ചരിത്രം

സാമൂഹ്യചരിത്രം

പ്രാചീനകാലം മുതല്‍ ഈ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. മൂന്നാടിയിലെ, വലിയ പാറക്കല്ലുകള്‍ കൊണ്ടുണ്ടാക്കിയ “നന്നങ്ങാടികള്‍” എന്നു വിളിക്കപ്പെടുന്ന ശവക്കല്ലറകള്‍, മലമുകളിലുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, എടപ്പറ്റ, പാതിരിക്കോട് ഭാഗങ്ങളിലെ പുരാതനശിവക്ഷേത്രങ്ങള്‍, അമ്പഴപ്പറമ്പിലെ നന്നങ്ങാടികള്‍, ചുള്ളിയോട് കുന്നിലെ വാരിയകുളത്തുള്ള പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ അതിന് തെളിവാണ്. മൂനാടിയിലെ കൊട്ടിപ്പാറയില്‍ നിന്നും പൊളിച്ചെടുത്ത വളരെ വലിയ പാറക്കല്ലുകള്‍ കൊണ്ടാണ് നന്നങ്ങാടികള്‍ മൂടിയിരുന്നത്. അന്നത്തെ മനുഷ്യരുടെ അതിശക്തിയോ, സംഘശക്തിയോ തെളിയിക്കുന്നവയാണ് ആ കല്ലുകള്‍. പല ഭാഗങ്ങളില്‍ നിന്നും വന്നു താമസമാക്കിയവരാണ് ഈ പഞ്ചായത്തിലെ ഇന്നത്തെ തലമുറയുടെ പിന്മുറക്കാര്‍. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ എടപ്പറ്റയിലൂടെ പടയോട്ടം നടത്തുകയും റോഡ് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മൈസൂറില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. പുത്തന്‍കുളത്തു നിന്ന് എടപ്പറ്റ വഴിയാണ് മൈസൂറിലേക്കുള്ള ടിപ്പു സുല്‍ത്താന്‍ റോഡ്. ഈ റോഡിനിരുവശവും സമീപകാലം വരെ ടിപ്പുസുല്‍ത്താന്‍ വെച്ചുപിടിപ്പിച്ചിരുന്ന വന്‍മരങ്ങള്‍ നശിക്കാതെ നിലനിന്നിരുന്നു. നല്ല വീതിയുള്ള പുത്തന്‍കുളം - ഒലിപ്പുഴ റോഡ്, ടിപ്പു സുല്‍ത്താന്റെ ഒരു സ്മാരകമായി ഇന്നും നിലനില്‍ക്കുന്നു. പഴയ കാലത്ത് അയിത്തവും അന്ധവിശ്വസങ്ങളും ഈ പ്രദേശത്ത് അതിരൂക്ഷമായി നടമാടിയിരുന്നു. 1960-കളുടെ പകുതി വരെ പട്ടിക ജാതിയില്‍പ്പെട്ടവര്‍ ഈ വഴിയിലുടെ നടക്കുമ്പോള്‍, ദൂരെ നിന്നും വരുന്ന ഉന്നത ജാതിക്കാര്‍ക്ക് അയിത്തമാകാതെ ദൂരെ മാറിനില്‍ക്കുന്നതിനുവേണ്ടി ഇടയ്ക്കിടക്ക് ഉറക്കെ ശബ്ദം പുറപ്പെടുവിക്കേണ്ട ഗതികേട് നിലനിന്നിരുന്നു. ചായക്കടകളില്‍നിന്നും പട്ടികജാതിക്കാര്‍ക്ക് ഗ്ളാസ്സില്‍ ചായ പോലും നല്‍കിയിരുന്നില്ല. 1970-കള്‍ വരെ, ജന്മിമാരൊഴികെ വിരലിലെണ്ണാവുന്ന ആളുകളുടെ കൈയ്യിലേ ഇവിടെ നിത്യവൃത്തിക്ക് പണമുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ 1921-ലെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത് വളരെയധികം ദേശാഭിമാനികള്‍ മരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ പെരുംയാതനകള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗൂര്‍ഖാപട്ടാളത്തിന്റ അതിക്രമങ്ങളനുഭവിച്ച കാരണവന്‍മാരുടെ മക്കളാണ് ഈ പഞ്ചായത്തിലെ നല്ലൊരു ശതമാനം ജനങ്ങളും. അനേകം മുസ്ളീം സ്ത്രീകള്‍ ഗൂര്‍ഖാപട്ടാളത്തിന്റെ അതിക്രമങ്ങള്‍ക്കിരയായിട്ടുണ്ട്. സമരനായകന്മാരെ വീടുകളില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി വെടിവച്ചുകൊന്നിട്ടുണ്ട്. പട്ടാളത്തെ പേടിച്ച് ഏപ്പിക്കാട് എല്‍.പി.സ്കൂളിനു മുകള്‍ഭാഗത്തുള്ള വെള്ളച്ചാലില്‍ ഒളിച്ചിരുന്ന 40-തില്‍പ്പരം മുസ്ളീംകുട്ടികളെ അതിക്രൂരമായി വെടിവച്ചു കൊല്ലുകയും അവിടെത്തന്നെ ഒടുവില്‍ മണ്ണിട്ടു മൂടുകയും ചെയ്തു. കൊമ്പന്‍കല്ലില്‍ ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ ഒളിവില്‍ പാര്‍ത്തിരുന്ന മുള്ളന്‍മടകള്‍ ഇന്നും മണ്ണിനടിയില്‍ തകരാതെ നിലനില്‍ക്കുന്നു. സമരനായകന്‍മാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റൊരു പ്രദേശമാണ് പറയന്‍മാട്. എടപ്പറ്റയിലൂടെ കടന്നുപോകുന്ന ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്‍വേ ലൈന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു നിത്യസ്മാരകവും, ബാക്കിപത്രവുമാണ്. കാരണം ഏറനാട്ടിലും വള്ളുവനാട്ടിലും പടര്‍ന്നുപിടിച്ച ഖിലാഫത്ത് സമരത്തെ അടിച്ചമര്‍ത്തുന്നതിന് പട്ടാളക്കാരെ ഇറക്കുമതി ചെയ്യുന്നതിനു വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചത്. 1940-കളിലാണ് തിരുവിതാംകൂറില്‍ നിന്നും കുടിയേറ്റകര്‍ഷകര്‍ ഈ പഞ്ചായത്തിലേക്ക് വരുവാന്‍ തുടങ്ങിയത്. അവരുടെ വരവോടെ ആദ്യം കപ്പകൃഷിയും പിന്നീട് പതുക്കെ പതുക്കെ റബ്ബര്‍കൃഷിയും പ്രചരിക്കുവാന്‍ തുടങ്ങി. ആദ്യകുടിയേറ്റം പുളിയക്കോടായിരുന്നു. കപ്പകൃഷി ഒരു പരിധിവരെ ഈ നാടിന്റെ പട്ടിണി മാറ്റാനുപകരിച്ചു. പുല്‍ത്തൈലം വാറ്റല്‍ ഒരു കുടില്‍വ്യവസായമാക്കി മാറ്റി വളര്‍ത്തിയെടുത്തതും കുടിയേറ്റകര്‍ഷകരായിരുന്നു. 1957 മുതല്‍ 1971 വരെയുള്ള കാലഘട്ടങ്ങളില്‍ വിവിധ ഭൂപരിഷ്കരണനിയമങ്ങള്‍ ഉണ്ടാകുന്നതു വരെ കുടിയാന്‍മാര്‍ വളരെയേറെ അവശതയനുഭവിച്ചിരുന്നു. അവരുടെ അധ്വാനത്തിന്റേയും വേര്‍പ്പിന്റേയും ഫലമായ നെല്ലും മറ്റ് വരുമാനങ്ങളും ഏതാനും ചില ജന്മികളും കാണാവകാശക്കാരും തട്ടിയെടുത്ത് അനുഭവിക്കുകയായിരുന്നു അതുവരെ. 