ചരിത്രം

സാമൂഹ്യചരിത്രം

സുദീര്‍ഘവും പ്രസിദ്ധവുമായ ഒരു ചരിത്രം ഈ പ്രദേശത്തിനുണ്ട്. സാമൂതിരി രാജവംശത്തോട് ഏതാണ്ട് തുല്യമായ പ്രശസ്തിയും പ്രതാപവുമുണ്ടായിരുന്ന കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ചിറക്കല്‍. ഏഴിമല കേന്ദ്രമാക്കി ഭരിച്ച മൂഷകവംശത്തിന്റെ പരമ്പരയാണ് കോലത്തിരി വംശം എന്ന് ചരിത്രം തെളിവു നല്‍കുന്നു. കോലത്തിരി രാജവംശഭരണത്തിന്‍ കീഴില്‍ വളരെ വിപുലമായ ഒരു പ്രദേശമായിരുന്നു ചിറക്കല്‍. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലാകട്ടെ ഏറെക്കാലം ഇവിടം ചിറക്കല്‍ താലൂക്കായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനാനുസൃതമുണ്ടായ റവന്യൂ വിഭജനത്തെ തുടര്‍ന്നാണ് ഈ പ്രദേശം ഇന്നത്തെ ചിറക്കല്‍ പഞ്ചായത്തുപ്രദേശമായി ചുരുങ്ങിയത്. ഇന്നത് 3330 ഏക്കറായി വ്യാപിച്ചുകിടക്കുന്നു. ചിറക്കല്‍ രാജകുടുംബത്തിനുവേണ്ടി രൂപപ്പെടുത്തിയ അതിബൃഹത്തായ നീരാട്ടുകുളം, ചിറ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്തിന് ചിറക്കല്‍ എന്ന സ്ഥലനാമമുണ്ടായതെന്ന് അഭിപ്രായമുണ്ട്. 318 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമുള്ള, ഒരു പക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും വലുതെന്ന് പറയാവുന്ന ഈ കുളം അഥവാ ചിറ 14 ഏക്കര്‍ 70 സെന്റിലായി വ്യാപിച്ചുകിടക്കുന്നു. 1799 മുതല്‍ കോലത്തിരി രാജവംശത്തിന്റെ നേരിട്ടുള്ള ഭരണം അവസാനിച്ചു. രാജാവ് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും മാലിദെന്‍ എന്ന പേരില്‍ 22127 രൂപ 1 അണ 5 പൈസ പ്രതിഫലം പറ്റുന്ന ഒരു വന്‍കിടജന്മി മാത്രമായി മാറി. വളരെ വിലയേറിയൊരു സാംസ്കാരിക ചരിത്രപാരമ്പര്യം ചിറക്കലിനുണ്ട്. പുരാതനകവിത്രയങ്ങളിലൊരാളായ മഹാകവി ചെറുശ്ശേരി നമ്പൂതിരി ചിറക്കല്‍ കോവിലകത്ത് ആശ്രിതനായി കഴിഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നു. ഇത് 15-ാം ശതകത്തിലാണ് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. കൊല്ലവര്‍ഷം 621 മുതല്‍ 650 വരെ രാജാവായി വാണ ഉദയവര്‍മ്മന്റെ കാലത്ത് സംസ്കൃത പണ്ഡിതന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും പ്രസ്തുത കോവിലകം വലിയ താല്‍പര്യം കാണിച്ചിരുന്നു. താളിയോലഗ്രന്ഥങ്ങളും അപൂര്‍വ്വ ചരിത്രരേഖകളും ശേഖരിച്ചു സൂക്ഷിച്ച നല്ലൊരു ഗ്രന്ഥാലയവും ഈ രാജവംശത്തിന്റേതായുണ്ടായിരുന്നു. ഒരു കാലത്ത് കൊല്ലാനും വെല്ലാനും അധികാരമുണ്ടായിരുന്ന ഈ കോവിലകം, കാര്‍ഷികപരിഷ്കരണത്തിനു മുമ്പ് വിപുലമായ ചിറക്കല്‍ താലൂക്കിലെ ഭൂരിഭാഗം ഭൂമിയും കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. വളപട്ടണം