ചരിത്രം

സ്ഥലനാമ ചരിത്രം

ഗ്രാമപഞ്ചായത്തിന്റെ പേര് ‘പുതുപ്പള്ളി വില്ലേജ് യൂണിയന്‍‘ എന്നായിരുന്നു. ഇപ്പോഴും ഈ  പ്രദേശം ‘പുതുപ്പള്ളി വില്ലേജ് ‘  ആണ്. ‘പുതിയ പള്ളി ‘പുതുപ്പള്ളി ആയതാണെന്നാണ്  സ്ഥലനാമത്തെ സംബന്ധിച്ച ഒരു വ്യാഖ്യാനം.  മറ്റൊരു വാദഗതിയും  നിലവിലുണ്ട്.  അത് ബുദ്ധമതവുമായി ബന്ധപ്പെട്ടാണ്. ബുദ്ധമത വിശ്വാസികള്‍ തങ്ങളുടെ ‘വിഹാര’ങ്ങളെ പള്ളി എന്നാണ് വിളിച്ചിരുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളുടെ പല ഭാഗങ്ങളും ബുദ്ധ വിഹാരങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഏറെക്കുറെ വിശ്വസനീയമായ തെളിവുകള്‍  ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ പ്രദേശത്തിന് ബുദ്ധമതവുമായുള്ള ബന്ധത്തില്‍ നിന്നായിരിക്കണം ‘പുതുപ്പള്ളി’ സ്ഥലനാമത്തിന്റെ  ഉല്‍ഭവം. പഞ്ചായത്തിന്റെ ഇപ്പോഴത്തെ പേര് (ദേവികുളങ്ങര) ദേവികുളങ്ങര ക്ഷേത്രനാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. നാലാം നൂറ്റാണ്ടിനു മുമ്പ് ഈ പ്രദേശം കണ്ടല്‍ക്കാടുകള്‍ ആയിരിക്കാനാണ് സാധ്യത. എ.ഡി. നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും  ഇടയിലാണ് സംഘടിത കൃഷി വ്യാപിക്കുന്നത്. കണ്ടല്‍കാടുകള്‍ വെട്ടിമാറ്റി രൂപപ്പെടുത്തിയതായിരിക്കണം ഇന്നത്തെ കൃഷിഭൂമികള്‍. പഞ്ചായത്തിന്റെ പലഭാഗത്തും കുഴിച്ചപ്പോള്‍ കിട്ടിയ കണ്ടല്‍മരത്തിന്റെ അവശിഷ്ടങ്ങള്‍ ഈ വാദഗതിയെ സാധൂകരിക്കുന്നു.

ദേശീയ പ്രസ്ഥാനം

മഹാത്മാഗാന്ധിയുടെ ആഹ്വാനം  ചെവി കൊണ്ട് കോടതി  ബഹിഷ്ക്കരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയ കടവക്കാട്ടില്‍ ജി രാമന്‍ മേനോന്‍  ബി.എ.ബി.എല്‍ ആണ് പുതുപ്പള്ളിയില്‍ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വിത്തു പാകിയവരില്‍ പ്രമുഖന്‍.  ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് തിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 1922 ല്‍ പുതുപ്പള്ളിയില്‍ ഒരു യോഗം കൂടി (വേമ്പനാട്ടു  പുരയിടത്തില്‍ വെച്ചായിരുന്നു ആ യോഗം). ഇതായിരുന്നു പുതുപ്പള്ളിയിലെ ആദ്യത്തെ കോണ്‍ഗ്രസ് യോഗം.  തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി  ഒരു ദേശീയ വിദ്യാലയം സ്ഥാപിക്കുകയും  കൈത്തൊഴില്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുകയുമുണ്ടായി. ഈ ദേശീയ  വിദ്യാലയത്തില്‍  സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളും കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ഖാദിയും കൈത്തറി വസ്ത്രങ്ങളും നിര്‍മ്മിക്കുന്നതിന് കുഴിത്തറികളും ചര്‍ക്കകളും ഉപയോഗപ്പെടുത്തി. വൈക്കം സത്യാഗ്രഹത്തിലും തിരുവാര്‍പ്പ് സമരത്തിലും പുതുപ്പള്ളി നിവാസികളായ പലരും പങ്കെടുത്തിട്ടുണ്ട്. 1923-ല്‍ രാജാരാജവര്‍മ്മ ഗ്രന്ഥശാലയുടെ വാര്‍ഷികത്തില്‍  സംബന്ധിച്ചുകൊണ്ട് മഹാകവി വള്ളത്തോള്‍ നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. ചരിത്ര പ്രസിദ്ധമായ അയിത്തോച്ഛാടന സമ്മേളനങ്ങളുമായി  ബന്ധപ്പെട്ടവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളാണ് പുതുപ്പള്ളിയില്‍ നടന്നത്.

സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍

1895 ല്‍ ശങ്കര സുബ്ബയ്യന്‍ ദിവാന്റെ  കാലത്ത്, അവര്‍ണ്ണര്‍ക്ക്, അവരാവശ്യപ്പെട്ടാല്‍  പ്രത്യേക പള്ളിക്കൂടങ്ങള്‍ അനുവദിച്ചുകൊടുക്കണമെന്നുള്ള തീരുമാനമനുസരിച്ച് ഒരു വാരണപ്പള്ളി കുടുബാംഗത്തിന് ലഭിച്ച ഈ സ്ക്കൂളാണ് ഇന്നത്തെ പുതുപ്പള്ളി വടക്ക് ഗവ:യു.പി സ്ക്കൂള്‍. ഈ സ്കൂളില്‍ നിന്ന് നാലാം ക്ളാസ് പാസായ വെളുമ്പനെ അച്ഛന്‍ കുഞ്ഞന്‍ ഇംഗ്ളീഷ് പഠിക്കുന്നതിനായി കായംകുളം ഇംഗ്ളീഷ് സ്ക്കൂളില്‍ ചേര്‍ത്തു. ഒരു ദിവസം തമ്പുരാക്കന്മാര്‍  ഏര്‍പ്പെടുത്തിയ ചില തെമ്മാടികള്‍  സ്ക്കൂളിലേക്ക്  പോവുകയായിരുന്ന  വെളുമ്പനെ പിടിച്ചു നിര്‍ത്തി ചാണകം കലക്കി തലവഴി  അഭിഷേകം കഴിച്ചു. ഇതില്‍  പ്രതിഷേധിക്കാന്‍ ബ്രഹ്മവിദ്യാഭൂഷണ്‍ പി.കെ.പണിക്കരുടെ നേതൃത്വത്തില്‍ തോട്ടത്തില്‍  സ്കൂളില്‍ ഒരു പ്രതിഷേധ യോഗം നടന്നു. സ്ക്കൂള്‍ ഫൈനല്‍ പാസായ വെളുമ്പനാണ് പില്‍ക്കാലത്ത് അഖില തിരുവിതാംകൂര്‍ തണ്ടാര്‍ മഹാജനസഭ സ്ഥാപിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ശ്രീമൂലം  പ്രജാസഭയില്‍ അംഗമാകുന്ന രണ്ടാമെത്ത വ്യക്തിയായിരുന്നു കുഞ്ഞന്‍ വെളുമ്പന്‍ ഒന്നാമന്‍. അയ്യന്‍ കാളി  1114-ലെ നിയമലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുപ്പള്ളിയില്‍ നടന്ന ഒരു പ്രചാരണ യോഗം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കബളിപ്പിച്ച് കായംകുളം കായലില്‍  (റ്റി.എം. ചിറയ്ക്കുവശം) വള്ളങ്ങള്‍ നിരത്തി  ഒരു പ്ളാറ്റ്ഫോം സൃഷ്ടിച്ചു.   കരിയില്‍ ഇ.വി.കൃഷ്ണന്‍, വെള്ളിശ്ശേരി ദാമോദരന്‍,കാക്കനാട്ട് പുരുഷോത്തമന്‍ എന്നിവര്‍  നിയമലംഘന പ്രസംഗങ്ങള്‍ നടത്തി.