ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

മലബാര്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ള അങ്ങാടികളിലൊന്ന് എടപ്പാളായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മലഞ്ചരക്കുകളുടെയും പ്രധാന വിപണന കേന്ദ്രവും സംഭരണ സംസ്കരണ കേന്ദ്രവും എടപ്പാളായിരുന്നു. കായലുകളിലൂടെ തോണിമാര്‍ഗ്ഗം എടപ്പാളിലെത്താന്‍ സൌകര്യവുമായിരുന്നു എന്നത് വ്യാപാരത്തിന് അനുകൂലമായ ഒരു ഘടകമായിരുന്നു. വാമൊഴികളില്‍ പെരുമയും പ്രശസ്തിയുമുള്ള ഒരു പ്രദേശമാണ് എടപ്പാള്‍. ഇടയ്ക്കുള്ള പാളയം എന്ന അര്‍ത്ഥം വരുന്ന സ്ഥലമാണ് ഇടപ്പാളായത് എന്നതാണ് ഒരു സ്ഥലനാമ ഐതിഹ്യം. പാളയമെന്നതിന് സൈനിക കേന്ദ്രമെന്നും നഗരമെന്നും അര്‍ത്ഥമുണ്ട്. സൈനികത്താവളമായിരിക്കാനിടയുള്ള കോട്ടക്കുന്നിനോട് ബന്ധപ്പെട്ടു തന്നെയാണ് തളിക്ഷേത്രവും വിഷ്ണുക്ഷേത്രവും (കൊടലില്‍ അമ്പലം) ഭഗവതി ക്ഷേത്രവും (കുളങ്കര) സ്ഥിതി ചെയ്യുന്നത്. ശുകപുരം ക്ഷേത്രവും നാടുവാഴികള്‍ക്ക് ഊരായ്മയുണ്ടായിരുന്ന ചമ്പ്രമാണം ക്ഷേത്രവും ഇതിനു സമീപം തന്നെയാണ്. പരമ്പരാഗതങ്ങളായ പ്രാചീന കലകളുടെ ഉത്സവപ്പറമ്പായിരുന്നു ഈ പ്രദേശം. തിറ, പൂതന്‍, നായാടികളി, കരി നീലിയാട്ടം, പാമ്പുതുള്ളല്‍ എന്നീ സാമുദായിക കലകളും കഴിഞ്ഞകാല സാമൂഹ്യ ജീവിതത്തിന്റെ കണ്ണാടിയായിത്തീര്‍ന്ന പ്രത്യേക നാടന്‍പാട്ടുകളും ഈ പ്രദേശത്ത് പ്രചരിച്ചിരുന്നു. മാണൂര്‍ക്കുന്നിനും മൂക്കോലക്കുന്നിനും ഇടയ്ക്കുള്ള മറ്റൊരു കുന്നായിരുന്നു എടപ്പാള്‍. കുന്നത്തുനാടെന്നറിയപ്പെട്ടിരുന്ന ഒരു വലിയ ഭൂവിഭാഗവും നാടുവാഴി കുടുംബവും ഇവിടെയുണ്ടായിരുന്നു. പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ പ്രദേശങ്ങളുള്‍പ്പെട്ടിരുന്ന വള്ളുവനാടിന്റെ പഴങ്കഥയില്‍ ഒരിടപ്പാളയം തന്നെയാണ് എടപ്പാള്‍. ചൊവ്വര (ശുകപുരം) ഗ്രാമവുമായി ബന്ധപ്പെട്ട ബ്രാഹ്മണ കലാപത്തിനും എടപ്പാള്‍ സാക്ഷിയായിട്ടുണ്ട്. ശുകപുരം ഇപ്പോള്‍ വട്ടംകുളം പഞ്ചായത്തിലാണെങ്കിലും എടപ്പാളുമായി ബന്ധമുണ്ട്. പൊന്നാനി തുറമുഖമായി വികസിക്കുന്നതിനു മുമ്പ് എടപ്പാളിനായിരുന്നു കച്ചവട പ്രാധാന്യമെന്ന് പറയപ്പെടുന്നു. കായലുകളും കുന്നുകളും ഒരു പ്രത്യേകതരം മനുഷ്യാധിവാസ കേന്ദ്രമായി എടപ്പാളിനെ മാറ്റി. റോഡുകളും പെരുവഴികളുമില്ലാതെ ഒറ്റപ്പെട്ട തറകളും കരകളുമാണ് എടപ്പാളിലാദ്യം രൂപപ്പെട്ടത്. എലിയത്തു തറയും, പൊല്‍പ്പാക്കരയും, പുതുക്കരയും ഉദിനിക്കര കുന്നും, പൊന്‍കുന്നും, ചേരിങ്ങല്‍ കുന്നും, കൊടലില്‍ കുന്നും (കോട്ടക്കുന്ന്, വെങ്ങിനിക്കര) രൂപം കൊണ്ടു. പില്‍ക്കാലത്ത് ഭരണം ബ്രാഹ്മണരിലേക്ക് മാറിയപ്പോള്‍ ബ്രാഹ്മണ ഗ്രാമവും (ചൊവ്വര) ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ച് ജനകേന്ദ്രങ്ങളും രൂപം കൊണ്ടു. ഊരും ഊരാളരും സഭകളും ബ്രഹ്മസ്വവും ദേവസ്വവും ആവിര്‍ഭവിച്ചതിന്റെ ചരിത്രം ഇതാണ്. പഞ്ചായത്തിലെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്ന സുപ്രധാന റോഡാണ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിലവില്‍ വന്ന പൊന്നാനി-പാലക്കാട് റോഡ്. (സ്റ്റേറ്റ് ഹൈവേ നമ്പര്‍ 301). 1930-കളുടെ മദ്ധ്യത്തില്‍ പൊന്നാനിയില്‍ നിന്നും എടപ്പാള്‍ അങ്ങാടിയിലൂടെ കല്‍ക്കരി ഉപയോഗിച്ചോടുന്ന ബസ്സ് കടന്നു പോയതോടെ ആധുനിക ഗതാഗതത്തിന് തുടക്കം കുറിച്ചു. 1950-കളില്‍ വന്നരി ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തു നിന്നും ടണ്‍ കണക്കിന് കൊപ്ര എടപ്പാള്‍ പഞ്ചായത്തിലെ തലമുണ്ടയിലേക്ക് എത്തിയിരുന്നു. വന്നരി ഭാഗത്തു നിന്നും തോണിയിലൂടെയായിരുന്നു കണ്ണേം കായലിലൂടെ തേങ്ങയും കൊപ്രയുമെത്തിയിരുന്നത്. പഞ്ചായത്തിലെ ആദ്യത്തെ എണ്ണമില്ലായിരുന്നു കുഞ്ചമ്പിസ്വാമി സ്ഥാപിച്ച ഗണേഷ് ഓയില്‍ മില്‍. 1970 മുതല്‍ കേരളത്തിലെ പ്രമുഖ അടയ്ക്കാ വ്യവസായ കേന്ദ്രമായിരുന്നു എടപ്പാള്‍. കേന്ദ്രീകൃതമായ തോതില്‍ അടയ്ക്കാ സംഭരണവും സംസ്കരണവും നടക്കുന്നത് പഞ്ചായത്തിലെ അയിലക്കാട് എന്ന പ്രദേശത്താണ്.