എടത്തിരുത്തി

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മതിലകം ബ്ലോക്കിലാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടത്തിരുത്തി, ചെന്ത്രാപ്പിന്നി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എടത്തിരുത്തി ഗ്രാമപഞ്ചായത്തിന് 16.63 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 1968 ഓക്ടോബറില്‍ നിലവില്‍ വന്ന ഈ പഞ്ചായത്തില്‍ 18 വാര്‍ഡുകളുണ്ട്. എടത്തിരുത്തി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വലപ്പാട്, നാട്ടിക പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കനോലി കനാലും, തെക്കുഭാഗത്ത് കയ്പമംഗലം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, വലപ്പാട് പഞ്ചായത്തുമാണ്. നാട്ടികഫര്‍ക്കയുടെ നെല്ലറയായാണ് എടുത്തിരുത്തി അറിയപ്പെട്ടിരുന്നത്. എടത്തിരുത്തി പഞ്ചായത്തിലെ ചരിത്രപ്രസിദ്ധമായ അങ്ങാടിയ്ക്ക് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കൊച്ചി, കോട്ടപ്പുറം ചന്തകളില്‍ നിന്ന് കനോലികനാലിലുടെ വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ കയറ്റി അങ്ങാടിയിലേക്കും, അവിടെനിന്നു മറ്റു പ്രദേശങ്ങളിലേക്കും കൊണ്ടുപോവുക ആദ്യകാലത്ത് പതിവുകാഴ്ചയായിരുന്നു. എന്നും എടത്തിരുത്തിയുടെ ഗ്രാമീണാന്തരീക്ഷം ഞാറ്റുപാട്ടിന്റേയും, തേക്കുപാട്ടിന്റേയും, ഉഴവുപാട്ടിന്റേയും, ഈരടികളാല്‍ മുഖരിതമായിരുന്നു. നാട്ടികയുടെ നെല്ലറയായിരുന്ന എടുത്തിരുത്തിയിലെ പൈനൂര്‍പാടവും എടുത്തിരുത്തിപാടവും നോക്കെത്താദൂരത്തോളം, ഇടയ്ക്ക് തുരുത്തുകളൊക്കെ നിറഞ്ഞ്, വിസ്തൃതമായി കിടന്നിരുന്നു. പഴയ ബ്രിട്ടീഷ് മലബാറിലെ പൊന്നാനിതാലൂക്കില്‍പ്പെടുന്ന നാട്ടിക ഫര്‍ക്കയിലെ രണ്ടു വില്ലേജുകളായ എടത്തിരുത്തിയും ചെന്ത്രാപ്പിന്നിയും ചേര്‍ന്നതാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. ഇടയ്ക്കിടയ്ക്ക് തുരുത്തുകളുള്ള പ്രദേശമായതിനാല്‍ ഈ പ്രദേശത്തിന് ഇടത്തുരുത്ത് എന്ന പേരുണ്ടാവുകയും, ഇടത്തുരുത്ത് ക്രമേണ എടത്തുരുത്തും, തുടര്‍ന്ന് എടത്തിരുത്തിയുമായി മാറുകയും ചെയ്തു എന്നൊരഭിപ്രായം സ്ഥലനാമപിറവിയെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. പെരുമനംദേവസ്വത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള അയ്യപ്പക്ഷേത്രത്തിലെ പ്രധാനദേവന്‍ അയ്യപ്പനാണ്. ഉപദേവനായി ശിവനെ പ്രതിഷ്ഠിക്കുന്ന സമയത്ത് നേരിയ ഒരു ആശയകുഴപ്പം ഉണ്ടായി. ഉപദേവനാണെങ്കിലും ശിവന്‍ ഐതിഹ്യപരമായി അയ്യപ്പന്റെ അച്ഛനായതിനാല്‍ ഇടത്ത് പ്രതിഷ്ഠിക്കുന്നതെങ്ങിനെ എന്ന വാദമുയര്‍ന്നങ്കിലും, എതിര്‍വാദമായി, മകനാണെങ്കിലും അയ്യപ്പന്‍ പ്രധാനദേവനാണല്ലോ എന്ന അഭിപ്രായവുമുയര്‍ന്നു. ഈ രണ്ടു വാദങ്ങളും ആശയക്കുഴപ്പത്തിനിടയാക്കിയതോടെ, ഒടുവില്‍ ഇരുവരും പരസ്പരം ഇടതുഭാഗത്തുവരത്തക്കവിധം അഭിമുഖമായി പ്രതിഷ്ഠിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതിനാല്‍ ഇടത്ത് ഇരുത്തി(ഇടത്തിരുത്തി) എന്ന പ്രയോഗമുണ്ടാവുകയും തുടര്‍ന്ന് ക്ഷേത്രനാമവും പില്‍ക്കാലത്ത് സ്ഥലനാമവും അതുതന്നെയാവുകയും ചെയ്തു. ഇടത്തിരുത്തി എന്നതിന് കാലാന്തരത്തില്‍ രൂപമാറ്റം വന്നാണ് എടത്തിരുത്തിയായത്.