പുഴയോരത്ത് കോട്ടകൊത്തളങ്ങളും പഴയ പ്രതാപത്തിന്റെ അവശിഷ്ടങ്ങളും കുറേയേറെ വ്യക്തമായിത്തന്നെ ഇപ്പോഴുമുണ്ട്. കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം കോലത്തിരി രാജവംശത്തിന്റെ പരദൈവ പരമ്പരയില്‍ പെട്ടതാണ്. മറ്റൊന്ന് കടലായി ശ്രീകൃഷ്ണക്ഷേത്രമാണ്. ദാരുശില്പപ്രസിദ്ധമായ മേലവും ധന്വന്തരീക്ഷേത്രവും ശിവേശ്വരക്ഷേത്രവും ഇത്ര തന്നെ പ്രസിദ്ധമല്ലെങ്കിലും പ്രധാനപ്പെട്ടവ തന്നെയാണ്. ഈ രാജകുടുംബത്തിന്റെ പ്രതാപങ്ങളും ചെയ്തികളുമായി ബന്ധപ്പെട്ട ഏതാനും സ്ഥലനാമങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. അവയിലൊന്നാണ് പുതിയ തെരുവിലെ അറവിലക്കണ്ടി. കുറ്റവാളികളെന്ന് കരുതപ്പെടുന്നവരെ മുക്കാലിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു കറുത്ത ചരിത്രം അതിന്റെ പിന്നിലുണ്ട്. അന്നത്തെ തമ്പുരാക്കന്‍മാര്‍ യാത്ര ചെയ്തിരുന്നത് പള്ളിച്ചാന്‍മാര്‍ എന്ന പേരിലറിയപ്പെടുന്ന പ്രത്യേക ജാതിക്കാരെക്കൊണ്ട് ചുമപ്പിച്ചുകാണ്ടുപോകുന്ന പല്ലക്കിലായിരുന്നു. അതിനു മുന്‍പില്‍ ഒരു ഭടന്‍ വാളുമേന്തി അകമ്പടി സേവിക്കുകയും, പല്ലക്കുവാഹകന്‍മാര്‍ രാജാവിന്റെ എഴുന്നള്ളത്തറിയിക്കുവാനും അയിത്തജാതിക്കാരെ അകറ്റിയോടിക്കുന്നതിനുമായി ഉച്ചത്തില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. രണ്ടു തലമുറയ്ക്കുമുമ്പ് ഈ രാജവംശത്തിലെ പ്രധാനി, ചിറക്കല്‍ രാമവര്‍മ്മ വലിയരാജ എന്നാണറിയപ്പെട്ടിരുന്നത്. അദ്ദേഹം അറിയപ്പെട്ട ഒരു സാംസ്കൃതപണ്ഡിതനും വിദ്യാഭ്യാസകാര്യത്തില്‍ അതീവ തല്‍പരനുമായിരുന്നു. അദ്ദേഹമാണ് രാജാസ് ഹൈസ്കൂളും, രാജാസ് യു.പി.സ്കൂളും സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്കൂളുകളിലൊന്നാണത്. ചിറക്കല്‍ പ്രദേശം തലമുറകള്‍ക്കു മുമ്പു തന്നെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രധാനസ്ഥാനം വഹിച്ചിരുന്നതായി കാണാവുന്നതാണ്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം 1864-ല്‍ സ്ഥാപിതമായ രാമഗുരു സ്കൂളാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കുറച്ചുകാലം ചിറക്കലെ പാതിരിപ്പറമ്പില്‍ താമസിച്ചതായറിയുന്നു. 1936-ലെ താലൂക്ക് ബോര്‍ഡിന്റെ ചെയര്‍മാനായി ഒരു കിരീടാവകാശിയും ഉണ്ടായിരുന്നു. പ്രസിഡന്റ് തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അന്നെതിര്‍ത്ത സ്ഥാനാര്‍ത്ഥി സുകുമാര്‍ അഴീക്കോടിന്റെ പിതാവ് വിദ്വാന്‍ പി.ദാമോദരനായിരുന്നു. പ്രസ്തുത വലിയ രാജയുടെ പുത്രനാണ് പരേതനായ ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍. അദ്ദേഹം പ്രസിദ്ധനായ ഒരു ചരിത്രപണ്ഡിതനും സാഹിത്യകാരനുമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ചിറക്കല്‍ ടി.