ചൊവ്വന്നൂര്‍

തൃശ്ശൂര്‍ ജില്ലയില്‍ തല്ലപ്പിള്ളി താലൂക്കിലാണ് ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കണ്ടാണശ്ശേരി, കാട്ടകാമ്പാല്‍, പോര്‍ക്കുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചൊവ്വന്നൂര്‍ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കണ്ടാണശ്ശേരി, കാട്ടകാമ്പാല്‍, പോര്‍ക്കുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 122.13 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 14 ഡിവിഷനുകളുള്ള ചൊവ്വന്നൂര്‍ ബ്ളോക്കിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുമ്പടപ്പ്, തൃത്താല എന്നീ ബ്ളോക്കുകളും, കിഴക്കുഭാഗത്ത് വടക്കാഞ്ചേരി, പുഴയ്ക്കല്‍ എന്നീ ബ്ളോക്കുകളും, തെക്കുഭാഗത്ത് പുഴയ്ക്കല്‍, മുല്ലശ്ശേരി എന്നീ ബ്ളോക്കുകളും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഗുരുവായൂര്‍, കുന്ദംകുളം മുനിസിപ്പാലിറ്റികളും, ചാവക്കാട്, പെരുമ്പടപ്പ് ബ്ളോക്കുകളുമാണ്. സമുദ്രനിരപ്പില്‍ നിന്നും 30-40 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും കുന്നുകളും, ചരിവുകളും, സമതലങ്ങളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഈ ബ്ളോക്കിലുള്ളത്. എന്‍.എച്ച്-47, എന്‍.എച്ച്-17 എന്നീ സുപ്രധാന പാതകളെ ബന്ധിപ്പിക്കുന്ന എന്‍.എച്ച് ബൈപ്പാസ്, തൃശ്ശൂര്‍-കോഴിക്കോട് സ്റേറ്റ് ഹൈവേ എന്നീ റോഡുകള്‍ ചൊവ്വന്നൂര്‍ ബ്ളോക്കിലൂടെയാണ് കടന്നുപോകുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യ കാര്‍ഷിക വിളകള്‍. ചരിവു പ്രദേശങ്ങളിലും മറ്റും റബ്ബര്‍ കൃഷിയും കാണാം കഥാസാഹിത്യരംഗത്തെ വടവൃക്ഷമായിരുന്ന അഡ്വ.സി.വി.ശ്രീരാമന്‍ എന്ന മഹാപ്രതിഭ ഈ ബ്ളോക്കിന്റെ ഭരണ സമിതിയ്ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒന്ന് ജനുവരിയില്‍ ചൊവ്വന്നൂരിലുള്ള കൊട്ടിലില്‍ ഉക്രുകുട്ടി എന്നയാളുടെ വാടകക്കെട്ടിടത്തില്‍ ചൊവ്വന്നൂര്‍ എന്‍.ഇ.എസ്.ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചു. അതിപുരാതനമായ ആദിദ്രാവിഡ നാഗരികതയ്ക്കും വൈദിക സംസ്കാരത്തിനും ബൌദ്ധ-ജൈന-ആര്യ സംസ്കൃതികള്‍ക്കും ഇവിടെ വളരെ ശക്തമായ അടിത്തറ ഉണ്ടായിരുന്നതായി പ്രാചീന രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 1912 വരെ ഇവിടെ നിലനിന്ന പ്രശസ്തമായ ഒരു സംസ്കൃത വിദ്യാപീഠം ചൊവ്വന്നൂരിന്റെ ഖ്യാതി തെന്നിന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്.