പഞ്ചായത്തിലൂടെ

എടപ്പാള്‍  - 2010

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ പൊന്നാനി ബ്ളോക്കിലാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 22.28 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കാലടി ഗ്രാമപഞ്ചായത്തും, കിഴക്ക് വട്ടംകുളം, ആലംകോട് ഗ്രാമപഞ്ചായത്തുകളും, തെക്ക് നന്നംമുക്ക്, മാറഞ്ചേരി, വെളിയങ്കോട് ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് പൊന്നാനി മുന്‍സിപ്പാലിറ്റിയും, മാറഞ്ചേരി പഞ്ചായത്തുമാണ്. എടപ്പാള്‍ പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 30292 ആണ്. അതില്‍ 15,883 പേര്‍ സ്ത്രീകളും, 14,409 പേര്‍ പുരുഷന്മാരും ആണ്. പഞ്ചായത്തിന്റെ മൊത്തം സാക്ഷരതാനിരക്ക് 90% എന്നത് അഭിമാനാര്‍ഹമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പുഞ്ചകൃഷി, തെങ്ങ്, അടയ്ക്ക എന്നിവയാണ് പഞ്ചായത്തിലെ പ്രധാനകൃഷി വിളകള്‍.ഒളമ്പ് കായല്‍, തേരേറ്റു കായല്‍, മാണൂര്‍ കായല്‍ എന്നിവ പഞ്ചായത്തിലെ പ്രധാന കായലുകളാണ്. പഞ്ചായത്തിലെ 25 കുളങ്ങള്‍ ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. പൊല്‍പാക്കര ഇറിഗേഷന്‍ കനാല്‍, കുട്ടത്ത് കൈതക്കല്‍ മുനമ്പ് തട്ട്, മടയില്‍കോട് പടവ് കനാല്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസേചന കനാലുകളാണ്.56 പൊതുകിണറുകളും, 126 കുടിവെള്ള ടാപ്പുകളും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു.85 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ പൊന്നാനി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പൊന്നാനി, കുറ്റിപ്പുറം ബസ്സ്റ്റാന്റുകളാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍. ബിയ്യം കായല്‍ ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ്, പുറത്തൂര്‍ ജങ്കാര്‍ സര്‍വ്വീസ്, ചമ്രവട്ടം തോണി സര്‍വ്വീസ് എന്നിവ പഞ്ചായത്തിലെ പ്രധാന ജലഗതാഗത മാര്‍ഗ്ഗങ്ങളാണ്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. എടപ്പാള്‍-പൊന്നാനി റോഡ്, അയിലക്കാട്-കരിങ്കലത്താണി-ഗുരുവായൂര്‍ റോഡ് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. തുയ്യംപാലം ഈ പഞ്ചായത്തിലെ പ്രധാന പാലമാണ്.എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും കെ.വി.ഹാജി ഓയില്‍ മില്‍, ഫ്ലോര്‍ മില്‍ തുടങ്ങിയ വിവിധയിനം ചെറുകിട വ്യവസായയൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചു വരുന്നു. പരമ്പരാഗതരംഗത്ത് കരകൌശലവസ്തുക്കളുടെ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.എടപ്പാള്‍ ഗോവിന്ദ പെട്രോള്‍ പമ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ നിയന്ത്രണത്തിലുള്ള പെട്രോള്‍ ബങ്കുകള്‍ എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 12 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനമായ മാവേലി സ്റ്റോറും ഇവിടെയുണ്ട്.പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് എടപ്പാള്‍ ചുങ്കം, എടപ്പാള്‍ അങ്ങാടി എന്നീ സ്ഥലങ്ങള്‍. കെ.വി. ഹാജി ഷോപ്പിംഗ് കോംപ്ളക്സ് പഞ്ചായത്തിലെ പ്രധാന ഷോപ്പിംഗ് കോംപ്ളക്സാണ്. എടപ്പാള്‍ അങ്ങാടി, എടപ്പാള്‍ ചുങ്കം എന്നിവിടങ്ങളിലായാണ് പഞ്ചായത്തിലെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. പൂക്കരത്തറ തളി ശിവക്ഷേത്രം, നരസിംഹമൂര്‍ത്തി ക്ഷേത്രം, അയിലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രം തുടങ്ങി 6 ക്ഷേത്രങ്ങളും, പുക്കരത്തറ നമസ്കാര പള്ളി, ജുമാ-മസ്ജിദ്, നമസ്കാര പള്ളി കോട്ടമുക്ക് തുടങ്ങി 2 മുസ്ളീംപള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു.എടപ്പാള്‍ അങ്ങാടിയില്‍ ചിങ്ങ മാസത്തില്‍ പൂരാടം നാളില്‍ പൂരാട വാണിഭം, കാളപൂട്ട് മത്സരം, ശ്രീ പൊറുക്കാവ് ദേശ താലപ്പൊലി, അയിലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രപൂരം, അയിലക്കാട് ഉറൂസ് ആണ്ട് നേര്‍ച്ച, തലമുണ്ട മാനത്തുകാവ് ക്ഷേത്ര ഉത്സവം, തളിക്ഷേത്ര ഉത്സവം എന്നീ ആഘോഷങ്ങള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്.കര്‍ഷകസമരനേതാവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊടും പാവും നല്‍കി ശക്തിപ്പെടുത്തിയവരില്‍ പ്രധാനിയുമായിരുന്ന ഇ.യു.ജി.മേനോന്‍, ജ്യോതിഷപണ്ഡിതനായ ശൂലപാണി വാര്യര്‍ എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹികസാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ കുമാര്‍ എടപ്പാള്‍, പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വം, മദ്ദളം വിദഗ്ദ്ധന്‍ എടപ്പാള്‍ അപ്പുണ്ണി എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്.