95 ശതമാനത്തിലധികം ജനങ്ങളും പാട്ട-മിച്ചവാര വ്യവസ്ഥിതിയുടെ പിടിയിലമര്‍ന്നവരായിരുന്നു. അതുകൊണ്ടുതന്നെ ജന്മിത്വത്തിനെതിരായ സമരങ്ങളില്‍ കര്‍ഷകര്‍ മുഴുവനും പങ്കു കൊണ്ടു. മിച്ചഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുവാന്‍ തുടങ്ങി. ഈ പഞ്ചായത്തിലെ ആദ്യ സ്കൂള്‍ 1910-ല്‍ ആരംഭിച്ച പാതിരിക്കോട് മാപ്പിള ലോവര്‍ പ്രൈമറി സ്കൂളാണ്. പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും മുസ്ലീം പെണ്‍കുട്ടികള്‍ സ്ക്കൂളില്‍ പോകാന്‍ അക്കാലത്ത് കൂട്ടാക്കിയിരുന്നില്ല. ആര്യനെഴുത്ത് പഠിപ്പിക്കുന്നത് മതവിരുദ്ധമാണെന്ന് വിശ്വസിച്ചിരുന്ന യാഥാസ്ഥിതിക മുസ്ളീംകുടുംബങ്ങളായിരുന്നു അധികവും. മതപഠനത്തിനായി അക്കാലത്തും ഓത്തുപള്ളികളില്‍ ഏതാണ്ട് മുഴുവന്‍ കുട്ടികളും പോയിരുന്നു. “നഞ്ഞും, നായാട്ടും” 1960 വരെ പുരുഷന്മാരുടെ ഒരു പ്രധാന നേരംപോക്കായിരുന്നു. മുയല്‍, കാട, കാട്ടുകോഴി എന്നിവ ഇവിടുത്തെ കാടുകളില്‍ സുലഭമായിരുന്നു. ഇവയെ കെണി വച്ചുപിടിച്ച് വിറ്റുകിട്ടുന്ന കാശുകൊണ്ട് ജീവിച്ചുപോന്നവര്‍ ഇന്നുമുണ്ട്. കൊയ്ത്തിനു ശേഷം പാടങ്ങളില്‍നിന്നും വേനല്‍കാലത്ത് തോടുകളില്‍ നിന്നും പുഴകളില്‍ നിന്നും വളരെയേറെ മത്സ്യങ്ങള്‍ കിട്ടിയിരുന്നു. മടയില്‍ കൈയ്യിട്ടും കുരുത്തിവെച്ചും, വല വച്ചു പിടിച്ചും, മുണ്ടു കൊണ്ടരിച്ചും മത്സ്യം പിടിച്ച് വിറ്റുകിട്ടുന്ന പണം ജീവിതമാര്‍ഗ്ഗമാക്കിയിരുന്നവരും അക്കാലത്തുണ്ടായിരുന്നു. എടപ്പറ്റയിലെ ആദ്യ ഗതാഗതപാത മേലാറ്റൂര്‍-ഇരിങ്ങാട്ടിരി റോഡായിരുന്നു. കാളവണ്ടിയും പോത്തുവണ്ടിയും മാത്രമായിരുന്നു അക്കാലത്തെ വാഹനങ്ങള്‍. കാര്‍ഷികോല്‍പ്പന്നങ്ങള്‍ തലച്ചുമടായി തന്ന കൊണ്ടുപോയിരുന്നു. തലച്ചുമടുകാര്‍ക്ക് താങ്ങായി അനേകം അത്താണികള്‍ നിര്‍മ്മിച്ചിരുന്നു. അവയെല്ലാം കാലപ്രവാഹത്തില്‍ നശിച്ചുപോയി. വെള്ളിയഞ്ചരി, പാതിരിക്കോട് പ്രദേശത്തുകാര്‍ തലച്ചുമടായി പുത്തനഴിയിലെത്തിച്ച ശേഷമാണ് സാധനങ്ങള്‍ കാളവണ്ടിയില്‍ കൊണ്ടുപോയിരുന്നത്. 1963-ല്‍ പഞ്ചായത്ത് നിലവില്‍ വന്നശേഷമാണ് കാളവണ്ടിക്ക് പോകുവാനുള്ള വഴികളെങ്കിലും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടായത്. യാത്രയ്ക്ക് കാല്‍നട മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളു. 1956-ലാണ് ഈ പഞ്ചായത്തിലൂടെ ആദ്യമായി ഒരു ബസ് ഓടിത്തുടങ്ങിയത്. കാല്‍നടയാത്രക്കാര്‍ക്ക് ദാഹശമനത്തിനുവേണ്ടി 1963 വരെ അത്താണികളില്‍ തണ്ണീര്‍പ്പന്തലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ മോരുവെള്ളം സൌജന്യമായിരുന്നു.

