ചരിത്രം

13ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  ചിറ്റാരിപുഴക്ക് വടക്കുനിന്നും വന്നതെന്നു കരുതപ്പെടുന്ന ഒരു വിഭാഗം ബ്രാഹ്മണ സമുദായക്കാര്‍ ഈ പ്രദേശത്തു താമസിച്ചിരുന്നതായും 1400 കാലഘട്ടത്തില്‍ പൂര്‍വ്വന്മാര്‍ എന്നാരു വര്‍ഗ്ഗക്കാര്‍ ബ്രാഹ്മണ സമുദായക്കാരെ തുരത്തിയോടിച്ച് കമ്പല്ലൂരില്‍ ആധിപത്യം സ്ഥാപിച്ചതായും പറയപ്പെടുന്നു. 1550-നോടടുത്ത് പഴയങ്ങാടിയില്‍ താമസിച്ചിരുന്ന പുല്ലായിക്കൊടി എന്ന തറവാട്ടുകാര്‍ പുളിങ്ങോം ദേശത്തുവരികയും അവിടെ നിന്നും കമ്പല്ലൂര്‍ ആസ്ഥാനമാക്കി ഭൂമി കൈവശപ്പെടുത്തി കോട്ട കെട്ടി താമസമുറപ്പിച്ചതായും അറിയപ്പെടുന്നു. വേട്ടമൃഗങ്ങളെയും കാട്ടുകിഴങ്ങും ഭക്ഷണമാക്കി മരവുരികൊണ്ട് നഗ്നത മറച്ച് കാട്ടുപ്രദേശങ്ങളില്‍ കഴിഞ്ഞിരുന്ന വേട്ടുവരെ ബലമായി പിടിച്ച് കമ്പല്ലൂര്‍ കോട്ടയില്‍ കൊണ്ടുവന്ന് അടിമപണി ചെയ്യിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ആദിവാസികളായ വേട്ടുവരുടെ ദേവസ്ഥാനം മുക്കടയ്ക്കടുത്തുള്ള പെരുങ്ങാലയിലായിരുന്നു. അതിനാല്‍ അവര്‍ പെരുങ്ങാലവേട്ടുവര്‍ എന്നറിയപ്പെട്ടു. ഇന്നാട്ടുകാരാണെന്ന് അവകാശപ്പെടാവുന്നവര്‍ മേല്‍പ്പറഞ്ഞ വിഭാഗക്കാരാണ്. 19-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി നാടുവാഴികളും ഇടപ്രഭുക്കന്മാരും തീരപ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ മലയോരങ്ങളില്‍ വരികയും പുനകൃഷി ചെയ്യുന്നതിനും വേട്ടയാടുന്നതിനുമായി മത്സരിച്ച് ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു. കോടോത്ത്, ഏച്ചിക്കാനം, കോണത്ത് എന്നീ കുടുംബക്കാരായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. എളേരി ഗ്രാമത്തിന്റെ ഭൂരിഭാഗവും കോണത്ത് വീട്ടുകാരും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടുകാരും കൈയ്യടക്കിയിരുന്നു. 1880-നോടടുത്ത കാലത്ത് കൃഷിയില്‍ താല്പര്യമുള്ള വ്യക്തികള്‍ തീരദേശങ്ങളില്‍ നിന്നും എളേരിയില്‍ വന്നു സ്ഥലമെടുത്തു. ജന്മിമാരും അവരെ ആശ്രയിച്ചുകഴിഞ്ഞ കൃഷിക്കാരും ഇവരുടെയെല്ലാം അടിയാളന്മാരായികഴിഞ്ഞിരുന്ന മാവിലര്‍, വേട്ടുവര്‍, ചെറുമര്‍ എന്നിവരുടേതുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടു. ഒരു പ്രത്യേക ജീവിതരീതിയായിരുന്നു അന്ന് ഇവിടെ നിലവിലുണ്ടായിരുന്നത്. തീണ്ടലും തൊട്ടുകൂടായ്മയുമുണ്ടായിരുന്നു. പൂനം കൊത്തി നെല്‍കൃഷി ചെയ്യല്‍ പ്രധാനമായിരുന്നു. ആ കൃഷിയില്‍ തന്നെ തുവര, മത്തന്‍, വെള്ളരി മുതലായവയും നട്ട് ഫലമെടുത്തിരുന്നു. ആന, കടുവ, മാന്‍, കേഴ എന്നിങ്ങനെ ധാരാളം മൃഗങ്ങള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. നായാട്ട് ഇവര്‍ക്ക് മാംസശേഖരണത്തിനും വിനോദത്തിനുമുള്ള അവസരമായി. മുസ്ളീം സമുദായത്തില്‍പ്പെട്ട ആളുകളും ഈ കാലഘട്ടത്തില്‍ ഇവിടെ താമസമുണ്ടായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ നീലംപാറയില്‍ രണ്ട് നൂറ്റാണ്ടു മുമ്പ് തന്നെ കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, ഉദിനൂര്‍ തുടങ്ങിയ സ്ഥലത്തുനിന്നും വന്ന മുസ്ളീം സമുദായക്കാരുണ്ടായിരുന്നു. അവര്‍ 1934-ല്‍ നീലംപാറയില്‍ ഒരു മതപാഠശാല ആരംഭിച്ചു. 1935-ല്‍ നീലംപാറ ജുമാമസ്ജിദ് ആരംഭിച്ചു. ജന്മിമാരുടെ ആജ്ഞാനുസരണം അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്ന മായിലര്‍, ചെറുമര്‍, വേട്ടുവര്‍ എന്നീ വര്‍ഗ്ഗക്കാര്‍ ഓടയിലകൊണ്ടോ, തരിമ്പപുല്ലുകൊണ്ടോ മേഞ്ഞ കുടലുകളില്‍ താമസിച്ചിരുന്നു. മലങ്കാടുകള്‍ വെട്ടികിളച്ച് പുനകൃഷിചെയ്തും വിത്തുകിളപ്പാട്ട് സംഘം ചേര്‍ന്ന് പാടി കളിച്ചും കഠിനമായി അദ്ധ്വാനിച്ചും ഒടേരുടെ പത്തായം നിറച്ചു.

