എടപ്പാള്‍

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പൊന്നാനി ബ്ളോക്കില്‍ എടപ്പാള്‍, കോലൊളമ്പ് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത്. 22.28 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കാലടി ഗ്രാമപഞ്ചായത്തും, കിഴക്ക് വട്ടംകുളം, ആലംകോട് ഗ്രാമപഞ്ചായത്തുകളും, തെക്ക് നന്നംമുക്ക്, മാറഞ്ചേരി, വെളിയങ്കോട് ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് പൊന്നാനി മുന്‍സിപ്പാലിറ്റിയും, മാറഞ്ചേരി പഞ്ചായത്തുമാണ്. അറബിക്കടലില്‍ നിന്ന് സുമാര്‍ 7 കിലോമീറ്റര്‍ കിഴക്കുമാറിയും ഭാരതപ്പുഴയില്‍ നിന്ന് 6 കിലോമീറ്റര്‍ തെക്കു കിഴക്കുമായി കിടക്കുന്ന മദ്ധ്യസമതല (മിഡ്ലാന്‍ഡ്) ഭൂപ്രകൃതിയാണ് എടപ്പാളിന്റേത്. കുന്നുകളും, വയലുകളും, കായലുകളും നിറഞ്ഞതാണ് ഈ പ്രദേശം. പ്രകൃതി സുന്ദരമായ കായല്‍ പ്രദേശങ്ങളുള്ള ഈ നാടിന് ആകര്‍ഷണീയമായ ചാരുതയുണ്ട്. ഇവിടുത്തെ അയിലക്കാടിനടുത്തുള്ള കാക്കത്തുരുത്ത് എന്ന ദ്വീപ് വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പറ്റിയ പ്രദേശമാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറ് ബിയ്യം കായലും, വടക്ക് ആലേക്കായലും മാണൂര്‍ക്കായലും, തെക്ക് ഒളമ്പ്ക്കായലും തെക്കുപടിഞ്ഞാറായി പുഴങ്ങാട്ടുകായലും കോട്ടിയാട്ടുകായലും സ്ഥിതിചെയ്യുന്നു. ആദിഗോത്രങ്ങളുടെ വംശഗാഥകള്‍ പാടുന്ന പട്ടിക ജാതിക്കാര്‍, കാവുകള്‍ക്ക് സംരക്ഷകരായിരുന്ന തിയ്യാട്ടു നടത്തിയിരുന്ന തിയ്യന്‍മാര്‍, നാടുവാഴികള്‍, ബ്രാഹ്മണന്‍മാര്‍, മുസ്ളീങ്ങള്‍ തുടങ്ങി നിരവധി തദ്ദേശിയരുടെയും കുടിയേറ്റക്കാരുടെയും നാടായിരുന്നു എടപ്പാള്‍. വിദ്യാഭ്യാസ രംഗത്തും ഇവിടെ വന്‍ പുരോഗതി സ്വാതന്ത്ര്യത്തിനു മുമ്പു കൈവന്നിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്ററിനും 35 മീറ്ററിനും ഇടയില്‍ ഉയരമുള്ളവയാണ് പഞ്ചായത്ത് അതിര്‍ത്തിയിലെ വെങ്ങിനിക്കരയിലെ കൊടലില്‍ക്കുന്ന്, ഉദിനിക്കര കുന്ന്, പൊന്‍കുന്ന്, ചേരിങ്ങല്‍ കുന്ന് എന്നിവ. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നു കിടക്കുന്ന കായല്‍പ്രദേശങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത മത്സ്യബന്ധനോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കായലുകളെയും തോടുകളെയും ആശ്രയിച്ചുള്ള മത്സ്യബന്ധനമാണ് എടപ്പാള്‍ പഞ്ചായത്തില്‍ ഉള്ളത്. മഞ്ഞില എന്ന ഔഷധ മത്സ്യം ഇവിടെ സുലഭമാണ്.