ഗതാഗതചരിത്രം

18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ എടപ്പറ്റയിലൂടെ പടയോട്ടം നടത്തുകയും റോഡ് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മൈസൂറില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. പുത്തന്‍കുളത്തു നിന്ന് എടപ്പറ്റ വഴിയാണ് മൈസൂറിലേക്കുള്ള ടിപ്പു സുല്‍ത്താന്‍ റോഡ്. ഈ റോഡിനിരുവശവും സമീപകാലം വരെ ടിപ്പുസുല്‍ത്താന്‍ വെച്ചുപിടിപ്പിച്ചിരുന്ന വന്‍മരങ്ങള്‍ നശിക്കാതെ നിലനിന്നിരുന്നു. നല്ല വീതിയുള്ള പുത്തന്‍കുളം - ഒലിപ്പുഴ റോഡ്, ടിപ്പു സുല്‍ത്താന്റെ ഒരു സ്മാരകമായി ഇന്നും നിലനില്‍ക്കുന്നു. എടപ്പറ്റയിലെ ആദ്യ ഗതാഗതപാത മേലാറ്റൂര്‍-ഇരിങ്ങാട്ടിരി റോഡായിരുന്നു. കാളവണ്ടിയും പോത്തുവണ്ടിയും മാത്രമായിരുന്നു അക്കാലത്തെ വാഹനങ്ങള്‍. കാര്‍ഷികോല്‍പ്പന്നങ്ങള്‍ തലച്ചുമടായി തന്നെ കൊണ്ടുപോയിരുന്നു. തലച്ചുമടുകാര്‍ക്ക് താങ്ങായി അനേകം അത്താണികള്‍ നിര്‍മ്മിച്ചിരുന്നു. അവയെല്ലാം കാലപ്രവാഹത്തില്‍ നശിച്ചുപോയി. വെള്ളിയഞ്ചരി, പാതിരിക്കോട് പ്രദേശത്തുകാര്‍ തലച്ചുമടായി പുത്തനഴിയിലെത്തിച്ച ശേഷമാണ് സാധനങ്ങള്‍ കാളവണ്ടിയില്‍ കൊണ്ടുപോയിരുന്നത്. 1963-ല്‍ പഞ്ചായത്ത് നിലവില്‍ വന്നശേഷമാണ് കാളവണ്ടിക്ക് പോകുവാനുള്ള വഴികളെങ്കിലും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടായത്. യാത്രയ്ക്ക് കാല്‍നട മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളു. 1956-ലാണ് ഈ പഞ്ചായത്തിലൂടെ ആദ്യമായി ഒരു ബസ് ഓടിത്തുടങ്ങിയത്. എടപ്പറ്റ പഞ്ചായത്തിലുടെ കടന്നുപോകുന്ന മേലാറ്റൂര്‍-കരുവാരക്കുണ്ട്, മേലാറ്റൂര്‍-ഒലിപ്പുഴ എന്നീ പൊതുമരാമത്തുറോഡുകള്‍ ഇരുപതാംനൂറ്റാണ്ടിനു മുമ്പുള്ളവയാണ്. പുത്തന്‍കുളം-ഒലിപ്പുഴ പഞ്ചായത്ത് റോഡ് 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് നിര്‍മ്മിച്ചതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ നിര്‍മ്മിച്ച ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍വേ ലൈനില്‍ കല്‍ക്കരിവണ്ടി ഓടുവാന്‍ തുടങ്ങിയതോടെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അങ്ങാടിപ്പുറംവഴി അന്നത്തെ വള്ളുവനാടിന്റെ തലസ്ഥാനമായ പെരിന്തല്‍മണ്ണയിലേക്കുള്ള യാത്ര സുഗമമായി. ദൂരയാത്രക്കും തീവണ്ടിയാത്ര എളുപ്പമായിത്തീര്‍ന്നു. എന്നാല്‍ 1945-ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ റെയില്‍വേ ലൈന്‍ പൊളിച്ചു മാറ്റപ്പെട്ടതോടെ പെരിന്തല്‍മണ്ണയിലേക്ക് വീണ്ടും കാല്‍നടയാത്ര തന്നെ ശരണമായി. യൂദ്ധം അവസാനിച്ചതോടെ റെയില്‍വേലൈന്‍ പുനസ്ഥാപിക്കപ്പെട്ടു. 1956-ല്‍ ഷൊര്‍ണ്ണൂരിലെ “മയില്‍വാഹനം” എന്നാരു കമ്പനിയുടെ ഒരു ബസ് എടപ്പറ്റയിലൂടെ ഓടിയതോടെ ബസ് യാത്രയുടെ യുഗം തുറക്കപ്പെട്ടു.

