ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഒരു പൌരാണിക തുറമുഖമായിരുന്ന കല്ലട പ്രദേശമുള്‍പ്പെട്ട പ്രകൃതിരമണീയമായ പ്രദേശമാണ് ചിറ്റുമല. ഗ്രീക്ക് സഞ്ചാരികള്‍ തങ്ങളുടെ സഞ്ചാരക്കുറിപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ള ‘നെല്‍ക്കിണ്ട’ എന്ന തുറമുഖം കല്ലട തന്നെയാണെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. “പുറനാനൂറ്” എന്ന പ്രാചീന സംഘകാല കൃതിയില്‍, 23-ാം പാട്ട് രചിച്ചിട്ടുള്ള ‘കല്ലാടനാര്‍’ കല്ലടയിലുള്ള ആളായിരുന്നു എന്ന് കരുതപ്പെടുന്നു. ‘അകനാനൂ’റിലെ കുറിഞ്ഞിപ്പാട്ടില്‍ കുരുമുളകു തോട്ടത്തിലേക്ക് ജലം തിരിച്ചുവിടുന്ന കല്ലടയെപ്പറ്റി പരാമര്‍ശമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഹൈന്ദവ നവോദ്ധാരണകാലത്ത്, ക്ഷേത്രനിര്‍മ്മാണം നടത്തുന്നതിന് കാട് വെട്ടിത്തെളിക്കുന്നതിലേക്കായി കീഴ്ജാതിക്കാരുടെ അധ്വാനം ആവശ്യമുള്ളതിനാല്‍, അവരെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെമ്പാടും പ്രചരിപ്പിച്ച കെട്ടുകഥ തന്നെയാണ് ഈ പ്രദേശത്തിന്റെ സ്ഥലനാമത്തിനു പിന്നിലുമുള്ളത്. കാട്ടില്‍ വിറക് ശേഖരിക്കുന്നതിനായി പോയ ചിറ്റ എന്നു പേരുള്ള കീഴ്ജാതി സ്ത്രീ തന്റെ അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിന് ഒരു ശിലയില്‍ തേച്ചുമിനുക്കുമ്പോള്‍, അതില്‍ നിന്നും രക്തം ധാരയായി വാര്‍ന്നൊലിച്ചുവെന്നും, അലമുറ കേട്ട് അവിടെ ഓടിക്കൂടിയ ജനത്തിന് അതൊരു ദേവീ വിഗ്രഹമാണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും പ്രസ്തുത വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലം പിന്നീട് ചിറ്റുമല എന്നറിയപ്പെട്ടുവെന്നുമാണ് സ്ഥലനാമ ഐതിഹ്യം. ചിറ്റുമല ബ്ളോക്കിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് കാര്‍ഷിക മേഖലയ്ക്കാണ്. കാര്‍ഷിക വിളകളില്‍ തെങ്ങ്, നെല്ല്, കശുവണ്ടി, കുരുമുളക്, ഏത്തവാഴ എന്നിവ ഉള്‍പ്പെടുന്നു. എന്നാലിന്ന് ഉല്‍പാദനം ക്രമാതീതമായി കുറഞ്ഞുവരുന്നു. ഏകദേശം 15 ശതമാനത്തോളം കുടുംബങ്ങള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട് ഉപജീവനം നടത്തിവരുന്നു. അലിന്‍ഡ്, സെറാമിക്സ്, സ്റ്റാര്‍ച്ച്, കെമിക്കല്‍സ് തുടങ്ങി ഇവിടെയുണ്ടായിരുന്ന വന്‍കിടവ്യവസായങ്ങളുടെ തകര്‍ച്ച ഈ ബ്ളോക്കിന്റെ സമ്പദ്ഘടനയില്‍ കാര്യമായ വ്യതിയാനം