ശ്രീധരന്‍നായര്‍ ഉത്തരകേരളത്തിലെ പ്രശസ്തനായ കളരിപ്പയറ്റാചാര്യനും സുപ്രസിദ്ധ ചിത്രകാരനുമായിരുന്നു. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് എന്ന സ്ഥാനം ചിറക്കല്‍ പഞ്ചായത്തിനാണ്. 1949 ജൂലായില്‍ രാജാസ് യു.പി.സ്കൂളില്‍ വച്ചു നടന്ന കൈപൊക്കി തെരഞ്ഞെടുപ്പിലൂടെയായിരുന്നു അത് നേടിയെടുത്തത്. സാധാരണക്കാരനായ കെ.പി.നാരായണനായിരുന്നു അന്നു തെരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് ഗ്രാമത്തിലെ ഗതാഗതരംഗം വളരെ ശോചനീയമായിരുന്നു. ഇതിനൊരു മാറ്റം വരാന്‍ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടുകൂടിയാണ്. ചരക്ക് കടത്തിക്കൊണ്ടുപോകാന്‍ അക്കാലത്ത് പ്രധാനമായും കാളവണ്ടികളാണുണ്ടായിരുന്നത്. ഈ രംഗത്ത് എടുത്തുപറയാവുന്ന ഒരു ചരിത്രവസ്തുത, റോഡുഗതാഗതം സുഗമമായിരുന്ന പുതിയതെരു, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക്, സൂര്യന്‍ രാമന്‍ നായര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മാണിക്കന്‍ രാമന്‍ നായരുടെ വക ഒരു കുതിരവണ്ടി ഉണ്ടായിരുന്നുവെന്നതാണ്. സോമേശ്വരി ടെക്സ്റ്റയില്‍സിന്റെ ഉടമയായിരുന്ന കൃഷ്ണന്‍നായര്‍ സ്വന്തമായി ഒരു കുതിരവണ്ടി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് വളപട്ടണം-കണ്ണൂര്‍ റൂട്ടില്‍ രണ്ടു ബസ്സുകള്‍ ഓടിയതായിരുന്നു ഗതാഗതരംഗത്തെ അക്കാലത്തെ വലിയ മുന്നേറ്റം. അന്ന് കരിയിട്ട് കത്തിച്ചാണ് ഇന്ധനാവശ്യം നിറവേറ്റിയിരുന്നത്. ഈ പഞ്ചായത്തില്‍ ആദ്യമായി മോട്ടോര്‍കാര്‍ ഉപയോഗിച്ചത് ടാജ് മഹല്‍ ടെക്സ്റ്റയില്‍സ് ഉടമയും, മറ്റൊരാള്‍ ഒരു ഹാന്റ്ലൂം കമ്പനി ഉടമയായിരുന്ന മൊടപ്പത്തി കുഞ്ഞപ്പ എന്നിവരായിരുന്നു. ചിറക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശാലമായ നെല്‍പാടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രധാന തൊഴില്‍ കൈത്തറി നെയ്ത്തായിരുന്നു. ആദ്യകാലത്തിവിടെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളായ പത്മശാലിയ വിഭാഗത്തിന്റെ കുഴിത്തറി, കുടില്‍വ്യവസായമെന്ന നിലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അവരിവിടെ പുതിയതെരു, പട്ടുവത്തെരു, പുഴാതിത്തെരു, കടലായിത്തെരു എന്നീ നാലു തെരുവുകള്‍ കേന്ദ്രീകരിച്ചധിവസിച്ചു വരുന്നു. കുഴിത്തറി പിന്നീട് കൈത്തറിയായി വളര്‍ന്നതിന് പിന്നില്‍ ഈ സമുദായത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. 1930-ഓടു കൂടി ചെറുതും വലുതുമായ ധാരാളം കൈത്തറി ഫാക്ടറികള്‍ ചിറക്കല്‍ പഞ്ചായത്തില്‍ ഉയര്‍ന്നു വരികയുണ്ടായി.

