ചരിത്രം
സാമൂഹ്യ സാംസ്കാരിക ചരിത്രം
വിവിധമതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് കര്ണ്ണാടകാതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ദേലംപാടി ഗ്രാമപഞ്ചായത്ത്. തുളു, മലയാളം, കന്നട, മറാത്തി എന്നിവയാണ് പ്രധാന ഭാഷകള്‍. ചരിത്രമുറങ്ങിക്കിടക്കുന്ന ഒരുപാട് സ്മാരകങ്ങള്‍ പഞ്ചായത്തിലുണ്ട്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഇവിടെ തോളുരമ്മി നില്ക്കുന്നു. ഏഴാം നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യമുള്ളതാണ് അടൂര്‍ ശ്രീമഹാലിംഗേശ്വരക്ഷേത്രം. കുമ്പള നാട്ടുരാജാവിന്റെ കീഴിലായിരുന്ന പ്രധാനപ്പെട്ട നാല് ക്ഷേത്രങ്ങളിലൊന്നാണിത്. അടൂരിന്റെയും, പഞ്ചായത്തിലെ മറ്റു ചില പ്രദേശങ്ങളുടെയും നാമധേയങ്ങള്‍ ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയായ ശിവന്റെയും ക്ഷേത്രനിര്‍മ്മാണത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നു. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ മുസ്ളീം ആരാധനാലയമാണ് പള്ളങ്കോട് ജുമാഅത്ത് പള്ളി. ഇവിടത്തെ ഉറൂസില്‍ പുറംനാടുകളില്‍ നിന്ന് ധാരാളം പേര് വന്നു പങ്കെടുക്കുന്നു. പഞ്ചായത്തിലെ ഏക ക്രിസ്ത്യന്‍ ദേവാലയം അടുത്തകാലത്ത് ദേലംപാടിയില്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. കുമ്പള ജയസിംഹ രാജാവിന്റെ ഭരണകാലത്ത് വെള്ളക്കാര്‍ മലബാര്‍ പിടിച്ചടക്കിയതോടെ ഈ പഞ്ചായത്ത് ബ്രിട്ടീഷ് രാജിന്റെ ഭാഗമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങള്‍ ഇവിടെയും അലയടിച്ചിരുന്നു. ഈ പഞ്ചായത്തിലെ സര്വ്വത്തോടി മഞ്ഞണ്ണറേ ദേശീയ സമരത്തിന്റെ ഭാഗമായി മാസങ്ങളോളം ജയില്‍വാസമനുഭവിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സന്ദേശം പഞ്ചായത്തിലെത്തിച്ചത് മഞ്ഞണ്ണറേ ആണ്. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ദേശവ്യാപകമായി നടന്ന മദ്യവിരുദ്ധറാലി ദേലംപാടിപഞ്ചായത്തിലും നടത്തപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി അടൂരില്‍ അന്ന് നിലവിലുണ്ടായിരുന്ന മദ്യഷാപ്പ് തീവെച്ചു നശിപ്പിക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ ഈ പഞ്ചായത്തില്‍ ഫ്യൂഡലിസം കൊടികുത്തി വാണിരുന്നു. 1940-കളില്‍ കൃഷിഭൂമി കര്ഷകന് എന്ന മുദ്രാവാക്യവുമായി കര്‍ഷകപ്രസ്ഥാനം നാടാകെ വളര്‍ന്നതിന്റെ ഭാഗമായി 1957-ല്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ ദേലംപാടിയില്‍ പ്രഥമ കര്‍ഷകസംഘം രൂപീകരിക്കപ്പെട്ടു. ഭൂമിക്കും, കൂലിക്കും വേണ്ടി ചാമക്കൊച്ചി, പുതിയമ്പലം, തല്‍പ്പച്ചേരി, ബള്ളക്കാനം എന്നിവിടങ്ങളില്‍ കര്‍ഷകതൊഴിലാളികള്‍ സമരം ചെയ്തു വിജയം കൈവരിച്ച ചരിത്രം ഈ പഞ്ചായത്തിനുണ്ട്. ആറോ ഏഴോ കുടുംബങ്ങളുടെ കൈകളില്‍ ഒതുങ്ങിനിന്ന പഞ്ചായത്തിലെ ഭൂമി ഭൂപരിഷ്കരണനിയമം കൊണ്ടുവന്നതിനു ശേഷം ജന്മികളുടെ കൈകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായി. കലാപരമായി അഭിമാനാര്‍ഹമായ നേട്ടമാണ് പഞ്ചായത്തിനുള്ളത്. ഏകദേശം 1865-ഓടുകൂടി അടൂര്മേളം എന്നറിയപ്പെടുന്ന കന്നട യക്ഷഗാനകലാസംഘം ബളക്കില ഇല്ലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. 