ചരിത്രം

സാമൂഹ്യചരിത്രം

പണ്ടുകാലത്ത് കോഴിക്കോടിനെയും സുഖവാസകേന്ദ്രമായ ഊട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് നിലമ്പൂര്‍ വഴിയുണ്ടായിരുന്ന പാതയില്‍, യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ളൊരു ഇടത്താവളമായിരുന്നു എടക്കര. അതുകൊണ്ട് ഇടത്താവളം എന്നര്‍ത്ഥം വരുന്ന “എടക്കര” എന്ന് ഈ പ്രദേശത്തിനു പേരു ലഭിച്ചുവെന്ന് പറയപ്പെടുന്നു. 1775 കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന തച്ചറക്കാവിലെ നിലമ്പൂര്‍ കോവിലകവുമായി ബന്ധപ്പെട്ടാണ് എടക്കരയുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തന്മാരായിരുന്നു നിലമ്പൂര്‍ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരിക്കല്ലുകളായി തിരിച്ചിരുന്നു. കിഴക്കുംമുറി ചേരിക്കല്ലില്‍പ്പെട്ട പ്രദേശമാണ് ഇന്നത്തെ എടക്കര പഞ്ചായത്ത്. മുമ്പ് ഇവിടുത്തെ വനാന്തരങ്ങളില്‍ മലമുത്തന്‍, ചോലനായ്ക്കന്‍, മലനായ്ക്കന്‍, അറനാടന്‍, പണിയന്‍, കുറുമര്‍ തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ താമസിച്ചിരുന്നു. കാടുകളിലെ മരംമുറിയും മുളവെട്ടും മറ്റുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ മുസ്ളീംവിഭാഗമാണ് എടക്കരയുടെ സാമൂഹികജീവിതചരിത്രത്തിനു തുടക്കം കുറിക്കുന്നത്. ഏറെക്കുറെ ഇതേ കാലഘട്ടത്തില്‍തന്ന കൃഷിയുമായി ബന്ധപ്പെട്ട് നായര്‍, തീയര്‍ തുടങ്ങിയ വിഭാഗങ്ങളും ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവരാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്കുംമുറി ചേരിക്കല്ലിനു കീഴില്‍ മുപ്പിനി, കൌക്കാട്, ഭഗവതി മുണ്ട, മണക്കാട്, ഉപ്പട, മുതുകുളം, ശങ്കരംകുളം, ഉടുമ്പൊയില്‍, മലച്ചി, അര്‍ണാടം പാടം, പായുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ കളങ്ങള്‍ ഉണ്ടായിരുന്നു. കളംഉടമകള്‍ വര്‍ഷംതോറും കാര്‍ഷികവിഭവങ്ങളുടെ നിശ്ചിതശതമാനം ചേരിക്കല്ല് തമ്പുരാക്കന്‍മാര്‍ക്കു പാട്ടമായി നല്‍കുമായിരുന്നു. ആദ്യകാലങ്ങളില്‍ കളം ഉടമകള്‍, സ്വന്തമായോ, വിശ്വസ്തരായ കൃഷിക്കാര്‍ക്കു പാട്ടത്തിനു നല്‍കിയോ ആയിരുന്നു കൃഷി നടത്തിയിരുന്നത്. 20,000 പറ നെല്ലുള്‍ക്കൊള്ളാന്‍ ശേഷിയുള്ള പത്തായപുരയോടുകൂടിയ കോവിലകമായിരുന്നു എടക്കരയിലുണ്ടായിരുന്നത്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും, തമ്പുരാന്റെ അധികാരങ്ങളെയും തീരുമാനങ്ങളേയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍, കരംപിരിവ്, ജനനമരണ രജിസ്ട്രേഷന്‍ എന്നിവയുടെ ചുമതല അംശ ഉദ്യോഗസ്ഥനായ അധികാരിക്കായിരുന്നു. അധികാരിസ്ഥാനം താവഴിയായി നിലനിന്നിരുന്നു. അധികാരിയെ സഹായിക്കുവാന്‍ മേനോന്‍, കോല്‍ക്കാരന്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ കളക്കാരും പാട്ടകൃഷിക്കാരും തൊഴിലാളികള്‍ക്കു അളവ് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാര്‍ഷികമേഖല സജീവമായതോടുകൂടി ആശാരി, കൊല്ലന്‍, കര്‍ഷകതൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും ഇവിടേക്ക് കുടിയേറിപാര്‍ക്കാനാരംഭിച്ചു. പ്രാചീനകാലം മുതല്‍ കരുനെച്ചി, കൌവുക്കാട് പ്രദേശങ്ങളില്‍ മലയപണിക്കന്‍മാര്‍ കൂട്ടമായി താമസിച്ച് കൃഷി ചെയ്തിരുന്നു. “തലമ്മല്‍ തട്ട്” എന്നു വിളിച്ചിരുന്ന കോളറ, മലമ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ക്കടിമപ്പെട്ടും, വന്യമൃഗശല്യം കാരണവും പലരും പിന്‍മാറിയെങ്കിലും 1920-കളായപ്പോഴേക്കും എടക്കര പ്രദേശം ജനവാസകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. 1932 ആയപ്പോഴേക്കും എടക്കരയില്‍ ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. നാട്ടുവൈദ്യശാലകളും എടക്കര ടി.ബിയില്‍ പ്രവര്‍ത്തിച്ചിരുന്നു. മെറ്റേര്‍ണിറ്റി ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിന്റെ കീഴില്‍ നടത്തിയിരുന്ന ആരോഗ്യകേന്ദ്രവും പോഷകാഹാര വിതരണവും സാധാരണജനങ്ങള്‍ക്ക് ഒരാശ്വാസമായിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോഴിക്കോട്-ഊട്ടി റോഡിലൂടെ “രാജലക്ഷ്മി” ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചത് ആ കാലഘട്ടത്തില്‍ തന്നയാണ്. 1947-നു ശേഷമുള്ള എടക്കരയുടെ ചരിത്രത്തിനു തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവുമായി അഭേദ്യമായ ബന്ധമുണ്ട്. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലും ഉടമസ്ഥതയിലുമായിരുന്ന ഈ പ്രദേശത്തേക്ക്, 1900-ാമാണ്ടോടുകൂടി ആദ്യകുടിയേറ്റങ്ങള്‍ ആരംഭിച്ചു എന്നു കാണാം. തരിശുസമരങ്ങള്‍ക്കും, വെട്ടിപ്പൊളി സമരങ്ങള്‍ക്കും എടക്കരയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇന്ന് എടക്കരയിലുള്ള കൃഷിഭൂമിയില്‍ നല്ലൊരുഭാഗം വെട്ടിപ്പൊളിയിലൂടെ അവകാശം സ്ഥാപിച്ചതാണ്. പ്രസ്തുത സമരങ്ങള്‍ക്ക് കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമാണ് നേതൃത്വം നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന്, സഖാവ് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ നടത്തിയ എണ്ണമറ്റ സമരങ്ങള്‍ എടക്കരയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെടേണ്ടതാണ്. 5-6-64-ന് പോലീസ് സ്റ്റേഷനു മുന്നാടിയായി ഒരു പോലീസ് ഔട്ട് പോസ്റ്റ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. എടക്കര പോസ്റ്റാഫീസ് 1940 കാലഘട്ടം മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1963-64 കാലയളവില്‍ എടക്കര വില്ലേജാഫീസ് രൂപം കൊണ്ടു. 1981-ല്‍ ഹെല്‍ത്ത് സെന്ററും രജിസ്ട്രേഷന്‍ ഓഫീസും ഇലക്ട്രിസിറ്റി ഓഫീസും സ്ഥാപിക്കപ്പെട്ടു.