കുടിയേറ്റ ചരിത്രം

1945-ലാണ് ഈസ്റ്റ് എളേരിയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. 1949-ല്‍ പാലാവയലില്‍ കുടിയേറ്റം ആരംഭിച്ചു. പാലാ, അതിരമ്പുഴ, മേലുകാവ്, പ്രവിത്താനം, കടനാട്, രാമപുരം എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ് കുടിയേറ്റക്കാരില്‍ അധികവും. പയ്യന്നൂര്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും കുടിയേറിയവരും അക്കൂട്ടത്തില്‍പ്പെടുന്നുണ്ട്. ജന്മിത്വത്തിനും നാടുവാഴിത്വത്തിനും എതിരായ കാര്‍ഷിക സമര ചരിത്രത്തിലെ ഉജ്വലമായ ഒരദ്ധ്യായമാണ് മുനയംകുന്ന് സംഭവം. വിശന്നു വലയുന്ന ജനങ്ങള്‍ക്ക് ന്യായവിലക്ക് നെല്ല് കൊടുക്കുന്നതിനുള്ള പ്രക്ഷോഭസമരങ്ങള്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ചിറക്കല്‍ താലൂക്കിലുടനീളം ശക്തമായി നടന്നിരുന്നു. കര്‍ഷകരെ സംഘടിപ്പിച്ച് നെല്ല് ബലമായി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് റേഷന്‍ വിലക്കു വില്‍ക്കുന്ന പരിപാടിയായിരുന്നു കര്‍ഷകസംഘം ഏറ്റെടുത്തു നടത്തിവന്നത്. ഇതില്‍ കുപിതരായ ജന്മിമാര്‍ പോലീസ് സഹായം തേടുകയും അവരുടെയും ഗുണ്ടകളുടെയും അകമ്പടിയോടെ സമരത്തെ അടിച്ചമര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു. വേങ്ങയില്‍ നായനാര്‍ ആലപ്പടമ്പ് നമ്പീശന്‍ എന്നീ ജന്മിമാരുടെ വീടുകളില്‍ നിന്നും നെല്ലു പിടിച്ചെടുത്ത് വിതരണം നടത്തിയതിനെ തുടര്‍ന്നാണ് മുനയംകുന്ന് സംഭവം നടക്കുന്നത്.