സാംസ്കാരികചരിത്രം

കളരി വാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ടുല്‍സവങ്ങള്‍ നടന്നുവരുന്നു. മീനമാസത്തിലെ പൂരോല്‍സവവും ഇടവ മാസത്തെയ്യാട്ടവും. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ ഇവിടെയുള്ള പ്രബല മതവിഭാഗം മുസ്ളീങ്ങളാണ്. മുസ്ളീം വിഭാഗത്തിന്റേതായി പുതിയ തെരുവിലെ ജുമാ അത്ത് പള്ളി അടക്കം ധാരാളം പള്ളികളും ഏതാനും മദ്രസകളുമുണ്ട്. അവര്‍ണ്ണ വിഭാഗത്തിലെ പട്ടികജാതിക്കാരും ചിറക്കല്‍ പഞ്ചായത്തിലെ ഒരു പ്രധാന ജനവിഭാഗമാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കോളനികളായും മറ്റും അവര്‍ താമസിച്ചുവരുന്നു. അവര്‍ക്ക് തനതായ ആരാധനാലയങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. കാട്ടാമ്പള്ളി, കുന്നുകൈ എന്നിവയാണ് പ്രധാന പട്ടികജാതി കോളനികള്‍. പുരാണകഥകളെ ആസ്പദമാക്കി നാടകങ്ങള്‍ അവതരിപ്പിച്ച ഒരു നാടകസംഘം അക്കാലത്ത് ഇവിടെയുണ്ടായിരുന്നു. അതിന്റെ ആശാനും ആസൂത്രകനുമായി പ്രവര്‍ത്തിച്ചിരുന്നത് തൈക്കണ്ടി ചാത്തുഗുരിക്കള്‍ എന്ന കലാകാരനായിരുന്നു. ഈ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ് പൂശാരികണ്ണന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മടക്കര കണ്ണന്‍. അദ്ദേഹവും   . കാട്ടാമ്പള്ളി ജയില്‍പറമ്പില്‍ നടന്ന കര്‍ഷകസമ്മേളനത്തില്‍ കെ.ദാമോദരന്റെ പാട്ടബാക്കി എന്ന പ്രസിദ്ധനാടകവും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ പഞ്ചായത്തില്‍ ഏതാനും കലാസമിതികളും ജന്‍മമെടുത്തു. അവയില്‍ പ്രധാനപ്പെട്ടത് ഉദയ കലാസമിതി, അലവില്‍ ദേശീയകലാസമിതി, വസന്ത കലാനിലയം, വളപട്ടണം കലാസമിതി, ചിറക്കല്‍ കലാസമിതി, ശ്രീശൈലം കലാസമിതി, കോട്ടക്കുന്ന് കലാസമിതി എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയില്‍ അലവില്‍ ദേശീയ കലാസമിതി രാഷ്ട്രീയനാടകങ്ങള്‍ വിപുലമായവതരിപ്പിച്ചിരുന്നു. പൂരക്കളി, കോല്‍ക്കളി തുടങ്ങിയ പ്രാചീന ഫോക്ക്ലോര്‍ കലകളും ഇവിടെ ജനജീവിതത്തില്‍ ഒരു ഘട്ടത്തില്‍ സാമാന്യം സ്വാധീനം ചെലുത്തിയതായി കാണുന്നു. കീച്ചീപ്രത്ത് കൃഷ്ണന്‍ എന്ന പൂരക്കളി ആശാന്‍ കഴിഞ്ഞ തലമുറയിലെ സുപ്രസിദ്ധ കലാകാരനായിരുന്നു. കോല്‍ക്കളി രംഗത്തെ പ്രസിദ്ധരായിരുന്നു, ആശാന്‍ പുളുക്കൂല്‍ അമ്പുക്കുട്ടി ഗുരുക്കള്‍, വെളിയമ്പ്ര ഗുരുക്കള്‍ എന്നിവര്‍. പുതിയതെരു മണ്ഡപത്തില്‍ നിന്ന് മീനമാസത്തിലെ പൂരംനാളില്‍ കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലേക്കു പോകുന്ന കരടിക്കളി പ്രസിദ്ധമാണ്. ദാരികവധത്തില്‍ ദേവിയെ അഭിനന്ദിക്കാന്‍ ഏര്‍പ്പെടുത്തിയ ഒരു പരിപാടിയാണിതെന്നാണ് ഐതിഹ്യം. ആ കരടിക്കളിക്ക് കൊഴുപ്പുകൂട്ടാന്‍ വെളിയമ്പ്രഗുരുക്കളുടെ കോല്‍ക്കളി സംഘവും വളരെ വര്‍ഷങ്ങളായി അകമ്പടി സേവിച്ചുവരുന്നു. കളംപാട്ട്, ഗന്ധര്‍വ്വന്‍ പാട്ട്, മലയന്‍കെട്ട് മുതലായ പ്രാചീന ഗാനപരിപാടികളും മുമ്പിവിടെ സാധാരണമായിരുന്നുവെന്ന് പഴയ തലമുറക്കാര്‍ ഓര്‍ക്കുന്നു. ആടി-വേടന്‍ കോതാമൂരി പരിപാടികളും സാധാരണമായിരുന്നു. ആധുനിക വ്യവസായികയുഗത്തിന്റെ പരിഷ്കാര കുത്തിയൊഴുക്കില്‍ ഇന്ന് ഇവയൊക്കെ നാമമാത്ര ആചരണമായിത്തീര്‍ന്നിരിക്കുന്നു. ഒരുപക്ഷേ മറ്റിടങ്ങളില്‍ ഇല്ലാത്ത കരിഞ്ചാമുണ്ടി എന്ന ദേവതയുടെ ഒരു കോട്ടവും കെട്ടിയാടലും ഈ പഞ്ചായത്തിലെ പുഴാതി പ്രദേശത്ത് ഇപ്പോഴും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. പഴക്കം കൊണ്ടും പ്രാധാന്യം കൊണ്ടും അറവിലെക്കണ്ടി മുത്തപ്പന്‍ സ്ഥാനം ഉയര്‍ന്നുനില്‍ക്കുന്നു. പ്രാചീനവും പ്രസിദ്ധവുമായ പള്ളിക്കുളം സമാധിസ്ഥാനം അടുത്ത കാലത്തായി ഒരു ക്ഷേത്ര കോംപ്ളക്സായി വികസിച്ചിട്ടുണ്ട്. ഹൈന്ദവരിലെ ഓരോ സമുദായത്തിനും അവരവരുടേതായ പരദൈവങ്ങള്‍ക്കിടയിലെ ക്ഷേത്രങ്ങളും, കാവുകളും, കോട്ടങ്ങളുമുണ്ട്. ഹൈന്ദവരിലെ വ്യത്യസ്ത ജാതികള്‍ക്കും ശ്മശാനമുണ്ട്. ഇതിനുപുറമേ ചോയി, കോമ എന്ന പേരില്‍ ഒരു പൊതുശ്മശാനവും ഉണ്ട്. അവിടെ അനാഥശവങ്ങള്‍ ഉള്‍പ്പെടെ സംസ്ക്കരിക്കാറുണ്ടായിരുന്നു. ഇന്നതാരും ഉപയോഗിക്കാറില്ല. ചെറുശ്ശേരിയെപ്പോലുള്ള മഹാരഥന്‍മാരുടെ സാന്നിധ്യം കൊണ്ട് കലാസമ്പുഷ്ടമായിരുന്നു ചിറക്കല്‍. ആ കലാസാംസ്കാരിക പൈതൃകത്തില്‍ ജനിച്ചുവളര്‍ന്നവരാണ് ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍, ഡോ.സുകുമാര്‍ അഴീക്കോട്, ടി.പത്മനാഭന്‍ തുടങ്ങിയ സാംസ്ക്കാരിക സാഹിത്യ നായകന്‍മാര്‍. വടക്കന്‍ ഗുരുവായൂര്‍ എന്ന പേരിലറിയപ്പെടുന്ന ശ്രീകടലായി ശ്രീകൃഷ്ണക്ഷേത്രം വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കടലായി ശ്രീകൃഷ്ണക്ഷേത്രം, ചെറുക്കുന്ന് ശ്രീഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, അരോളി വടേശ്വരക്ഷേത്രം എന്നിവയുടെ ഉടമസ്ഥാവകാശം ചിറക്കല്‍ കോവിലകത്തിനാണ്. പുള്ളുവന്‍പാട്ട്, കളംപാട്ട്, തോറ്റംപാട്ട്, ഗന്ധര്‍വ്വന്‍പാട്ട്, തുമ്പിതുള്ളല്‍, ചാക്യാര്‍കൂത്ത്, കോല്‍ക്കളി, പൂരക്കളി, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ ഒരുകാലത്ത് ചിറക്കല്‍ ഗ്രാമത്തില്‍ നിറഞ്ഞു നിന്ന കലാരൂപങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി സമരരംഗത്തേക്ക് വന്ന പ്രവര്‍ത്തകരുടെ ആശയവിനിമയ കേന്ദ്രങ്ങളായിരുന്നു വായനശാലകളായും സാംസ്ക്കാരിക കേന്ദ്രങ്ങളായും രൂപാന്തരപ്പെട്ടത്. പഞ്ചായത്തില്‍ 40-ലധികം കലാകായിക സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഈ സ്ഥാപനങ്ങള്‍ ശാസ്ത്രീയസംഗീതം, നൃത്തപരിശീലനം, നാടകാഭിനയം, കഥാപ്രസംഗം, ഉപകരണസംഗീതം, ചിത്രരചനാഭ്യാസം, കളരിപ്പയറ്റ്, ചെണ്ടവാദ്യം, യോഗാസനം തുടങ്ങിയവ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദേശീയര്‍ പോലും കളരിപ്പയറ്റു പഠിക്കുന്ന കേരള കളരി പയറ്റുകേന്ദ്രം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ശാസ്ത്രീയ സംഗീതത്തില്‍ പേരുകേട്ട സ്വാതിതിരുനാള്‍ സംഗീത വിദ്യാലയവും അന്തര്‍ദേശീയ പരിപാടികളില്‍ പോലും വാദ്യമേളങ്ങള്‍ കൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച ഗംഗാധരന്‍ ഗുരുക്കളുടെ കീഴിലുള്ള വാദ്യമേള സംഘവും ഇവിടുത്തെ പ്രധാന കലാകേന്ദ്രങ്ങളാണ്. വസന്ത കലാനിലയം, ശ്രീശൈലം നാട്യകലാലയം, അലവില്‍ കലാനിലയം, ശില്പി ആര്‍ട്സ് സെന്റര്‍ കാഞ്ഞിരത്തറ എന്നിവയും പഞ്ചായത്തിലെ പ്രമുഖ കലാസമിതികളാണ്. സഹകരണ പ്രസ്ഥാനത്തിന് വളരെ പ്രാബല്യമുള്ള ഒരു പഞ്ചായത്താണ് ചിറക്കല്‍. കൈത്തറി നെയ്ത്തുരംഗത്ത് ചിറക്കല്‍ വീവേഴ്സ് സൊസൈറ്റി, വനജ വീവേഴ്സ് സൊസൈറ്റി, റോയല്‍ വീവേഴ്സ് സൊസൈറ്റി, കാനനൂര്‍ വീവേഴ്സ് സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. സ്വാതന്ത്യ്രത്തിനും വളരെ മുമ്പ് പേട്ടയില്‍ നിന്ന് കാളവണ്ടികളില്‍ നെല്ല് കൊണ്ട് വന്ന് വ്യാപാരം നടത്തുകയും കൂവന്‍കുത്തിന് കൊടുക്കുകയും ചെയ്തുകൊണ്ട് ഈ രംഗത്ത് ചുവടുറപ്പിച്ച പ്രാതസ്മരണീയരാണ് കച്ചായി ഇബ്രാഹിം ഹാജി, അബൂബക്കര്‍ ഹാജി, എം.പി.കുഞ്ഞബ്ദുള്ള എന്നിവര്‍. പഞ്ചായത്തിലെ തലസ്ഥാനമായി കരുതപ്പെടുന്ന 17-ാം നമ്പര്‍ ദേശീയ പാതയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന പുതിയതെരു വളരെ വേഗത്തില്‍ വികസിച്ചുവരികയാണ്.