സാംസ്കാരികചരിത്രം

തികച്ചും കുടിയേറ്റ പ്രദേശമായ എടക്കര, വിവിധകലകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ്. കുടിയേറ്റ കാലഘട്ടത്തിനുമുമ്പ് ഈ പ്രദേശത്തെ വനാന്തരങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വളരെ പിന്നിലായിരുന്നുവെങ്കിലും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ നിലനിന്നിരുന്നു. ആദിവാസിനൃത്തം, കോല്‍ക്കളി, കാളകട്ടിക്കളി, തുടികാട്ടിപ്പാട്ട്, ഭൂതംകളി തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട കലാരൂപങ്ങള്‍. വിശ്വാസവും സംസ്കാരവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളും മതവിദ്യാഭ്യാസസ്ഥാപനങ്ങളുമാണ് കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ന്നുവന്നത്. എടക്കര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിന് ചരിത്രാതീതകാലം മുതലുള്ള കഥകള്‍ പറയാനുണ്ട്. വിവിധ മതവിശ്വാസികളായ ജനവിഭാഗങ്ങള്‍ കുടിയേറിയതോടെ വിവിധ മതവിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നു വന്നു. ആദ്യകാലം മുതല്‍ പരസ്പരം ഇടപഴകി ജീവിക്കുന്നതുകൊണ്ടാകാം ഇവിടുത്തെ ജനങ്ങളില്‍ ജാതി-മത-വര്‍ഗ്ഗീയ ചിന്ത തീരെയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവെയ്പുകളും ഉണ്ടായപ്പോഴും എടക്കര ശാന്തമായിരുന്നു. കലാസാംസ്കാരിക രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം എടക്കര പഞ്ചായത്തില്‍ നിലനിന്നിരുന്നു. 1940-ല്‍ തിക്കണ്ണല്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എടക്കര നവോദയാ വായനശാലയാണ് ഈ രംഗത്തെ ആദ്യസ്ഥാപനം. അക്കാലത്തു തന്നെ ചെറുകോട് അപ്പുണ്ണിയുടെ നേതൃത്വത്തില്‍ ഒരു നാടക സംഘം നിലവിലുണ്ടായിരുന്നു. പിന്നീട് പല കാലഘട്ടത്തില്‍ പലരുടേയും നേതൃത്വത്തില്‍ കലാസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.