തിരുത്തിയായത്. ഒരു കാലഘട്ടം മുഴുക്കെ നിറഞ്ഞുനിന്ന ഫ്യൂഡല്‍ഭരണത്തിന്റെ ദുഷിച്ച കാലം അവസാനിക്കുന്നത് 1967-ല്‍ വിപ്ളവകരമായ ഭൂപരിഷ്ക്കരണനിയമം നടപ്പിലായതോടെയാണ്. ഉടുക്ക്, തപ്പ്, തകില്‍, നാഗസ്വരം, പഞ്ചവാദ്യം, ബാന്റ്, അറവന, തുടി എന്നീ വാദ്യ-താളമേളങ്ങള്‍, കോല്‍ക്കളി, കിണ്ണംകളി, ഐവര്‍കളി, ചോട്ടുകളി എന്നീ നാടോടികലാരൂപങ്ങള്‍ ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയെല്ലാം ഗ്രാമത്തിന് അന്യമായികൊണ്ടിരിക്കുന്നു. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്ററുടെ ചരിത്രത്തിന്റെ ചിരി എന്ന നാടകം 1979-ലെ സംഗീതനാടകഅക്കാദമിയുടെ മധ്യമേഖല അവാര്‍ഡ് നേടി. വീണപൂവ്, സമുദായം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, നാടകരചയിതാവും, സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത വി.കെ.രവീന്ദ്രന്‍ മാസ്റ്റര്‍ എടത്തിരുത്തിയുടെ സാംസ്ക്കാരികരംഗത്തെ കെടാവിളക്കാണ്. ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയര്‍ ആയിരുന്ന പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്.