നിരവധി കലാകായികസാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊറൂക്കര യാസ്പൊ, എടപ്പാള്‍ കാവൂട്ട്, അയിലക്കാട് സംഘവേദി, പൂക്കരത്തറ പി.എ.എസ്.സി, ടൌണ്‍ ടീം അയിലക്കാട്, കരുണ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കലാകായികസാംസ്കാരിക സ്ഥാപനങ്ങളാണ്.ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. എടപ്പാള്‍ അമ്പിളി ക്ളിനിക്, പൊല്‍പ്പാക്കര ആയുര്‍വദ ഡിസ്പെന്‍സറി, പൂലിക്കാട്, പൂക്കരത്തറ ഹോമിയോ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളാണ്. അയിലക്കാട്, പൂക്കരത്തറ, കോലളമ്പ് എന്നിവിടങ്ങളിലായി മൂന്ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും, എടപ്പാളില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.എടപ്പാള്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, ബി.എം.എസ് എടപ്പാള്‍ ലോറി ഡ്രൈവേഴ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഞ്ചായത്തിന് ആംബുലന്‍സ് സേവനം ലഭിക്കുന്നത്.പുക്കരത്തറ, പുലിക്കാട് എന്നിവിടങ്ങളിലായി ഈ പഞ്ചായത്തിലെ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു.പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത്, സ്വകാര്യമേഖലയില്‍ എടപ്പാള്‍ അല്‍-ന്യൂര്‍ ഇംഗ്ളീഷ് സ്കൂള്‍, ബ്ളോസ്സം ഇംഗ്ളീഷ് സ്കൂള്‍ തുടങ്ങി 6 സ്കൂളുകളും സര്‍ക്കാര്‍ മേഖലയില്‍ അയിലക്കാട് എ.എം.എല്‍.പി.സ്കൂള്‍, തലമുണ്ട എല്‍.പി.സ്കൂള്‍, പൂലിക്കാട് എല്‍.പി.സ്കൂള്‍, പുക്കരത്തറ എല്‍.പി. സ്കൂള്‍, അംശക്കച്ചേരി യു.പി.സ്കൂള്‍, പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളും പൂക്കരത്തറ കെ.വി.യു.എം കോളേജ് എന്നിവയും ഈ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ബാങ്കിംഗ് രംഗത്ത് ദേശസാല്‍കൃത ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, എസ്.ബി.ടി, എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക്, സഹകരണ ബാങ്കുകളായ പൊന്നാനി താലൂക്ക് സഹകരണ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, സ്വകാര്യബാങ്കുകളായ എടപ്പാള്‍ കെ.എസ്.എഫ്.ഇ എന്നിവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്. പൊറൂക്കര യാസ്പൊ ഗ്രന്ഥാലയം, അയിലക്കാട് സംഘവേദി ഗ്രന്ഥാലയം തുടങ്ങിയ ഗ്രന്ഥശാലകളും, വെങ്ങിനിക്കര ഗ്രാമീണ വായനശാല, എടപ്പാള്‍ വായനശാല, വൈദ്യര്‍മൂല ഗ്രാമീണ വായനശാല, തുയ്യം വായനശാല, പൊല്‍പ്പാക്കര വായനശാല എന്നീ വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.പഞ്ചായത്തിലെ പൊതുപരിപാടികളും വിവാഹവും മറ്റും നടത്തുന്നതിനായി ശ്രീ പൊറുക്കാവ് ദേവീക്ഷേത്രം വക ഒരു കല്ല്യാണമണ്ഡപം ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബി.എസ്.എന്‍.എല്‍ ഓഫീസും, പോസ്റ്റ് ഓഫീസും പഞ്ചായത്തിലെ പ്രധാന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. എ.ഇ.ഒ. ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവ പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ മേഖല സ്ഥാപനങ്ങളാണ്. അംശക്കച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവ പഞ്ചായത്തിലെ പ്രധാന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. പൊല്‍പ്പാക്കര, പൂക്കരത്തറ, അയിലക്കാട് എന്നിവിടങ്ങളിലായി മൂന്ന് പോസ്റ്റ് ഓഫീസുകളും, എടപ്പാള്‍ സബ് പോസ്റ്റ് ഓഫീസും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പഞ്ചായത്തിന്റെ പ്രത്യേകതകള്‍

മലപ്പുറം ജില്ലയിലെ പ്രമുഖ പട്ടണമായ എടപ്പാള്‍ ഠൌണിന്റെ ഒരു ഭാഗം മാത്രമാണ് എടപ്പാള്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. നെല്ല്, അടയ്ക്ക, തേങ്ങ, എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. ചിങ്ങമാസത്തിലെ പൂരാടം നാളില്‍ ആഘോഷിക്കുന്ന പൂരാട വാണിഭം കാര്‍ഷികവിളവുമായി ബന്ധപ്പെട്ടതാണ്. ഓണത്തിന് വേണ്ടിയുള്ള കാര്‍ഷിക ഉള്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് എടപ്പാള്‍ നിവാസികള്‍ മുഖ്യ ആഘോഷമാക്കി മാറ്റുന്നു. കാളപൂട്ട് നടത്തുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് എടപ്പാള്‍ പഞ്ചായത്ത്. കോള്‍പാടങ്ങള്‍, വാഴ, അടയ്ക്ക തോട്ടങ്ങള്‍, കായലുകള്‍, ചിറ തുടങ്ങിയവയെല്ലാം പഞ്ചായത്തിനെ സുന്ദരമാക്കുന്നു.