സൃഷ്ടിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളായ കയര്‍, കശുവണ്ടി, ഇഷ്ടിക, ഓട്, തീപ്പെട്ടി, കൊപ്രാ സംസ്കരണം തുടങ്ങിയവയാണ് വ്യവസായരംഗത്ത് ഇന്നുള്ളത്. കേരളത്തിലെ വ്യവസായിക രംഗത്ത് ആലുവാ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കുണ്ടറയ്ക്കായിരുന്നു. കേരളാ സിറാമിക്സ്, അലിന്‍ഡ്, സ്റ്റാര്‍ച്ച്, കെമിക്കല്‍സ് തുടങ്ങിയ വന്‍വ്യവസായ ശാലകള്‍ ഇന്ന് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ പെരിനാട് പഞ്ചായത്ത് കേരളത്തിലെ കയര്‍ വ്യവസായത്തിന് പുകള്‍പെറ്റതാണ്. മങ്ങാടന്‍, അഷ്ടമുടി എന്നീ പേരുകളില്‍ വിദേശരാജ്യങ്ങളില്‍ വരെ അറിയപ്പെടുന്ന കയറും, കയറുല്‍പ്പന്നങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ചെമ്മീന്‍ കൃഷിക്കും മത്സ്യബന്ധനത്തിനും ഏറെ സാധ്യതകളുള്ള, നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട മണ്‍റോതുരുത്തിലെ നീര്‍ത്തട പ്രദേശങ്ങള്‍ ഇന്നും ഭാഗികമായിട്ടേ ഇതിലേക്കായി ഉപയോഗിച്ചിട്ടുള്ളൂ. നാടന്‍ ചുടുകട്ട വ്യവസായം പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് കിഴക്കേകല്ലട പഞ്ചായത്തിലാണ്. ജലസേചനത്തിനും മത്സ്യകൃഷിക്കും ടൂറിസത്തിനും ഏറെ സാധ്യതയുള്ളതാണ് ചിറ്റുമല ചിറ. പേരയം പഞ്ചായത്തില്‍ ഒരു ഹോമിയോ ആശുപത്രിയും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളും പ്രവര്‍ത്തിച്ചു വരുന്നു. ഇതിനു പുറമേ എല്ലാ പഞ്ചായത്തുകളിലുമായി സ്വകാര്യമേഖലയില്‍ 12 അലോപ്പതി ആശുപത്രികളും 9 ഹോമിയോ ആശുപത്രികളും 6 ആയുര്‍വ്വേദ ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബ്ളോക്കില്‍ 19 പ്രീപ്രൈമറി സ്കൂളുകളും 9 ഗവണ്‍മെന്റ് എല്‍.പി.സ്കൂളുകളും, 13 സ്വകാര്യ എല്‍.പി.സ്കൂളുകളും, 5 സര്‍ക്കാര്‍ യു.പി.സ്കൂളുകളും, 8 സ്വകാര്യ യു.പി.സ്കൂളുകളും, രണ്ട് സര്‍ക്കാര്‍ ഹൈസ്കൂളുകളും 11 സ്വകാര്യ ഹൈസ്കൂളുകളും പ്രവര്‍ത്തിക്കുന്നു. സാംസ്ക്കാരിക രംഗത്ത് ഇവിടെ 17 ഗ്രന്ഥശാലകളും 12 വായനശാലകളും പ്രവര്‍ത്തിച്ചു വരുന്നു. 10 മുസ്ളീം പള്ളികളും 57 ഹൈന്ദവക്ഷേത്രങ്ങളും, 28 ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം, വലിയപള്ളി, കാഞ്ഞരോട് ജുമാ മസ്ജിദ്, ഇളമ്പള്ളൂര്‍ കുണ്ടറ പനയം ഭദ്രകാളീക്ഷേത്രം, പെരുമണ്‍ ശ്രീ ദുര്‍ഗ്ഗാദേവീക്ഷേത്രം, കല്ലട ക്രിസ്ത്യന്‍ ദേവാലയം എന്നിവയാണ് പ്രധാന ആരാധനാ കേന്ദ്രങ്ങള്‍.