ദേലംപാടി

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാറഡുക്ക ബ്ലോക്കില്‍ അടൂര്‍, ദേലംപാടി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ദേലംപാടി ഗ്രാമപഞ്ചായത്ത്. 79.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനവും, കുറ്റിക്കോല്‍ പഞ്ചായത്തും, വടക്ക് കര്‍ണ്ണാടക സംസ്ഥാനവും, പടിഞ്ഞാറ് കാറഡുക്ക, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് അടൂര്‍, ദേലംപാടി എന്നീ പേരുകളില്‍ ഇന്നത്തെ ദേലംപാടി  ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്ത് രണ്ട് പഞ്ചായത്തുകള്‍ നിലവിലുണ്ടായിരുന്നു. പരേതനായ കോച്ചണ്ണറൈ ആയിരുന്നു ദേലംപാടി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്. ദേലംപാടി ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായി കുന്നുകളും ചെരിവുകളും സമതലങ്ങളും ഉള്‍പ്പെടുന്ന ഒരു പ്രദേശമാണ്. കിഴക്ക് അടൂര്‍ വില്ലേജിലെ കാട്ടുകജ മുതല്‍ പടിഞ്ഞാറ് പാണ്ടിവരെ വടക്ക് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുമ്പോള്‍ ദേലംപാടി, ചാമക്കൊച്ചി, നേരോടി എന്നീ പ്രദേശങ്ങള്‍ തെക്കുഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുന്നു. പഞ്ചായത്ത് നോര്‍ത്തേണ്‍ അഗ്രോക്ളൈമാറ്റിക് സോണില്‍പ്പെടുന്നു. പഞ്ചായത്തിനെ രണ്ടായി ഭാഗിച്ച് പയസ്വിനി പുഴ ഒരനുഗ്രഹമായി ഒഴുകുന്നു. പഞ്ചായത്തിന്റെ ഭൂരിഭാഗവും വനഭൂമിയാണ്. പഴയ മദിരാശി പ്രസിഡന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ദേലംപാടി പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. കര്‍ണ്ണാടകജനതയുടെ സാമൂഹ്യവും സാംസ്കാരികവുമായ അംശങ്ങള്‍ ഇവിടത്തെ ജനങ്ങളുടെ സാംസ്കാരിക മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലെ 60 ശതമാനത്തോളം ജനവിഭാഗങ്ങളും കുടിയേറ്റക്കാരായി ഇവിടെ എത്തിപ്പെട്ടവരാണ്. തുളു, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഭൂരിഭാഗവും. ഭാഷാപരമായ വൈവിധ്യം ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രകടമാണ്. കാസര്‍ഗോഡ് താലൂക്കിലെ ചിരപുരാതനമായ പള്ളിയായ പള്ളങ്കോട് മുഹയുദ്ദീന്‍ ജമാഅത്ത് പള്ളിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടൂര്‍ മഹാലിംഗേശ്വരക്ഷേത്രവും തമ്മിലുണ്ടായിരുന്ന ബന്ധം എടുത്തുപറയത്തക്കതാണ്. ഉത്സവ-ഉറൂസ് അവസരങ്ങളില്‍ പരസ്പരം പ്രതിനിധികളെ അയക്കുക, ഒന്നിച്ച് നായാട്ടിന് പോവുകയും ലഭിക്കുന്ന മാംസം പള്ളിനേര്‍ച്ചക്കും മറ്റും ഉപയോഗിക്കുക, വിഭവങ്ങള്‍ പരസ്പരം കൈമാറുക തുടങ്ങിയ കാര്യങ്ങള്‍ പഴയകാല ബന്ധത്തിന്റെ മതേതരത്വത്തിന്റെ മഹനീയതയാണ് വിളിച്ചറിയിക്കുന്നത്. 1920-കളില്‍ അടൂരിലും സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന പടിപ്പുരയെഴുത്ത് കേന്ദ്രങ്ങള്‍, ബളവന്തടുക്കയിലെ ഓലയെഴുത്ത് കേന്ദ്രം, മദിരാശി ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ അടൂരിലുണ്ടായിരുന്ന സംസ്കൃതപഠനകേന്ദ്രം, പാണ്ടിയിലെ നാട്ടുവിദ്യാലയം, പഞ്ചിക്കലിലും ദേലംപാടിയിലുമുണ്ടായിരുന്ന യക്ഷഗാന പരിശീലനകേന്ദ്രത്തിനോടൊപ്പമുണ്ടായിരുന്ന അക്ഷരമെഴുത്ത് കേന്ദ്രം തുടങ്ങിയവയെല്ലാം തന്നെ പഞ്ചായത്തിലെ പ്രഥമിക വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ ചുവടുവെയ്പുകളായിരുന്നു.