ചിറ്റാറ്റുകര

എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂര്‍ താലൂക്കില്‍ നോര്‍ത്ത് പറവൂര്‍ ബ്ളോക്ക് പരിധിയില്‍ വടക്കേക്കര, പറവൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 9.46 ച.കി.മീറ്ററാണ്. ചിറ്റാറ്റുകര പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് - ചേന്ദമംഗലം, കരുമാല്ലൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പള്ളിപ്പുറം പഞ്ചായത്ത്, തെക്ക് പറവൂര്‍ മുനിസിപ്പാലിറ്റി, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകള്‍ വടക്ക് വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകള്‍ എന്നിവയാണ്. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്റെ പകുതിയും പറവൂര്‍ താലൂക്കിന്റെ പകുതിയും ചേര്‍ന്ന ഒരു ചെറിയ പഞ്ചായത്താണ് ചിറ്റാറ്റുകര. വടക്കേക്കര വില്ലേജ് യൂണിയന്റെയും പറവൂര്‍ വില്ലേജ് യൂണിയന്റെയും ഭാഗങ്ങള്‍ ചേര്‍ത്ത് 1953-ല്‍ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്റായിരുന്ന എ.വി.ഈപ്പന്റെ വസതി തന്നെയായിരുന്നു ആദ്യപഞ്ചായത്ത് ആഫീസ.് അധികം വൈകാതെ മാച്ചാംതുരുത്ത് നായര്‍ സമാജം നല്‍കിയ പത്തു സെന്റ് സ്ഥലത്ത് പഞ്ചായത്താഫീസ് പണിതു. പഞ്ചായത്തിന്റെ രൂപീകരണ സമയത്ത് ഏകദേശം 100 ഓളം കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളു. അവര്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളുമായിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും കാട്ടു ചെടികള്‍ വളര്‍ന്ന് വിജനമായിരുന്നു. പെരിയാറും കൈവഴികളും അതിരു പിടിപ്പിച്ച ഈ ഗ്രാമം ജലസമൃദ്ധമാണ്. ആറുകളായി ചുറ്റപ്പെട്ട പ്രദേശം എന്ന നിലയിലാണ് ചിറ്റാറ്റുകര രൂപപ്പെട്ടതാണെന്നാണ് പഴമക്കാരുടെ അറിവ് . അതുവരെ നിലവിലിരുന്ന വില്ലേജ് യൂണിയനെ രണ്ടായി വിഭജിച്ചാണ് ചിറ്റാറ്റുകര-വടക്കേക്കര പഞ്ചായത്തുകള്‍ രൂപപ്പെടുത്തിയത്. വിഭജനശേഷം പരിശോധിച്ചപ്പോള്‍ പഞ്ചായത്തിനാവശ്യമായ ജനസംഖ്യ ചിറ്റാറ്റുകര പഞ്ചായത്തിനില്ലെന്ന് കണ്ട് പറവൂത്തറയെയും കൂടെ ചേര്‍ക്കുകയാണ് ചെയ്തത്. പെരിയാര്‍ ഇരട്ടപെറ്റ രണ്ടു തുരുത്തുകളാണ് ചെറിയ പല്ലംതുരുത്തും വലിയ പല്ലംതുരുത്തും. ഈ രണ്ടു തുരുത്തുകളും പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തുരുത്തിന്റെ തെക്കുനിന്നും വടക്കോട്ട് കിഴക്കേ അതിരില്‍ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന അതിര്‍ത്തി കല്ലുകള്‍ (കൊ-തി കല്ലുകള്‍) ഇപ്പോഴും കാണാം. 1979-ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട പഞ്ചായത്തു സംവിധാനത്തില്‍ ഈ രണ്ടു തുരുത്തുകളും രണ്ടു വാര്‍ഡുകളായി വിഭജിക്കപ്പെട്ടു. കേസരി എ.ബാലകൃഷ്ണപിള്ളയുടെ നാമധേയത്തില്‍ പൂയ്യപ്പിള്ളിയിലുള്ള കേസരി എ.ബാലകൃഷ്ണപിള്ള വായനശാല അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്ഥാപിച്ച ഇത്തരത്തിലുള്ള കേരളത്തിലാദ്യത്തെ വായനശാലയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഐ.ദാസും, വി.കെ.ഗോപാലനും, സാഹിത്യകാരനായ മേച്ചേരില്‍ നീലകണ്ഠന്‍ മാസ്റ്ററും സാമൂഹ്യ പ്രവര്‍ത്തകനായ പണ്ടാരത്തറ ശ്രീധരനും പാലിയം സത്യാഗ്രഹത്തില്‍ പങ്കെടുത്ത കനകമ്മയും ചിറ്റാറ്റുകരയുടെ സാമൂഹ്യ ചരിത്രത്തിലെ ശ്രദ്ധേയ നാമധേയങ്ങളാണ്.പാലിയം സമരത്തിന്റെ പ്രധാന സംഘാടക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടുത്തെ വലിയ പല്ലംതുരുത്ത്. ഭാസ്കര രവിവര്‍മ്മയുടെ ഭരണ കാലഘട്ടത്തിലെ പ്രശസ്ത ആക്ഷേപ ഹാസ്യ കവിയായിരുന്നു ചിറ്റാറ്റുകരയിലെ തോലന്‍.