ദേശീയപ്രസ്ഥാനം

1930-കളില്‍ സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ചിറക്കല്‍ താലൂക്കിലാകെയും തുടര്‍ന്ന് ചിറക്കല്‍ പഞ്ചായത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 1935-ല്‍ രാജേന്ദ്രപ്രസാദ് പയ്യന്നൂര്‍ രാഷ്ട്രീയസമ്മേളനത്തിന് വരികയുണ്ടായി. ആ ഘട്ടത്തില്‍ അദ്ദേഹം കണ്ണൂരും, ചിറക്കലും സന്ദര്‍ശിച്ചിരുന്നു. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചുചേര്‍ന്ന രാഷ്ട്രീയസമ്മേളനത്തില്‍ രാജേന്ദ്രപ്രസാദ് പ്രസംഗിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസ്സിന്റെ സന്ദേശവും പരിപാടികളും ജനങ്ങളിലേക്ക് പ്രചരിക്കാനിടയാക്കി. ചന്തന്‍ഗുരുനാഥന്റെ നേതൃത്വത്തില്‍ യൂണിഫോമണിഞ്ഞ വാളണ്ടിയര്‍മാര്‍, തദവസരത്തില്‍ സമ്മേളന സ്ഥലത്തും, രാജേന്ദ്രപ്രസാദിന് സ്വാഗതമരുളുന്നതിനും, ഭക്ഷണ-വിശ്രമ താവളമൊരുക്കിയ ശക്തിഭവനിലും ജാഗ്രതയോടെ നിന്നിരുന്നു. 1936 മുതല്‍ ചിറക്കലില്‍ ഒരു കോണ്‍ഗ്രസ് കമ്മിറ്റിയും വാളണ്ടിയര്‍കോറും രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസ്സ് കമ്മിറ്റിയിലെയും വാളണ്ടിയര്‍ കോറിലെയും ഒട്ടുമിക്കപേരും പില്‍ക്കാലത്ത് ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍മാരോ അനുഭാവികളോ ആയിത്തീര്‍ന്നു. ഈ അന്തരീക്ഷം മറ്റു ബഹുജനപ്രസ്ഥാനങ്ങള്‍ക്കും ബീജാവാപം നല്‍കിയെന്നത് മറ്റൊരു സുപ്രധാന സംഭവവികാസമാണ്. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ ഉപ്പുസത്യാഗ്രഹത്തിന് പോയ ജാഥയില്‍ ഈ പഞ്ചായത്തില്‍ നിന്നും ചാപ്പാടി കണ്ണന്‍ എന്നാരാള്‍ പങ്കെടുക്കുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയായിത്തീരുകയും ചെയ്തു. ബോംബെ ഹൈക്കോടതി കെട്ടിടത്തില്‍ യൂനിയന്‍ ജാക്ക് വലിച്ചുതാഴ്ത്തി ദേശീയപതാക ഉയര്‍ത്തി ധീരത കാണിച്ചതിന്റെ പേരില്‍ കൊടിയ മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ച സ്വാതന്ത്യ്രസമരസേനാനിയായ ജവാന്‍ കണാരി എന്ന പേരിലറിയപ്പെട്ട ഐ.എന്‍.എ ഭടന്‍ സി.എച്ച്.കണാരി, ചിറക്കല്‍ പുതിയാപ്പറമ്പ് സ്വദേശിയായിരുന്നു. ഇതോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു നാമമാണ് പട്ടിണി ഗോപാലന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു സമരസേനാനിയുമിവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ജാതിവ്യാത്യാസത്തിനും അയിത്തത്തിനും എതിരായ പ്രചരണപ്രവര്‍ത്തനങ്ങളും ശക്തിയായി നടന്നുവന്നിരുന്നു. അതിന്റെ ഭാഗമായി ഒരു മിശ്രഭോജനവും സംഘടിപ്പിക്കപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളോടൊപ്പം വായനശാലകളും ആവിര്‍ഭവിച്ചു. കെ.പി.ഗോപാലന്റെ വീട്ടുവളപ്പിലെ പീടികമാടത്തില്‍ ആശാന്‍ സ്മാരക വായനശാല സ്ഥാപിക്കപ്പെട്ടു. ചന്തന്‍ ഗുരുനാഥന്റെ നേതൃത്വത്തില്‍ പള്ളിക്കുളത്തിനു സമീപം ശിവാനന്ദ വായനശാലയും രംഗത്തുവന്നു. ഇതേ തുടര്‍ന്ന് പല ഭാഗങ്ങളിലും വായനശാലകള്‍ രൂപീകരിക്കപ്പെട്ടു. ചിറക്കല്‍ വലിയരാജയുടെ മുന്നിലേക്ക് ഒരു കര്‍ഷകജാഥ കര്‍ഷകനേതാക്കളുടെ നേതൃത്വത്തില്‍ പോയതും ഒരു സുപ്രധാന സംഭവമാണ്. അത് കുറേ വില്ലേജുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചതായിരുന്നു. വിഷ്ണുഭാരതീയന്‍ ജാഥയെ നയിച്ചവരില്‍ ഉള്‍പ്പെടുന്നു. ഏതാണ്ടിതേ കാലത്തു തന്നെയാണ് ഈ പഞ്ചായത്തില്‍ അധ്യാപക പ്രസ്ഥാനവും ശക്തിപ്പെട്ടത്. പാലക്കല്‍ അനന്തന്‍ മാസ്റ്റര്‍, പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം.ശേഖരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അധ്യാപക പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന നേതാക്കന്‍മാരായിരുന്നു. 1941-ലെ ജാപ്പുവിരുദ്ധ മേളകള്‍ ഈ പഞ്ചായത്തില്‍ വമ്പിച്ച ചലനങ്ങള്‍ സൃഷ്ടിച്ച സംഭവമാണ്.

