ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചൊക്ലി പഞ്ചായത്തിലെ നെടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂര്‍ ദേശത്തിലും, മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉള്‍പ്പെട്ടതായിരുന്നു. പിന്നീടാണ് മേനപ്രം ദേശം ഉണ്ടാക്കിയത്. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. വിശാലമായി പരന്നു കിടക്കുന്ന വയലിന്റെ വിസ്തൃതിയെ സൂചിപ്പിക്കുന്ന ഓളംവയല്‍ എന്ന വാക്കില്‍ നിന്നാണ് ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്തിന്റെ സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കാവ്യരചനയില്‍ വ്യുല്‍പ്പത്തിയുണ്ടായിരുന്ന ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ജീവിച്ചിരുന്ന സ്ഥലമായതിനാലാണ് കവിയൂരിന് പ്രസ്തുത നാമം ലഭിച്ചതെന്ന് പറയപ്പെടുന്നു. മേനപ്രം, മേക്കുന്ന്, നെടുമ്പ്രം തുടങ്ങിയ സ്ഥലനാമങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നിലും ഇത്തരം വസ്തുതകള്‍ ഉണ്ടായിരിക്കും. കെ.കണാരന്‍ മാസ്റ്റര്‍, കായക്കല്‍ കുമാരന്‍ മാസ്റ്റര്‍, വി.സി കുഞ്ഞിരാമന്‍ വൈദ്യര്‍, തറമ്മല്‍ കൃഷ്ണന്‍, ടി.എന്‍.കുമാരന്‍മാസ്റ്റര്‍, ടി.എം.ശങ്കരന്‍ മാസ്റ്റര്‍, കോട്ടയില്‍ കൃഷ്ണന്‍മാസ്റ്റര്‍, ആര്‍.വി.അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ പ്രദേശത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. സാഹിത്യകാരനും വിദ്യാഭ്യാസപ്രവര്‍ത്തകനും സംസ്കൃതഭാഷാപോഷണത്തിനു വേണ്ടി സ്ഥാപിച്ച വി.പി.ഓറിയന്റല്‍ ഹൈസ്ക്കൂള്‍ സ്ഥാപകനുമായിരുന്നു വി.സി.കുഞ്ഞിരാമന്‍ വൈദ്യര്‍. മേനപ്രം പഞ്ചായത്ത് പ്രസിഡന്റാായിരുന്ന വി.കുമാരന്‍ മാസ്റ്റര്‍ അറിയപ്പെടുന്ന ഗ്രന്ഥകാരനായിരുന്നു. ഈ പ്രദേശത്തെ ഭൂസ്വത്തില്‍ ഭൂരിഭാഗവും ഏതാനും ജന്മി കുടുംബങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. മേനപ്രം, ഒളവിലം എന്നീ പഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് ചൊക്ലി പഞ്ചായത്ത് രൂപീകരിച്ചത്. ചൊക്ലി പണ്ടുകാലത്ത് അറിയപ്പെടുന്ന ഒരു വ്യാപാരകേന്ദ്രമായിരുന്നു. പാലത്തായി, തൃപ്രങ്ങോട്ടൂര്‍, കല്ലിക്കണ്ടി, പൊയിലൂര്‍, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ കാര്‍ഷികോല്‍പ്പന്നങ്ങളും മലഞ്ചരക്കുകളും വിറ്റഴിക്കാന്‍ വന്നിരുന്നത് ചൊക്ലിയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചൂരല്‍ വ്യവസായകേന്ദ്രം ഇവിടെയായിരുന്നു. പോത്തുവണ്ടികളില്‍ ചൂരല്‍ കയറ്റിക്കൊണ്ടു പോവുകയും ചൂരല്‍ ഉപയോഗിച്ച് കുട്ട, കസേര തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും ചൂരല്‍ സംസ്കരിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഇവിടെ നടന്നിരുന്നു. അറിയപ്പെടുന്ന ഒരു മരവ്യാപാരകേന്ദ്രമായിരുന്നു ചൊക്ലി. ചൊക്ലിയിലെ ശ്രീനാരായണഗുരു സ്മാരക വായനശാലയാണ് ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന വായനശാല. ചൊക്ലി പഞ്ചായത്ത് പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, ബീഡി, ചകിരി, നെയ്ത്ത് തുടങ്ങിയ തൊഴില്‍ മേഖലകളാലും സമ്പന്നമാണ്.

സാംസ്കാരികചരിത്രം

മഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകന്‍മാരും പ്രഗല്‍ഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഭിഷഗ്വരന്‍മാരും കവികളും ഉണ്ടായിരുന്ന ഊരാച്ചേരിയിലെ ഗുരുനാഥന്‍മാരില്‍ നിന്നാണ് കവിയൂര്‍ ഗ്രാമത്തിന് ആ പേര്‍ കൈവന്നത് എന്ന് പഴമക്കാര്‍ പറയുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പലരുടെയും പൊതുപ്രവര്‍ത്തന പരിശീലന കളരിയായത് ചൊക്ലിയിലെ ശ്രീനാരായണഗുരു സ്മാരകഗ്രന്ഥാലയമാണ്. ഈ ഗ്രാമത്തിലെ ആദ്യകാല വായനശാലകള്‍ അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും പഴക്കം ചെന്ന വായനശാല ഡോക്ടര്‍ ബാബു രാജേന്ദ്രപ്രസാദ് വായനശാലയാണ്. ഡോക്ടര്‍ രാജേന്ദ്രപ്രസാദ് സ്മാരക വായനശാല, കവിയൂര്‍ വായനശാല, ഒളവിലം ഗ്രാമോദയ സമാജം വായനശാല, അണ്ടില്ലേരി വിശ്വനാഥന്‍ സ്മാരക വായനശാല, മൊയാരത്ത് ശങ്കരന്‍ സ്മാരക വായനശാല എന്നിവയാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകള്‍. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം, 1870-തില്‍ സ്ഥാപിതമായ ഒളവിലാ എല്‍.പി.സ്ക്കൂളാണ്. തുടര്‍ന്ന് ഊരാച്ചേരി ഗുരുനാഥന്‍മാര്‍ 1871-ല്‍ സ്ഥാപിച്ച ഗുരുകുലം എല്‍.പി.സ്ക്കൂള്‍, 1882-ല്‍ സ്ഥാപിച്ച കാരാറത്ത് യു.പി.സ്ക്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ നിലവില്‍ വന്നു. ഹൈസ്ക്കൂളുകള്‍ ആരംഭിക്കുന്നത് 1957 മുതല്‍ക്കാണ്. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ഷേത്രകലകള്‍ കൊട്ടാരത്ത് അമ്പലം, മേനപ്രം അമ്പലം എന്നിവിടങ്ങളില്‍ നടത്തിയിരുന്നു. കോല്‍ക്കളിയും പല സ്ഥലങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നു.