1935-ല്‍ സംഘത്തിന്റെ വകയായി അടൂരില്‍ യക്ഷഗാന നാടകശാല സ്ഥാപിച്ച് ആഴ്ചകള്‍തോറും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രദര്‍ശനത്തിലൂടെ സ്വരൂപിച്ച പണത്തിലൂടെ സംസ്കൃതവും ജ്യോതിഷവും പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1944-ല്‍ ദേലംപാടി കേന്ദ്രീകരിച്ച് കരിക്കോട് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ ശ്രീഗോപാലകൃഷ്ണ കലാസംഘം സ്ഥാപിച്ചു. ഭരതനാട്യം, ശാസ്ത്രീയ സംഗീതം തുടങ്ങിയവ പഠിപ്പിക്കുന്ന ഗുരുകുലങ്ങളും നിലവിലുണ്ടായിരുന്നു. പിന്നോക്ക സമുദായക്കാരുടേതായ ഒബേല നാടന്‍ പാട്ട്, തുടികൊട്ട്, ആരാധന കലകളായ തെയ്യം, ഗോന്ധെള്, കോല്‍ക്കളി, പൂരക്കളി തുടങ്ങിയവ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ അങ്ങിങ്ങായി വളര്‍ന്നുവന്നിരുന്നു. ഉപ്പിനാട്ട പഴയകാലത്തെ ഏറ്റവും ജനകീയമായ വിനോദമായിരുന്നു. പഞ്ചായത്തില്‍ സാഹിത്യവാസന പ്രോത്സാഹിപ്പിക്കാന്‍ ശ്രീനാരായണ റാവു പ്രസിഡന്റായിരുന്ന കാലത്ത് ഗ്രന്ഥശാല ആരംഭിച്ചിരുന്നു. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് രോഗം വന്നാല്‍ നാട്ടുവൈദ്യന്മാരെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. വിഷചികിത്സ മുതല്‍ എല്ലാ മാരകരോഗങ്ങള്‍ക്കും ചികിത്സ ലഭ്യമായിരുന്നു. കൃഷിക്കാരന് അധ്വാനിച്ചുണ്ടാക്കിയ നെല്ല് കൊയ്യണമെങ്കില്‍ ജന്മിയുടെ കാല്പാദങ്ങളില് പച്ചക്കറികളും, ഫലവര്‍ഗ്ഗങ്ങളും കാഴ്ചവച്ച് അനുമതി വാങ്ങേണ്ടിയിരുന്നു. കള്ളപ്പറയും വെള്ളിക്കോലും പോലുള്ള ചൂഷണോപകരണങ്ങള് വ്യാപകമായിരുന്നു. ജന്മികുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചാലോ, ആരെങ്കിലും മരിച്ചാലോ മാത്രമേ കുടിയാന്മാര്ക്ക് പത്ത് സേറ് നെല്ല് ഒന്നിച്ച് കിട്ടിയിരുന്നുള്ളൂ. അടൂര്‍ ഉത്സവത്തിന് ജന്മിയുടെ വക ലഭിക്കുന്ന പുതുവസ്ത്രമാണ് ആ വര്‍ഷത്തെ ഉടുതുണി. ഇന്നും ചില പ്രദേശങ്ങളിലെല്ലാം അടൂര്‍ ഉത്സവത്തിന് വസ്ത്രം കൊടുക്കുന്ന പതിവുണ്ട്. വിഷു ആഘോഷവേളയില്‍ കാര്‍ഷികവിളകള്‍ ജന്മി കുടുംബങ്ങളില്‍ കാഴ്ചവെക്കുകയും വിഷുകൈനീട്ടം വാങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദു, മുസ്ളീം വ്യത്യാസമില്ലായിരുന്നു. 1934-ല്‍ അടൂരില്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചതോടുകൂടിയാണ് ഈ പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന പഞ്ചായത്താണെങ്കിലും 1920-ല്‍ തന്നെ വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ നിലവില്‍ വരികയുണ്ടായി. തമ്പിനടുക്കയില് ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത് 1939-ലാണ.് അടൂര്‍ പ്രൈമറി സ്കൂള്‍ പുല്ലുമേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1964-ല്‍ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണത്തോടെ അടൂരില്‍ ഗവ.ഹൈസ്കൂള്‍ സ്ഥാപിതമായി. 1925-ല്‍ തന്നെ ദേലംപാടിയില്‍ കാട്ടൂരായരുടെ വീട്ടില്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഹൈസ്കൂളായി വളര്‍ന്നത് ഈ സ്കൂളാണ്. 1947-ന് മുമ്പ് താഴ്ന്ന ജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനമില്ലായിരുന്നു.