എടക്കര

മലപ്പുറം ജില്ലയിലെ, നിലമ്പൂര്‍ താലൂക്കില്‍, നിലമ്പൂര്‍ ബ്ളോക്കിലാണ് എടക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടക്കര, ചുങ്കത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എടക്കര ഗ്രാമപഞ്ചായത്തിനു 58.09 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളും, തെക്കുഭാഗത്ത് മൂത്തേടം, പോത്തുകല്ല് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകളുമാണ്. മലപ്പുറം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍, തമിഴ്നാടിനോട് ചേര്‍ന്ന്, മലകളും, കാടുകളും, പുഴകളും, തോടുകളും നിറഞ്ഞുള്ള ഒരു മലമ്പ്രദേശമാണ് എടക്കര പഞ്ചായത്ത്. പഞ്ചായത്തിന് കിഴക്കും, തെക്കും യഥാക്രമം കലക്കംപുഴയും, പുന്നുപുഴയും അതിരിടുമ്പോള്‍ പടിഞ്ഞാറും, വടക്കും പാലുണ്ട-മുണ്ടേരി റോഡും ഗൂഡല്ലൂര്‍ താലൂക്കും അതിരിടുന്നു. പഞ്ചായത്തിന്റെ പല കരപ്രദേശങ്ങളിലും, പുഴകളില്‍ ഉണ്ടാകാറുള്ള തരം വെള്ളാരംകല്ലുകള്‍ കാണപ്പെടുന്നത്, പണ്ടുകാലത്ത് പുഴകള്‍ ഗതിമാറിയൊഴുകിയിരുന്നതിനെയോ, മലവെള്ളപാച്ചിലിനേയോ സൂചിപ്പിക്കുന്നു. പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വനപ്രദേശം വ്യാപിച്ചുകിടക്കുന്നുണ്ട്. പണ്ടുകാലത്ത് കോഴിക്കോടിനെയും സുഖവാസകേന്ദ്രമായ ഊട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് നിലമ്പൂര്‍ വഴിയുണ്ടായിരുന്ന പാതയില്‍, യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ളൊരു ഇടത്താവളമായിരുന്നു എടക്കര. അതുകൊണ്ട് ഇടത്താവളം എന്നര്‍ത്ഥം വരുന്ന “എടക്കര” എന്ന് ഈ പ്രദേശത്തിനു പേരു ലഭിച്ചുവെന്ന് പറയപ്പെടുന്നു. 1963-ലാണ് അവിഭക്ത എടക്കര പഞ്ചായത്ത് നിലവില്‍ വന്നത്. ഇന്നു നിലവിലുള്ള വഴിക്കടവ്, മൂത്തേടം, പഞ്ചായത്തുകള്‍ അന്നത്തെ അവിഭക്ത എടക്കര പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യം എടക്കര പഞ്ചായത്ത് വിഭജിച്ച് വഴിക്കടവ് പഞ്ചായത്തും, 1978-ല്‍ മൂത്തേടം പഞ്ചായത്തും രൂപീകരിക്കപ്പെട്ടു. സഹ്യസാനുക്കളിലെ നിബിഡവനങ്ങളാണ് പഞ്ചായത്തിന്റെ വിസ്തൃതിയുടെ നല്ലൊരുഭാഗവും. എടക്കര പഞ്ചായത്ത് തികച്ചും ഒരു കാര്‍ഷിക മേഖലയാണ്. ഭൂപ്രകൃതിപരമായി മലനാട് മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് എടക്കര. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലും ഉടമസ്ഥതയിലുമുണ്ടായിരുന്ന ഈ പ്രദേശത്തേക്ക് 1900-ാമാണ്ടോടുകൂടി ആദ്യകുടിയേറ്റങ്ങള്‍ ഉണ്ടായി എന്നാണ് മനസ്സിലാകുന്നത്.