സാംസ്കാരിക ചരിത്രം

കമ്പല്ലൂര്‍, കടുമേനി, നീലമ്പാറ, മുനയംകുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കൊണ്ട് നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമ്പന്നമാക്കിയിരുന്നതായി കാണുന്നു. ചിറ്റാരിക്കാല്‍, കടുമേനി, കമ്പല്ലൂര്‍, തയ്യേനി ക്ഷേത്രങ്ങളിലെ ഉത്സവം, പ്രസിദ്ധമായ നീലംപാറ മഖാം ഉറൂസ്, ക്രൈസ്തവ ദേവാലയങ്ങളിലെ തിരുനാളുകള്‍ എന്നിങ്ങനെ എല്ലാ ആഘോഷങ്ങളിലും ജാതിമതഭേദമെന്യേ എല്ലാവരും പങ്ക് ചേരുന്നത് മതസൌഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയാണ്. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള തെയ്യം ഉത്സവങ്ങള്‍ സവിശേഷമായ പ്രാധാന്യം അര്‍ഹിക്കുന്നു. മാപ്പിളയും ചാമുണ്ഡിയും എന്ന തെയ്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നീലംപാറ മഖാംഉറുസ് മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി വിളങ്ങുന്നത് കാണാം. കടുമേനി, മുണ്ഡ്യക്കാവ് ഉത്സവം ഈ പ്രദേശത്തെ മതസൌഹാര്‍ദ്ദത്തിന്റെയും കുലീന സംസ്കാരത്തിന്റെയും ഇതിവൃത്തത്തെ വരച്ചുകാട്ടുന്നു. കുടിയേറ്റത്തോടെയാണ് വായനശാല പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുള്ളത്. ചിറ്റാരിക്കാല്‍, പാലാവയല്‍, കമ്പല്ലൂര്‍, കടുമേനി, തയ്യേനി, കുളിനീര്, കാവും തല, പാവല്‍, മുനയംകുന്ന് എന്നിവിടങ്ങളില്‍ വായനശാലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. 1950-ല്‍ സ്ഥാപിച്ച കമ്പല്ലൂര്‍ വായനശാലയാണ് ഈ ഗ്രാമത്തിലെ ആദ്യ ഗ്രന്ഥാലയം. 1920-കാലഘട്ടത്തില്‍ കമ്പല്ലൂര്‍ അമ്പലത്തിനു സമീപത്തായി എഴുത്താശാന്‍ പഠിപ്പിച്ചിരുന്ന ഒരു പഠനശാല ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ കോല്‍ക്കളി, പൂരക്കളി, ദഫ്മുട്ട് മുതലായ കലകളില്‍ കര്‍ഷകര്‍ ഏര്‍പ്പെട്ടിരുന്നു. ചുരുക്കമായി ഏകാംഗനാടകങ്ങളും അവതരിപ്പിച്ചിരുന്നു. പിന്നീട് കലാസമിതികള്‍ രൂപികരിച്ച് സാധാരണ നാടകങ്ങള്‍ അവതരിപ്പിച്ചു. അന്ന് പുരുഷന്‍ ആയിരുന്നു സ്ത്രീ വേഷം കെട്ടിയിരുന്നത്. പില്‍ക്കാലത്ത് സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. കമ്പല്ലൂര്‍, കടുമേനി, പാലാവയല്‍, തയ്യേനി, ചിറ്റാരിക്കാല്‍, കണ്ണിവയല്‍ എന്നിവിടങ്ങളില്‍ അതാതുസ്ഥലത്തെ സമിതികള്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. തോമാപുരം യംഗ്സ്റ്റേര്‍സും കാവുംതല ദൃശ്യാ തീയേറ്റേര്‍സും കൂടുതല്‍ നാടകം അവതരിപ്പിച്ചിട്ടുള്ള അമച്വര്‍ സമിതികളാണ്.