സാംസ്കാരികചരിത്രം

പ്രാചീനകാലം മുതല്‍ ഈ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. മൂന്നാടിയിലെ, വലിയ പാറക്കല്ലുകള്‍ കൊണ്ടുണ്ടാക്കിയ “നന്നങ്ങാടികള്‍” എന്നു വിളിക്കപ്പെടുന്ന ശവക്കല്ലറകള്‍, മലമുകളിലുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, എടപ്പറ്റ, പാതിരിക്കോട് ഭാഗങ്ങളിലെ പുരാതനശിവക്ഷേത്രങ്ങള്‍, അമ്പഴപ്പറമ്പിലെ നന്നങ്ങാടികള്‍, ചുള്ളിയോട് കുന്നിലെ വാരിയകുളത്തുള്ള പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ അതിന് തെളിവാണ്. മൂനാടിയിലെ കൊട്ടിപ്പാറയില്‍ നിന്നും പൊളിച്ചെടുത്ത വളരെ വലിയ പാറക്കല്ലുകള്‍ കൊണ്ടാണ് നന്നങ്ങാടികള്‍ മൂടിയിരുന്നത്. അന്നത്തെ മനുഷ്യരുടെ അതിശക്തിയോ, സംഘശക്തിയോ തെളിയിക്കുന്നവയാണ് ആ കല്ലുകള്‍. പല ഭാഗങ്ങളില്‍ നിന്നും വന്നു താമസമാക്കിയവരാണ് ഈ പഞ്ചായത്തിലെ ഇന്നത്തെ തലമുറയുടെ പിന്മുറക്കാര്‍. ഭൂപരിഷ്കരണ നടപടികളെ തുടര്‍ന്ന് വന്‍മാറ്റങ്ങള്‍ നാട്ടിലുണ്ടായി. തൊഴിലാളികള്‍ക്കും കുടിയാന്‍മാര്‍ക്കും സുരക്ഷിതബോധം കൈവന്നു. അന്ധവിശ്വാസങ്ങള്‍ തകരുവാന്‍ തുടങ്ങി. അയിത്താചാരങ്ങള്‍ കുറഞ്ഞുവരുവാന്‍ തുടങ്ങി. പഞ്ചായത്തിലങ്ങോളമിങ്ങോളം അനേകം ജുമാ-മസ്ജിദുകളുണ്ട്. കുട്ടിച്ചാത്തന്‍ ഭഗവതിക്ഷേത്രത്തില്‍ ആണ്ടുതോറും നടക്കാറുള്ള അതിപുരാതനമായ ഐവര്‍കളി വളരെ പ്രസിദ്ധമാണ്. പൂശാലിപടി സുബ്രഹ്മണ്യകോവിലിലെ തൈപ്പൂയമഹോത്സവമാണ് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രോത്സവം. എടപ്പറ്റയില്‍ ആദ്യമായി സ്ഥാപിതമായ ക്രിസ്ത്യന്‍ ദേവാലയം പുളിയക്കോട് സെന്റ്മേരീസ് ചര്‍ച്ചാണ്. 1976-ല്‍ പുളിയക്കോട്, 1978-ല്‍ പാതിരിക്കോട് പുല്ലുപറമ്പ് എന്നിവിടങ്ങളില്‍ ഓരോ വായനശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോല്‍ക്കളി, ചെറ്റുമന്‍കളി, പരിചമുട്ടുകളി, തിരുവാതിരക്കളി, ഒപ്പന എന്നിവയാണ് ഈ പഞ്ചായത്തില്‍ പ്രചാരത്തിലുള്ള നാടന്‍കലകള്‍. പട്ടികജാതിയില്‍പ്പെട്ട ചെറുമര്‍ ഇടയ്ക്കിടയ്ക്ക് “ചെറുമന്‍കളി” നടത്താറുണ്ട്. നൂറുകണക്കിന് ചെറുമപുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന വാശിയേറിയ ചെറുമന്‍കളി മത്സരവും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. കോല്‍ക്കളിക്ക് പകരം ദഫ്മുട്ട് പ്രചരിച്ചുവരുന്നുണ്ട്. കാളപൂട്ടും പോത്തുപൂട്ടും ഈ പ്രദേശത്തെ പ്രിയവിനോദങ്ങളായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ എല്‍.പി.സ്കൂള്‍ 1910-ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊമ്പന്‍കല്ല് ജി.എം.എല്‍.പി.സ്കൂളാണ്.