ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ചരിത്രപരാമൃഷ്ടവും പ്രശസ്തവുമായ തൃക്കാക്കര പ്രദേശം ഇന്ന് ഇടപ്പള്ളി ബ്ളോക്കിലാണ് ഉള്‍പ്പെടുന്നത്. പുരാതന കാലത്ത് ആദിചേരസാമ്രാജ്യത്തിന്റെ രാജധാനി തീരപ്രദേശ നഗരമായിരുന്ന തൃക്കാക്കരയിലായിരുന്നു എന്ന് ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി 1503-ലുണ്ടായ കൊച്ചി-പോര്‍ട്ടുഗീസ് യുദ്ധം തൃക്കാക്കരയുടെ അധ:പതനത്തിന് വഴി തെളിച്ചു. ഈ ബ്ളോക്കിലെ ചേരാനല്ലൂര്‍ പ്രദേശം പഴയ കൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1200-ലേറെ വര്‍ഷം പഴക്കമുള്ള ചേരാനല്ലൂര്‍ ക്ഷേത്രത്തിലെ ദാരുശില്പങ്ങളും, ചുമര്‍ച്ചിത്രങ്ങളും അതിസുന്ദരവും, വിനോദസഞ്ചാരികളെയും ഗവേഷകരെയും ആകര്‍ഷിക്കാന്‍ പോന്നവയുമാണ്. മഹാബലിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് തൃക്കാക്കരയുടെ പൌരാണികപ്രശസ്തി ആരംഭിക്കുന്നത്. തൃക്കാക്കര ക്ഷേത്രവും, തൃക്കാക്കരയപ്പനും ഐതിഹ്യപ്രസിദ്ധമാണ്. പെരുമാള്‍മാരുടെ ഭരണകാലത്ത് പ്രശസ്തി ഉച്ചസ്ഥായിയിലെത്തിയിരുന്ന തൃക്കാക്കര അക്കാലത്ത് കാല്‍ക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രസൂചനകളുണ്ട്. അക്കാലത്തുള്ള പല ശിലാഫലകങ്ങളും, ശില്പങ്ങളും ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതിഹ്യപരമായി തൃക്കാക്കരയാണ്. മഹാബലി രാജാവിന്റെ ഏകദേശം 16 ഏക്കറിലായി വ്യാപിച്ചുകിടന്ന ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നുവത്രെ. മഹാവിഷ്ണുവിന്റെ പാദസ്പര്‍ശമേറ്റ സ്ഥലം എന്ന അര്‍ത്ഥത്തിലാണ് ഇവിടം തൃക്കാല്‍ക്കര എന്ന് അറിയപ്പെട്ടിരുന്നതെന്നും അത് ക്രമേണ ലോപിച്ച് തൃക്കാക്കര ആയതാണെന്നും കരുതപ്പെടുന്നു. രാജഭരണകാലത്ത് 28 ദിവസത്തെ ഓണാഘോഷം കൊണ്ടാടിയിരുന്നത് പില്‍ക്കാലത്ത് 10 ദിവസത്തിലേക്ക് ചുരുങ്ങി. പഞ്ചപാണ്ഡവന്മാരുടെ ഒളിത്താവളമായിരുന്ന അരക്കില്ലം സ്ഥിതി ചെയ്തിരുന്നതും തൃക്കാക്കരയിലാണ് എന്ന മറ്റൊരു ഐതിഹ്യവും ചിലര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഇവിടെ കളക്ടറേറ്റിനോട് അടുത്തു സ്ഥിതി ചെയ്യുന്ന മുടിക്കുഴിപ്പുറം എന്ന സ്ഥലത്ത് വളരെ പൌരാണികമായ ഒരു ഗുഹ കാണപ്പെടുന്നുണ്ട്. ഈ ഗുഹയുടെ യുക്തിസഹമായ ചരിത്രം വ്യക്തമല്ലെങ്കിലും അരക്കില്ലം കത്തിയപ്പോള്‍ പാണ്ഡവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഗുഹയാണിതെന്ന മറ്റൊരു ഐതിഹ്യവും കേള്‍ക്കുന്നുണ്ട്. ഗുഹയുടെ ഉള്‍വശത്ത് കിരീടത്തിന്റെ അടയാളത്തിലുള്ള ചില പാടുകള്‍ കാണപ്പെടുന്നത്, ഭീമന്റെ കിരീടം തട്ടിയുണ്ടായതാണത്രെ. ഗുഹയുടെ മറ്റേയറ്റം ഇരുമ്പനം എന്ന സ്ഥലത്താണ് അവസാനിക്കുന്നത്. ഇരുമ്പനം എന്ന സ്ഥലനാമം ഹിടുംബവനം എന്നത് ശബ്ദഭേദം സംഭവിച്ചുണ്ടായതാണെന്ന് പറയപ്പെടുന്നു. 14-ാം ശതകത്തില്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ കടല്‍ വച്ചുപോയ കരയാണ് വൈപ്പിന്‍ ദ്വീപ്. വര്‍ഷങ്ങളുടെ കൃത്യത ക്ളിപ്തപ്പെടുത്താന്‍ കഴിയില്ലെങ്കിലും കടല്‍ വച്ചുപോയ കരയാണ് ചേരാനല്ലൂര്‍ പ്രദേശവും എന്ന നിരീക്ഷണവാദത്തിന് ഇവിടുത്തെ ഭൂപ്രകൃതി ദൃഷ്ടാന്തമാണ്. “കോകസന്ദേശ”കാലത്ത് കോഴിക്കോടു നിന്നും ഇടപ്പള്ളിയിലേക്കും, അവിടെ നിന്ന് തെക്കോട്ട് കൊല്ലത്തേക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂര്‍ സ്ഥിതി ചെയ്യുന്നത് എന്നു രേഖകളില്‍ നിന്നും