ഈസ്റ്റ് എളേരി

img_0058കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ ബ്ളോക്കില്‍ ചിറ്റാരിക്കല്‍, പാലാവയല്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. 62.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക ഫോറസ്റ്റും, ചെറുപുഴ (കണ്ണൂര്‍ ജില്ല) പഞ്ചായത്തും, പടിഞ്ഞാറ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും, വടക്ക് വെസ്റ്റ് എളേരി, ബളാല്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകളുമാണ്. അടിമത്വത്തിന്‍റേയും നാടുവാഴിത്വത്തിന്‍റേയും കാര്‍ഷിക സമരങ്ങളുടെയും ചരിത്രമുറങ്ങുന്നതും കഠിനാദ്ധ്വാനവും സാഹസികതയും നിറഞ്ഞ കുടിയേറ്റത്തിന്റെ വീരഗാഥ രചിക്കപ്പെട്ടതുമായ ഈസ്റ്റ് എളേരി, കാസര്‍ഗോഡ് ജില്ലയുടെ തെക്കു കിഴക്ക് കുടക് വനപ്രദേശത്തിന് അരികു ചേര്‍ന്നുള്ള ഒരു ഗ്രാമമാണ്. ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ വേര്‍തിരിച്ചൊഴുകുന്ന പയസ്വിനിയെന്ന കാര്യങ്കോട് പുഴയാല്‍ അതിരുതീര്‍ക്കപ്പെട്ട ഈസ്റ്റ് എളേരി പഞ്ചായത്തിന് 62.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പച്ചപുതച്ച മലനിരകളും താഴ്വരകളും അവയെ തഴുകിയൊഴുകുന്ന കൈത്തോടുകളും ഉള്‍ക്കൊള്ളുന്ന എളേരി പ്രശാന്ത സുന്ദരമാണ്. ആദ്യകാലത്ത് നിലേശ്വരത്തുനിന്ന് 12 മൈല്‍ ബോട്ട് യാത്ര ചെയ്ത് മുക്കട ഇറങ്ങി 10 മൈല്‍ ഘോരവനത്തിലൂടെ സഞ്ചരിച്ചാണ് ചിറ്റാരിക്കാലില്‍ എത്തിയിരുന്നത്. പാടിച്ചാലില്‍ നിന്നും കൊല്ലട വഴി കമ്പല്ലൂര്‍, കടുമേനി ഭാഗത്തേക്കു വരാന്‍ നടപ്പുവഴി ഉണ്ടായിരുന്നു. കരിവെള്ളൂരില്‍ നിന്നും ചീമേനി, കാക്കടവ്, ചെമ്മനംകയം വഴി ഈ ഭാഗത്തേക്ക് വരാന്‍ കാട്ടുവഴി ഉണ്ടായിരുന്നു. 1950-കളുടെ ആരംഭത്തില്‍പ്പോലും റോഡുകള്‍ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന പല റോഡുകളും ജനങ്ങള്‍ ശ്രമദാനത്താല്‍ നിര്‍മ്മിച്ചതാണ്. തെയ്യങ്ങളുടെ നാടാണ് കാസര്‍ഗോഡ്. വിളവെടുപ്പ് കാലങ്ങളില്‍ കൊണ്ടാടിയിരുന്ന ഉത്സവത്തില്‍ പ്രധാനപ്പെട്ടത് തെയ്യമെന്നും തിറയെന്നും അറിയപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ കെട്ടിയാടിക്കലാണ്. അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും പ്രാചീനതകളെ സൂക്ഷിച്ചു പോരുന്ന കളിയാട്ടം ദ്രാവിഡപ്പൊലിമയുടെ കരുത്തും ദാര്‍ഢ്യവും വിളിച്ചോതുന്നവയാണ്. അയിത്തമുണ്ടായിരുന്ന കാലത്ത് പോലും തെയ്യക്കാരനും വാദ്യക്കാരും താഴ്ന്ന ജാതിയായിട്ടും മേല്‍ജാതിക്കാര്‍ നന്നായി സഹകരിച്ചു. പ്രധാന തെയ്യക്കോലങ്ങള്‍ കതിരൂര്‍ വീരന്‍, ഒറ്റക്കോലം, (തീച്ചാമുണ്ഡി) പരദേവത, പൊട്ടന്‍ തെയ്യം, ഭഗവതി, ഗുളികന്‍ മുതലായവയാണ്. കാവുകളില്‍ പ്രധാനപ്പെട്ടവ ആക്കോ കാവ്, (കമ്പല്ലൂര്‍) ചിത്രാടിക്കാവ്, ചിറ്റാരിക്കാല്‍ കാവ്, കടുമേനി മുണ്ഡ്യക്കാവ്, തയ്യേനി കാവ്, എന്നിവയാണ്. 1956 നവംബര്‍ ഒന്നുവരെ ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നങ്കിലും തെക്കന്‍ കര്‍ണാടക ജില്ല (സൌത്ത് കാനറ) എന്നാണ് അറിയപ്പെട്ടിരുന്നത്. കാഞ്ഞിരോട് താലൂക്കില്‍പെട്ടിരുന്ന ഈ പ്രദേശത്തിന്റെ പോലീസ് സ്റ്റേഷനും രജിസ്റ്റര്‍ കച്ചേരിയും ജില്ലാ ആസ്ഥാനമായ മംഗലാപുരത്തായിരുന്നു. കുത്തകാവകാശമായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് നികുതി കൊടുക്കണം എന്നാരു വ്യവസ്ഥ 1925-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉണ്ടാക്കി. അതോടുകൂടി എളേരി ഗ്രാമത്തെ കിഴക്കും പടിഞ്ഞാറും ആയി തിരിച്ചു. നികുതി പിരിക്കുക എന്ന ഏക ലക്ഷ്യത്തോടെ പട്ടേലര്‍ (വില്ലേജ് ഓഫീസര്‍) മാരേയും നിശ്ചയിച്ചു. 1952-ല്‍ ഈസ്റ്റ്, വെസ്റ്റ് എളേരി ഗ്രാമങ്ങളെ ഒരേ പഞ്ചായത്തിനും കീഴില്‍ ആക്കി. 1956-ല്‍ ഒന്നാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാര്‍ത്ഥികളെ മുന്നില്‍ കണ്ട് കൈ പൊക്കിയുള്ള വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് കെ.മാധവന്റെ അദ്ധ്യക്ഷതയില്‍ 31-1-1956 ന് ആദ്യ പഞ്ചായത്തു യോഗം ചേര്‍ന്നു.