ആരോഗ്യ-വിദ്യാഭ്യാസചരിത്രം

ഈ പഞ്ചായത്തില്‍ പ്രശസ്ത വിഷവൈദ്യന്‍മാര്‍ ഉണ്ടായിരുന്നു. മുണ്ടയാടന്‍ കണ്ടി കുഞ്ഞിരാമന്‍ വൈദ്യര്‍, കോട്ടത്തുപുരയില്‍ കണ്ണന്‍ വൈദ്യര്‍ എന്നിവര്‍ ഈ രംഗത്തെ സ്മരണീയവ്യക്തികളാണ്. ആരോഗ്യരംഗത്തും നിരവധി ആയുര്‍വേദ നാട്ടു വൈദ്യന്‍മാര്‍ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അതില്‍ ഏറ്റവും എടുത്തുകാണിക്കേണ്ടത് ചിറക്കല്‍ കോവിലകം ആസ്ഥാന വൈദ്യരായിരുന്ന കെ.വി.കുഞ്ഞിരാമന്‍ വൈദ്യരെയാണ്. ആയുര്‍വേദത്തില്‍ അഗാധ പണ്ഡിതനായിരുന്ന അദ്ദേഹം പുതിയതെരുവില്‍ ശ്രീമൂകാംബികാവിലാസം ആയുര്‍വേദ ആശുപത്രി എന്ന പേരില്‍ രോഗികളെ കിടത്തി ചികിത്സിപ്പിക്കാവുന്ന ഒരാശുപത്രി സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു ദശകങ്ങള്‍ക്ക് മുമ്പായിരുന്നു അത്. മഹാകവി വള്ളത്തോളായിരുന്നു അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യമേഖലയില്‍ അലോപ്പതിക്കുപോലും ഒരുപക്ഷേ ഒരാശുപത്രി വരുന്നതിനു മുമ്പായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. ഈ പഞ്ചായത്തിലെ ആദ്യത്തെ അലോപ്പതി ഡോക്ടര്‍ പുതിയാപ്പറമ്പിലെ കുഞ്ഞിക്കണ്ണന്‍ ഡോക്ടറാണ്. ചിറക്കല്‍ രാമവര്‍മ്മ വലിയരാജ അറിയപ്പെട്ട ഒരു സാംസ്കൃതപണ്ഡിതനും വിദ്യാഭ്യാസകാര്യത്തില്‍ അതീവ തല്‍പരനുമായിരുന്നു. അദ്ദേഹമാണ് രാജാസ് ഹൈസ്കൂളും, രാജാസ് യു.പി.സ്കൂളും സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്കൂളുകളിലൊന്നാണത്. ചിറക്കല്‍ പ്രദേശം തലമുറകള്‍ക്കു മുമ്പു തന്നെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രധാനസ്ഥാനം വഹിച്ചിരുന്നതായി കാണാവുന്നതാണ്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം 1864-ല്‍ സ്ഥാപിതമായ രാമഗുരു സ്കൂളാണ്.