എടക്കാട്

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് എടക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടക്കാട് വില്ലേജുപരിധിയിലുള്‍പ്പെടുന്ന എടക്കാട് ഗ്രാമപഞ്ചായത്തിനു 18.50 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് എളയാവൂര്‍, ചേലോറ പഞ്ചായത്തുകളും, കണ്ണൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചെമ്പിലോട്, കടമ്പൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, അറബിക്കടലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന, മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന ഭൂപ്രദേശമായിരുന്നു, ഇന്നത്തെ എടക്കാട് പഞ്ചായത്തുപ്രദേശം. ആദ്യം കരാറിനകം പ്രദേശം ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് കരാറിനകം പ്രദേശം കൂടി ഉള്‍പ്പെടുത്തിയ ഈ പഞ്ചായത്ത് എടക്കാട് വികസന ബ്ളോക്കിലാണ് ഉള്‍പ്പെടുന്നത്. എടക്കാട് ഗ്രാമപഞ്ചായത്ത് ഒന്‍പതു ദേശങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ആറ്റടപ്പ, ചാല പടിഞ്ഞാറെക്കര, ചാല പന്ത്രണ്ടുകണ്ടി, ചിറക്കുതാഴെ, തോട്ടട, കിഴുന്നകുറ്റിക്കകം, എടക്കാട്, കണ്ണൂര്‍, കരാറിനകം എന്നിവയാണ് പ്രസ്തുത ഒന്‍പതു ദേശങ്ങള്‍. ഇവയില്‍ കരാറിനകം 1962-ലാണ് എടക്കാട് പഞ്ചായത്തിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ പ്രദേശം അറക്കല്‍ കോവിലകത്തിന്റെ ഭാഗമായിരുന്നു. മലബാറിലെ കര്‍ഷക പ്രസ്ഥാനം രൂപം കൊള്ളുമ്പോള്‍ തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനവും ജന്മംകൊണ്ടു. വായനശാലകളും ഗ്രന്ഥാലയങ്ങളും അക്കാലത്ത് എടക്കാട് പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അവയുടെ പേരുകളില്‍പോലും ദേശസ്നേഹത്തിന്റെ മുദ്രകള്‍ തെളിഞ്ഞുനിന്നു. ചുരുട്ടുബീഡിക്കമ്പനികള്‍ കേന്ദ്രീകരിച്ച് നടന്നുവന്ന പത്രവായന, തൊഴിലാളികളുടെ ബോധനിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. പത്രത്തോടൊപ്പം ലോക ക്ളാസ്സിക്കുകള്‍ വരെ അവര്‍ സംഘമായി വായിക്കുമായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെ ഉണ്ടാകുന്നതിനും എത്രയോ മുന്‍പുതന്നെ, ഈ ഗ്രാമം ഏതാണ്ട് 90 ശതമാനത്തിലധികം സാക്ഷരത കൈവരിച്ചിരുന്നു. ആശാന്റെയും ചങ്ങമ്പുഴയുടെയും കവിതകള്‍ ഇവിടെയുള്ള വൃദ്ധകള്‍ക്കുപോലും ഹൃദിസ്ഥമായിരുന്നു.