മനസിലാക്കാം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ കുഞ്ചുകര്‍ത്താവിനെ സംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചിരാജാവിന്റെ സൈനികതലവനും, ദേശവാഴിയുമായിരുന്നു. അതുകൊണ്ടുതന്നെ കര്‍ത്താവിന് പ്രത്യേക രാജപദവികള്‍ ലഭിച്ചിരുന്നു. നാണയവ്യവസ്ഥ നടപ്പാകുന്നതിനു മുമ്പ് ചരക്കുകൈമാറ്റ സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രമാണ് മാരാപ്പറമ്പ് ക്ഷേത്രം. മാരാപ്പറമ്പ് ക്ഷേത്രത്തിന്റെ കരിങ്കല്‍ത്തറയുടെ പ്രത്യേകനിര്‍മ്മിതിയുടെ ശില്പരീതി വച്ച് ആദിയില്‍ അത് ജൈനക്ഷേത്രവും, പിന്നീട് ശിവക്ഷേത്രമായി മാറിയതുമാണെന്ന് പറയപ്പെടുന്നു. ചരിത്രത്തിന്റേയും ഐതിഹ്യങ്ങളുടെയും പാരമ്പര്യമേറെയുള്ള തൃക്കാക്കരയുടെ മണ്ണില്‍ പൌരാണികകാലം മുതല്‍ നാനാജാതി മതസ്ഥര്‍ തികഞ്ഞ മതസൌഹാര്‍ദ്ദത്തോടും ഐക്യത്തോടും കൂടി കഴിഞ്ഞുവരുന്നു. നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. 1200-ലേറെ വര്‍ഷം പഴക്കമുള്ള ചേരാനല്ലൂര്‍ ദേവിക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരുകാലത്ത് കഥകളി, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്രകലകള്‍ പരിപോഷിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് മാരാപ്പരമ്പ് ക്ഷേത്രം. ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്നാണ് അറിയപ്പെടുന്നത്. ഒരു ശതാബ്ദത്തിലേറെ പഴക്കമുള്ള ക്രിസ്ത്യന്‍-മുസ്ളീംപള്ളികളും ഇവിടെയുണ്ട്. ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രം, ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളി, കോതോട് പള്ളി, കാക്കനാട് പള്ളി, സെന്റ് മേരീസ് ജാക്കബൈറ്റ് പള്ളി, പടമുകള്‍ മുസ്ളീം പള്ളി, ചേരാനല്ലൂര്‍ മുസ്ളീം പള്ളി എന്നിവയാണ് ബ്ളോക്കിലെ പ്രധാന ആരാധനാലയങ്ങള്‍. വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും, വായനശാലകളും, കലാസാംസ്കാരികകേന്ദ്രങ്ങളും തൃക്കാക്കരയുടെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, കോല്‍ക്കളി, പരിചമുട്ട്, അറവനമുട്ട്, പുലിക്കളി തുടങ്ങിയ നാടന്‍കലാരൂപങ്ങളുടെ കേളീരംഗമായിരുന്നു ഈ നാട്. ഇന്നും ചില ഭാഗങ്ങളില്‍ ഇവയെല്ലാം വേരറ്റുപോകാതെ നിലനില്‍ക്കുന്നുണ്ട്. ചേരാനല്ലൂര്‍ പ്രദേശത്താണ് നവോത്ഥാനകാലഘട്ടത്തില്‍ അധഃസ്ഥിതന്റെ വിമോചനഗീതമെഴുതി ഒരു വെള്ളിനക്ഷത്രമായി മാറിയ കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ പിറന്നത്. തലമുറകള്‍ കൈമാറിയ കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയില്‍ പ്രശോഭിതനായി തീര്‍ന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യനാളുകളില്‍ സ്വാതന്ത്ര്യപ്രേരിതങ്ങളായ കവിതകളെഴുതിയ വി.വി.കെ.വാലത്തും ഈ ഗ്രാമത്തിന്റെ പുത്രന്മാരാണ്. 1961 വരെ വര്‍ഷാവര്‍ഷങ്ങളില്‍ ക്രമം തെറ്റാതെ പെരിയാറ്റില്‍ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. ആഴ്ചകളോളം കടമക്കുടി ദ്വീപുനിവാസികള്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നിരുന്നു. ജലസംഭരണികളുടെ ആവിര്‍ഭാവത്തോടെ ഇപ്പോള്‍ മലവെള്ളപ്പൊക്കം ഇല്ലാതായിട്ടുണ്ട്. ചെമ്മീനും, മറ്റു മത്സ്യസമ്പത്തും ഐസ് ഇട്ട് സംസ്കരിച്ച് വിദേശങ്ങളിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയതോടെ കടമക്കുടിയുടെ സമ്പദ്ഘടനയില്‍ പുരോഗതി കണ്ടുതുടങ്ങി.