ഇടപ്പള്ളി

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലാണ് ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടമക്കുടി, ചേരാനല്ലൂര്‍, തൃക്കാക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. ചേരാനല്ലൂര്‍, കടമക്കുടി, കാക്കനാട്, വാഴക്കാല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന് 50.97 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ആലങ്ങാട് ബ്ളോക്കും, കിഴക്കുഭാഗത്ത് വാഴക്കുളം, വടവുകോട് ബ്ളോക്കുകളും, തെക്കുഭാഗത്ത് കൊച്ചി കോര്‍പ്പറേഷനും, പടിഞ്ഞാറുഭാഗത്ത് വൈപ്പിന്‍ ബ്ളോക്കുമാണ് ഇടപ്പള്ളി ബ്ളോക്കുപഞ്ചായത്തിന്റെ അതിരുകള്‍. 1956-ലാണ് ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്. 1967-ല്‍ കൊച്ചി കോര്‍പ്പറേഷന്‍ രൂപം കൊണ്ടപ്പോള്‍ ഈ ബ്ളോക്കിലെ ഇടപ്പള്ളി പഞ്ചായത്തുപ്രദേശം കൊച്ചി കോര്‍പ്പറേഷന്റെ ഭാഗമായിത്തീര്‍ന്നു. 1990-ല്‍ മുനിസിപ്പാലിറ്റിയായി മാറിയതോടെ കളമശ്ശേരിയും ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടു. കുന്നുകളും ചരിവുകളും, സമതലങ്ങളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. തീരമണല്‍, എക്കല്‍മണ്ണ്, ചെളിമണ്ണ്, പശിമയാര്‍ന്ന മണ്ണ് എന്നീ മണ്ണിനങ്ങളാണ് സാധാരണയായി ഈ പ്രദേശത്ത് കണ്ടുവരുന്നത്. ദൂരദര്‍ശന്‍ കേന്ദ്രം, റേഡിയോ നിലയം എന്നിവ ഈ ബ്ളോക്കുപ്രദേശത്ത് സ്ഥിതി ചെയ്യുന്നു. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ ഈ ബ്ളോക്കുപ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപരാമൃഷ്ടവും പ്രശസ്തവുമായ തൃക്കാക്കര പ്രദേശം ഇന്ന് ഇടപ്പള്ളി ബ്ളോക്കിലാണ് ഉള്‍പ്പെടുന്നത്. പുരാതന കാലത്ത് ആദിചേരസാമ്രാജ്യത്തിന്റെ രാജധാനി, തീരപ്രദേശ നഗരമായിരുന്ന തൃക്കാക്കരയിലായിരുന്നു എന്ന് ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. മഹാബലിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് തൃക്കാക്കരയുടെ പൌരാണികപ്രശസ്തി ആരംഭിക്കുന്നത്. തൃക്കാക്കര ക്ഷേത്രവും, തൃക്കാക്കരയപ്പനും ഐതിഹ്യപ്രസിദ്ധമാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതിഹ്യപരമായി തൃക്കാക്കരയാണ്.